പാക്കിസ്ഥാനിൽ കത്തോലിക്കർ കഷ്ടപ്പാടുകൾക്കിടയിലും ജൂബിലിയുടെ അരൂപിയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാക്കിസ്ഥാനിൽ ദാരിദ്ര്യമനുഭവിക്കുന്നവരിൽ നല്ലൊരു ശതമാനം ക്രൈസ്തവരാണെങ്കിലും പ്രത്യാശയുടെ ജൂബിലിയുടെ ചൈതന്യം പൂർണ്ണമായി ഉൾക്കൊള്ളാൻ വിശ്വാസികൾ ശ്രമിക്കുന്നുണ്ടെന്ന് ഇസ്ലമബാദ്-റാവൽപിണ്ടി രൂപതയുടെ വികാരി ജനറാൾ ആയ വൈദികൻ ആസിഫ് ജോൺ ഖോഖർ.
പ്രേഷിതവാർത്താ ഏജൻസിയായ ഫീദെസിനോട് സംസാരിക്കുകയായിരുന്നു പൊന്തിഫിക്കഠ പ്രേഷിതപ്രവർത്തനങ്ങളുടെ ദേശീയ അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം.
ദൈനംദിന ജീവിതത്തിലെ കഷ്ടപ്പാടുകൾക്കും ദാരിദ്ര്യത്തിനും സഹനത്തിനും മദ്ധ്യേ തങ്ങൾ യേശുക്രിസ്തുവിൻറെ ഹൃദയം മുറുകെപ്പിടിച്ചുകൊണ്ട് പ്രത്യാശയുടെ തീർത്ഥാടകരായി വെല്ലുവിളികളെ നേരിടുകയാണെന്ന് ഫാദർ ആസിഫ് പറഞ്ഞു.
പാക്കിസ്ഥാനിലെ ജീവിതാവസ്ഥ നിർണ്ണായകമാണെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ജീവിതച്ചെലവ് കുതിച്ചുയർന്നിരിക്കയാണെന്നും അനുസ്മരിച്ച അദ്ദേഹം എല്ലാം പ്രതികൂലമായ ഒരു അവസ്ഥയിലാണ് എന്ന പ്രതീതിയുളവാകുമ്പോൾ പ്രത്യാശയുടെ ജൂബിലി വിശ്വാസത്തിൻറെ ഹൃദയത്തിലേക്ക് തങ്ങളെ ആനയിക്കുകയും സാന്ത്വനമേകുകയും ചെയ്യുന്നുവെന്ന് കൂട്ടിച്ചേർത്തു. ലിയൊ പതിനാലാമൻ പാപ്പായിൽ പാക്കിസ്ഥാനിലെ ക്രൈസ്തവർക്കുള്ള പ്രതീക്ഷയും ഫാദർ ആസിഫ് വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: