MAP

നിണസാക്ഷി, ഫ്ലോറിബർത്ത് ബ് വ്വാന ചുയി ബിൻ കൊസിത്തി നിണസാക്ഷി, ഫ്ലോറിബർത്ത് ബ് വ്വാന ചുയി ബിൻ കൊസിത്തി  

നിണസാക്ഷി ഫ്ലോറിബർത്ത് ചുയി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും!

ജൂൺ 15-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന രക്തസാക്ഷി ഫ്ലോറിബർത്ത് ബ്വ്വാന ചുയി ബിൻ കൊസിത്തി ആഫ്രിക്കൻ നാടായ കോംഗൊ സ്വദേശിയാണ്. കോഴപ്പണം മേടിക്കാതിരിക്കുകയും അഴിമതിക്ക് കൂട്ടുനില്കാതിരിക്കുകയും ചെയ്തതിനാൽ ആണ് ഇരുപത്തിയാറു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഈ ദൈവദാസൻ വധിക്കപ്പെട്ടത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക് സ്വദേശിയായ രക്തസാക്ഷി ഫ്ലോറിബർത്ത് ബ്വ്വാന ചുയി ബിൻ കൊസിത്തി സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔപചാരികമായി ചേർക്കപ്പെടും.

ജൂൺ 15-ന് ഞായറാഴ്ച ആയിരിക്കും ഈ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന കർമ്മം. റോമിൻറെ ചുമരുകൾക്കു പുറത്ത് വിശുദ്ധ പൗലോസിൻറെ ബസിലിക്കയിൽ നടക്കുന്ന ഈ തിരുക്കർമ്മത്തിൽ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സമെറാറൊ മുഖ്യകാർമ്മകത്വം വഹിക്കും.

കോംഗൊയും റുവാണ്ടയും തമ്മിലുള്ള അതിർത്തിപ്രദേശത്ത് ചരക്കുകൾ പരിശോധിക്കുകയും ചുങ്കം പിരിക്കുകയു ചെയ്യുന്ന കാര്യാലയ ഉദ്യോഗസ്ഥനായിരുന്ന ദൈവദാസൻ ഫ്ലോറിബർത്തിനെ ആരോഗ്യത്തിനു ഹാനികരമായ മോശം ഭക്ഷ്യപദാർത്ഥങ്ങൾ കടത്തിവിടാൻ കോഴ നല്കി സ്വാധീനിക്കാൻ ശ്രമിച്ചപ്പോൾ അതിനു വഴങ്ങാത്തതിൻറെ പേരിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

പണമേകി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് ഇരുപത്തിയാറു വയസ്സു മാത്രം പ്രായം ഉണ്ടായിരുന്ന ഫ്ലാറിബർത്ത് തൻറെ സുഹൃത്തായ ഗോമയിലെ ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ദ്ധയായിരുന്ന സന്ന്യാസിനി ജീൻ സെസിലിനോടു പറഞ്ഞത് ഇങ്ങനെയാണ്:

"പണം ഉടൻ അപ്രത്യക്ഷമാകും. എന്നാൽ ആ ഉൽപ്പന്നങ്ങൾ കഴിക്കേണ്ടിയിരുന്ന ആളുകൾക്ക് എന്താണ് സംഭവിക്കുക? ഞാൻ ഈ പണം സ്വീകരിച്ചാൽ, ഞാൻ ക്രിസ്തുവിൽ ജീവിക്കുമോ? ഞാൻ ക്രിസ്തുവിനുവേണ്ടി ജീവിക്കുമോ? ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ആളുകളുടെ ജീവൻ ബലികഴിക്കാൻ എനിക്ക് അനുവദിക്കാനാവില്ല. ആ പണം സ്വീകരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്."

1981 ജൂൺ 13-ന് ഗോമയിലാണ് ഫ്ലോറിബർത്ത് ബ്വ്വാന ചുയി ജനിച്ചത്. 2007 ജൂലൈ 7-ന് അദ്ദേഹം ഒരു കടയിൽ നിന്നിറങ്ങുന്ന സമയത് അജ്ഞാതർ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫ്ലാറിബർത്തിൻറെ ചേതനയറ്റ ശരീരം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പീഢനമേറ്റതിൻറെ അടയാളങ്ങൾ ശരീരത്തിൽ കണ്ടെത്തി. തട്ടിക്കൊണ്ടുപോകപ്പെട്ടതിൻറെ പിറ്റെ ദിവസം, അതായത്, ജൂലൈ 8-നാണ് അദ്ദേഹം മരണമടഞ്ഞതെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി.

വിശുദ്ധ എജീദിയോ സമൂഹവുമായി അടുത്തിടപഴികിയിരുന്ന ദൈവദാസൻ ഫ്ലാറിബർത്ത് പാവപ്പെട്ടവരെ സന്ദർശിക്കുകയും കുട്ടികളെ പഠിപ്പിക്കുന്നതിന് സഹായഹസ്തം നീട്ടുകയും ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ജൂൺ 2025, 12:30