MAP

ബോംബാക്രമണത്തിൽ തകർന്ന ദേവാലയം ബോംബാക്രമണത്തിൽ തകർന്ന ദേവാലയം   (© Patriarchato greco-ortodosso di Antiochia )

ഡമാസ്കസിലെ ഒരു പള്ളിയിൽ ചാവേർ ആക്രമണം

സിറിയയിലെ ഡമാസ്കസിൽ ദ്വേല പ്രവിശ്യയിൽ വിശുദ്ധ ഏലിയയ്ക്ക് സമർപ്പിക്കപ്പെട്ട ദേവാലയത്തിൽ തീവ്രവാദികൾ ചാവേർ ആക്രമണം നടത്തി.

വത്തിക്കാൻ ന്യൂസ്

ഡമാസ്കസിന്റെ പ്രാന്തപ്രദേശത്തുള്ള വിശുദ്ധ ഏലിയാ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ജൂൺ മാസം ഇരുപത്തിരണ്ടാം  തീയതി നടന്ന ചാവേർ ആക്രമണത്തിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും, അനേകർക്ക് പരിക്കുകളേൽക്കുകയും ചെയ്തു. വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ബെൽറ്റ് ബോംബ് ധരിച്ചുകൊണ്ട് ദേവാലത്തിലേക്കു കടന്ന ആൾ ഉടൻതന്നെ പൊട്ടിത്തെറിക്കുകയായിരുന്നു.  ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അക്രമി അകത്തുകടന്ന് അവിടെയുണ്ടായിരുന്ന ആളുകൾക്ക് നേരെ ആദ്യം വെടിയുതിർക്കുകയും, തുടർന്ന്, സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു. ദൃക്‌സാക്ഷികളും ഇതുതന്നെയാണ് രേഖപ്പെടുത്തുന്നത്.

പള്ളിക്കുള്ളിലെ നാശത്തിന്റെയും, ആളുകൾ  രക്തത്തിൽ കുളിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങളും, സ്ഫോടന സ്ഥലത്ത് നിന്ന് ആളുകളെ മാറ്റുന്ന രക്ഷാപ്രവർത്തകരുടെ ചിത്രങ്ങളും പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ്, കൊല്ലപ്പെട്ടവരുടെയും, പരിക്കുകളേറ്റവരുടെയും പ്രാഥമിക വിവരണങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.  ഇരകളിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ചില പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിന് പിന്നിൽ "ഇസ്ലാമിക് സ്റ്റേറ്റ്" (ഐഎസ്) എന്ന ഭീകര സംഘടനയാണെന്ന് സിറിയൻ ഭരണകൂടം ആരോപിച്ചു. "പള്ളികളുടെ അലംഘനീയതയും എല്ലാ പൗരന്മാരുടെയും സംരക്ഷണവും" ഉറപ്പാക്കാൻ സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നു ഡമാസ്കസിലെ ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് ആവശ്യപ്പെട്ടു. ഡമാസ്കസിലെ ആക്രമണ വാർത്തയോട് ഐക്യരാഷ്ട്രസഭയും കടുത്ത ആശങ്കയോടെയാണ് പ്രതികരിച്ചത്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജൂൺ 2025, 14:17