ഉക്രൈനുനേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ പരിശുദ്ധ അമ്മയുടെ സഹായം തേടാം: ആർച്ച്ബിഷപ് കുൽബോകാസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അടുത്ത ദിവസങ്ങളിൽ കിയെവിന് നേരെയുള്ള ബോംബാക്രമണങ്ങൾ വർദ്ധിച്ചുവരികയാണെന്നും, നാലുവർഷമായി തുടരുന്ന ഈ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ സൈന്യത്തിന് ഏറെ പ്രയാസമാണെന്നും ഉക്രൈനിലേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് വിസ്‌വാൾദാസ് കുൽബോകാസ്. കഴിഞ്ഞ ദിവസം വത്തിക്കാൻ ന്യൂസിനനുവദിച്ച ഒരു അഭിമുഖത്തിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ആർച്ച്ബിഷപ് കുൽബോകാസ് സംസാരിച്ചത്.
ജപമാലപ്രാർത്ഥനയ്ക്ക് സമർപ്പിക്കപ്പെട്ട മെയ് മാസത്തിൽ, ഉക്രൈനിലും മറ്റിടങ്ങളിലുമുള്ള സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യം തേടാമെന്ന് പറഞ്ഞ വത്തിക്കാൻ നയതന്ത്രജ്ഞൻ, പ്രാർത്ഥിക്കാനും, പ്രാർത്ഥനകൊണ്ട്, നാശനഷ്ടങ്ങളെയും യുദ്ധത്തെയും തരണം ചെയ്യാനും, ഹൃദയങ്ങളുടെ പരിവർത്തനം നേടാനാണ് ഫാത്തിമ മാതാവ് നമ്മെ ആഹ്വാനം ചെയ്തതെന്ന് അനുസ്മരിച്ചു.
മെയ് 28 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ, ഉക്രൈനിൽ സമാധാനമുണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തതിൽ ആർച്ച്ബിഷപ് കുൽബോകാസ് തന്റെ സന്തോഷം അറിയിച്ചു.
ഉക്രൈനും റഷ്യയും തമ്മിൽ യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്തതിനെക്കുറിച്ച് സംസാരിക്കവെ, കഴിഞ്ഞ ദിവസം ഇരുഭാഗത്തുനിന്നും ആയിരം തടവുകാർ വീതം കൈമാറ്റം ചെയ്യപ്പെട്ടുവെന്നും, എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവരേ അന്വേഷിച്ച് വത്തിക്കാൻ നയതന്ത്രകേന്ദ്രത്തിന്റെ സഹായം തേടി അനുദിനം ആളുകൾ വിളിക്കാറുണ്ടെന്നും അഹ്‌ദേഹം അറിയിച്ചു. മെയ് 16-ന് ഇസ്തംബൂളിൽ നടന്ന ചർച്ചകളുടെ ഭാഗമായാണ് യുദ്ധത്തിൽ പിടിക്കപ്പെട്ട പട്ടാള തടവുകാരെ കൈമാറ്റം ചെയ്യാൻ ധാരണയായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സാധാരണക്കാർക്ക് പകരമായി നൽകാൻ ഉക്രൈന്റെ കൈയ്യിൽ ഒന്നുമില്ലെന്നും, അതുകൊണ്ടുതന്നെ പ്രാർത്ഥന കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വത്തിക്കാൻ ന്യൂസിലെ ഉക്രൈൻ ഭാഷാവിഭാഗത്തിലുള്ള സ്വ്വിത്ലാന ദൂഹോവിച്ചാണ് വത്തിക്കാൻ നയതന്ത്രപ്രതിനിധിയുമായി അഭിമുഖം നടത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: