MAP

വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാർ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാർ 

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളും ക്രൈസ്തവവിശ്വാസസാക്ഷ്യവും

വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനവുമായി ബന്ധപ്പെട്ട തിരുവചനവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം: മത്തായി 16, 13-19
ശബ്ദരേഖ - പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളും ക്രൈസ്തവവിശ്വാസസാക്ഷ്യവും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" (മത്തായി 16, 16) എന്ന വിശുദ്ധ പത്രോസിന്റെ വിശ്വാസപ്രഖ്യാപനവും, "നീ പത്രോസാണ്; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും" (മത്തായി 16, 18) സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും, നീ ഭൂമിയിൽ കെട്ടുന്നതും അഴിക്കുന്നതും സ്വർഗ്ഗത്തിലും കെട്ടപ്പെടുകയും അഴിക്കപ്പെടുകയും ചെയ്യും (മത്തായി 16, 19) തുടങ്ങിയ യേശുവിന്റെ വചനങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ ഒരു സുവിശേഷഭാഗമാണ് വിശുദ്ധ മത്തായിയുടെ പതിനാറാം അദ്ധ്യായത്തിന്റെ പതിമൂന്ന് മുതലുള്ള ഭാഗത്ത് നാം കാണുന്നത്.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം

ശിഷ്യപ്രമുഖനായ പത്രോസ് ക്രിസ്തുവിനെക്കുറിച്ച് നടത്തുന്ന വിശ്വാസപ്രഖ്യാപനം വിശുദ്ധ മർക്കോസ് (8, 27-30) ലൂക്കാ (9, 18-21) സുവിശേഷകന്മാരും ചെറിയ വ്യത്യാസങ്ങളോടെ രേഖപ്പെടുത്തുന്ന ഒന്നാണ്. "നീ ക്രിസ്തുവാണ്" എന്ന മർക്കോസിന്റെ സുവിശേഷത്തിലെയും, "നീ ദൈവത്തിന്റെ ക്രിസ്തുവാണ്" എന്ന ലൂക്കായുടെ സുവിശേഷത്തിലെയും, വിശേഷണങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറെ ആഴമേറിയ ഒരു വിശ്വാസപ്രഖ്യാപനമാണ് വിശുദ്ധ മത്തായി പത്രോസിന്റെ വാക്കുകളായി എഴുതുക: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്".

മനുഷ്യപുത്രൻ ആരാണെന്നാണ് ജനങ്ങൾ പറയുന്നത്? (മത്തായി 16, 13; മർക്കോസ് 8, 27) കേസറിയ ഫിലിപ്പി പ്രദേശത്തുവച്ചാണ് യേശു ഈ ചോദ്യം ശിഷ്യന്മാരോട് ചോദിക്കുന്നതെന്നാണ് വിശുദ്ധ മത്തായിയും മർക്കോസും രേഖപ്പെടുത്തുന്നത്. എന്നാൽ യേശു തനിയെ പ്രാർത്ഥിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് കൂടെയുണ്ടായിരുന്ന ശിഷ്യന്മാരോട് അവൻ ഈ ചോദ്യം ചോദിക്കുന്നതെന്നാണ് വിശുദ്ധ ലൂക്കാ (ലൂക്ക 9, 18) എഴുതുക.

വിജാതീയർ വസിച്ചിരുന്ന, അന്യദേവന്മാരുമായി ബന്ധപ്പെട്ട ആരാധനയും ഐതിഹ്യങ്ങളും ഒക്കെ നിലനിന്നിരുന്ന ഒരു പ്രദേശമാണ് കേസറിയ ഫിലിപ്പി. മനുഷ്യപുത്രൻ ആരെന്നാണ് ജനങ്ങൾ പറയുന്നതെന്ന് യേശു തന്റെ ശിഷ്യന്മാരോട് ചോദിക്കുന്നത് ഇവിടെ വച്ചാണ്. വല്ലപ്പോഴും മാത്രം യേശുവിന്റെ പ്രഭാഷണങ്ങളും അവൻ പ്രവർത്തിച്ച ചില അത്ഭുതങ്ങളും മാത്രം കണ്ട, യേശുവിനെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലാത്ത സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം, അവൻ സ്നാപകയോഹന്നാനോ, എലിയായോ, ജെറെമിയായോ ഏതെങ്കിലുമൊരു പ്രവാചകനോ ആണ് (മത്തായി 16, 14). ഈ ഒരുത്തരത്തിന് മുന്നിൽ യേശു തന്റെ രണ്ടാമത്തെ ചോദ്യം ചോദിക്കുന്നു: "ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?" (മത്തായി 16, 15). ഇവിടെ ശിഷ്യന്മാരുടെ എല്ലാവരുടെയും വക്താവായി ശിമയോൻ വിളിച്ചുപറയുന്നു: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" (മത്തായി 16, 16). സംശയങ്ങൾക്ക് ഇട നൽകാത്ത, യേശു രക്ഷകനാണെന്ന, ആഴമേറിയ അർത്ഥതലങ്ങളുള്ള വിശ്വാസത്തിന്റെ ഒരു ഏറ്റുപറച്ചിലാണ് പത്രോസ് നടത്തുന്നത്. യേശുവിന്റെ പുനരുത്ഥാനത്തിന്റെകൂടി  അടിസ്ഥാനത്തിൽ പിന്നീട് എഴുതിച്ചേർക്കപ്പെട്ടതാണ് പത്രോസിന്റെ ഈ ക്രിസ്തുസാക്ഷ്യം എന്നാണ് ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായം.

പത്രോസാകുന്ന പാറ

ശിമെയോനെന്ന പത്രോസിന് പ്രത്യേകമായി ലഭിച്ചിരിക്കുന്ന ദൈവികമായ അറിവിനെയും, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിൽ പത്രോസിനുള്ള പ്രത്യേകമായ സ്ഥാനത്തെയും കുറിച്ചുള്ള ചില ക്രിസ്തുവചനങ്ങളാണ് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ തുടർന്നുള്ള തിരുവചനങ്ങളിൽ നാം കാണുന്നത്. യേശു ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന് ഏറ്റുപറയാനുള്ള കൃപയും അറിവും പത്രോസിന് പ്രത്യേകമായി ലഭിച്ചതാണെന്ന്, അത് പിതാവിന്റെ വെളിപാടിന്റെ ഭാഗമാണെന്ന്, പത്രോസിന്റെ ബൗദ്ധികമായ കഴിവല്ല, "മാംസരക്തങ്ങളല്ല" സ്വർഗ്ഗസ്ഥനായ പിതാവാണ് ഇത് അവന് വെളിപ്പെടുത്തിക്കൊടുത്തതെന്ന് യേശു പ്രസ്താവിക്കുന്നു (മത്തായി 16, 17). മാനുഷികമായ കഴിവുകളല്ല, ദൈവികമായ തിരഞ്ഞെടുപ്പും അനുഗ്രഹങ്ങളുമാണ് ശിമയോനെ പത്രോസാക്കി മാറ്റുന്നത്.

അറമായ ഭാഷയിൽ പാറ എന്നർത്ഥം വരുന്ന "കേപ്പാ" (kēpā) എന്ന വാക്കാണ് യേശു ഉപയോഗിക്കുക. പിന്നീട് ഈ വാക്കിനെ വിശുദ്ധ പൗലോസ് "കേഫാസ്" (Kēphas) എന്ന് ഗ്രീക്കിലേക്ക് മാറ്റി ഉപയോഗിക്കുന്നുണ്ട്. ഗലാത്തിയാക്കാർക്കെഴുതിയ ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ പൗലോസ് ശിമെയോനെക്കുറിച്ച് "പേത്രോസ്" (Petros) എന്ന പേരുപയോഗിച്ച് വിശേഷിപ്പിക്കുന്നതും നാം കാണുന്നുണ്ട് (ഗലാത്തി 2, 7-8). ശിമയോനെന്ന ഒരു സാധാരണക്കാരൻ ശക്തമായ വിശ്വാസത്തിന്റെ സാക്ഷിയായി, ദൈവികമായ ഇടപെടലിലൂടെ സഭയുടെ അടിസ്ഥാനശിലയായി മാറുന്നതാണ് ഇവിടെ നാം കാണുന്നത്.

മറ്റു ശിഷ്യന്മാർക്കിടയിൽനിന്നുള്ള പത്രോസിന്റെ ഈ തിരഞ്ഞെടുപ്പ് യേശു, ശിഷ്യന്മാരുടെയും, സുവിശേഷവചനങ്ങളിലൂടെ ഇന്ന് നമ്മുടെയും ലോകം മുഴുവന്റെയും മുൻപിൽ സാക്ഷ്യപ്പെടുത്തുന്നു: "ഞാൻ നിന്നോട് പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല" (മത്തായി 16, 18). യേശുവിലുള്ള വിശ്വാസപ്രഖ്യാപനം നടത്തുന്ന പത്രോസെന്ന ഇളക്കം തട്ടാത്ത പാറമേലാണ് ക്രിസ്തു തന്റെ ശരീരമാകുന്ന സഭയെ സ്ഥാപിച്ചിരിക്കുന്നത്. ഈ സഭ രണ്ടായിരത്തോളം വർഷങ്ങൾക്കിപ്പുറം ഇന്നും ലോകത്തിന് മുൻപിൽ നിലനിൽക്കുന്നതും വളരുന്നതും ക്രിസ്തുവിലുള്ള ആഴമേറിയ വിശ്വാസം ജീവിക്കുകയും ധൈര്യപൂർവ്വം പ്രഘോഷിക്കുകയും ചെയ്യുന്നതിലൂടെയാണ്. യേശുവിനെ തങ്ങളുടെ രക്ഷകനും മിശിഹായുമായി അംഗീകരിക്കുകയും ലോകത്തിന് മുൻപിൽ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന വിശ്വാസികളും പത്രോസെന്ന പാറമേൽ ഉറപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിൽ പങ്കുചേരുകയും അവൾക്കൊപ്പം വളരുകയും ചെയ്യുന്നു എന്ന് നമുക്ക് മനസിലാക്കാം.

ഭൂമിയിലെ സഭയും സ്വർഗ്ഗരാജ്യവും

തന്റെ സഭയുടെ അടിസ്ഥാനശിലയായി തിരഞ്ഞെടുത്ത പത്രോസിന് സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നൽകുമെന്ന് യേശു വെളിപ്പെടുത്തുന്നതാണ് സുവിശേഷത്തിൽ നാം തുടർന്ന് കാണുന്നത്. ഭൂമിയിൽ പത്രോസ് ബന്ധിക്കുന്നവയും, അഴിക്കുന്നവയും സ്വർഗ്ഗത്തിൽ ബന്ധിക്കപ്പെടുകയും അഴിക്കപ്പെടുകയും ചെയ്യുമെന്ന്, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ അടിസ്ഥാനശിലയായ അവന്റെ തീരുമാനങ്ങൾ സ്വർഗ്ഗം അംഗീകരിക്കുമെന്ന് ഈ തിരുവചനം സാക്ഷ്യപ്പെടുത്തുന്നു  (മത്തായി 16, 19). ക്രിസ്തു തന്റെ ശിഷ്യനായ പത്രോസിന് നൽകിയ അധികാരം, ലൗകികവും വ്യക്തിപരവും ഈ ജീവിതത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒന്നാണെന്ന് കരുതുന്ന, സഭയെയും വിശ്വാസത്തെയും വേർതിരിച്ചുകാണുന്ന ചിന്താഗതികൾക്ക് എതിരാണ് സുവിശേഷത്തിന്റെ സാക്ഷ്യം. പത്രോസിന്റെ ജീവിതകാലത്തേക്ക് മാത്രം നിലനിൽക്കാനുള്ള ഒന്നായല്ല ക്രിസ്തു സഭയെ വിഭാവനം ചെയ്തതെന്ന് നമുക്കറിയാം. ഈയൊരർത്ഥത്തിൽ, പത്രോസാകുന്ന അടിസ്ഥാനശിലയിൽ സ്ഥാപിക്കപ്പെട്ട് എന്നേക്കും തുടരേണ്ട സഭയ്ക്ക് നൽകപ്പെടുന്ന അധികാരത്തെക്കൂടിയാണ് ക്രിസ്തു ഇവിടെ പ്രഖ്യാപിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

ക്രിസ്തുവിനെ നാഥനും രക്ഷകനുമായി അംഗീകരിച്ച്, അവന്റെ ഉദ്ബോധനങ്ങൾ സ്വീകരിച്ച്, അവൻ സ്ഥാപിച്ച സഭയിൽ വളർന്ന്, അവനെക്കുറിച്ചുള്ള ജീവിതസാക്ഷ്യം വഴി സഭയെ വളർത്തുന്ന സഭാഗാത്രത്തിലെ അംഗങ്ങളായി ജീവിതം നയിക്കാൻ നമുക്കുള്ള വിളിയെക്കൂടി ഈ തിരുവചനവായനകളിൽ നമുക്ക് കാണാൻ കഴിയും.

ക്രൈസ്തവരും ക്രിസ്തുവും

പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെക്കുറിച്ചും, നാം കൂടി അംഗങ്ങളായ ക്രിസ്തുവിന്റെ സഭയിൽ പത്രോസിനുള്ള സ്ഥാനത്തെക്കുറിച്ചും, വിശ്വാസജീവിതത്തിൽ സഭയുടെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ നമ്മെ ഓർമ്മിപ്പിക്കുന്ന ഈ സുവിശേഷഭാഗം, അപ്പസ്തോലന്മാരോടുള്ള യേശുവിന്റെ ചോദ്യം ഓരോ വിശ്വാസിയുടെ മുന്നിലും ഇന്ന് ഉയർത്തുന്നുണ്ട്. ഞാൻ ഇന്നത്തെ ലോകത്തിന് ആരാണ്? ഞാൻ നിനക്ക് ആരാണ്? ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ വിശ്വാസത്തിലും വളർച്ചയിലും പങ്കുചേരാൻ, ആ വിശ്വാസത്തെ ശിമെയോനെപ്പോലെ ഏറ്റുപറയാൻ, ലോകത്തിന് മുന്നിൽ ക്രിസ്തുവിന് സാക്ഷ്യമേകാൻ നിനക്ക് സാധിക്കുന്നുണ്ടോ? പരിശുദ്ധ അമ്മയുടെയും ക്രിസ്തുവിലുള്ള വിശ്വാസത്തിന് വേണ്ടി സമയം മുഴുവൻ മാറ്റിവച്ച, ജീവൻ പോലും നൽകിയ പത്രോസിന്റെയും പൗലോസിന്റെയും ശ്ലീഹന്മാരുടെയും അനേകായിരം വിശുദ്ധരുടെയും രക്തസാക്ഷികളുടെയും മാതൃകയിൽ, പാറ പോലെ ഉറച്ച സത്യവിശ്വാസം സ്വന്തമാക്കി, സാക്ഷ്യമേകി ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം. സഭയ്ക്കും, നമ്മെ നയിക്കാനായി തിരഞ്ഞെടുക്കപ്പെട്ട പാപ്പാ തുടങ്ങി എല്ലാ ഇടയന്മാർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം. നാം കൂടി അംഗങ്ങളായ പരിശുദ്ധ സഭയെ ദൈവം കാത്തുപരിപാലിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജൂൺ 2025, 11:27