കോർപ്പുസ് ക്രിസ്റ്റി: യേശുക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാൾ
റവ. ഫാ. ഡോ. ജോർജ് കറുകപ്പറമ്പിൽ MSP, കോട്ടയം അതിരൂപത
എത്ര എഴുതിയാലും എത്ര പറഞ്ഞാലും ഒരിക്കലും തീരാത്തതും എങ്ങനെ നിർവചിച്ചാലും പൂർണ്ണമാകാത്തതുമായ വലിയ ദൈവീകരഹസ്യമാണ് വിശുദ്ധ കുർബാന. ദൈവപുത്രനായ മിശിഹാ നമ്മുടെ രക്ഷയ്ക്കായി ആഘോഷിച്ച അവിടുത്തെ പെസഹാരഹസ്യങ്ങളുടെ പൂർത്തീകരണമായിരുന്നു പെന്തക്കൊസ്ത. ഈ ദിനത്തിൽ ജന്മം എടുത്ത സഭ ഇന്നുവരെ ജീവസുറ്റതായി നിലനിൽക്കുന്നതിന്റെ കാരണം, നാളെ കർത്താവിന്റെ വരവുവരെ ജീവസ്സുറ്റവളായി നിലനില്ക്കുവാനുള്ള കാരണം, ഈശോമിശിഹാതന്നെ നേരിട്ടു സ്ഥാപിച്ച കുർബാന എന്ന വലിയ രഹസ്യവും അതേസമയം വെളിപ്പെടുത്തലുമാണ്. സഭയുടെ ദൃഷ്ടികൾ അൾത്താരയിലെ കൂദാശയിൽ സന്നിഹിതനായിരിക്കുന്ന നാഥനിലേക്കു തിരിഞ്ഞിരിക്കുന്നു. ഓരോ ബലിയർപ്പണത്തിലും സഭയും സഭാമക്കളും അതു തുടരുന്നു. വിശുദ്ധ കുർബാനയോടു ആഴത്തിലും സ്‌നേഹത്തിലും വളരാനും ഭക്തിയോടും ശ്രദ്ധയോടും ആദരവോടുംകൂടെ ബലിയർപ്പണത്തിൽ പങ്കെടുക്കാനും പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഈ ചിന്തകൾ പരിശുദ്ധ കുർബാനയുടെ തിരുനാൾ ദിവസവുമായി ബന്ധപ്പെട്ടു നാം നടത്തുന്നതു സഹായിച്ചേക്കാം, ഉപകരിച്ചേക്കാം.
പരിശുദ്ധ കുർബാനയുടെ തിരുനാൾ
പരിശുദ്ധ കുർബാനയ്ക്കായി ഒരു പ്രത്യേക ദിവസമുണ്ടോ? ബലിയർപ്പിക്കുന്ന എല്ലാ ദിവസവും പരിശുദ്ധ കുർബാനയുടെ തിരുനാളാണ്. അങ്ങനെയെങ്കിൽ വിശുദ്ധ കുർബാനയ്ക്കു പ്രത്യേകമായി ഒരു തിരുനാൾ ദിവസം ഉണ്ടോ?
പരിശുദ്ധ കുർബാനയ്ക്കു തിരുനാൾ ഉണ്ടെങ്കിൽ അതു പെസഹാ വ്യാഴാഴ്ച ആയിരിക്കണം. കാരണം അന്നാണല്ലോ ദൈവപുത്രനായ മിശിഹാ പരിശുദ്ധ കുർബാന സ്ഥാപിച്ചത്. ഈ ചിന്തകൾ ഒട്ടും അർത്ഥരഹിതമല്ല. എന്നാൽ, പരിശുദ്ധ കുർബാനയിലെ ഈശോയുടെ സാന്നിദ്ധ്യം നിഷേധിച്ചുകൊണ്ട് പല വ്യക്തികളും, ദൈവശാസ്ത്രജ്ഞന്മാർപോലും സമൂഹങ്ങളും പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. ഇക്കൂട്ടരുടെ അബദ്ധ ചിന്താഗതികളെയും പഠനങ്ങളെയും പ്രതിരോധിക്കുവാനും തെറ്റുപഠിപ്പിച്ച വ്യക്തികളെ തിരുത്തി കുർബാനയിലെ ഈശോയുടെ സാന്നിദ്ധ്യം ഏറ്റുപറയുന്നതിനും പ്രഖ്യാപിക്കുന്നതിനുമായിട്ടാണു പരിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന ഒരു ദിവസം സഭയിൽ ആരംഭിച്ചത്. പരിശുദ്ധ കുർബാനയുടെ ആരാധകരായി ജീവിച്ച നിരവധി പുണ്യാത്മാക്കൾ സഭയിലുണ്ട്. അവരിൽ ചിലരെങ്കിലും പരിശുദ്ധ കുർബാനയ്ക്ക് ഒരു തിരുനാൾ ദിവസം ഉണ്ടാകണമെന്ന് മാർപ്പാപ്പാമാരോട് നിരന്തരമായി അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. അവരിൽ പ്രധാനിയാണ് ലീഗിലെ ജൂലിയാനാ എന്ന വിശുദ്ധ. പരിശുദ്ധ കുർബാനയുടെ തിരുനാൾ എന്ന നിരന്തരമായ അഭ്യർത്ഥന പരിഗണിച്ച് 1264- ൽ ഉർബൻ നാലാമൻ മാർപാപ്പാ “ട്രാൻസിത്തൂസ്” എന്ന രേഖവഴി പരിശുദ്ധ കുർബാനയുടെ തിരുനാൾ ''കോർപ്പൂസ് ക്രിസ്തി'' ലത്തീൻ സഭ മുഴുവനും പെന്തക്കുസ്താ തിരുനാൾ കഴിഞ്ഞുവരുന്ന രണ്ടാമത്തെ വ്യാഴാഴ്ച ആഘോഷിക്കുന്നതിന് ഈ തിരുനാൾ സ്ഥാപിച്ചുകൊണ്ട് അനുവദിച്ചു. “സാങ്തിസിമി കോർപോരിസ് എത് സാങ്ക്വിനിസ് ഡൊമിനി യേശുക്രിസ്തി” (day of most holy body and blood of Jesus Christ the Lord) എന്നാണ് ഈ തിരുനാളിന്റെ മുഴുവൻ പേര്. എ.ഡി 1311-12 ൽ നടന്ന വിയന്ന കൗൺസിൽ ഈ തിരുനാൾ ഔദ്യോഗികമായി അംഗീകരിക്കുകയും കത്തോലിക്കാ സഭ മുഴുവനും ആഘോഷിക്കേണ്ടതാണെന്ന് നിഷ്‌കർഷിക്കുകയും ചെയ്തു. ദൈവാലയത്തിൽ ആഘോഷപൂർണ്ണമായ കുർബാന അർപ്പണവും തുടർന്ന് പരിശുദ്ധ കുർബാന സംവഹിച്ചു കൊണ്ടുള്ള ആഘോഷപൂർണ്ണമായ പ്രദക്ഷിണവുമാണ് ഈ തിരുനാളിന്റെ പ്രധാന ഭാഗങ്ങൾ. ചിലയിടങ്ങളിൽ ഇത് വലിയ ആഘോഷം തന്നെയാണ്.
പരിശുദ്ധ കുർബാന എന്ത്?
എന്താണ് കുർബാന? ഈ ചോദ്യത്തിന് ഏതൊരു ഉത്തരവും അപര്യാപ്തമാണ്. കാരണം, കുർബാന ഈശോയാണ്; ഈശോയുടെ കാൽവരിയിലെ ബലി കൗദാശികമായി അൾത്താരയിൽ അർപ്പിക്കുന്നതാണു കുർബാന (sacrament of the sacrifice of Christ on the corss). പരമപരിശുദ്ധമായ ഈ ദൈവീക രഹസ്യത്തെ പല നിലകളിൽനിന്നും ദിശകളിൽനിന്നും നമുക്കൊന്നു കാണാൻ ശ്രമിക്കാം.
അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ നമ്മുടെ ആത്മാവിന്റെ ഭോജനമായി നമ്മുടെ കർത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവസ്വഭാവവും ഒന്നിച്ചു ചേർന്നുള്ളതും കർത്താവായ ഈശോ തന്റെ അന്ത്യ പെസഹാ ദിനത്തിൽ നേരിട്ടു സ്ഥാപിച്ചതുമായ കൂദാശയാണു വിശുദ്ധ കുർബാന. കൊച്ചുനാളിൽ വേദപാഠക്ലാസ്സിൽ നമ്മൾ ഇങ്ങനെയാണ് അതു പഠിച്ചത്, ഈശോമിശിഹായുടെ കുരിശിലെ ബലിയുടെ രക്തരഹിതമായ പുനരാവിഷ്‌കരണമാണു വിശുദ്ധ കുർബാന. അതേസമയം അത് അന്ത്യ പെസഹാവേളയിലെ മിശിഹായുടെ പെസഹായുടെ ആവിഷ്‌കാരവുമാണ്.
ദൈവപുത്രനായ ഈശോമിശിഹായുടെ ജീവിത സംഭവങ്ങൾ മുഴുവനായി ആഘോഷിക്കുകയാണു വിശുദ്ധ കുർബാനയിൽ. അതായത്, വിശുദ്ധ കുർബാന ഈശോമിശിഹാ എന്ന വ്യക്തിയുടെ ജീവിതാഘോഷമാണ്. പെസഹാരഹസ്യത്തിലൂടെ അവിടുന്നു നേടിയെടുത്ത രക്ഷയാണ് അൾത്താരയിൽ ആഘോഷിക്കുക. അതേസമയം നാം അതിൽ പങ്കെടുക്കുന്നതുവഴി നമ്മുടെതന്നെ രക്ഷ ആഘോഷിക്കുകയാണ്. ഈശോമിശിഹാ തന്റെ പെസഹാ രഹസ്യങ്ങൾ അൾത്താരയിൽ ആഘോഷിക്കുമ്പോൾ നാം നമ്മുടെ ജീവിത രഹസ്യങ്ങൾ അതോടുചേർത്ത് ആഘോഷിക്കാൻ കഴിഞ്ഞാൽ ബലിയർപ്പണം നമ്മുടെ സ്വന്തം ആകും.
കൂദാശകളുടെ അമ്മയും കൂദാശകളുടെ കൂദാശയുമായ വിശുദ്ധ കുർബാനയാണ് തിരുസഭയുടെ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ആരാധന. അതോടൊപ്പം വിശുദ്ധ കുർബാന ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും മകുടവുമാണ്.
പിതാവായ ദൈവം പുത്രന്റെ നാമത്തിൽ പരിശുദ്ധാത്മാവിൽ വിളിച്ചുകൂട്ടിയിരിക്കുന്ന രക്ഷിക്കപ്പെട്ട കൂട്ടായ്മയായ സഭയെ രൂപാന്തരപ്പെടുത്തുന്നതും പടുത്തുയർത്തുന്നതും വിശുദ്ധികരിക്കുന്നതും നിത്യതയിലേക്കു നയിക്കുന്നതും വിശുദ്ധ കുർബാനയിലാണ്. അതുകൊണ്ടാണു വിശുദ്ധ കുർബാന സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കൂദാശയാണെന്നു പറയുന്നത്. സഭ തന്റെ കൂട്ടായ്മയും ഐക്യവും ആഘോഷിക്കുന്നതും അനുഭവിക്കുന്നതും കുർബാനയിലാണ്. വിശുദ്ധ കുർബാനയാണ് സഭയാകുന്ന മൗതീക ശരീരത്തെ പടുത്തുയർത്തുന്നത്. ഈശോമിശിഹായിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയെയും അനുദിനം വിശുദ്ധീകരിച്ചു സ്വർഗോന്മുഖനാക്കി തീർക്കുന്നതു വിശുദ്ധ കുർബാനയാണ്.
വിശുദ്ധ കുർബാന മിശിഹായുടെ പെസഹാരഹസ്യത്തിന്റെ ഓർമ്മയാചരണമാണ്. സഭയുടെ കേന്ദ്രവും വിശ്വാസത്തിന്റെ ഉറവിടവുമാണത്. വിശുദ്ധ കുർബാന സഭയിലാണ്. മിശിഹാ സഭയെ ഏല്പിച്ചിരിക്കുന്ന സമ്പത്താണത്. മണവാളനായ ക്രിസ്തുവിൽനിന്നു മണവാട്ടിയെയായ സഭയ്ക്ക് ലഭിച്ചിരിക്കുന്ന സ്ത്രീധനമാണ് പരിശുദ്ധ കുർബാന. പരിശുദ്ധ ത്രിത്വം അൾത്താരയിൽ തുടരുന്ന രക്ഷാകരസംഭവമാണ് വിശുദ്ധ കുർബാന സ്‌നേഹത്തിന്റെ കൂദാശയാണ്, ഐക്യത്തിന്റെ അടയാളമാണ്, ഉപവിയുടെ ഉടമ്പടിയാണ്. സഭയ്ക്കും ക്രിസ്തീയ ജീവിതത്തിനും വേണ്ട ശക്തി നിർഗളിക്കുന്നത് വിശുദ്ധ കുർബാനയിൽ നിന്നാണ് കുർബാന ഒരേ സമയം ബലിയും വിരുന്നുമാണ്
കുർബാന ഈശോയുടെ ശരീരരക്തങ്ങളുടെ ബലിയും വിരുന്നും
പുരോഹിതന്റെ കൈകൾ വഴി കർത്താവ് തന്നെ അർപ്പിക്കുന്ന രക്തരഹിതമായ ബലിയാണു വിശുദ്ധ കുർബാന. കുർബാനയിൽ മിശിഹാ നമ്മുടെ ഭക്ഷണമായിത്തീരുകയും നമ്മുടെ ആത്മാവ് പ്രസാദവരം കൊണ്ട് നിറയുകയും, ഈശോയെക്കൊണ്ട് നിറയുകയും സ്വർഗീയ മഹത്വത്തിനു കുർബാന സ്വീകരണം അച്ചാരമായി തീരുകയും ചെയ്യുകയാണ് വിശ്വാസിയായ ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം വിശദീകരണം കൂടാതെ വിശ്വാസത്തിന്റെ ഭാഗമായി അംഗീകരിച്ചു വിശ്വസിച്ചു പോരുന്നതാണ് വിശുദ്ധ കുർബാന. അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ മനുഷ്യവംശത്തിനു നിത്യജീവൻ നല്കുന്നതിനുവേണ്ടി തന്റെ ശരീരവും രക്തവും നല്കുന്നതിന് ഈശോമിശിഹാ സ്ഥാപിച്ചതാണു വിശുദ്ധ കുർബാന എന്ന കൂദാശ. എല്ലാ കത്തോലിക്കാ വിശ്വാസികളും ഇതു വിശ്വസിച്ചു പോരുന്നു. ജീവന്റെ അപ്പമായി, നിത്യജീവന്റെ അച്ചാരമായി, ജീവാമൃതമായി, അർപ്പിക്കപ്പെട്ട യഥാർത്ഥ കുഞ്ഞാടായി, പാപമോചന ശക്തിയുള്ള തീക്കട്ടയായി, രക്ഷകനായ ഈശോ നല്കുന്നതാണു വിശുദ്ധ കുർബാന. പരിശുദ്ധ കുർബാനവഴി ഈശോ പങ്കിടുന്നതു തന്നെത്തന്നെയാണെന്നും അതുവഴി കുർബാന സ്വീകരിക്കുന്നയാൾ ഈശോയുമായി രക്തബന്ധത്തിൽ ആകുന്നുവെന്നതുമാണ് പരിശുദ്ധ കുർബാനയുടെ വലിയ രഹസ്യം. യോഹന്നാന്റെ സുവിശേഷം ആറാമത്തെ അധ്യായം 53 മുതൽ 58 വരെയുള്ള വാക്യങ്ങളിൽ നാം ഇതു വായിക്കുന്നുണ്ട്.
പുതിയ നിയമത്തിൽ തന്റെ കുരിശിലെ ബലിയർപ്പണത്തിനു തലേന്നാൾ സെഹിയോൻ ഊട്ടുശാലയിൽവച്ചാണ് ഈശോ പരിശുദ്ധ കുർബാന സ്ഥാപിച്ചത്. എന്നാൽ, ഉല്പത്തി ഗ്രന്ഥത്തിലെ ആബേലിന്റെ ബലി മുതലുള്ള ബലികളും പല വ്യക്തികളും സംഭവങ്ങളും പരിശുദ്ധ കുർബാനയ്ക്ക് ഒരുക്കവും അവയിൽ പലതും പരിശുദ്ധ കുർബാനയുടെ പ്രതീകങ്ങളുമായിരുന്നു. അതിന്റെ പൂർത്തീകരണമാണ് കാൽവരിയിലെ ബലിയിൽ സംഭവിച്ചത്. ഈജിപ്തിലെ പെസഹാ ഭക്ഷണം പ്രതീകവും സെഹിയോനിലെ അത്താഴം അതിന്റെ യാഥാർത്ഥ്യവൽക്കരണവും കുരിശിലെ ബലി അതിന്റെ പൂർത്തീകരണവും അൾത്താരയിലെ ബലി അതിന്റെ തുടർച്ചയും നിത്യപറുദീസായിൽ നിത്യപിതാവിന്റെ സന്നിധിയിൽ നിത്യമഹത്വത്തിനായി അർപ്പിക്കപ്പെടുന്ന ആരാധന അതിന്റെ പരിപൂർത്തിയും ആയിരിക്കും എന്നാണ് വിശുദ്ധ അപ്രേം നമ്മെ പഠിപ്പിക്കുന്നത്.
വിശുദ്ധ കുർബാന സഭാജീവിതത്തിന്റെ ഉറവിടവും അത്യുച്ച സ്ഥാനവുമാണ്. പരിശുദ്ധ കുർബാന ബലിയും വിരുന്നും, കൗദാശികമായ ബലിയും കൃതജ്ഞതാ പ്രകാശനവും കർത്താവിന്റെ കുരിശിന്റെ വിലയുടെ ഓർമ്മയാചരണവുമാണ്, പിതാവായ ദൈവത്തോടുള്ള കൃതജ്ഞതാപ്രകടനവും സ്തുതിയുമാണ് പരിശുദ്ധ കുർബാന കർത്താവിന്റെയും അവിടുത്തെ യാഗപരമായ അനുസ്മരണവുമാണ്, ഉത്ഥിതനായ കർത്താവിന്റെ നമ്മുടെ ഇടയിലുള്ള കൗദാശികമായ സാന്നിധ്യമാണ്. പരിശുദ്ധ കുർബാനയിൽ നാം അനുഭവിക്കുന്നത് അവിടുത്തെ കുരിശിലെ ബലിയർപ്പണമാണ്. ബലിയർപ്പണത്തിൽ കർത്താവ് എന്റെ രക്ഷ ആഘോഷിക്കുന്നു; ഞാൻ കർത്താവിനോടൊപ്പം എന്റെ രക്ഷയും ആഘോഷിക്കുന്നു.
വിശുദ്ധീകരിക്കുന്ന കുർബാന
അന്ത്യോക്യൻ കുർബാന ക്രമത്തിലെ ഒരു വാക്ക് ഇവിടെ ഓർക്കുകയാണ്, 'പരിശുദ്ധ കുർബാന നമ്മെ പുണ്യപ്പെടുത്തുന്ന 'തീക്കട്ടയാണ്'. കുർബാന വിതരണം ചെയ്യുമ്പോൾ കാർമികൻ ഇങ്ങനെ പറയുന്നു, 'നമ്മുടെ കർത്താവ് ഈശോമിശിഹാ തമ്പുരാന്റെ ശരീരവും രക്തവും ആകുന്ന തീക്കട്ട പാപമോചനത്തിനും നിത്യജീവനും വേണ്ടി സത്യവിശ്വാസിക്കു നൽകപ്പെടുന്നു'. അതുകൊണ്ടാണു പരിശുദ്ധ കുർബാന പുണ്യപ്പെടുത്തുന്ന തീക്കട്ടയാണെന്നു പറയുന്നത്. വിശ്വാസിയുടെ ജീവിതത്തിലെ പാപമാലിന്യങ്ങൾ ചാമ്പലാക്കുന്ന അഗ്നിയുടെ ഗുണഗണങ്ങളായ ശുദ്ധീകരണം, സാന്നിധ്യം, ന്യായവിധി ഇവയെല്ലാം കുർബാനയിൽ സന്നിഹിതമാകുന്നു. വിശ്വാസത്തോടെ ഒരാൾ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ വ്യക്തിപരമായി ദൈവപുത്രനായ ഈശോമിശിഹായുടെ സാന്നിധ്യം അയാൾ അനുഭവിക്കുന്നു. ഒരുക്കമില്ലാത്ത കുർബാന സ്വീകരണം അയാളുടെ ശിക്ഷക്ക് കാരണമായി ഭവിക്കുന്നു എന്ന് പൗലോസ് ശ്ലീഹാ ഓർമിപ്പിക്കുന്നുണ്ടല്ലോ.
വിശുദ്ധ കുർബാന ജീവന്റെ ഔഷധമാണ്. കുർബാനയിലെ ഈശോ സൗഖ്യദായകനാണ്. പാപംമൂലം ജീവനും ജീവിതത്തിനും ഹാനി സംഭവിച്ചവനു സൗഖ്യവും ആനന്ദവും പ്രത്യാശയും നല്കുന്നത് പരിശുദ്ധ കുർബാനയിലാണ്. സഹനം, രോഗം തുടങ്ങിയവ മൂലം മനുഷ്യനിലെ ദൈവിക ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. രോഗവും പാപവും അമിത ലോകചിന്തയും ജീവൻ നഷ്ടമാകാൻ കാരണമാകും. അതിനുള്ള മറുമരുന്നതാണു സുഖപ്പെടുത്തലിന്റെയും സൗഖ്യത്തിന്റെയും ഔഷധമായ പരി. കുർബാന. കുർബാന സ്വീകരണത്തിലൂടെ സംഭവിക്കുന്ന മറ്റൊരു വലിയ ദൈവകൃപയാണ് കൈക്കൊള്ളുന്നവർ ഈശോയുടെ രക്തബന്ധുവായി മാറുന്നു എന്നത്. അവിടുത്തെ തിരുശരീരരക്തങ്ങൾ പരിശുദ്ധ കുർബാന സ്വീകരിക്കുന്നവന്റെ പാപം മോചിക്കുകയും ജീവൻ നല്കുകയും ചെയ്യുന്നതോടൊപ്പം ഈശോയുടെ രക്തം കുർബാന സ്വീകരിക്കുന്നവന്റെ ഞരമ്പുകളിൽ ഒഴുകാൻ ഈശോ അനുവദിക്കുന്നു. കുർബാന സ്വീകരിക്കുന്നവന്റെ ശരീരത്തിലൂടെ അവിടുത്തെ രക്തം ഒഴുകുന്നു. അങ്ങനെ കുർബാന കൈക്കൊള്ളുന്നവൻ ഈശോയുടെ രക്തബന്ധുവായി മാറുന്നു എന്നതാണു നമ്മുടെ അനുഗ്രഹവും ആദ്ധ്യാത്മിക അനുഭവവും.
വിശുദ്ധ കുർബാനയും വിശുദ്ധരും
കുർബാനയെക്കുറിച്ച് എത്രയോ പുണ്യാത്മാക്കൾ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ സിറിൾ പറയുന്നു, 'വിശുദ്ധ കുർബാനയിലെ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചു സംശയം പാടില്ല; കാരണം, അതു രക്ഷകന്റെ വാക്കുകളാണ്, അതു തന്നെയാണ് സത്യം. അവിടുത്തേക്കു കളവു പറയുക സാധിക്കുകയില്ല' .
വിശുദ്ധ തോമസ് അക്വിനാസ് ഇങ്ങനെ പറയുന്നു, 'ഇന്ദ്രിയങ്ങൾകൊണ്ടു ഗ്രഹിക്കാൻ പറ്റുന്ന കൂദാശയല്ല വിശുദ്ധ കുർബാന; മറിച്ച്, അതു മനസ്സിലാക്കാൻ ദൈവത്തിൽ ആശ്രയിക്കുന്ന വിശ്വാസം വേണം, വിശുദ്ധ കുർബാനയിലെ യാഥാർത്ഥ്യങ്ങളോടു തുലനം ചെയ്താൽ ഞാൻ എഴുതിയവയൊക്കെയും ചപ്പും ചവറും പോലെയാണെന്ന് ഇന്നെനിക്കു മനസ്സിലാകുന്നു'.
കുർബാനയിൽ സംഭവിക്കുന്ന അത്ഭുതത്തെക്കുറിച്ച് വിശുദ്ധ അംബ്രോസ് പറയുന്നു: 'ഇതു സ്വാഭാവിക രൂപപ്പെടൽ അല്ല; പിന്നെയോ ആശിർവാദത്താൽ പവിത്രീകരിക്കപ്പെട്ടതാണ്. ആശീർവാദത്തിന്റെ ശക്തി പ്രകൃതിയുടെ ശക്തിയുടെമേൽ പ്രബലപ്പെടുന്നു; ആശിർവാദത്താൽ പ്രകൃതി തന്നെ മാറ്റപ്പെടുന്നു എന്നു നമുക്കു ബോധ്യമുണ്ട്''.
പരിശുദ്ധ കുർബാനയെക്കുറിച്ച് ആഴത്തിൽ പഠിപ്പിച്ച ത്രെന്തോസ് സൂനഹദോസ് ഇങ്ങനെ പഠിപ്പിക്കുന്നു: 'ഈ ലോകത്ത് ഒരു വ്യക്തിക്കു ചെയ്യാവുന്നതിൽവച്ച് ഏറ്റവും ഉന്നതവും പരിശുദ്ധവുമായ പ്രവൃത്തിയാണു വിശുദ്ധ കുർബാന അർപ്പണം'.
വീഞ്ഞും അപ്പവും കൂദാശ ചെയ്യുമ്പോൾ അപ്പത്തിന്റെ മുഴുവൻ സത്തയും നമ്മുടെ കർത്താവായ ഈശോമിശിഹായുടെ ശരീരത്തിന്റെ സത്തയാവുകയും വീഞ്ഞിന്റെ മുഴുവൻ സത്തയും അവിടുത്തെ രക്തത്തിന്റെ സത്തയാവുകയും ചെയ്യുന്നു. ഈ മാറ്റം കുർബാനയിൽ മാത്രം സംഭവിക്കുന്നു. ഈ മാറ്റത്തെ സത്താഭേദം എന്ന് കത്തോലിക്കാ സഭ ഉചിതവും യുക്തവുമായി വിളിക്കുന്നു, വിശ്വസിക്കുന്നു.
വിശുദ്ധ പാദ്രേ പിയോ ഇങ്ങനെ പഠിപ്പിക്കുന്നു: 'ഒരായിരം വർഷം ലൗകിക സമൃദ്ധിയിൽ ആനന്ദിക്കുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് ഒരു മണിക്കൂർ ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുന്നത്: വിശുദ്ധൻ തുടർന്ന് ഇങ്ങനെ ഓർമിപ്പിക്കുന്നു 'തിരുസഭയിൽ വിശുദ്ധ കുർബാന ഇല്ലാതാവുക എന്നാൽ പ്രപഞ്ചത്തിൽ സൂര്യൻ ഇല്ലാതാകുന്ന കൂരിരുട്ടിന്റെ അവസ്ഥയിൽ ആയിരിക്കും'.
വിശുദ്ധ മദർ തെരേസ ഇങ്ങനെ ഓർമിപ്പിക്കുന്നു: 'പരിശുദ്ധ കുർബാനയിൽ ഈശോയോടൊപ്പം ചിലവഴിക്കുന്ന സമയമാണു ഭൂമിയിൽ നിങ്ങൾ ചിലവിടുന്ന ഏറ്റവും സുന്ദരമായ സമയം'
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറയുന്നു 'സഭയ്ക്കും ലോകത്തിനും ഈ കാലഘട്ടത്തിൽ ഏറ്റവും ആവശ്യമാണ് ദിവ്യകാരുണ്യ ആരാധന'.
സക്രാരിയിലെ ഈശോയുടെ സാന്നിധ്യം ഒരു കാന്തിക ധ്രുവംപോലെയായിരിക്കണം. അവിടുത്തെ ദിവ്യസ്‌നേഹത്താൽ ആകൃഷ്ടരായി അനേകം ആത്മാക്കൾ അതിലേക്ക് ആകർഷിക്കപ്പെടുന്നു. അവിടുത്തെ സ്പന്ദനം അനുഭവിക്കാൻ ക്ഷമയോടെ തയ്യാറാവുക.
നവീകരിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ആത്മീയ ഭക്ഷണം
മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കുംവേണ്ടി ദൈവപുത്രനായ ഈശോ കാരുണ്യപുർവം നൽകിയ ദിവ്യരഹസ്യങ്ങളാണ് വിശുദ്ധ കുർബാന.
അതിൽ ഉറച്ചു വിശ്വസിക്കുകയും ആ വിശ്വാസം പരമാർത്ഥതയോടെ ഏറ്റുപറയുകയും ചെയ്യുകയാണ് ഓരോ കുർബാനയിലും. കുർബാനയുടെ തിരുനാൾ ദിവസം പ്രത്യേകമായി ഈ വചനം സ്വന്തമാക്കി നമുക്ക് ബലിയർപ്പിക്കാം. അവിടുന്നിലുള്ള വിശ്വാസം പരമാർത്ഥതയോടെ ഏറ്റുപറയുവാനുള്ള അനുഗ്രഹം കുർബാനയിൽനിന്നുള്ള നമുക്കു ലഭിക്കട്ടെ.
ആത്മശരീരങ്ങളെ പവിത്രീകരിക്കുന്ന അൾത്താരയിലെ പരിഹാരബലിയിൽ വിശുദ്ധിയോടും നിർമ്മലതയോടും തികഞ്ഞ സ്‌നേഹത്തോടുംകൂടെ പൂർണമായും സജീവമായും പങ്കെടുക്കുവാൻ സഹായകമാകണം പരിശുദ്ധ കുർബാനയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന ഈ ദിവസം.
നീ ഞങ്ങൾക്കു നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നുവെന്ന് ഹൃദയത്തിന്റെ ആഴത്തിൽനിന്ന് ഓരോ കുർബാനയിലും ഏറ്റുപറയാൻ നമുക്കു കഴിയണം.
മിശിഹായുടെ സ്വർഗ്ഗത്തിൽനിന്നുള്ള മഹത്വപൂർണമായ രണ്ടാമത്തെ ആഗമനംവരെ അവിടുത്തെ വിശുദ്ധ പീഠത്തിന്മേൽ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവീകവുമായ ഈ ശരീരരക്തങ്ങൾ നമുക്കായി നിത്യജീവൻ നൽകുവാനായി സജ്ജീകരിക്കപ്പെട്ടിരിക്കുന്നു; അതിനായി വിളിക്കപ്പെട്ടിരിക്കുന്ന അനുഗ്രഹീതരാണു നമ്മൾ.
കർത്താവായ ഈശോയെ, നീ സ്വീകരിച്ച ഞങ്ങളുടെ മനുഷ്യത്വത്തോടെ സമയത്തിന്റെ പരിസമാപ്തിയിൽ നീ പ്രത്യക്ഷനാകുമ്പോൾ തിരുസന്നിധിയിൽ കൃപയും അനുഗ്രഹവും കണ്ടെത്തുന്നതിനും സ്വർഗ്ഗീയ ഗണങ്ങളോടുചേർന്നു നിന്നെ സ്തുതിക്കുന്നതിനും ഞങ്ങൾ യോഗ്യരാകാൻവേണ്ടി പരിശുദ്ധമായ ഈ ബലി നിന്റെ അവർണ്ണനീയമായ കൃപയാൽ പവിത്രീകരിക്കണമേ. ഞങ്ങളുടെ പാപങ്ങൾ തുടച്ചുനീക്കുവാൻ ഇതിനു ശക്തി നൽകണമേയെന്നു ഓരോ കുർബാനയിലും നമുക്കു പ്രാർത്ഥിക്കാം.
ഓരോ കുർബാനയിലും ഈശോയുടൊപ്പം നാം ഭക്ഷണം നടത്തുകയാണ്. നമ്മോടൊപ്പം പെസഹാ ഭക്ഷിക്കുവാൻ ഈശോ കാണിച്ച തീവ്രമായ അഭിലാഷത്തോടെ നമുക്കും കുർബാന അർപ്പിക്കാനും കുർബാന കൈക്കൊള്ളാനും കഴിയണം. ഇതു സാധ്യമാകണമെങ്കിൽ കുർബാനയെക്കുറിച്ചു പഠിച്ച്, കുർബാനയ്ക്ക് ഒരുങ്ങി, കുർബാനയെ സ്‌നേഹിച്ച്, വിശ്വാസത്തോടും സ്‌നേഹത്തോടുംകൂടെ കുർബാന അർപ്പിക്കാനും കൈക്കൊള്ളാനും കഴിയണം.
ഈശോമിശിഹായിൽ വെളിപ്പെടുകയും അവനിൽ പൂർത്തീകരിക്കുകയും അവൻ തുടരുകയും ചെയ്യുന്ന പരിശുദ്ധ കുർബാന നമുക്കെന്നും ശക്തിയായി തീരുകയും ചെയ്യട്ടെ. വിശുദ്ധ കുർബാന എന്നും സഭയെ രൂപപ്പെടുത്തുന്നതുകൊണ്ടു നമുക്കു നമ്മെ തന്നെ രൂപപ്പെടുത്തുവാൻ വിട്ടുകൊടുക്കാം; കുർബാനയിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നാം രൂപപ്പെടട്ടെ.
വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ വചനത്താൽ നമ്മുടെ ഹൃദയം ജ്വലിക്കുന്ന അനുഭവം ഉണ്ടാകട്ടെ; സ്വീകരിക്കുന്ന അപ്പത്താൽ കണ്ണുകൾ തുറക്കപ്പെടുന്ന അനുഭവം ഉണ്ടാകട്ടെ. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടുംകൂടെ കർത്താവിന്റെ ബലി എന്റെ രക്ഷയുടെ ബലിയായി അർപ്പിക്കാം; ഈ വിശ്വാസത്തിന്റെ ആഴത്തിലേക്കു കടക്കുവാൻ പരിശുദ്ധ കുർബാനയുടെ തിരുനാൾ ദിവസത്തെ ബലിയപ്പണം നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: