ജൂൺ മാസം: യേശുവിന്റെ തിരുഹൃദയത്തിനു നമ്മെ സമർപ്പിക്കാം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പരിശുദ്ധ മറിയത്തിനു പ്രത്യേകം സമർപ്പിക്കപ്പെട്ട മെയ് മാസത്തിനു ശേഷം ഇതാ നാം ജൂൺ മാസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജപമാലയർപ്പിച്ചും, പരിശുദ്ധ അമ്മയോടുള്ള പ്രത്യേക പ്രാർത്ഥനകളും അർപ്പിച്ചുകൊണ്ട്, ആത്മീയ ജീവിതത്തിനു പുതിയ ഒരു ഉണർവ്വ് നേടിയിരിക്കുന്ന ഈ സമയത്ത്, പരിശുദ്ധ അമ്മയുടെ ഒരു ക്ഷണമാണ്, തന്റെ തിരുക്കുമാരന്റെ തിരുഹൃദയത്തിലേക്ക് നമ്മുടെ ദൃഷ്ടികൾ ഉറപ്പിക്കുവാനും, ആ തിരുഹൃദയസ്‌നേഹത്തിൽ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുവാനും. ഇന്ന് ലോകം മുഴുവൻ യുദ്ധങ്ങളുടെയും, അക്രമങ്ങളുടെയും, വെല്ലുവിളികളുടെയും, മാത്സര്യത്തിന്റെയും, സംഘർഷങ്ങളുടേയുമൊക്കെ പിരിമുറുക്കത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. സ്നേഹത്തിന്റെ സ്വീകരണത്തിലും, ദാനത്തിലും ഇന്ന് ഏറെ ഭംഗം വന്നുകൊണ്ടിരിക്കുന്നു. സ്നേഹം നടിച്ചുകൊണ്ട്, മറ്റുള്ളവരെ തങ്ങളുടെ ആവശ്യാനുസരണം ആകർഷിക്കുകയും, എന്നാൽ ആത്മാർഥത ഒട്ടും ഉൾക്കൊള്ളാതിരിക്കുകയും ചെയ്യുന്ന ഒരു മായികലോകം നമുക്ക് ചുറ്റും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിൽ തെല്ലും സംശയമില്ല. ഈ ഒരു സാഹചര്യത്തിൽ, മനുഷ്യജീവിതത്തിന് ഏറെ ആശ്വാസവും, സന്തോഷവും പകരുന്നതാണ്, യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി. ക്രൈസ്തവ കുടുംബങ്ങളിൽ പാരമ്പര്യമായി അർപ്പിക്കപ്പെട്ടിരുന്ന യേശുവിന്റെ തിരുഹൃദയ പ്രതിഷ്ഠ ഇത്തരുണത്തിൽ സ്മരിക്കപ്പെടേണ്ടത് ഏറെ ആവശ്യമാണ്.
ഫ്രാൻസിസ് പാപ്പാ ഒരിക്കൽ തിരുഹൃദയ വണക്കമാസത്തിന്റെ അവസരത്തിൽ വിശ്വാസസമൂഹത്തോട് പറഞ്ഞതിങ്ങനെയാണ്: "തന്‍റെ ജീവിതത്തിൽ കുഞ്ഞുനാൾ മുതൽ ക്രിസ്തുവിന്‍റെ തിരുഹൃദയത്തോടുള്ള ആഴമായ സ്നേഹം രൂപപ്പെട്ടത്, "യേശുവേ എന്‍റെ ഹൃദയത്തെ, നിന്‍റെ ഹൃദയത്തോട് അനുരൂപമാക്കണേ" എന്ന മുത്തശ്ശി പഠിപ്പിച്ച പ്രാർത്ഥനയിലൂടെയായിരുന്നുവെന്നാണ്. "യേശുവേ എന്‍റെ ഹൃദയത്തെ, നിന്‍റെ ഹൃദയത്തോട് അനുരൂപമാക്കണേ" എന്ന കുഞ്ഞു പ്രാർത്ഥന, ഓരോ വിശ്വാസിയും പലവട്ടം ഉരുവിടുകയും, കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഏവരെയും ആഹ്വാനം ചെയ്തു. ദൈവശാസ്ത്രമോ, ആധുനിക ശാസ്ത്രത്തിന്‍റെ നൈപുണ്യമോ ഒന്നുമില്ലാത്ത നമ്മുടെ പൂര്‍വികര്‍ക്കറിയമായിരുന്നു തിരുഹൃദയത്തിന്റെ സ്നേഹശാസ്ത്രം. അത് വരും തലമുറകളിലേക്കും അവര്‍ കൈമാറി. ഈശോയുടെ തിരുഹൃദയത്തിന്‍റെ രൂപത്തിന് മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥനാപൂര്‍വം നിന്നാണ് ക്രൈസ്തവ കുടുംബത്തിലെ ഓരോ ശിശുവും വിശ്വാസത്തിലും ദൈവഭക്തിയിലും വളരുവാന്‍ തുടങ്ങുന്നത്. ഓരോ വര്‍ഷവും തിരുഹൃദയ പ്രതിഷ്ഠ നടത്തി നമ്മുടെ കുടുംബങ്ങളെ, സമൂഹങ്ങളെ, വ്യക്തികളെ, ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കാറുണ്ട്. അതുവഴി തിരുഹൃദയനാഥന്‍റെ സംരക്ഷണം മറ്റെന്തിനെക്കാളും വലുതായി നാം പ്രഘോഷിക്കുന്നു. നമ്മുടെ തോല്‍വികളുടെ, ഇടര്‍ച്ചകളുടെ, നൊമ്പരങ്ങളുടെ, ദിനങ്ങളില്‍ സ്നേഹത്തിന്‍റെ ചൂടുപകരുന്ന സ്രോതസാണ് ക്രിസ്തുവിന്‍റെ തിരുഹൃദയമെന്നതിനു ക്രൈസ്തവരുടെ ജീവിതങ്ങൾ തന്നെ സാക്ഷി.
യേശുവിന്റെ സ്നേഹത്തെ കേവലം ചില വാക്കുകളിൽ ഒതുക്കിനിർത്തുവാൻ സാധിക്കുകയില്ല. ഇത് ഭൂതകാലത്തിൽ അവസാനിച്ച ഒരു സ്നേഹമല്ല മറിച്ച് സ്നേഹിച്ചതിന്റെ അനുഭവങ്ങൾ 2025 വർഷങ്ങൾക്കു ശേഷവും ഇന്നും സജീവമായി ജീവിതത്തിന്റെ ഓരോ അവസ്ഥകളിലും നിലനിൽക്കുന്നതിനാലാണ്, തിരുഹൃദയ ഭക്തി ഏറെ സജീവമായി നമ്മുടെ സമൂഹങ്ങളിൽ ഇന്നും നിലനിൽക്കുന്നത്. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ആയിരം തവണ ആവർത്തിക്കുകയും, എന്നാൽ ഒരുതവണ പോലും അത് പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന, ഒരു ജീവിതാന്തരീക്ഷത്തിൽ, വാക്മയചിത്രങ്ങളുടെ ആഡംബരം കൂടാതെ, ജീവൻ സമർപ്പിച്ചുകൊണ്ട്, യേശു പറഞ്ഞ ഒരേ ഒരു വചനം ഇതാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നത്.
1673 ഡിസംബർ 27 നും 1675 ജൂൺ 18 നും ഇടയിൽ ഫ്രഞ്ച് സന്യാസിനിയായിരുന്ന മാർഗരറ്റ് മേരി അലക്കോക്കിനു ലഭിച്ച ദർശനങ്ങളാണ് തിരുഹൃദയ ഭക്തി ലോകം മുഴുവൻ വ്യാപാരിക്കുന്നതിനു കാരണമായത്. ഈ തിരുഹൃദയഭക്തി ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പ്രചരിപ്പിക്കണമെന്നത് അലക്കോക്കിനു ദൈവം നൽകിയ നിർദേശമായിരുന്നു. ഈ തിരുഹൃദയ ഭക്തി ലോകമെമ്പാടും പ്രചരിപ്പിക്കുകയും, ആ സ്നേഹത്തിൽ മനുഷ്യൻ തന്റെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുകയും വേണം എന്ന ആഗ്രഹത്തോടുകൂടിയാണ്, ഭാഗ്യസ്മരണാർഹനായ ഫ്രാൻസിസ് പാപ്പാ, ദിലെക്സിത്ത് നോസ് എന്ന തന്റെ ചാക്രികലേഖനം രചിക്കുന്നത്. ഫ്രാൻസിസ് പാപ്പയ്ക്കു മുൻപും, പരിശുദ്ധ പിതാക്കന്മാർ ഈ ഭക്തിയെ ഏറെ പ്രചരിപ്പിക്കുകയും, യേശുവിന്റെ മാധുര്യമേറിയ തിരുഹൃദയത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. യേശുക്രിസ്തുവിന്റെ അനന്തമായ സ്നേഹത്തിന്റെ പ്രതീകവും സുതാര്യവുമായ പ്രതിച്ഛായയുമാണ് തിരുഹൃദയം എന്നും, യേശുവിന്റെ ഈ സ്നേഹത്തിനു പകരം നൽകുവാൻ അയോഗ്യമെങ്കിലും നമ്മുടെ സ്നേഹത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്നും ലിയോ പതിമൂന്നാമൻ പാപ്പാ പറഞ്ഞിട്ടുണ്ട്. ലിയോ പതിനാലാമൻ പാപ്പായും തന്റെ ചുരുങ്ങിയ ശുശ്രൂഷാകാലയളവിൽ അനേകം തവണ യേശുവിന്റെ സ്‌നേഹത്തെ ജീവിതത്തിൽ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞിട്ടുണ്ട്.
നമ്മെത്തന്നെ യേശുക്രിസ്തുവിന് സമർപ്പിക്കുകയും ഐക്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് തിരുഹൃദയഭക്തിയുടെ ഏറ്റവും മഹത്തായ ഭാവം. അതായത്, യേശുവിന്റെ തിരുഹൃദയത്തിന്റെ മാധുര്യം ആസ്വദിക്കുകയും, ആ മാധുര്യം നമ്മുടെ ജീവിതങ്ങൾ വഴിയായി മറ്റുള്ളവർക്ക് പകർന്നു കൊടുത്തുകൊണ്ട്, അവരെയും യേശുവിന്റെ തിരുഹൃദയത്തിലേക്ക് അടുപ്പിക്കുക. അതിനാൽ ഈ ജൂൺ മാസം നമ്മെ സംബന്ധിച്ചിടത്തോളം, പ്രേഷിതപ്രവർത്തനത്തിന്റെ ഒരു കാലഘട്ടം കൂടിയാണ്.
യവന സാഹിത്യത്തിൽ ഹൃദയത്തെ സൂചിപ്പിക്കുന്ന വാക്ക് 'കാർഡിയ' എന്നാണ്. ഇത് മനുഷ്യന്റെ ആന്തരികതയെ എടുത്തുകാണിക്കുന്നു. പ്രശസ്തമായ ഹോമറിന്റെ ഇലിയഡിൽ, ചിന്തയും വികാരവും ഹൃദയത്തിന്റെ പ്രവർത്തനങ്ങളാണെന്നും, പ്രധാനപ്പെട്ട തീരുമാനങ്ങൾ രൂപപ്പെടുന്ന സ്ഥലം ഹൃദയമാണെന്നും പറയുന്നു. ഇപ്രകാരം മനുഷ്യ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളുടെയും, വികാരങ്ങളുടെയും ഉറവിടമായ ഹൃദയത്തെ യേശുവിന്റെ ഹൃദയത്തോട് അനുരൂപപ്പെടുത്തുകയാണെങ്കിൽ, ഈ ലോകം എത്രയോ സുന്ദരമായി തീരുമായിരുന്നു. വളരെ ചെറിയ കാര്യങ്ങളിൽ പോലും, മനസു മടുത്തുപോകുന്ന ഒരു തലമുറയിലാണ് നാം ജീവിക്കുന്നത്. ലളിതമായ കാര്യങ്ങൾക്കു പോലും ജീവിതം അവസാനിപ്പിക്കുന്ന ജനത, നമുക്ക് ഒരു തീരാവേദനയായി മാറിക്കൊണ്ടിരിക്കുന്നു. ആത്മീയതയിൽ വഴികാട്ടേണ്ടവർ പോലും, ഇത്തരത്തിലുള്ള പ്രവണതകൾക്ക് വശംവദരാകുമ്പോൾ, യേശുവിന്റെ തിരുഹൃദയ ശക്തിയുടെ മാഹാത്മ്യം നാം തിരിച്ചറിയണം.
യേശുവിന്റെ തിരുഹൃദയത്തിൽ നിന്നും, നമുക്കായി നൽകുന്ന വചനങ്ങളെ ജീവിതത്തിൽ ശ്രവിക്കുന്നതിനും, അതിനനുസരിച്ചു ജീവിതം കരുപ്പിടിപ്പിക്കുന്നതിനും നാം തയ്യാറാവണം എന്നും, ഈ തിരുഹൃദയ മാസം നമ്മെ ഓർമ്മപ്പെടുത്തുന്നു. എമ്മാവൂസിലേക്കു യാത്രയായ ശിഷ്യന്മാരുടെ അനുഭവം നമുക്ക് ഇത്തരുണത്തിൽ ഒരു വലിയ മാതൃകയാണ്. വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിൽ പറയുന്നത് ഇപ്രകാരമാണ്: "അവൻ വഴിയിൽ വെച്ച് നമ്മോട് സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ? (ലൂക്ക 24, 32). യേശുവിന്റെ വാക്കുകൾ ശിഷ്യന്മാരുടെ ഹൃദയത്തിൽ പകർന്ന ആത്മാവിന്റെ അഗ്നി ഹൃദയങ്ങൾ തമ്മിലുള്ള ബന്ധത്തെയാണ് എടുത്തു കാണിക്കുന്നത്. യേശുവിന്റെ ഹൃദയവും, ശിഷ്യന്മാരുടെ ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധം. ഇത് ആത്മാർത്ഥതയുടെ കൂടിച്ചേരലാണ്. മനുഷ്യന്റെ ഹൃദയത്തിൽ രഹസ്യമായി കിടക്കുന്ന സംശയങ്ങൾക്ക്, ആധികാരികതയുടെയും, യാഥാർഥ്യത്തിന്റെയും, ശക്തിപകർന്നുകൊണ്ട് വ്യക്തിപരമായി മറുപടി നൽകുന്ന യേശുവിന്റെ തിരുഹൃദയം. ന്യായാധിപന്മാരുടെ പുസ്തകത്തിൽ ഇപ്രകാരമാണ് ഹൃദയത്തെ പറ്റി പറയുന്നത്: "നിന്റെ ഹൃദയം എന്നോടൊപ്പമില്ലാത്തപ്പോൾ, 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് നിനക്ക് എങ്ങനെ പറയാൻ കഴിയും?" (ന്യായാധിപന്മാർ 16,15). അതിനാൽ പരസ്പരമുള്ള ബന്ധങ്ങളെ കൂട്ടിയിണക്കുന്നത് സ്നേഹത്തിന്റെ ഉറവിടമായ ഹൃദയമാണ്. അതുകൊണ്ടാണ് മാധുര്യമേറിയ യേശുവിന്റെ തിരുഹൃദയമേ എന്ന് പ്രാർത്ഥനയിൽ നാം ഉരുവിടുന്നത്.
ഈ വർഷം, തിരുഹൃദയ മാസത്തിന്റെ മറ്റൊരു പ്രത്യേകത, അത് ജൂബിലി വർഷത്തിൽ ആഘോഷിക്കപ്പെടുന്നു എന്നതാണ്. ഈ 2025 ജൂബിലി വർഷത്തിൽ യേശുവിനെ കുറിച്ചുള്ള സജീവവും ഹൃദയാത്മകവുമായ സ്മരണയാണ് പ്രത്യാശയിലേക്കുള്ള തീത്ഥാടനത്തിൽ നമ്മെ സഹായിക്കുന്നത്. പരിശുദ്ധ അമ്മ, എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചുകൊണ്ട് ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതുപോലെ, ഹൃദയത്തിൽ ദൈവത്തിനു സ്ഥാനം നൽകിക്കൊണ്ടും, ദൈവത്തിന്റെ തിരുഹൃദയത്തിൽ ഇടം നേടിക്കൊണ്ടും ക്രിസ്തുവിന്റെ സ്മരണയിൽ ജീവിക്കുന്നതിനു ഈ വർഷത്തെ തിരുഹൃദയ മാസം നമ്മെ പ്രചോദിപ്പിക്കണം.
ഉപഭോഗ സംസ്കാരവും, ഉപരിപ്ലവമായ ബന്ധങ്ങളും ഇന്ന് മനുഷ്യ ജീവിതത്തെ ശൂന്യതയിലേക്ക് നയിക്കുമ്പോൾ ഹൃദയത്തിന്റെ പ്രാധാന്യം വീണ്ടെടുക്കുന്നതിനു ഈ തിരുഹൃദയ മാസം നമ്മെ സഹായിക്കണം. സാമ്പത്തിക ബന്ധങ്ങൾക്കുമപ്പുറം, സാമൂഹ്യ ബന്ധങ്ങൾ കെട്ടിപ്പടുത്തുകൊണ്ട് സാമ്പത്തിക പ്രതിസന്ധികളും അനീതികളും, മനുഷ്യജീവിതത്തെ കമ്പോളവത്ക്കരിക്കുന്ന അവസ്ഥകളെ ഒഴിവാക്കുന്നതിനും, ഈ മാസം നമ്മെ പ്രചോദിപ്പിക്കണം. തന്റെ ഹൃദയം നമ്മുടെ പാദത്തോളം താഴ്ത്തിക്കൊണ്ട് നമ്മുടെ കുറവുകളെ കഴുകിത്തുടച്ച, യേശുവിന്റെ പെസഹാമാതൃക ഈ മാസം നമ്മുടെ ജീവിതം വഴിയായി മറ്റുള്ളവർ നുകരുന്നതിനായി തമ്മെത്തന്നെ വിട്ടുകൊടുക്കണം. ഉയരങ്ങളിലേയ്ക്ക് കണ്ണുകൾ ഉയർത്തി മാത്രം ദൈവത്തെ നോക്കാൻ ശീലിച്ച മനുഷ്യനെ പാദത്തിങ്കൽ കാൽ കഴുകി ചുംബിക്കാനിരിക്കുന്ന സ്നേഹം. ആരാണ് വലിയവൻ എന്ന് നിരന്തരം തർക്കിക്കുന്ന ശിഷ്യർക്കു യജമാനന്റെ മേലങ്കിയേക്കാൾ ഒരു കച്ചമുണ്ടും, കുറച്ചു വെള്ളവും, തുവാലയും കൊണ്ട്, എളിമയുടെ പ്രവൃത്തികൾ കൊണ്ട് ഗുരുവിന്റെ മറുപടി. അധികാരത്തിന്റെ അംഗവസ്ത്രങ്ങളൂരി, അടിമയുടെ അരക്കച്ച ധരിക്കുന്ന ഈശോ നമ്മോട് പറയുന്നു: അപരന്റെ പാദത്തോളം താഴണം നീ.
യേശുവിന്റെ തിരുഹൃദയത്തിന്റെ പ്രത്യേകത ഇതല്ലാതെ മറ്റൊന്നല്ല. മുറിയപ്പെടുമ്പോഴും, മനുഷ്യനെ ചേർത്ത് പിടിക്കുന്ന അനന്തമായ സ്നേഹം. സങ്കീർത്തകനോട് ചേർന്ന് ജീവിതത്തിൽ ഇപ്രകാരം പ്രാർത്ഥിക്കുവാനല്ലാതെ, മറ്റെന്താണ് നമുക്ക് സാധിക്കുക. " കർത്താവേ അങ്ങ് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു, ഞാൻ ഇരിക്കുന്നതും എഴുനേൽക്കുന്നതും അങ്ങ് അറിയുന്നു. എന്റെ വിചാരങ്ങൾ അവിടുന്ന് അകലെ നിന്ന് മനസിലാക്കുന്നു." (സങ്കീർത്തനങ്ങൾ 139, 1- 2)
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: