MAP

യെൽവ്വാറ്റയിൽ ആക്രമണം നടന്നയിടത്തുനിന്നുള്ള ഒരു ദൃശ്യം യെൽവ്വാറ്റയിൽ ആക്രമണം നടന്നയിടത്തുനിന്നുള്ള ഒരു ദൃശ്യം  (Marvellous Durowaiye)

നൈജീരിയ: യെൽവാറ്റ ഭീകര ആക്രമണത്തെ അതിജീവിച്ചവർ ഇപ്പോഴും ഭീതിയിൽ

കഴിഞ്ഞ ദിവസം നൈജീരിയയിലെ യെൽവ്വാറ്റയിലുണ്ടായ ഭീകരമായ ആക്രമണത്തെ അതിജീവിച്ചവർ ഇപ്പോഴും കടുത്ത ഭീതിയിലാണ് ജീവിക്കുന്നതെന്നും, പ്രദേശത്ത് ഭക്ഷണമുൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ ഇല്ലെന്നും ഫീദെസ് ഏജൻസി. സംഭവത്തെക്കുറിച്ച് ജൂൺ 15 ഞായറാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ ലിയോ പാപ്പായും പ്രസ്താവന നടത്തിയിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂൺ 13 നും 14 നും ഇടയ്ക്കുള്ള രാത്രിയിൽ, നൈജീരിയയിലെ ബെനു (Benue) സംസ്ഥാനത്തെ ഗൗമ (Gouma) പ്രാദേശിക ഭരണ പ്രദേശത്തെ യെൽവ്വാറ്റയിലുണ്ടായ (Yelwata) ഭീകരമായ ആക്രമണത്തെ അതിജീവിച്ചവർ ഇപ്പോഴും കടുത്ത ഭീതിയിലാണ് ജീവിക്കുന്നതെന്നും, അതിഭീകരമായ ദൃശ്യങ്ങൾക്കാണ് അവർ സാക്ഷികളായതെന്നും, മകുർദി രൂപതയിലെ വികസനം, നീതി സമാധാനം എന്നിവയ്ക്കായുള്ള കമ്മീഷന്റെ കോർഡിനേറ്റർ ഫാ. റെമിജിയൂസ് ഇഹ്‌യുള (Remigius Ihyula). പ്രദേശത്ത് ഭക്ഷണമുൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ ഇല്ലെന്നും അദ്ദേഹം ഫീദെസ് ഏജൻസിയോട് പറഞ്ഞു.

തങ്ങളുടെ വസതികളിൽനിന്നും, കൃഷിയിടങ്ങളിൽനിന്നും ഫുലാനി ഇടയന്മാരാൽ പുറത്താക്കപ്പെട്ട്, സമീപപ്രദേശത്തുള്ള സെന്റ് ജോസഫ് ഇടവകയിൽ അഭയം തേടിയിരുന്ന ഇരുനൂറോളം ആളുകളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതെന്ന് ഫാ. ഇഹ്‌യുള അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ക്രൂരമായ കൊലപാതകത്തിൽ ഇത്രയധികം ആളുകൾ മരിച്ചതിനാൽ അന്താരാഷ്ട്രമാധ്യമങ്ങൾ അവ റിപ്പോർട്ട് ചെയ്തുവെങ്കിലും അനുദിനം പ്രദേശത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നുണ്ടെന്നും എന്നാൽ അവയൊന്നും വാർത്തയായി മാറുന്നില്ലെന്നും ഫാ. ഇഹ്‌യുള പ്രസ്താവിച്ചതായി ഫീദെസ് റിപ്പോർട്ട് ചെയ്തു.

ഫുലാനി ഇടയന്മാർ കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാണെന്നും, തങ്ങളുടെ കന്നുകാലികൾക്ക് ഭക്ഷണവും വെള്ളവും തേടിയാണ് അവർ മറ്റു കൃഷിക്കാരുടെ ഭൂമിയിൽ പ്രവേശിക്കുന്നതെന്നുമാണ് പടിഞ്ഞാറൻ പത്രമാധ്യമങ്ങൾ വിവരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച ഫാ. ഇഹ്‌യുള, എന്നാൽ ഫുലാനി ഇടയന്മാരുടെ ഇത്തരം ആക്രമണപ്രവർത്തനങ്ങൾക്ക് പിന്നിൽ മതപരമായ ലക്ഷ്യമുണ്ടെന്ന് ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ട ഇരുനൂറ് പേരും ക്രൈസ്തവരായിരുന്നു.

ഇരുന്നൂറോളം ആളുകളുടെ ജീവൻ നഷ്ടപ്പെടാനിടയായ ഈ കിരാതസംഭവത്തെക്കുറിച്ച് ജൂൺ 15 ഞായറാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ ലിയോ പാപ്പായും പ്രസ്താവന നടത്തിയിരുന്നു. ബെന്യൂ സംസ്ഥാനത്തെ ഗ്രാമീണ ക്രൈസ്തവ സമൂഹങ്ങൾക്ക് പാപ്പാ തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ജൂൺ 2025, 17:25