നിത്യജീവൻ നേടാൻ സഹായിക്കുന്ന സ്നേഹത്തിന്റെ ക്രൈസ്തവനിയമം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
യേശുവിനെ പരീക്ഷിക്കുവാനായി, നിത്യജീവിതം നേടാൻ എന്തുചെയ്യണം എന്ന ചോദ്യവുമായി ക്രിസ്തുവിന് മുന്നിലെത്തിയ യഹൂദനിയമത്തിൽ പ്രാവീണ്യമുള്ള ഒരു നിയമജ്ഞന്റെ ചോദ്യത്തിന് ഉത്തരം നൽകുകയും നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ, നിയമത്തിന്റെയും പാരമ്പര്യങ്ങളുളുടെയും നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും അപ്പുറം സ്നേഹത്തിന് കൂടുതൽ വിശാലമായ ഒരു മാനമുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന യേശുവിനെക്കുറിച്ചുള്ള മനോഹരമായ ഒരു ദൃശ്യമാണ് ഇന്നത്തെ സുവിശേഷം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ആരാണ്, ആരായിരിക്കണം നമ്മുടെ അയൽക്കാർ, നമുക്ക് ചുറ്റുമുള്ള മനുഷ്യരോടുള്ള നമ്മുടെ ബന്ധത്തെ നിയന്ത്രിക്കേണ്ട സ്നേഹത്തിന്റെ നിയമം തുടങ്ങിയ ഉദ്ബോധനങ്ങളും നാം ഈ സുവിശഷഭാഗത്ത് കാണുന്നുണ്ട്.
യേശു താൻ പോകാനിരുന്ന ഇടങ്ങളിലേക്ക് അയച്ചിരുന്ന എഴുപത്തിരണ്ട് പേർ തിരികെയെത്തി, തങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങൾ പങ്കുവയ്ക്കുകയും, യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ച് പിതാവിനെ സ്തുതിക്കുകയും ചെയ്യുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം. പിതാവായ ദൈവം നൽകുന്ന രക്ഷയുടെ സന്ദേശമാകുന്ന ക്രിസ്തുവെന്ന സുവിശേഷത്തെ അറിയുവാനും, ജീവിതത്തിൽ സ്വീകരിക്കുവാനും അനുഗ്രഹിക്കപ്പെട്ടവരാണ് നമ്മൾ എന്നും, ദൈവകൃപയുണ്ടെങ്കിലേ നമ്മുടെ വിശ്വാസജീവിതം ഫലപ്രദമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനും, സാക്ഷ്യത്തിന്റേതാക്കി മാറ്റാനും സാധിക്കൂ എന്ന ബോധ്യത്തിൽനിന്നുകൊണ്ടുവേണം നാം ഈ സുവിശേഷഭാഗത്തെ മനസ്സിലാക്കാൻ.
നിത്യജീവൻ അവകാശമാക്കാൻ, നല്ല ഒരു മനുഷ്യനായി, സമരിയക്കാരനായി മാറാൻ ഞാൻ എന്ത് ചെയ്യണം? ഈ ഒരു ചോദ്യം ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മുടെയും മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകണം. ഈയൊരു ചോദ്യത്തിന് സുവിശേഷത്തിലെ യേശു നൽകുന്ന മറുപടി, ദൈവത്തെയും അയൽക്കാരനെയും, പരനെയും അപരനെയും പൂർണ്ണമായി, കുറവുകളോ, വ്യവസ്ഥകളോ ഇല്ലാതെ, വ്യക്തി താല്പര്യങ്ങൾക്കോ, പ്രതിഫലത്തിന് വേണ്ടിയോ അല്ലാതെ സ്നേഹിക്കുക എന്നുള്ളതാണ്. സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായി, നിത്യജീവന്റെ അവകാശികളായി മാറാനുള്ള കുറുക്കുവഴിയായി യേശു മുന്നോട്ടുവയ്ക്കുന്ന മാർഗ്ഗവും ഇതുതന്നെയാണ്.
ലൂക്കയുടെ തന്നെ സുവിശേഷം ആറാം അധ്യായത്തിന്റെ ഇരുപത്തിയേഴു മുതൽ മുപ്പത്തിയാറു വരെയുള്ള തിരുവചനങ്ങളിൽ യേശു നല്ല സമരിയക്കാരന്റെ പ്രവൃത്തിയുമായി ചേർന്നുപോകുന്ന ചില ഉദ്ബോധനങ്ങൾ നൽകുന്നുണ്ട്: "ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ" (ലൂക്ക 6, 27); "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലൂക്ക 6, 36). ദൈവപിതാവിന്റെയും പുത്രനായ ക്രിസ്തുവിന്റെയും സ്നേഹമാണ് ഓരോ ക്രൈസ്തവനും അനുകരിക്കേണ്ടതും ജീവിക്കേണ്ടതുമെന്ന് സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു.
ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാനുള്ള മനസ്സുണ്ടായിരുന്നെങ്കിൽ നിയമജ്ഞന്, യേശുവിന്റെ വാക്കുകളിൽ സംശയങ്ങളുണ്ടാകുമായിരുന്നില്ല. യഥാർത്ഥത്തിൽ ഹൃദയത്തിൽ നന്മയും സ്നേഹവുമുള്ളവർക്ക് യേശുവിന്റെ വചനങ്ങൾ ഇടർച്ചയ്ക്ക് കാരണമാകുന്നില്ല.
അയൽക്കാരൻ ആരെന്ന ചോദ്യം നിയമജ്ഞന്റെ ന്യായീകരണസ്വഭാവത്തിന്റെ ഭാഗമാണെന്ന് സുവിശേഷം എടുത്തുപറയുന്നു. യഹൂദർ മാറ്റിനിറുത്തിയിരുന്ന ഒരു ജനതയെക്കുറിച്ചാണ് യേശു അവനോട് പറയുന്നത്. യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിന്റെ ഒൻപതാം വാക്യത്തിൽ ഒരു സമരിയക്കാരി സ്ത്രീ യേശുവിനോട് ചോദിക്കുന്ന വാക്കുകളിലൂടെ ഈയൊരു അകൽച്ചയെക്കുറിച്ച് സുവിശേഷം പ്രതിപാദിക്കുന്നുണ്ട്. കിണറിന്റെ കരയിൽ വെള്ളത്തിനായി നിൽക്കുന്ന യേശുവിനോട് സമരിയക്കാരി ചോദിക്കുന്നുണ്ട്, "നീ ഒരു യഹൂദനായിരിക്കെ, സമരിയക്കാരിയായ എന്നോട് കുടിക്കാൻ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയക്കാരും തമ്മിൽ സമ്പർക്കമൊന്നുമില്ലല്ലോ" (യോഹ. 4,7). സമ്പർക്കത്തിന് കൊള്ളില്ലെന്ന് യഹൂദർ കരുതിയിരുന്ന, യഹൂദരുമായി ശത്രുതയുണ്ടായിരുന്ന ഒരു ജനവിഭാഗത്തിലെ ഒരു മനുഷ്യനെയാണ്, അയൽക്കാരനായി യേശു ഇന്നത്തെ സുവിശേഷത്തിൽ നിയമജ്ഞന് കാണിച്ചുകൊടുക്കുന്നത്.
പുരോഹിതനും ലെവായനും അകലെമാറി കടന്നുപോയിടത്താണ് സമരിയക്കാരൻ, വഴിയരികിൽ കിടക്കുന്ന ഈ ഒരു മനുഷ്യന്റെ അരികിലേക്ക് അടുത്തുവരുന്നത്. യഹൂദമതത്തിൽ മതത്തിന്റെ, നന്മയുടെ പ്രതിനിധികൾ ആകേണ്ടിയിരുന്ന, നല്ല അയൽക്കാർ ആകേണ്ടിയിരുന്ന വ്യക്തികളാണ്, അകലെ മാറി കടന്നു പോകുന്നത്.
പിതാവായ ദൈവത്തിന്റെ മക്കളായ ഈ ഭൂമിയിലെ ഓരോ മനുഷ്യരോടും നമുക്കുണ്ടാകേണ്ട സ്നേഹവും പരിഗണനയും എപ്രകാരമായിരിക്കണമെന്ന ഈ ചിന്ത, നമ്മുടെ ജീവിതവും പ്രവർത്തനങ്ങളും എങ്ങനെയുള്ളതാണെന്നതിനെപ്പറ്റിയുള്ള ഒരു അവലോകനത്തിന് നമ്മെ ക്ഷണിക്കുന്നുണ്ട്.
മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായത്തിൽ, അവസാനവിധിയെക്കുറിച്ച് യേശു പറയുന്ന വാക്കുകൾ ചേർത്തുവായിച്ചാൽ, യേശു നൽകുന്ന ഈ ഉദ്ബോധനത്തിന്റെ സാരാംശം നമുക്ക് കൂടുതൽ വ്യക്തവും സ്വീകാര്യവുമാകും. ഇരുപത്തിയഞ്ചാം അദ്ധ്യായത്തിന്റെ നാൽപതാം തിരുവചനത്തിൽ യേശു പറയുന്നു: "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തു തന്നത്" (യോഹ. 25,40).
തന്റെ പുസ്തകത്തിന്റെ ആരംഭത്തിൽത്തന്നെ ഏശയ്യാ പ്രവാചകൻ എഴുതുന്ന ചില ശക്തമായ ചിന്തകൾ ഇന്ന് നമുക്ക് മുന്നിലുണ്ട്. ദൈവത്തെ മനസ്സിലാക്കാത്ത, അവനെ മറന്ന ഒരു ജനം. തിന്മയിലും അനീതിയിലും ജീവിക്കുന്ന, ദുഷ്കർമ്മികളായ മനുഷ്യരായി മാറിയ ദൈവജനം. ഈയൊരു ജനത്തിനെങ്ങനെയാണ് ദൈവാനുഗ്രഹങ്ങൾ തേടാനും അവ സ്വന്തമാക്കാനും സാധിക്കുകയെന്ന ഒരു ചോദ്യം പ്രവാചകൻ ഉയർത്തുന്നുണ്ട് (ഏശയ്യാ 1, 1-9). ഇന്ന് സത്യത്തിൽ, ദേശപരവും സാമൂഹികവും ആശയപരവുമായി നമ്മിൽനിന്ന് മാറിനിൽക്കുന്ന ആളുകളെ മാത്രമല്ല, സ്വന്തം ജനങ്ങളെയും എന്തിന് സഹോദരങ്ങളെപ്പോലും സ്നേഹിക്കാൻ കഴിയാത്ത, ദൈവവിശ്വാസം കൈവെടിഞ്ഞ ഒരു ശൈലിയാണ് നമ്മിൽ പലരും ജീവിക്കുന്നത്. വെറുപ്പും വിദ്വേഷവും മരണവും പരത്തുന്ന സംഘർഷങ്ങളും യുദ്ധങ്ങളും അരങ്ങേറുന്ന നമ്മുടെ രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും, ഐക്യവും സ്നേഹവും ഇല്ലാത്ത നമ്മുടെയൊക്കെ ഇടവകക്കൂട്ടായ്മകളിലും, എന്തിന് കരുണയും സ്നേഹവും വറ്റിപ്പോയ ഭാര്യാഭർത്തൃ, കുടുംബബന്ധങ്ങളിലുമൊക്കെ, അടിയുറച്ച ദൈവവിശ്വാസവും പരസ്പരസ്നേഹവും വിശ്വസ്തതയും ത്യാഗമനോഭാവവുമൊക്കെ വീണ്ടെടുക്കാനും ജീവിക്കാനും, പുതിയ നല്ല സമരിയക്കാരാകാനുമുള്ള വിളിയാണ് ദൈവം നമുക്ക് നൽകുന്നത്.
വചനചിന്തകളിലൂടെ കടന്നുപോകുമ്പോൾ, നിത്യജീവൻ അവകാശമാക്കാൻ തക്ക ജീവിതമാണോ നമ്മുടേതെന്ന, നല്ല സമരിയക്കാരന്റേതിന് സമാനമായ ജീവിതമാണോ നമ്മുടേതെന്ന ഒരു ചോദ്യം നമ്മുടെ മനസാക്ഷിയുടെ മുന്നിലുണ്ടാകട്ടെ. യേശുവിന്റെ സ്നേഹത്തിന്റെ നിയമം അനുസരിച്ച് ജീവിക്കാനാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് നമുക്ക് മറക്കാതിരിക്കാം. പാപികളും ബലഹീനരുമായ നമുക്ക് വേണ്ടി തന്റെ ജീവൻ കുരിശിൽ ബലിയായി അർപ്പിച്ച, വിശുദ്ധ കുർബാനയിൽ തന്റെ തിരുശരീരരക്തങ്ങളോടെ നമുക്കിടയിൽ, നമ്മോടുകൂടെ ആയിരിക്കുന്ന സ്നേഹമാണ് ക്രിസ്തു. ഇടതുകവിളിൽ അടിക്കുന്നവന്, വലതുകവിൾ കൂടി കാണിച്ചുകൊടുക്കാൻ ഉദ്ബോധിപ്പിക്കുന്ന, കുരിശിൽ തറച്ചവരോട് പോലും ക്ഷമിച്ചുകൊണ്ട് മാതൃക കാട്ടിത്തന്ന, മത, ദേശ, പാരമ്പര്യങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം അതിരുകളില്ലാതെ സ്നേഹിക്കുന്ന ദൈവമാണ്, സ്നേഹമാണ് യേശു എന്ന തിരിച്ചറിവോടെ, അവനെ അനുഗമിച്ച്, അനുകരിച്ച് ജീവിക്കാം. നല്ല അയൽക്കാരും, നല്ല മനുഷ്യരും, യഥാർത്ഥ ക്രിസ്തുശിഷ്യരുമാകാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: