ഗ്രാസ് സ്‌കൂളിലെ വെടിവയ്പ്പ്: അനുസ്മരണസമ്മേളനങ്ങളും സഹായവുമായി പ്രാദേശിക കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഓസ്ട്രിയൻ പൗരനായ ഇരുപത്തിയൊന്നുകാരന്റെ ആക്രമണത്തിൽ ഗ്രാസിലെ ഡ്രയർഷൂട്ട്സെൻഗാസ് ഹൈ സ്‌കൂളിൽ പത്ത് പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനങ്ങളറിയിച്ചും, ഇരകളുടെ കുടുംബങ്ങൾക്ക് സഹായഹസ്തമേകിയും ഓസ്ട്രിയയിലെ കത്തോലിക്കാസഭ. സംഭവത്തിൽ സർക്കാർ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
സംഭവത്തിൽ കൊലചെയ്യപ്പെട്ടവർക്ക് അനുശോചനമറിയിക്കാനും, പരിക്കേറ്റവരോട് സാമീപ്യമറിയിക്കാനുമായി പ്രാദേശിക കാതോലിക്കാസഭാനേതൃത്വം രണ്ട് സമ്മേളനങ്ങൾ വിളിച്ചുചേർത്തു. ജൂൺ 10 ചൊവ്വാഴ്ച വൈകുന്നേരം ആറരയ്ക്ക് ഗ്രാസിലുള്ള സെന്റ് വിൻസെൻസ് ദേവാലയത്തിൽ, ഫാ. ബേൺഹാർഡ് പെസെൻഡോർഫറിന്റെ നേതൃത്വത്തിലും, ഗ്രാസ് കത്തീഡ്രലിൽ വൈകുന്നേരം ഏഴുമണിക്ക് വികാരി ജനറൽ അഭിവന്ദ്യ എറിക് ലിൻഹാർട്ടിന്റെയും നേതൃത്വത്തിലുമാണ് സമ്മേളനങ്ങൾ നടന്നത്.
ഈ ദാരുണസംഭവത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബക്കാരും സുഹൃത്തുക്കളുമായവർക്ക് സഹായമേകാനായി, രൂപതയുൾപ്പെടെ ഫോൺ സൗകര്യവുമൊരുക്കിയിട്ടുണ്ട്.
സ്‌കൂൾ വിദ്യാഭ്യാസകാലത്ത് റാഗിങ്ങിന് വിധേയനായ 21-കാരനായ ആർതർ എന്ന ഓസ്ട്രിയൻ പൗരനാണ് തന്റെ മുൻ സ്‌കൂളിലെത്തി നാൽപ്പതോളം വെടിയുതിർത്തത്. 14-നും 18-നും ഇടയിലുള്ള ഒൻപത് വിദ്യാർത്ഥികളും ഒരു സ്‌കൂൾ ടീച്ചറുമാണ് കൊല്ലപ്പെട്ടത്. മറ്റ് മുപ്പതോളം പേർക്ക് പരിക്കേറ്റതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വെടിവയ്പ്പിന് ശേഷം കൊലപാതകിയെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തി.
ജൂൺ 11 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പായും ഈ ദാരുണസംഭവത്തിൽപ്പെട്ടവർക്ക് പ്രാർത്ഥനയും സാമീപ്യവും ഉറപ്പുനൽകിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: