അമേരിക്ക സിറിയയ്‌ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം നീക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് ക്രൈസ്തവർ
ഷാൻ-ബെന്വാ ഹാരൽ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സിറിയയ്‌ക്കെതിരെയുള്ള അമേരിക്കൻ സാമ്പത്തിക ഉപരോധം നീക്കിയതായി പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സിറിയൻ ക്രൈസ്തവർ. സൗദി അറേബ്യയയിൽ നടത്തിയ സന്ദർശനത്തോടനുബന്ധിച്ച് മെയ് 13 ചൊവ്വാഴ്ചയാണ് സിറിയക്കെതിരയുള്ള ഉപരോധം നീക്കിയതായി ട്രംപ് അറിയിച്ചത്.
സിറിയ അൽ-ആസാദ് ഭരണകൂടത്തിന് കീഴിലായിരുന്നപ്പോൾ ഏർപ്പെടുത്തപ്പെട്ട ഈ ഉപരോധം, 2011-ൾ യുദ്ധം ആരംഭിച്ചതുമുതൽ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണ്ണമാക്കിയിരുന്നുവെന്ന്, അലെപ്പോയിൽ ശുശ്രൂഷ ചെയ്യുന്ന മാരിസ്റ്റ് വൈദികസഭാംഗം ഫാ. ജോർജ്ജ് സാബേ വത്തിക്കാൻ മീഡിയയോട് പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ ഗുരുതരമായി ബാധിച്ചിരുന്ന ഈ ഉപരോധം നീക്കപ്പെട്ടതിൽ തങ്ങൾ സന്തോഷിക്കുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരോധം നീക്കപ്പെടുന്നതിന് പിന്നാലെ, രാജ്യത്തെ റോഡുകളും ആശുപത്രികളും ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, മാനുഷികബന്ധങ്ങളും നീതിയും ഉൾപ്പെടെയുള്ള കാര്യങ്ങളും പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിറിയയിലെ മത ന്യൂനപക്ഷങ്ങളുടെ സ്ഥാനം വ്യക്തമാക്കപ്പെടണമെന്നും, ഓരോ സമൂഹങ്ങൾക്കും അവരവരുടേതായ മൂല്യങ്ങൾക്കനുസരിച്ച് അന്തസ്സോടെ ജീവിക്കാൻ തക്കവിധത്തിൽ നീതിയും പരസ്പരബഹുമാനവും സാധിതമാകണമെന്നും ഫാ. സാബേ ആവശ്യപ്പെട്ടു.
അമേരിക്കയിൽ കഴിഞ്ഞവർഷം അവസാനത്തോടെ പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾത്തന്നെ ഉപരോധങ്ങൾ നീക്കം ചെയ്യാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും, രാജ്യത്തെ മനുഷ്യാവകാശങ്ങളും, ന്യൂനപക്ഷാവകാശങ്ങളും സംബന്ധിച്ച ആശങ്കകൾ മൂലം നീക്കം വൈകിപ്പിക്കുകയായിരുന്നു. എന്നാൽ സൗദി കിരീടാവകാശി മുഹമ്മദ് ബെൻ സൽമാന്റെ അഭ്യർത്ഥന മാനിച്ച്, അമേരിക്കൻ പ്രെസിഡന്റ് ട്രംപ്, ഉപരോധം നീക്കാനുള്ള യൂറോപ്യൻ യൂണിയൻ, ഇംഗ്ലണ്ട്, കാനഡ എന്നീവയുടെ നിലപാടിനോട് യോജിക്കുകയായിരുന്നു.
സാമ്പത്തിക ഉപരോധം നീക്കം ചെയ്യുന്നതിനെക്കുറിച്ച് പ്രെസിഡന്റ് ട്രംപ് പ്രഖ്യാപനം നടത്തിയെങ്കിലും ഇത് എന്നാണ് പ്രാബല്യത്തിൽ വരികയെന്ന് കൃത്യമായി ഇനിയും വ്യക്തമല്ല. ഇതിനായി യു. എസ്. കോൺഗ്രസിലെ വോട്ടിങ് ആവശ്യമായേക്കാം.
രക്തസാക്ഷിത്വത്തിന്റേതായ അനുഭവത്തിലൂടെയാണ് പല പൗരസ്ത്യസഭകളും കടന്നുപോകുന്നതെന്ന്, ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണങ്ങളെ അധികരിച്ചും, വിശുദ്ധ നാട്, ഉക്രൈൻ, ലെബനോൻ, സിറിയ, മദ്ധ്യപൂർവ്വദേശങ്ങൾ, തിഗ്രേ, കൗക്കസോ തുടങ്ങിയ ഇടങ്ങളെ പരാമർശിച്ചു കൊണ്ടും ലിയോ പതിനാലാമൻ പാപ്പാ പൗരസ്ത്യസഭകളുടെ ജൂബിലിയുടെ ഭാഗമായി അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ പ്രസ്താവിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: