കെനിയയിൽ, കേറിയൊയിൽ ബെനഡിക്റ്റയിൻ പ്രേഷിതകൾ പ്രവർത്തനങ്ങൾ നിറുത്തുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ കെനിയയിലെ കേറിയൊ താഴ്വരയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ തിരുഹൃദയാശ്രമ ബെനഡിക്ടയിൻ പ്രേഷിതസമൂഹം തീരുമാനിച്ചു.
അടുത്തയിടെ അവിടെ അല്ലോയ് ബെറ്റ് എന്ന ഇടവകവൈദികൻ വധിക്കപ്പെട്ടതും അക്രമപ്രവർത്തനങ്ങൾ അനിയന്ത്രിതമായി വർദ്ധിച്ചതും മൂലമാണ് ഈ തീരുമാനമെന്നും ജൂൺ 1 മുതൽ എല്ലാ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടിയെന്നും ഈ പ്രേഷിത സമൂഹം വെളിപ്പെടുത്തി.
അവിടെ നടക്കുന്ന സംഭവങ്ങൾ സന്ന്യാസിനികൾക്ക് മാനസികായും മനശാസ്ത്രപരമായും ആഘാതം ഏല്പിച്ചിരിക്കയാണെന്നും പ്രവർത്തനങ്ങൾ തുടരുക അസാധ്യമാക്കിയിരിക്കയാണെന്നും സമൂഹം ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തി.
ആ പ്രദേശത്ത് സമാധാനം സംസ്ഥാപിക്കാനും പൗരന്മാരെ നിരായുധീകരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ സന്ന്യാസിനികൾ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. പ്രേഷിത വാർത്താ ഏജൻസിയായ ഫീദേസ് ആണ് ഈ വിവരങ്ങൾ നല്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: