യേശുവിന്റെ തിരുഹൃദയം ആശ്വാസത്തിന്റെ ഇടമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യേശുവിന്റെ തിരുഹൃദയത്തോടുള്ള പ്രത്യേകമായ ഭക്തി ആചരിക്കുന്ന സമയമാണല്ലോ ജൂൺ മാസം. വിദ്യാലയങ്ങളിൽ അധ്യയന വർഷം തുടങ്ങുന്ന മാസം എന്ന നിലയിൽ, കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ , യേശുവിന്റെ തിരുഹൃദയത്തിനു പ്രത്യേകമായി പ്രതിഷ്ഠിച്ചുകൊണ്ടുള്ള പ്രാർത്ഥനകൾ നടത്താറുണ്ട്. ഈ പ്രാർത്ഥന കുട്ടികളുടെ മനസ്സിൽ എപ്പോഴും നിലനിൽക്കാറുണ്ട് എന്നുള്ളതാണ് ലാളിത്യമാർന്ന സത്യം. യേശുവിന്റെ മാധുര്യമേറിയ തിരുഹൃദയമേ എന്ന് തുടങ്ങുന്ന പ്രതിഷ്ഠാപ്രാർത്ഥന തുടർന്ന് ആ വർഷത്തേക്ക് നമുക്കെല്ലാം ഊർജ്ജം പകരുന്നതായിരിക്കുന്നുവെന്നു, വർഷങ്ങൾക്കു ശേഷം ജീവിതത്തിന്റെ അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്.
യേശുവിന്റെ തിരുഹൃദയ ഭക്തി ഈ ലോകത്തിൽ പ്രചാരത്തിലാകുന്നതിനു വിശുദ്ധ മർഗരീത്ത മേരി അലക്കോക്കിന് നൽകിയ വെളിപാട്, ഇന്നത്തെ ഹൃദയ രഹിതമായ ജീവിതസാഹചര്യങ്ങളിൽ, ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതിന് ഏറെ സഹായകരമാണ്. ദൈവജനത്തിലേക്ക് ഹൃദയം എങ്ങനെ തുറക്കാമെന്നും, തിരുഹൃദയത്തിൻ്റെ പ്രാധാന്യം എന്തെന്നും കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യേണ്ടുന്ന ഒരു കാലഘട്ടമാണ് ഇത്. രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും, സമൂഹങ്ങൾ തമ്മിലുള്ള മാത്സര്യവും അസൂയയും, കോപവുമെല്ലാം കൂടിവരുന്ന ഒരു സാഹചര്യത്തിൽ സ്നേഹത്തിന്റെ പ്രാധാന്യം മനസ്സിലാകണമെങ്കിൽ യേശുവിന്റെ തിരുഹൃദയത്തിലേക്ക് നാം നമ്മുടെ ദൃഷ്ടികൾ ഉയർത്തണം. ഇതിനായി നമ്മെ സഹായിക്കുന്ന വലിയ ഒരു വഴികാട്ടിയാണ് യശ്ശശരീരനായ ഫ്രാൻസിസ് പാപ്പായുടെ അവസാന ചാക്രിക ലേഖനമായ ദിലെക്സിത്ത് നോസ്. ലേഖനത്തിന്റെ മൂന്നാം അധ്യായം നാല്പത്തിയെട്ടാം ഖണ്ഡിക മുതൽ അമ്പത്തിയെട്ടാം ഖണ്ഡികവരെയുള്ള ആശയങ്ങൾ ഇത്തരത്തിൽ സഭയുടെ ചരിത്രത്തിന്റെ ഭാഗമായ യേശുവിന്റെ തിരുഹൃദയ ഭക്തിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
മൂന്നാം അധ്യായത്തിന്റെ തലക്കെട്ട് തന്നെ, ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ആശയങ്ങളെ എടുത്തു കാണിക്കുന്നു. "ധാരാളമായി സ്നേഹിച്ച ഹൃദയം ഇതാണ്" എന്നുള്ള ശീർഷകം അതിൽ തന്നെ അർത്ഥങ്ങളുടെ അവസാനം കുറിക്കുന്നതല്ല മറിച്ച് അതൊരു ചൂണ്ടുപലകയാണ്. അതായത് ചരിത്രത്തിലുടനീളം യേശുവിന്റെ തിരുഹൃദയം പകർന്ന ആർദ്രതയിലേക്കും, സ്നഹത്തിലേക്കും, കരുണയിലേക്കും പ്രത്യാശയിലേക്കും സ്‌നേഹത്തിലേക്കും നമ്മെ ക്ഷണിക്കുന്ന ചൂണ്ടുപലക. യേശുവിന്റെ വ്യക്തിത്വത്തിൽ നിന്നും മാറിയുള്ള ഒരു ഭക്തിയല്ല തിരുഹൃദയഭക്തിയെന്നാണ് ലേഖനത്തിൽ പാപ്പാ പറയുന്നത്. പകരം യേശുവിന്റെ ദൈവീക ഭാവവും, മനുഷ്യഭാവവും സമന്വയിക്കുന്നതും ചിന്തകളും പ്രവർത്തനങ്ങളും ഒന്നിക്കുന്നതും ഈ തിരുഹൃദയത്തിലാണെന്നുള്ളതാണ് ചാക്രികലേഖനം നമുക്ക് നൽകുന്ന വലിയ ആശയം. സ്നേഹിക്കുന്നു എന്ന് പറയുകയും എന്നാൽ ആ സ്നേഹം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന മാനുഷിക സാഹചര്യങ്ങൾ നമുക്ക് ഏറെ പരിചിതമാണ്. എന്നാൽ യേശുവിന്റെ തിരുഹൃദയത്തെ, പ്രത്യേകമായ രീതിയിൽ വേർതിരിച്ചു കാണുക സാധ്യമല്ല. ഇപ്രകാരം സമഗ്രമായ സ്നേഹത്തിന്റെ ഉറവിടമായിട്ടാണ് യേശുവിന്റെ തിരുഹൃദയത്തെ എടുത്തു കാണിക്കുന്നത്. ഇത് അവിഭാജ്യമായതും, ഏവർക്കും പ്രാപ്യമായതുമായ ഒരു സ്നേഹത്തിന്റെ ഉറവിടമാണ്.
ഇപ്രകാരം മനുഷ്യർക്കുവേണ്ടി ദാനമായി നൽകപ്പെട്ട യേശുവിന്റെ തിരുഹൃദയത്തിൽ ഭാഗഭാക്കുകളാകുവാനാണ് നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. ഇതൊരു സൗഹൃദത്തിന്റെയും അതെ സമയം ആരാധനയുടെയും ഭാവമാണ് നമ്മിൽ ഉളവാക്കുന്നത്. ഹൃദയം നൽകുന്ന യേശുവിനെ സുഹൃത്തായി ചേർത്തുനിർത്തുവാനും, അതേസമയം യേശുവിന്റെ ദൈവമെന്ന രീതിയിൽ ആരാധിക്കുവാനും സാധിക്കുമ്പോഴാണ്, തിരുഹൃദയ ഭക്തിയുടെ പ്രാധാന്യം ജീവിതത്തിൽ ഉൾക്കൊള്ളുവാൻ നമുക്ക് സാധിക്കുന്നത്. അതിനാൽ മനുഷ്യനെന്ന നിലയിലും ദൈവമെന്ന നിലയിലും യേശുവിന്റെ ഹൃദയത്തിലേക്ക് നമ്മെ ചേർത്ത് നിർത്തുന്നു എന്ന കാര്യം ജീവിതത്തിൽ ഏറെ ആശ്വാസവും സന്തോഷവും പകരുന്നുവെന്നതും ഈ ഭക്തിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നു.
യേശുവിന്റെ ജീവനുള്ള ഹൃദയം വെറുമൊരു കെട്ടുകഥയോ, വരച്ചുചേർത്ത ചിത്രമോ അല്ല, മറിച്ച് അത് ആരാധനയ്ക്കായി മാനവകുലത്തിന് നല്കപ്പെട്ട രക്ഷയുടെ യഥാർത്ഥ ആരാധന വസ്തുവാണ്. ഇത് യേശുവിന്റെ ഉയിർപ്പിന്റെ സാക്ഷ്യം നൽകുന്ന പ്രത്യാശയുടെ അടയാളമാണ്. ഇക്കാരണത്താൽ യേശുവിന്റെ തിരുഹൃദയ ഭക്തിക്ക് നമ്മെ യേശുവിൽ നിന്നോ, അവന്റെ സ്നേഹത്തിൽ നിന്നോ അണുവിട വേർപെടുത്തുക അസാധ്യമാണ്. എന്നാൽ ഈ ആരാധന തുടർന്ന് നമ്മെ എത്തിക്കുന്നത് സൗഹൃദത്തിന്റെ ഊഷ്മളതയിലേക്കാണ്. ഈ സൗഹൃദത്തിൽ ഉൾച്ചേരുന്ന ഘടകങ്ങൾ വിവിധമാണ്: സംഭാഷണം, വാത്സല്യം, വിശ്വാസം, ആരാധന എന്നിവയാൽ പ്രത്യേകം ഇണക്കിച്ചേർത്ത ഈ സൗഹൃദം യേശുവിന്റെ പരസ്യജീവിതകാലം മുഴുവൻ നീണ്ടുനിന്നതും ഇന്നും തുടരുന്നതുമാണെന്നു പാപ്പാതന്റെ ലേഖനത്തിൽ പ്രത്യേകം അടിവരയിടുന്നു. ലാളിത്യത്തിലുള തന്റെ ജനനവും, സൗഖ്യത്തിന്റെയും, കാരുണ്യത്തിന്റെയും ആശ്വാസം സമ്മാനിച്ച ജീവിതവും, അവസാനം വരെ നമ്മെ സ്നേഹിച്ചുകൊണ്ട് കുരിശിന്മേൽ തന്റെ കരങ്ങൾ തുറന്നുകൊടുത്തതും, മഹത്വത്തോടെ ഉയിർത്തെഴുന്നേറ്റതും ഈ സൗഹൃദത്തിന്റെ ഹൃദയാത്മകഭാവം വെളിപ്പെടുത്തുന്നതാണ്.
യേശുവിന്റെ തിരുഹൃദയം ഭാവനയിലുള്ള ചിത്രമല്ല
യേശുവിന്റെ വിവിധങ്ങളായ ചിത്രങ്ങൾ ഇന്ന് ലോകത്തിൽ നമുക്ക് കാണുവാൻ സാധിക്കുമെങ്കിലും. യേശുവിന്റെ തിരുഹൃദയത്തിന്റെ പ്രത്യേകത അതൊരു ചിത്രമല്ല, മറിച്ച് അതൊരു യാഥാർഥ്യമാണ് എന്നുളളതാണ്. ഇത് ഒരാളുടെ ഭാവനയിൽ വിരിഞ്ഞ ഒരു ചിത്രമല്ല, മറിച്ച് അതൊരു യഥാർത്ഥജീവിത അടയാളമാണ്. നമ്മുടെ ജീവിതത്തിന്റെ പോലും അർത്ഥം കണ്ടെത്തുന്നതിനും, രക്ഷയുടെ പ്രത്യാശ നമുക്ക് നൽകുന്ന ഈ തിരുഹൃദയത്തോട് ചേർന്നുനിൽക്കുന്നതിനാണ് ഈ ഭക്തി നമ്മെ ക്ഷണിക്കുന്നത്. ഇത് സ്നേഹത്തിന്റെ സാർവത്രികമായ ഒരു മനുഷ്യാനുഭവം പ്രദാനം ചെയ്യുന്നു. ഹൃദയമെന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെയും, വികാരങ്ങളുടെയും ഇരിപ്പിടമാണ്. അതുകൊണ്ടാണ്, നമ്മളുമായി അത്രയും അടുപ്പത്തിലായിരിക്കുന്ന ഒരു വ്യക്തിയുടെ ഹൃദയത്തോട് നമ്മുടെ കരങ്ങൾ ചേർത്തുവയ്ക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് പോലും നമുക്ക് പ്രത്യേകതയുള്ളതായി തോന്നുന്നത്. ഇത് ഒരു കാവ്യാത്മക ഭാഷ മാത്രമല്ല, മറിച്ച് ചരിത്രത്തിന്റെ ഒരു സവിശേഷത തന്നെയാണ്. അതിനാലാണ് യേശുക്രിസ്തുവിന്റെ മാനുഷികവും ദൈവികവുമായ സ്നേഹത്തെയും അവന്റെ വ്യക്തിപരമായ സാമീപ്യത്തെയും പ്രതിനിധീകരിക്കുവാൻ സഭ എപ്പോഴും ഹൃദയത്തിന്റെ ചിത്രം തിരഞ്ഞെടുക്കുന്നത്.
യേശുവിന്റെ വ്യക്തിത്വത്തിന്റെ പ്രതിച്ഛായയായ ഈ തിരുഹൃദയം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെ ഒരു ഇടമാണ്. കണ്ടുമുട്ടലിനും സംഭാഷണത്തിനും അതുവഴിയായി വ്യക്തിപരമായ ബന്ധത്തിനും വഴി ഒരുക്കുന്ന ഒരു ഇടം. തിരുഹൃദയത്തിലൂടെ യേശു നമ്മിൽ പതിക്കുന്ന തന്റെ ദൃഷ്ടി, നമ്മോട് സംസാരിക്കുന്നത് ശ്രവിക്കുവാനും പാപ്പാ ആഹ്വാനം ചെയ്യുന്നു. കുരിശിന്റെ ചുവട്ടിൽ, യേശുവിന്റെ വിലാപ്പുറത്തു കുന്തം കൊണ്ട് കുത്തിയ പടയാളിക്ക്, അവന്റെ വിലാവിൽ നിന്നുമൊഴുകിയ തിരുരക്തവും വെള്ളവും പ്രകാശത്തിന്റെ അത്ഭുതം പ്രദാനം ചെയ്തതുപോലെ, യേശുവിന്റെ തിരുഹൃദയത്തിലേക്ക് നോക്കുമ്പോൾ നമുക്കും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുവാൻ അവൻ ഇടവരുത്തുന്നു. ഹൃദയത്തെ ഒരു പ്രത്യേക മനുഷ്യ അവയവമായിട്ടല്ല നാം കാണേണ്ടത്, മറിച്ച്, വ്യക്തിയുടെ സമഗ്രതയുടെ പ്രകടനമായിട്ടാണ്. ഒരു പ്രതിമയെപ്പോലെ യേശുവിന്റെ തിരുഹൃദയത്തിലേക്ക് നോക്കുന്നതിലുള്ള അപകടവും പാപ്പാ ചൂണ്ടികാണിക്കുന്നുണ്ട്. അത് നമ്മെ പ്രാർത്ഥനയിലേക്കും, സ്നേഹത്തിലേക്കും നയിക്കുന്നില്ല.
ഇവിടെ പൗരസ്ത്യരുടെ ദൈവീക കാഴ്ചപ്പാടിനെ പാപ്പാ പ്രത്യേകം സ്മരിക്കുന്നുണ്ട്. വിശുദ്ധ കുർബാനയെപ്പോലെ യേശുവിന്റെ തിരുഹൃദയത്തോടുമുള്ള ഭക്തിയിൽ നാം വളരണം എന്നാൽ അത് വെറും ചിത്രങ്ങളിലോ പ്രതിമകളിലോ ഒതുങ്ങിനിൽകുന്ന വികാരങ്ങളുടെ വേലിയേറ്റമാകരുത്. മറിച്ച്, യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തിന് കാരണമാകുന്നതായിരിക്കണം. എങ്കിൽ മാത്രമേ തിരുഹൃദയത്തിന്റെ ചൂടിൽ നമുക്ക് ആയിരിക്കുവാൻ സാധിക്കുകയുള്ളൂ. നമ്മെ ഒത്തുചേർക്കുന്നതും, രഹസ്യാത്മകതയിൽ നമ്മെ ചിന്തിപ്പിക്കുന്നതും, നിശബ്ദതയിൽ നമ്മെ ആസ്വദിപ്പിക്കുകയും ചെയ്യുന്നതാണ് യേശുവിന്റെ തിരുഹൃദയം എന്നും പാപ്പാ പറഞ്ഞുവയ്ക്കുന്നു. അതിനാൽ തിരുഹൃദയത്തിന്റെ ശബ്ദം നമ്മുടെ കാതുകളിൽ സ്നേഹത്തിന്റെ മന്ത്രണം നൽകുമ്പോൾ അത് കേൾക്കുവാൻ നമുക്ക് സാധിക്കട്ടെയെന്ന ആശംസയോടെയാണ് ലേഖനത്തിന്റെ ഈ ഖണ്ഡികകൾ ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: