ദുരിതപൂർണ്ണമായ മാനവികസ്ഥിതിയിലും പ്രത്യാശയോടെ ഹൈറ്റി നിവാസികൾ: ഫീദെസ് ഏജൻസി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഹൈറ്റിയിലെ മാനവികസ്ഥിതി ദുരിതപൂർണ്ണമായാണ് തുടരുന്നതെന്നും ഇപ്പോഴും പതിമൂന്ന് ലക്ഷത്തോളം ആളുകൾ ഭവനരഹിതരായി ക്യാമ്പുകളിലാണ് കഴിയുന്നതെന്നും ഫീദെസ് ഏജൻസി അറിയിച്ചു. 2025-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ഹൈറ്റിയിൽ 1600 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നും പോർട്ട് ഓ പ്രിൻസിലാണ് കൂടുതൽ അതിക്രമങ്ങൾ അരങ്ങേറുന്നതെന്നും അന്താരാഷ്ട്ര കുടിയേറ്റകാര്യങ്ങൾ സംബന്ധിച്ച സംഘടനയുടെ റിപ്പോർട്ടുകളെ അധികരിച്ച് ഫീദെസ് വ്യക്തമാക്കി.
തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ സെന്ത്റ് (Centre), അർതിബൊനീത് (Artibonite) ഡിപ്പാർട്ട്മെന്റുകളിൽ അടുത്തിടെയുണ്ടായ ആക്രമണങ്ങൾ മൂലം പതിനായിരക്കണക്കിന് ആളുകൾ ഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായെന്നും തികച്ചും ദുഷ്കരമായ സാഹചര്യങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നതെന്നും ഏജൻസി അറിയിച്ചു. അർതിബൊനീത്തിലെ പെതിത് റിവിയേർ എന്ന പ്രദേശത്തെ രണ്ടുലക്ഷത്തോളം ആളുകളിൽ തൊണ്ണൂറ്റിരണ്ടായിരം ആളുകൾ വീടുകൾ വിട്ടിറങ്ങിയിട്ടുണ്ട്.
സെന്ത്രിലെ വിവിധ പ്രദേശങ്ങളിൽ എഴുപത്തിനായിരത്തിൽത്താഴെ ആളുകളാണ് പുറമെനിന്നുണ്ടായിരുന്നതെന്നും, എന്നാൽ നിലവിൽ അത് ഒന്നരലക്ഷത്തോളം ആയിട്ടുണ്ടെന്നും ഫീദെസ് അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ഡിസംബറിൽ 142 അഭ്യർത്ഥിക്യാമ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 246 ആയി ഉയർന്നിട്ടുണ്ട്.
പുറമെനിന്നുള്ള സാമ്പത്തികസഹായവും മാനവികസഹായവുമില്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ ഭീഷണിയിലാകുമെന്നും, നിലവിലെ സംഘർഷങ്ങൾ ഒരു സാധാരണസംഭവമായി കണക്കാക്കപ്പെടെരുതെന്നും അന്താരാഷ്ട്ര കുടിയേറ്റകാര്യങ്ങൾ സംബന്ധിച്ച സംഘടനയുടെ ഡയറക്ടർ ജനറൽ ആമി പോപ്പ് (Amy MAP) പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: