ദൈവവിളികൾ മാതൃത്വത്തിന്റെ ആർദ്രതയും, ദൈവീക സാമീപ്യത്തിന്റെ അടയാളവുമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഉയിർപ്പുകാലത്തെ നാലാം ഞായറാഴ്ച്ച, മെയ് മാസത്തെ രണ്ടാം ഞായറാഴ്ച്ച ഈ രണ്ടു പ്രത്യേകതകളും ഉൾക്കൊണ്ടു കൊണ്ട്, 2025 മെയ് 11 ഞായർ ഏറെ പ്രാധാന്യമർഹിക്കുന്നു. കാരണം ഇന്ന് ദൈവിളിക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനുള്ള ആഗോള ദിനവും, ആഗോള മാതൃ ദിനവുമാണ്. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം, ഫ്രാൻസിസ് പാപ്പായുടെ ദേഹവിയോഗം ഏറെ ദുഃഖം ഉളവാക്കിയെങ്കിലും, തുടർന്ന് പുതിയ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ പാപ്പായെ തിരഞ്ഞെടുത്തതും, അദ്ദേഹം ആദ്യമായി മധ്യാഹ്നപ്രാർത്ഥന നയിച്ചുകൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ദിവസവും കൂടിയാണ് മെയ് പതിനൊന്നാം തീയതി. ലിയോ പതിനാലാമൻ പാപ്പാ, തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി വത്തിക്കാൻ ചത്വരത്തിൽ കൂടിയിരുന്ന ആളുകളെ അഭിസംബോധന ചെയ്യുന്നതിന് എത്തിയപ്പോൾ, എത്രയോ ആളുകളുടെ കണ്ണിൽ നിന്നുമാണ് സന്തോഷ കണ്ണുനീർ ചൊരിഞ്ഞത്. വികാരാധീനനായി പാപ്പായും, ഇടയിൽ വിങ്ങിപ്പോയത്, ആഗോള സഭയിലെ ആരും ഒരിക്കലും വിസ്മരിക്കില്ല.
വിശ്വാസികളെ അഭിസംബോധന ചെയ്ത വാക്കുകൾ, ഉത്ഥിതനായ ക്രിസ്തു നൽകുന്ന സമാധാനത്തിന്റേതാണ്. തുടർന്ന് പാപ്പാ പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്: "ഇതാണ് ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനം, അക്രമരഹിതവും നിരായുധീകരിക്കുന്നതും, എളിമയുള്ളതും, സ്ഥിരോത്സാഹമുള്ളതുമാണത്. ഇത്, നമ്മെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തിൽനിന്നാണ് വരുന്നത്." "ഞാൻ നിങ്ങൾക്കൊപ്പം ക്രിസ്ത്യാനിയും, നിങ്ങൾക്കായി മെത്രാനുമാണ്" എന്നുള്ള വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, തന്റെ ജീവിതശൈലിയും പുതിയ പാപ്പാ വെളിപ്പെടുത്തി.
തുടർന്ന്, മെയ് മാസം ഒൻപതാം തീയതി, കർദിനാളുമാരുമായി ചേർന്നർപ്പിച്ച ദിവ്യബലിമധ്യേ നൽകിയ വചനസന്ദേശത്തിൽ, ഒരിക്കൽ കൂടി എപ്രകാരമുള്ള ഒരു പാപ്പാ ആയിരിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. ക്രിസ്തു നിലനിൽക്കുന്നതിനായി താൻ അപ്രത്യക്ഷനാവുകയും, ക്രിസ്തു അറിയപ്പെടുന്നതിനും, മഹത്വീകരിക്കപ്പെടുന്നതിനും താൻ ചെറുതാക്കപ്പെടുകയും, യേശുവിനെ അറിയുന്നതിനായി മറ്റുള്ളവർക്കായി വ്യയം ചെയ്യപ്പെടുകയും ചെയ്യുന്നതിന് താൻ ഏറെ ആഗ്രഹിക്കുന്നുവെന്നാണ് ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞത്. "ദൈവത്തിൻറെയും സഹോദരങ്ങളുടെയും വീനീത ശുശ്രൂഷകനാണ് പാപ്പാ", എന്നാണ് തുടർന്ന് അടുത്ത ദിവസം കർദിനാളുമാരുമായി നടത്തിയ സമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചത്.
ലിയോ പതിനാലാമൻ പാപ്പായുടെ ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയ സന്ദേശങ്ങളും, കാണിച്ചുതന്ന ജീവിത ശൈലിയും മെയ് പതിനൊന്നു ഞായറാഴ്ച്ചയിൽ അനുസ്മരിക്കപ്പെടുന്ന രണ്ടു ആഘോഷങ്ങളുമായി അഭേദ്യം ബന്ധം പുലർത്തുന്നു.
ലോക മാതൃദിനം
അമ്മമാരുടെ മുഖം, ദൈവത്തിന്റെ ആർദ്രഭാവം വെളിപ്പെടുത്തുന്നുവെന്നാണ് പറയപ്പെടുന്നത്. കാരണം മാതൃത്വമെന്നത് വെറും ഒരു ശീർഷകമോ, മുഖസ്തുതി നേടുന്നതിനുള്ള അധികാരമോ അല്ല. മറിച്ച് അതൊരു ദൈവവിളിയാണ്. പരിചരണവും, പ്രത്യാശയും, വിശ്വസ്തതയും ഉൾക്കൊള്ളുന്ന ദൈവവിളി. ജീവൻ നൽകാനും സമർപ്പണത്തോടെ അതിനെ സംരക്ഷിക്കാനുമുള്ള കഴിവുള്ള ഓരോ അമ്മയും, നമ്മിൽ ഓരോരുത്തരോടുമുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ മൂർത്തമായ അടയാളമാണ്. ശരീരത്തിലോ ആത്മാവിലോ അനുഭവപ്പെടുന്ന മാതൃത്വം, കരുതലിനും വിശ്വസ്തതയ്ക്കും പ്രത്യാശയ്ക്കുമുള്ള ഒരു വിളിയാണ്. അതിനാൽ ഒരു അമ്മയെ കാണുമ്പോൾ, ദൈവത്തിന്റെ അനന്തമായ സ്നേഹവും, കരുതലും ചിന്തിക്കുവാൻ നമുക്ക് സാധിക്കും. പരിശുദ്ധ മറിയത്തിനു പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ മെയ് മാസത്തിൽ, ലോക മാതൃ ദിനം ആഘോഷിക്കുന്നത്, ഓരോ മാതൃത്വത്തിലും ഉൾക്കൊള്ളുന്ന ദൈവീകത നമുക്ക് വെളിപ്പെടുത്തുന്നു.
യേശുവിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പ് ഗബ്രിയേൽ ദൈവ ദൂതൻ നൽകുന്ന നിമിഷം മുതൽ, മാതൃത്വത്തിന്റെ മഹനീയത ഉൾക്കൊള്ളുന്ന പരിശുദ്ധ അമ്മ, തന്റെ മകനുവേണ്ടി സ്വയം ഇല്ലാതായ ഒരു വ്യക്തിയാണ്. മകനെ മറ്റുള്ളവർക്ക് മുൻപിൽ കാണിച്ചുകൊടുത്തുകൊണ്ട്, അവന്റെ അനുഗ്രഹങ്ങൾ സ്വീകരിക്കുവാൻ മറ്റുള്ളവരെ പ്രാപ്തരാക്കിക്കൊണ്ട്, സ്വയം അപ്രത്യക്ഷയാകുന്ന പരിശുദ്ധ മറിയം എല്ലാവര്ക്കും ഒരു മാതൃകയാണ്. മക്കൾ ചേക്കേറുന്നതിനു ചില്ലകൾ വിരിച്ചു പിടിക്കുന്ന ഒരു വൃക്ഷമായും, അമ്മയെ കലാഹൃദയങ്ങൾ വിവരിച്ചിട്ടുണ്ട്.
ഒരു കുഞ്ഞ് ആദ്യം ഉച്ചരിക്കുന്ന വാക്ക് "അമ്മ" എന്നതാണ്, കാരണം ജനനത്തിന് മുമ്പും ശേഷവും നിരവധി മാസത്തേക്ക്, അമ്മ കുഞ്ഞിന് ജീവിതവുമായുള്ള അനിവാര്യമായ ബന്ധത്തെ പ്രതിനിധീകരിക്കുന്നു. സ്നേഹത്തിനും ദാനത്തിനും ഇടയിലുള്ള, ദാനത്തിനും ത്യാഗത്തിനും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് അമ്മ വാക്കുകളിലൂടെയല്ലാതെ ജീവിതം കൊണ്ട് സാക്ഷ്യം നൽകുന്നു. അമ്മമാരില്ലാത്ത ഒരു സമൂഹം മനുഷ്യത്വരഹിതമായ ഒരു സമൂഹമായിരിക്കും.
ഇപ്രകാരം ഒരു അമ്മയെ പോലെ തിരുസഭയിലെ ഓരോ അംഗത്തെയും പരിപാലിക്കുന്നതിനും, കരുതുന്നതിനും, സ്നേഹിക്കുന്നതിനും പ്രത്യാശ പകരുന്നതിനുമുള്ള വിളിയാണ്, പൗരോഹിത്യവും, സന്യാസവും, അൽമായജീവിതവുമൊക്കെ. മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും, സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള ദൈവ വിളി സ്വീകരിക്കുകയും, മറ്റുള്ളവർക്ക് അമ്മയായി സ്വയം വ്യയം ചെയ്യുകയും വേണമെന്നും ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളിൽ ആഹ്വാനത്തിന്റെ ധ്വനി മുഴങ്ങുന്നു.
ദൈവവിളിക്കായുള്ള ആഗോള പ്രാർത്ഥനാദിനം
നമ്മെത്തന്നെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി കർത്താവ് നമുക്ക് നൽകുന്ന ഒരു മഹത്തായ സമ്മാനമാണ് ദൈവവിളി എന്നത്. നമുക്കോരോരുത്തർക്കും നമ്മുടെ പൂർണ്ണത കൈവരിക്കാൻ കഴിയുന്ന തരത്തിൽ ദൈവം നമുക്കായി വ്യക്തിപരമായി ആലോചിച്ചിട്ടുള്ള പദ്ധതിയാണ് ദൈവവിളി. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ മാത്രമേ നമുക്ക് അത് കണ്ടെത്താൻ കഴിയൂ, കാരണം അത് വെളിപ്പെടുത്തുന്നവനിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഓരോ വ്യക്തിയുടെയും പൂർണ്ണമായ സ്വാതന്ത്ര്യവും, സമ്മതവും ബഹുമാനിച്ചുകൊണ്ടാണ്, ഈ ദൈവവിളിയോട് പ്രതികരിക്കുവാനും, ജീവിക്കുവാനും നമ്മെ ക്ഷണിക്കുന്നത്. പുതിയനിയമത്തിലെയും പഴയനിയമത്തിലെയും ദൈവിളിയെ പറ്റിയുള്ള അനുഭവങ്ങളിൽ, എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനത്ത്, തന്നെ അനുഗമിക്കാൻ നമ്മെ തിരഞ്ഞെടുത്ത് ക്ഷണിക്കുന്ന കർത്താവ് ഉണ്ടെന്ന് നമുക്ക് കാണാൻ സാധിക്കും. ദൈവം നമുക്കോരോരുത്തർക്കും നൽകുന്ന ഈ ദാനം പ്രത്യേക യോഗ്യതകളെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് രക്ഷാപദ്ധതി കെട്ടിപ്പടുക്കുന്നതിന് ദൈവത്തിനു നമ്മോട് തോന്നുന്ന ഒരു ഇഷ്ടം മാത്രമാണ്, ഓരോ ദൈവവിളിയുടെയും അടിസ്ഥാനം.
ഇന്ന് ലോകത്ത് അലയടിക്കുന്ന വലിയ അഭാവം പുരോഹിതർ ആവശ്യത്തിന് ഇല്ല എന്നുള്ളതാണ്. എന്നാൽ പൗരോഹത്യത്തിന്റെ കുറവിനെ പറ്റി സംസാരിക്കുമ്പോൾ, പുരോഹിതർക്കുവേണ്ടിയും, പൗരോഹിത്യ ദൈവവിളിക്കുവേണ്ടിയും നാം പ്രാർത്ഥിക്കുന്നുണ്ടോ? എന്ന് ചോദിക്കേണ്ടതും ഏറെ ആവശ്യമാണ്. അതിനാൽ ദൈവവിളിക്കായുള്ള ആഗോള പ്രാർത്ഥനാദിനം ഇന്ന് ഏറെ പ്രാധാന്യമർഹിക്കുന്നു.
പൗരോഹിത്യത്തെക്കുറിച്ചു ചിന്തിക്കുന്നതിനു ഇന്നത്തെ ഈ പ്രാർത്ഥനാദിനം നമ്മെ പ്രചോദിപ്പിക്കുന്നു. മൂന്നുതരത്തിലുള്ള കടമകളാണ് പൗരോഹിത്യജീവിതത്തിന്റെ പ്രേഷിതത്വത്തിൽ ഉൾച്ചേർന്നിരിക്കുന്നത്.
പഠിപ്പിക്കുക എന്നത്, ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്ന ഏവരുടെയും കടമയാണ്. കാരണം യേശു ഈ ലോകത്തിൽ പഠിപ്പിച്ചവനാണ്. ദൈവിക രഹസ്യങ്ങളും, ദൈവീക സത്യങ്ങളും പലപ്പോഴും മനുഷ്യ ബുദ്ധിക്ക് അതീതവും അഗ്രാഹ്യവും ആയതിനാൽ അവ മനസ്സിലാക്കുവാൻ സാധാരണ ജനങ്ങൾക്ക് സാധിക്കാതെ പോകാറുണ്ട്. ഈശോയുടെ ഇഹലോകവാസ കാലഘട്ടത്തിൽ പോലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് എന്നതിന് വിശുദ്ധ ഗ്രന്ഥം സാക്ഷിയാണ്. "നിങ്ങളും എന്നെ വിട്ടു പോകുവാൻ ആഗ്രഹിക്കുന്നുവോ?", "ഈ വചനങ്ങൾ കഠിനമാണ് ഇവ ഗ്രഹിക്കുവാൻ ആർക്കു കഴിയും"എന്നീ വചനങ്ങൾ മാനുഷിക ഗ്രാഹ്യശക്തിയുടെ പരിമിതി വെളിപ്പെടുത്തുന്നതാണ്. പൗരോഹിത്യത്തിന്റെ മർമ്മപ്രധാനമായ ഒരു കർത്തവ്യം പഠിപ്പിക്കുക എന്നതാണ്. ദൈവീക രഹസ്യങ്ങൾ മനസ്സിലാക്കുവാനും ദൈവീക സത്യങ്ങൾ ജീവിതത്തിലുടനീളം പാലിക്കുവാനും ജനങ്ങളെ പഠിപ്പിക്കുവാനുള്ള വലിയ കടമയാണ് ഓരോ പുരോഹിതനിലും നിക്ഷിപ്തമായിരിക്കുന്നത്.
എന്നാൽ 'ആരുടെ നാമത്തിൽ പഠിപ്പിക്കുന്നു, ആരെ കുറിച്ച് പഠിപ്പിക്കുന്നു, ആരെ പഠിപ്പിക്കുന്നു' എന്നുള്ള ചിന്തകൾ ഇത്തരുണത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. ക്രിസ്തുവിന്റെ സാന്നിധ്യം ഇന്ന് സഭയിലും, സമൂഹത്തിലും അനുഭവവേദ്യമാക്കുന്നതിനുള്ള മാർഗമാണ് ക്രിസ്തീയ പൗരോഹിത്യമെന്നു ബെനഡിക്ട് പതിനാറാമൻ പാപ്പാ പഠിപ്പിക്കുന്നു. കർത്താവിന്റെ പ്രതിനിധാനത്തിൽ പ്രവർത്തിക്കുന്ന പുരോഹിതൻ ഒരിക്കലും അസാന്നിധ്യമുള്ള ഒരാളുടെ പേരിലല്ല, മറിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ വ്യക്തിത്വത്തിലാണ് പ്രവർത്തിക്കുന്നത് എന്നാണ് പാപ്പാ പറയുന്നത്. ഇത് തന്നെയാണ് ലിയോ പതിനാലാമൻ പാപ്പായും പഠിപ്പിക്കുന്നത്, യേശുവിന്റെ സാന്നിധ്യം അനുഭവിക്കുവാൻ മറ്റുള്ളവർക്കുവേണ്ടി ഞാൻ എന്നെ തന്നെ മറച്ചുവയ്ക്കുന്നുവെന്ന്. ഇടയനില്ലാത്ത ആടുകളെപ്പോലെ (മർക്കോസ് 6:34) ചിതറിക്കിടക്കുന്ന ഒരു ലോക സാഹചര്യത്തിൽ, ശരിയായ ദിശ കാണിച്ചുകൊടുത്തുകൊണ്ട്, ധൈര്യപൂർവ്വം സത്യം മനുഷ്യരെ പഠിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് പ്രഥമമായി വൈദികരിൽ നിക്ഷിപ്‌തമായിരിക്കുന്നത്.
എന്നാൽ ഈ പഠിപ്പിക്കൽ, മറ്റുള്ള പഠിപ്പിക്കലിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. മറിച്ച്, ഈ വിശ്വാസസത്യങ്ങൾ ആന്തരികവൽക്കരിക്കപ്പെടുകയും തീവ്രമായ ഒരു വ്യക്തിപരമായ ആത്മീയ യാത്രയിൽ ജീവിക്കുകയും വേണമെന്നും ബെനഡിക്ട് പാപ്പാ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പുരോഹിതന്റെ ശബ്ദം "മരുഭൂമിയിൽ നിലവിളിക്കുന്നവന്റെ ശബ്ദം" (മർക്കോസ് 1:3) പോലെ മുഴങ്ങിക്കേൾക്കണം. ധൈര്യപൂർവം ഈ ഉത്തരവാദിത്വം ഓരോ പുരോഹിതനും ഏറ്റെടുക്കുവാൻ ഈ ദിവസം നമുക്ക് പ്രാർത്ഥിക്കാം.
രണ്ടാമത്തെ ഉത്തരവാദിത്വം നയിക്കുക എന്നതാണ്. "നയിക്കുക" എന്ന അർത്ഥത്തിൽ പുരോഹിതൻ ഒരു നേതാവാണ്. എന്നാൽ നയിക്കുകയെന്നാൽ ഭരിക്കുക എന്നു തെറ്റായി വ്യാഖ്യാനം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. പൗരോഹിത്യത്തിലെ "നയിക്കുക" എന്ന ധർമ്മം പുരോഹിതൻ നിർവഹിക്കുന്നത് ഒരു ആട്ടിടയൻ ആടുകളെ മേയ്ക്കുന്നതുപോലെയാണ്. ആടുകളുടെ പിന്നാലെയാണ് ആട്ടിടയൻ നടക്കുക. ഇപ്രകാരം നടക്കുന്ന ഇടയന്റെ സംരക്ഷണത്തിൽ ആടുകൾ സുരക്ഷിതരായിരിക്കുന്നതുപോലെ പുരോഹിതർക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ആളുകളുടെ സംരക്ഷണമാണ്, നയിക്കുക എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ആളുകളുടെ ഏതൊരു ആവശ്യങ്ങളിലും സാഹചര്യങ്ങളിലും സഹായിക്കുവാൻ, നയിക്കുവാൻ പുരോഹിതനു കടമയുണ്ട്, ഉത്തരവാദിത്വമുണ്ട്. ഏല്പിക്കപ്പെട്ടിരിക്കുന്ന ആരും വഴിതെറ്റിപോകാതിരിക്കുവാനുള്ള ജാഗ്രതയും, നയിക്കുക എന്ന കടമയിൽ അടങ്ങിയിരിക്കുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ സ്വാർത്ഥ താല്പര്യങ്ങളോ മറ്റു ബാഹ്യ ശക്തികളോ പുരോഹിതനിൽ സ്വാധീനം ചെലുത്തുന്ന സാഹചര്യം ഏറെ പരിതാപകരമാണ്. അതിനാൽ ശരിയായ രീതിയിൽ ആളുകളെ നയിച്ചുകൊണ്ട്, അവസാന ദൈവീക ദർശനം സാധ്യമാക്കുവാൻ ഓരോ പുരോഹിതനും സാധിക്കട്ടെയെന്നു നമുക്ക് ഈ ദിവസം പ്രാർത്ഥിക്കാം.
പൗരോഹിത്യ കടമകളിൽ ഏറ്റവും പ്രധാനപ്പെട്ട കടമയാണ് വിശുദ്ധീകരിക്കുക എന്നത്. "ഇതാണ് ദൈവഹിതം നിങ്ങളുടെ വിശുദ്ധീകരണം." മിശിഹാ ലോകത്തിലേക്ക് കടന്നുവന്നതിന്‍റെ പ്രധാന ലക്ഷ്യവും മറ്റൊന്നായിരുന്നില്ല."തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനെ ഈ ലോകത്തിലേക്ക് അയക്കുവാൻ", തിരുമനസ്സായ ദൈവപിതാവ്. തന്റെ മക്കളുടെ കാര്യങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തുന്ന പിതാവായ ദൈവം പുരോഹിതരിൽ നിന്നും ആഗ്രഹിക്കുന്ന കാര്യവും ഇതുതന്നെയാണ്. ആരും നശിച്ചു പോകാതെ വിശുദ്ധീകരിക്കപ്പെട്ട് തന്നിലേക്ക്, പറുദീസയിലേക്ക് വരുവാനുള്ള ദൈവത്തിന്റെ ഹിതപൂർത്തീകരണം. ഈ മൂന്നു ദൗത്യങ്ങൾ പ്രഥമമായി ഈശോയുടെ ജീവിതത്തിൽ നമുക്ക് കാണാവുന്നതാണ്. മിശിഹായുടെ ഈ ദൗത്യങ്ങൾ ഇന്നും സഭയിലൂടെ തുടർന്നു പോരുന്നു.
ഇത്തരത്തിൽ സഭയെന്നു പറയുന്നത് മിശിഹായുടെ മൗതീകശരീരവും, മിശിഹായുടെ തുടർച്ചയുമാണ്. മിശിഹായുടെ എല്ലാ കർത്തവ്യങ്ങളും സഭയിലൂടെ ഇന്നും തടസ്സങ്ങളൊന്നും കൂടാതെ തുടർന്നു പോരുന്നതിനുള്ള ഏറ്റവും പ്രധാന കാരണം മറ്റൊന്നുമല്ല സഭയിലെ പൗരോഹിത്യ കൂട്ടായ്മയാണ്. മിശിഹായുടെ സജീവ സാന്നിധ്യത്തിന്റെ സ്മരണ ജനങ്ങളുടെ ഇടയിൽ ഇന്നും നിലനിൽക്കുന്നത് ഈ പുരോഹിത ഗണങ്ങളിലൂടെയാണ്. സഭയെയും സമൂഹത്തെയും പരസ്പരം ഒന്നിപ്പിക്കുന്ന കണ്ണിയാണ് പുരോഹിതൻ.
അതിനാൽ തന്നെ സഭയിലെ അവശ്യഘടകമാണ് പൗരോഹിത്യം. സഭയുടെ വിവിധങ്ങളായ ധർമ്മങ്ങൾ നിർവഹിക്കപ്പെടുവാൻ മിശിഹാ തെരഞ്ഞെടുത്തവരാണ് പുരോഹിതർ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ, തന്റെ അപ്പസ്തോലിക പ്രബോധനമായ, 'പാസ്‌തോറെസ് ഗ്രെജിസ്' ൽ ഓർമ്മിപ്പിക്കുന്നതുപോലെ, യേശുക്രിസ്തുവിൽ വിശുദ്ധീകരിക്കപ്പെടുവാനും, വിശുദ്ധരാകുവാനുള്ള വിളി ജീവിതത്തിൽ സ്വീകരിക്കുവാനും നമ്മെ തന്നെ തയ്യാറാക്കണം. വിശുദ്ധീകരണത്തിന്റെ ഒരു ജീവിതത്തിൽ നിന്ന് മാത്രമേ, മറ്റുള്ളവർക്ക് വിശുദ്ധിയുടെ മാർഗം പറഞ്ഞുകൊടുക്കുവാൻ സാധിക്കുകയുള്ളൂ. അതിനാൽ ദൈവവിളിക്കുവേണ്ടിയുള്ള ഈ പ്രാർത്ഥനാദിനത്തിൽ, വൈദികരുടെ വിശുദ്ധിക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കണം.
പ്രാർത്ഥനയുടെ ഈ ദിനത്തിൽ, ദൈവവിളികൾക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം ഈ ദൈവവിളികൾ ദൈവത്തോടൊപ്പം സഭയ്ക്കും സമൂഹത്തിനും സമ്മാനിച്ച അമ്മമാർക്കുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: