MAP

പന്തക്കുസ്താദിനം പന്തക്കുസ്താദിനം&Բ;

പന്തക്കുസ്താത്തിരുനാൾ: സഭയുടെ ആരംഭവും പ്രേഷിതദൗത്യവും ഓർമ്മിപ്പിക്കുന്ന ദിനം

സഭയുടെ ആരംഭത്തിനും വളർച്ചയ്ക്കും പ്രേഷിതദൗത്യത്തിനും പ്രധാനപ്പെട്ട പന്തക്കുസ്താത്തിരുനാളുമായി ബന്ധപ്പെട്ട ഒരു വിചിന്തനം.
ശബ്ദരേഖ - പന്തക്കുസ്താത്തിരുനാൾ: സഭയുടെ ആരംഭവും പ്രേഷിതദൗത്യവും ഓർമ്മിപ്പിക്കുന്ന ദിനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ ത്രിത്വത്തിലെ ഒരുവനായ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ചിന്തകൾ പ്രത്യേകമായി ഉയർന്നുവരുന്ന ഒരു സമയമാണ് പന്തക്കുസ്താദിനം. വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായത്തിൽ യേശു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് നാം വായിക്കുന്നുണ്ട്. യേശു പറയുന്നു: "ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്ക് തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാൻ ലോകത്തിന് സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ, നിങ്ങൾ അവനെ അറിയുന്നു. കാരണം, അവൻ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളിൽ ആയിരിക്കുകയും ചെയ്യും" (യോഹ. 14, 16-17). തന്റെ ഇഹലോക പരസ്യജീവിതത്തിന്റെ അവസാനം, സ്വർഗ്ഗപിതാവിന്റെ മക്കൾക്കുവേണ്ടി സ്വയം ബലിയായി തീരുന്നതിന് മുൻപ്, യേശു സഹായകനായ പരിശുദ്ധാത്മാവിനെ തന്റെ ശിഷ്യർക്കും തന്നെ അനുഗമിക്കുന്നവർക്കും വാഗ്ദാനം ചെയ്യുന്ന മനോഹരമായ ഒരു വചനഭാഗമാണിത്.

യേശു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തതിന്റെ പൂർത്തീകരണം നാം അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ രണ്ടാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് വായിക്കുന്നുണ്ട്: "പന്തക്കുസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു. അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടേയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവ് കൊടുത്ത ഭാഷാവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി. ആകാശത്തിനു കീഴുള്ള സകല ജനപദങ്ങളിലും നിന്ന് വന്ന ഭക്തരായ യഹൂദർ ജറുസലേമിൽ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോൾ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടേയും ഭാഷകളിൽ അപ്പസ്തോലന്മാർ സംസാരിക്കുന്നത് കേട്ട് അത്ഭുതപ്പെടുകയും ചെയ്തു. അവർ വിസ്മയഭരിതരായി പറഞ്ഞു. ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ? നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയിൽ ശ്രവിക്കുന്നതെങ്ങനെ? പാർത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസപ്പൊട്ടാമിയൻ നിവാസികളും യൂദയായിലും കപ്പദോക്കിയയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാ പ്രദേശങ്ങളിലും നിവസിക്കുന്നവരും റോമയിൽനിന്നുള്ള സന്ദർശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും, ക്രേത്യരും അറേബ്യരും ആയ നാമെല്ലാം ദൈവത്തിന്റെ അത്ഭുതപ്രവൃത്തികൾ അവർ വിവരിക്കുന്നത് നമ്മുടെ മാതൃഭാഷകളിൽ കേൾക്കുന്നല്ലോ. ഇതിന്റെയെല്ലാം അർത്ഥമെന്ത് എന്ന് പരസ്പരം ചോദിച്ചുകൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു. എന്നാൽ, മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞ് കുടിച്ച് അവർക്കു ലഹരി പിടിച്ചിരിക്കുകയാണ്" (അപ്പ. പ്രവർത്തനങ്ങൾ 2, 1-13).

പരിശുദ്ധ കന്യകാമറിയവും യേശുവിന്റെ ശിഷ്യരും ഉൾപ്പെടുന്ന നൂറ്റിയിരുപത് പേരോളം വരുന്ന സഹോദരർ സമ്മേളിച്ചിരിക്കുന്ന ഒരവസരത്തിൽ, മത്തിയാസിനെ അപ്പസ്തോലന്മാരുടെ സംഘത്തിൽ, യൂദാസിന് പകരക്കാരനായി തിരഞ്ഞെടുത്ത അവസരമാണ് പരിശുദ്ധാത്മാവിന്റെ ആഗമനത്തിന്റെ പശ്ചാത്തലമായി അപ്പസ്തോലപ്രവർത്തനങ്ങൾ എഴുതിവയ്ക്കുന്നത് (അപ്പ. 1, 12-26).  യേശുവിന്റെ പീഡാനുഭവ, മരണ, ഉത്ഥാനങ്ങൾക്ക് ശേഷമുള്ള അൻപതാം ദിനം,പന്തക്കുസ്താദിനത്തിലാണ് തന്റെ ശിഷ്യർക്ക് സഹായകനായ പരിശുദ്ധാത്മാവിനെ നല്കുമെന്നുള്ള യേശുവിന്റെ വാഗ്ദാനം നിറവേറുന്നത്.

പന്തക്കുസ്താത്തിരുനാളും യഹൂദജനവും

ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട പന്തക്കുസ്താത്തിരുന്നാളിന് പശ്ചാത്തലമായി നിൽക്കുന്നത് യഹൂദജനം ആചരിച്ചുപോന്നിരുന്ന പന്തക്കുസ്താത്തിരുനാളാണ്. ഇസ്രായേൽജനം ആചരിച്ചുപോന്ന മൂന്ന് പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നായിരുന്നു ഈ തിരുനാൾ. യഹൂദവിശ്വാസമനുസരിച്ചുള്ള പെസഹാ ആചാരണത്തിന് ശേഷം അൻപതാം ദിനം ആചരിച്ചിരുന്നതിനാലാണ് ഇതിനെ പന്തക്കുസ്താത്തിരുനാൾ എന്ന് വിളിച്ചിരുന്നത്. ആദ്യകാലത്ത് ഇത് വിളവെടുപ്പുത്സവത്തിന്റെ, ആദ്യഫലങ്ങൾ ദൈവത്തിന് സമർപ്പിക്കുന്നതിന്റെ തിരുനാൾ ദിനമായിരുന്നു. ഈ തിരുനാൾ ദിനത്തിൽ യഹൂദർ കാഴ്ചവസ്തുക്കളുമായി ദേവാലയത്തിലേക്ക് തീർത്ഥാടനം നടത്തിയിരുന്നു. എന്നാൽ ദൈവം സീനായ് മലയിൽവച്ച് പ്രമാണങ്ങൾ നൽകിയതിന്റെ ഓർമ്മയായി ഇത് ആഘോഷിച്ചുതുടങ്ങിയത് പിന്നീടാണ്.

യഹൂദജനത്തിൽ പലരും ഇന്ന് പലസ്തീനായുൾപ്പെടുന്ന വിശുദ്ധനാട്ടിലായിരുന്നില്ല താമസിച്ചിരുന്നത്. ജെറുസലേമിൽനിന്നകന്ന് മറ്റു ദേശങ്ങളിൽ കുടിയേറിപ്പാർത്തിരുന്ന പ്രവാസികളായ യഹൂദർ അന്നുണ്ടായിരുന്നു. ചരിത്രപരമായ പല കാരണങ്ങളാൽ കാനാൻദേശത്തുനിന്ന് പലയിടങ്ങളിലേക്കായി ചിതറിക്കപ്പെട്ട യഹൂദജനം പക്ഷെ തങ്ങളുടെ പ്രധാന തിരുനാളുകളിൽ ജെറുസലേമിലേക്കെത്തുമായിരുന്നു. എന്നാൽ വാഗ്ദത്തനാട്ടിലെത്തുമ്പോഴും, അവർ തങ്ങളുടെ പ്രാദേശികഭാഷകളാണ് സംസാരിച്ചിരുന്നത്. ഈ യഹൂദരെ പരസ്പരം ബന്ധിപ്പിക്കുന്നത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിലെ, വിശുദ്ധ ജനത്തിലെ അവരുടെ അംഗത്വവും പിതാക്കന്മാരുടെ വിശ്വാസവും നിയമങ്ങളുമായിരുന്നു. ഈയൊരു ഐക്യമാണ്, തങ്ങളുടെ ചരിത്രത്തിലെ പ്രധാനതിരുനാളുകളിൽ വിശുദ്ധനാട്ടിലേക്ക് തീർത്ഥാടനം നടത്താൻ അവരെ പ്രേരിപ്പിച്ചിരുന്നത്. പന്തക്കുസ്താത്തിരുനാളിൽ ഇതുപോലെ വിവിധ ദേശങ്ങളിൽ, വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും ജീവിച്ചിരുന്ന യഹൂദർ ജെറുസലേമിലെത്തിയ ഒരു സമയത്താണ് പുതിയനിയമത്തിൽ രേഖപ്പെടുത്തപ്പെടുന്ന പുതിയ പന്തക്കുസ്ത, പരിശുദ്ധാത്മാവിന്റെ ആഗമനത്തിരുനാൾ നടക്കുന്നത്.

അഗ്നിയും കൊടുങ്കാറ്റും പുതിയനിയമ പന്തക്കുസ്തായും

യഹൂദജനം പെസഹാ ആചരണത്തിന്റെ അൻപതാം ദിനത്തിൽ പന്തക്കുസ്താ ആചരിച്ചിരുന്നതുപോലെ,  പുതിയനിയമജനതയുടെ പന്തക്കുസ്താ നടക്കുന്നതും ഒരു അൻപതാം ദിനത്തിലാണ്. ക്രിസ്തുവിന്റെ പെസഹാ ആചാരണത്തിന്റെ അൻപതാം ദിനത്തിലാണ് പുതിയനിയമത്തിലെ പുതിയ പന്തക്കുസ്താ നടക്കുന്നത്. സഭാത്മകചിന്തയിൽ പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്ന അഗ്നിയും കാറ്റുമൊക്കെ ഇവിടെ നാം കാണുന്നുണ്ട്. കൊടുങ്കാറ്റടിക്കുന്നതുപോലെയുള്ള ശബ്ദം ആകാശത്തുനിന്നുണ്ടായി, അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു, അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടേയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു (അപ്പ. 2, 2-3). എവിടെനിന്ന് വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ അറിയാൻ സാധിക്കാത്ത കാറ്റിനോട് ബന്ധപ്പെടുത്തി ആത്മാവിന്റെ വരവിനെക്കുറിച്ച് യേശു പറയുന്നത് യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നുണ്ട്. വീണ്ടും ജനിക്കുന്നതിനെക്കുറിച്ച് പറയുന്നിടത്താണ് ഇത് നാം കാണുക. (യോഹ. 3, 8).

യേശുവിന്റെ വരവിനെക്കുറിച്ച് അറിയിക്കുന്ന യോഹന്നാൻ, തന്റെ പിന്നാലെ വരുന്നവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തുന്നവനാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് സുവിശേഷങ്ങൾ രേഖപ്പെടുത്തുന്നുണ്ട് മത്തായി 3. 11; മർക്കോസ് 1, 8; ലൂക്ക 3, 16; യോഹന്നാൻ 1, 33).

പുതിയനിയമപന്തക്കുസ്താദിനത്തിന്റെ പശ്ചാത്തലത്തിൽ, ക്രൈസ്തവപരമ്പര്യമനുസരിച്ചുള്ള ചിത്രങ്ങളിലും ഇതുപോലെ അഗ്നിയും പരിശുദ്ധാത്മാവും ഒരുമിച്ചാണ് കാണപ്പെടുന്നത്. അഗ്നിയും കാറ്റും ആത്മാവിന്റെയും അവിടുത്തെ പ്രവർത്തങ്ങളുടെയും പ്രതീകങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു.

തീനാവുകളും ഭാഷാവരവും

ശിഷ്യന്മാരുടെമേൽ വന്നുനിന്ന തീനാവുകളെ പരിശുദ്ധാത്മാവിൽനിന്ന് ലഭിക്കുന്ന ഭാഷാവരത്തെ സൂചിപ്പിക്കുന്നതായാണ് വ്യാഖ്യാനിക്കപ്പെടുക. പന്തക്കുസ്താദിനത്തിൽ ഒരുമിച്ച് കൂടിയ ജനം, അത് ക്രിസ്തുവിന്റെ അമ്മയും ശിഷ്യന്മാരും അടങ്ങുന്ന ചെറിയൊരു സമൂഹം മാത്രമല്ല, ജറുസലേമിൽ ഉണ്ടായിരുന്ന ജനക്കൂട്ടം മുഴുവൻ കൊടുങ്കാറ്റടിക്കുന്നതുപോലെയുള്ള ശബ്ദവും, അതേത്തുടർന്നുള്ള ആരവവും കേട്ടു (അപ്പ. 2, 2; 2, 6). ഈയൊരു ഇരമ്പലോ കൊടുങ്കാറ്റിന്റെ ശബ്ദമോ അല്ല അവിടെക്കൂടിയ ആളുകളെ അത്ഭുതപ്പെടുത്തുന്നത്. മറിച്ച്, വചനം സാക്ഷ്യപ്പെടുത്തുന്നതുപോലെ, മറ്റു ഭാഷകളിൽ, ജറുസലേമിൽ വന്നുചേർന്ന വിവിധ ഭാഷക്കാരായ വ്യക്തികളുടെ മാതൃഭാഷകളിൽ സംസാരിക്കുന്ന അപ്പസ്തോലന്മാരാണ് (അപ്പ. 2, 6). വിവിധ ദേശങ്ങളിലും ഭാഷകളിലും നിന്ന് വന്ന മനുഷ്യർക്ക് ക്രിസ്തു പ്രവർത്തിച്ച ദൈവികമായ അത്ഭുതപ്രവൃത്തികളെ വിവരിക്കുന്ന അപ്പസ്തോലന്മാരെ മനസ്സിലാക്കാൻ സാധിക്കുന്നു. അവരെ വിസ്മയിപ്പിക്കുകയും പരിഭ്രമിപ്പിക്കുകയും ചെയ്ത ഒരു സംഭവമായാണ് വചനം ഇതേക്കുറിച്ച് പറയുക. എന്നാൽ ഈയൊരനുഭവത്തെ സ്വീകരിച്ചവരും, അതിനെ പരിഹസിച്ചവരും ഉണ്ടായിരുന്നുവെന്നും അപ്പസ്തോലപ്രവർത്തനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് (അപ്പ. 2, 12-13).

ക്രിസ്തുവിനെ മനസ്സിലാക്കാനുള്ള വരം

ഭാഷാവരത്തോടെ സംസാരിച്ച അപ്പസ്തോലന്മാരെക്കുറിച്ചുള്ള വാക്യങ്ങളെക്കുറിച്ച് വചനവ്യാഖ്യാതാക്കൾ പറയുക, അവർ വിവിധ ഭാഷകളിൽ സംസാരിച്ചു എന്നതിനേക്കാൾ, അവരുടെ വാക്കുകളെ വിവിധ ഭാഷക്കാർക്ക് മനസ്സിലാക്കാൻ സാധിച്ചു എന്നുള്ളതാണ്. അപ്പസ്തോലന്മാർ അവിടെ തടിച്ചുകൂടിയിരുന്ന ഓരോ ആളുകളുടെയും മാതൃഭാഷയിൽ ഒരേസമയം സംസാരിച്ചു എന്നതിനേക്കാൾ മനസ്സിലാക്കാൻ ഏറെ എളുപ്പമുള്ള ഒരു വ്യാഖ്യാനവും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ അപ്പസ്തോലന്മാർ തങ്ങളുടെ മാതൃഭാഷയിൽ സംസാരിച്ചുവെന്നും, എന്നാൽ അതേസമയം ശ്രോതാക്കൾ അവരെ തങ്ങളുടെ മാതൃഭാഷകളിൽ മനസ്സിലാക്കിയെന്നും ഗ്രഹിക്കുകയാണ് കൂടുതൽ യുക്തിപരമായുള്ള ഒരു വ്യാഖ്യാനം. എന്നാൽ ഇത്തരമൊരു വ്യാഖ്യാനത്തിന് പിന്നിൽ, പരിശുദ്ധാത്മാവാണ് അപ്പസ്തോലരെ മനസ്സിലാക്കാൻ വിവിധ ജനങ്ങളെയും ഭാഷക്കാരെയും പ്രാപ്തരാക്കുന്നത് എന്ന കാര്യം നാം മറന്നുപോകരുത്. എന്നാൽ ജെറുസലേം നിവാസികളെ സംബന്ധിച്ചിടത്തോളം പുതുതായൊരു ഭാഷ അവർ കേൾക്കുന്നില്ല, അതുകൊണ്ടുതന്നെയാകണം, അവരിൽ അപ്പസ്തോലന്മാരുടെ പ്രഭാഷണം പുതിയൊരു അനുഭൂതിയോ അനുഭവമോ ഉണ്ടാക്കാത്തതും. മറ്റു ചിലരാകട്ടെ, പരിഹസിച്ചുകൊണ്ട്, പുതുവീഞ്ഞ് കുടിച്ച് അവർക്ക് ലഹരിപിടിച്ചിരിക്കുകയാണ് എന്ന് പറയുന്നതും അപ്പസ്തോലപ്രവർത്തങ്ങൾ രേഖപ്പെടുത്തുന്നുണ്ട് (അപ്പ. 2, 13).

ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെ, അവനെക്കുറിച്ചുള്ള സാക്ഷ്യം, മനസ്സിലാക്കാൻ, ആത്മാവിന്റെ പ്രത്യേകമായ കൃപയും വരങ്ങളും ആവശ്യമാണെന്ന ഒരു ചിന്ത പന്തക്കുസ്താത്തിരുനാൾ നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്തോലന്മാർ, തങ്ങളുടെ അഭൗമികമായ അനുഭവങ്ങളെയാണ് ശ്രോതാക്കൾക്ക് മുന്നിൽ വിവരിക്കുന്നത്. എന്നാൽ അതിനെ മനസ്സിലാക്കാൻ സാധിക്കാത്തവരെ സംബന്ധിച്ചിടത്തോളം, അപ്പസ്തോലന്മാരുടെ പ്രഘോഷണം അർത്ഥമില്ലാത്തതായി തോന്നുന്നു, മദ്യപന്മാരുടെ സംഭാഷണമാണ് തോന്നുന്നു. ആദിമസഭയിൽ ഭാഷാവരം ലഭിച്ചവർ ഏറെയുണ്ടായിരുന്നുവെന്ന്, തങ്ങളുടെ കൃസ്താനുഭവം മറ്റുള്ളവർക്ക് മനസ്സിലാകുന്ന വിധത്തിൽ പ്രഘോഷിക്കാൻ കഴിഞ്ഞവർ ഏറെയുണ്ടായിരുന്നുവെന്ന് നമുക്കറിയാം. ഭാഷാവരമെന്നാൽ വിവിധ ഭാഷകളിൽ സംസാരിക്കാനുള്ള വരമല്ലെന്നും, അത് ക്രിസ്തുവിനെ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ മറ്റുള്ളവരോട് സംസാരിക്കാനും അതുവഴി അവരുടെ ഹൃദയങ്ങളിൽ ക്രൈസ്തവവിശ്വാസത്തിന്റെ വിത്തുകൾ പാകി വളർത്താനുള്ള വിളിയാണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പന്തക്കുസ്താദിനം സഭയുടെ ആരംഭവും തുടർച്ചയും

പന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെയും, വിവിധ ഭാഷക്കാർക്ക് മനസ്സിലാകുന്ന വിധത്തിലുള്ള അപ്പസ്തോലന്മാരുടെ പ്രഘോഷണത്തോടെയും നടക്കുന്നത്, ജറുസലേമിൽ പന്തക്കുസ്താത്തിരുനാളിൽ സംബന്ധിക്കാനെത്തിയ യഹൂദരുടെ മുന്നിൽ നടന്ന വെറുമൊരു അത്ഭുതസംഭവമായി ചിത്രീകരിക്കുന്നത് പന്തക്കുസ്താത്തിരുനാളിന്റെ അർത്ഥത്തെത്തന്നെ ചെറുതാക്കിക്കളയുന്ന ഒരു വ്യാഖ്യാനമാണ്. രക്ഷാകരചരിത്രത്തിൽ തുടർന്ന് സംഭവിക്കാനിരുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ മുന്നാസ്വാദനവും പ്രതീകവുമായാണ് നമുക്ക് പന്തക്കുസ്താത്തിരുനാളിനെ കാണാനാകുക. ജെറുസലേമിലും, അവിടെ കൂടിയ യഹൂദരുടെയും മുന്നിൽ മാത്രമല്ല ക്രിസ്താനുഭവം  പങ്കുവയ്ക്കപ്പെടേണ്ടത്. മറിച്ച്, ജെറുസലേമിന് പുറത്തും, ലോകമെമ്പാടും വിവിധ ഭാഷകളിൽ, വിവിധ സംസ്കാരങ്ങളിൽ, വിവിധ ദേശങ്ങളിൽ ക്രിസ്തു പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. ദൈവത്തിൽനിന്ന് അകന്നുപോയ പഴയനിയമജനതയാണ് ചിതറിക്കപ്പെട്ടതെങ്കിൽ, ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിലും വിശ്വാസത്തിലും പുതിയ തിരഞ്ഞെടുക്കപ്പെട്ട ജനം ഒരുമിച്ച് ചേർക്കപ്പെടേണ്ടിയിരുന്നു. ഇങ്ങനെ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണത്തിലൂടെ ഒരുമിച്ച് ചേർക്കപ്പെട്ട് വിശ്വാസജീവിതത്തിൽ ഒരുമിച്ച് നീങ്ങുന്ന ഒരു ജനതയായി ക്രൈസ്തവസഭ മാറിയിരിക്കുന്നു. അപ്പസ്തോലൻന്മാരുടെ, ഇന്ന് സഭയുടെയും, ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ട ഓരോ ക്രൈസ്തവന്റെയും ചുമതല, പന്തക്കുസ്താ അനുഭവം പോലെ, പരിശുദ്ധാത്മാവിന്റെ ശക്തിയിലും കൃപയിലും നിറവിലും ക്രിസ്തുവിനെ അറിയാത്ത ഹൃദയങ്ങളോട് അവനെ പ്രഘോഷിക്കുകയാണ്, രക്ഷ അറിയിക്കുകയാണ്. ഏവർക്കും മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ, വിശ്വസനീയമായ രീതിയിൽ, ക്രിസ്തുവെന്ന സുവിശേഷത്തെ പ്രഘോഷിക്കാനാകുന്നില്ലെങ്കിൽ, ജീവിതസാക്ഷ്യം നൽകാനാകുന്നില്ലെങ്കിൽ, പന്തക്കുസ്തായുടെ അനുഭവം അതിന്റെ പൂർണ്ണതയിൽ ജീവിക്കാനാകാത്ത അല്പവിശ്വാസികളായി നാം മാറുന്നില്ലേയെന്ന്, സഭയുടെ ഉത്തരവാദിത്വം മറന്ന സഭാഗാത്രത്തിലെ അംഗങ്ങളായി നാം ചെറുതായിപ്പോകുന്നില്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ധൈര്യപൂർവ്വം ഐക്യവും തുറന്ന മനോഭാവവും ജീവിക്കുന്ന സമൂഹമായ സഭ

യഹൂദരെയും, ക്രൈസ്തവവിശ്വാസത്തെ എതിർക്കുന്നവരെയും ഭയന്ന്, എന്നാൽ പ്രാർത്ഥനയിൽ ഒരുമിച്ചായിരുന്ന പരിശുദ്ധ അമ്മയുടെയും അപ്പസ്തോലന്മാരുടെയും മറ്റു സഹോദരീസഹോദരങ്ങളുടെയും മേലാണ് പരിശുദ്ധാത്മാവിന്റെ വർഷം ഉണ്ടാകുന്നതെന്നും, അതിന് ശേഷമാണ് അപ്പസ്തോലന്മാർ സധൈര്യം ക്രിസ്തുവിനെ പ്രഘോഷിക്കുന്നതെന്നും, അവനിലുള്ള വിശ്വാസത്തിന് വേണ്ടി ജീവൻ പോലും നൽകാൻ തയ്യാറാകുന്നതെന്നും നമുക്ക് കാണാം. ഭയമകറ്റുന്ന, ധൈര്യമേകുന്ന, സാക്ഷ്യമേകാൻ ശക്തി നൽകുന്ന ആത്മാവിനെയാണ് ദൈവം നമ്മിൽ വർഷിക്കുന്നത്. ലോകത്തിനോ, അതിലെ ശക്തികൾക്കോ അടിച്ചമർത്താനാകാത്ത രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാനാണ് ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് സഭ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

ക്രിസ്തുവിനെ സധൈര്യം പ്രഘോഷിച്ച, അവനുവേണ്ടി ജീവൻ നൽകിയ വിശുദ്ധ പത്രോസിന്റെ പിൻഗാമികളായ മാർപാപ്പാമാർ തുടങ്ങി, സഭാനേതൃത്വം എന്നും വചനപ്രഘോഷണത്തിനും സാക്ഷ്യത്തിനും, ക്രിസ്തുവിലുള്ള ഒത്തൊരുമയ്ക്കും നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് മാനുഷികമായ ഒരു പ്രവൃത്തിയല്ലെന്നും, സഭയിലെ യഥാർത്ഥ ഐക്യം ആത്മാവിന്റെ ദാനമാണെന്നും പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽനിന്നുള്ള ഏതാനും പുരോഹിതരെയും സന്ന്യാസിമാരെയും 2022 മെയ് മാസം മൂന്നാം തീയതി വത്തിക്കാനിൽ സ്വീകരിച്ച അവസരത്തിൽ ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചിരുന്നു. വ്യത്യസ്തതകൾ ഇല്ലാതാക്കുന്ന ഒരു ആത്മാവല്ല നമുക്ക് നല്കപ്പെട്ടിരിക്കുന്നത്, മറിച്ച് വ്യത്യസ്തതകൾക്കിടയിലും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നമ്മെ ഒരുമിച്ച് നിറുത്തുന്ന ഐക്യത്തിന്റെയും ഒരുമയുടെയും ആത്മാവാണ്. അങ്ങനെ ആത്മാവിന്റെ കൃപയിൽ ഒരുമിച്ച് വിശ്വാസയാത്ര തുടരുന്ന ഒരു സമൂഹമായി, വിശുദ്ധ ഇറേനിയൂസ് പറയുന്നതുപോലെ, “സഹോദരങ്ങളുടെ യാത്രാസംഘമായി” സഭ മാറുന്നുണ്ട്.

ക്രിസ്തുവിനെ ലോകമെങ്ങും അറിയിക്കുക എന്ന ദൗത്യം സഭാമക്കൾക്കേവർക്കും ഉള്ളതാണെന്നുള്ള ഒരു ചിന്തയും പന്തക്കുസ്താദിനം പങ്കുവയ്ക്കുന്നുണ്ട്. അവിടെ വർഗ്ഗ, വർണ്ണ, ജാതി, മത, ദേശ വ്യത്യാസങ്ങൾ കടന്നുവരാൻ പാടില്ല. ക്രിസ്തുവിലൂടെ പിതാവായ ദൈവം തുടരുന്ന രക്ഷാകരപ്രവൃത്തിയുടെ സുവിശേഷം ഏവരോടും അറിയിക്കുക എന്ന ഉത്തരവാദിത്വം നമുക്കേവർക്കും ഉള്ളതാണ്. എന്നാൽ സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും, സമാധാനത്തിന്റെയും സുവിശേഷത്തിന് സാക്ഷ്യം നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ, അത്, പരസ്പരം കലഹിച്ചും, മറ്റുള്ളവരിൽനിന്ന് അകന്നും നിന്നുകൊണ്ട് സാധിക്കില്ല എന്ന് നാം ഓർക്കേണ്ടതുണ്ട്. ഐക്യത്തിന്റെ ആത്മാവിനെ സ്വീകരിച്ച് അതനുസരിച്ച് ജീവിക്കുന്നവർക്കേ ഐക്യത്തെക്കുറിച്ച് വിശ്വസനീയമായ രീതിയിൽ പ്രഘോഷിക്കാനും സാക്ഷ്യപ്പെടുത്താനും സാധിക്കൂ.

2025-ലെ പന്തക്കുസ്താത്തിരുനാളിൽ, സഭയിലെ വിവിധ വിശ്വാസസമൂഹങ്ങളുടെ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന വിശുദ്ധബലി മദ്ധ്യേ നടത്തിയ പ്രഭാഷണത്തിൽ ലിയോ പതിനാലാമൻ പാപ്പായും, നമുക്കിടയിലെ അതിർവരമ്പുകൾ ഭേദിക്കേണ്ടതിന്റെ, അക്രമത്തിലേക്കും സംഘർഷങ്ങളിലേക്കും നയിക്കുന്ന സ്വാർത്ഥതയിലും, അധികാരമനോഭാവത്തിലും നിന്നകന്ന്, സഹോദര്യത്തിൽ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. മുൻവിധികളും, വൈരാഗ്യബുദ്ധിയും, ഭിന്നചിന്താഗതികളും മാറ്റിവച്ച്, പരിശുദ്ധാത്മാവിന്റെ കൃപയിലും നിറവിലും, രക്ഷയും ജീവനും വിണ്ണും സ്വന്തമാക്കാൻ സഹായിക്കുന്ന ക്രിസ്തുവിന്റെ സുവിശേഷം ജീവിക്കാനും പ്രഘോഷിക്കാനും നമുക്ക് സാധിക്കട്ടെ. സമാധാനവും ഐക്യവും സ്നേഹവും ജീവിക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയിലേക്ക് പന്തക്കുസ്താത്തിരുനാൾ നമ്മെ നയിക്കട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ജൂൺ 2025, 18:33