MAP

ഉക്രൈനിൽനിന്നുള്ള ഒരുപറ്റം കുട്ടികൾ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം - ഫയൽ ചിത്രം ഉക്രൈനിൽനിന്നുള്ള ഒരുപറ്റം കുട്ടികൾ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം - ഫയൽ ചിത്രം  (Vatican Media)

"ഒരുമിച്ചായിരിക്കുന്നത് നല്ലതാണ്" ഉക്രൈൻ കുട്ടികൾക്ക് അവധിക്കാലപദ്ധതിയൊരുക്കി ഇറ്റലിയിലെ സഭ

യുദ്ധക്കെടുതിയാൽ ദുരിതത്തിലായിരിക്കുന്ന ഉക്രൈനിൽനിന്നെത്തുന്ന കുട്ടികളും അവരെ അനുഗമിക്കുന്നവരുമടങ്ങുന്ന അറുന്നൂറോളം പേർക്ക് ഇറ്റലി ആതിഥേയത്വമരുളും. രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന വേനൽക്കാലപദ്ധതിയാണ് ഇറ്റലിയിലെ കത്തോലിക്കരൂപതകൾ ഒരുക്കിയിട്ടുള്ളത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മുൻ വർഷങ്ങളിലെന്നപോലെ ഈ വർഷവും ഉക്രൈനിൽനിന്നുള്ള കുട്ടികളും അവരെ അനുഗമിക്കുന്നവരുമുൾപ്പെടെയുള്ള അറുന്നൂറോളം പേർക്ക് ഇറ്റലിയിലെ വിവിധ രൂപതകൾ ആതിഥേയത്വം വഹിക്കും. രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന വേനൽക്കാല അവധിപരിപാടികളാണ് "ഒരുമിച്ചായിരിക്കുന്നത് നല്ലതാണ്" എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ പരസ്പരസ്നേഹത്തിന്റെയും ഐക്യത്തിന്റെയും പാതയാണ് സഭ ഒരുക്കിയിരിക്കുന്നത്.

ഇറ്റലിയിലെ കാരിത്താസ് സംഘടന, രാജ്യത്തെ മെത്രാൻസമിതിയുടെയും മറ്റ് സംഘടനകളുടെയും പിന്തുണയോടെയും, പത്ത് രൂപതകളുടെ ക്രിയാത്മകമായ പങ്കാളിത്തത്തോടെയുമാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. ബോംബുകളുടെയും ആക്രമണങ്ങളുടെയും ഇടയിൽനിന്നകന്ന രണ്ടാഴ്ചകളാണ് ഇതുവഴി ഉക്രൈനിൽനിന്നുള്ള ഈ കുട്ടികൾക്ക് ഇതുവഴി ലഭിക്കുക. ഉക്രൈനിൽ തുടരുന്ന ആക്രമണങ്ങൾ മൂലമുള്ള ആഘാതത്തിൽനിന്ന് കുറച്ചുദിവസങ്ങളിലേക്കെങ്കിലും രക്ഷ നേടാനും, മനുഷ്യരിൽ കുറച്ചെങ്കിലും ധൈര്യപൂർവ്വം വിശ്വസിക്കാനുമുള്ള സാധ്യതയുമാണ് ഇതുവഴി ഇവർക്ക് ലഭിക്കുക.

ഉക്രൈനിലെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സംഘർഷങ്ങളിൽനിന്ന് രക്ഷപെട്ട് പൊതുമേഖലയിടങ്ങളിൽ അഭയം തേടിയിരിക്കുന്ന കുട്ടികളാണ് ഇറ്റലിയിലേക്കെത്തുന്നവരിൽ പലരും. ഉക്രൈനിലെ കാരിത്താസ് സംഘടന, കാരിത്താസ് സ്‌പേസ്, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഉക്രൈൻ എംബസി, ഉക്രൈനിലെ വത്തിക്കാൻ നൂൺഷിയേച്ചർ എന്നീ ഘടകങ്ങൾ ചേർന്നാണ് കുട്ടികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഉക്രൈൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ കൂടി ഭാഗമായാണ് ഇറ്റലിയിലെ സഭ അവിടെനിന്നുള്ള കുട്ടികൾക്ക് ഇത്തരമൊരു ആതിഥേയത്വത്തിന്റെ ഇടമൊരുക്കുന്നത്. റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതുമുതൽ, ഉക്രൈനിലെ സഭയെയും, അതുവഴി അവിടെയുള്ള ജനങ്ങളെയും സഹായിക്കുന്നതിന് സഭ മുന്നോട്ടുവന്നിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ജൂൺ 2025, 18:05