റേരും നൊവാരും ഒരു പുനർവായന - തൊഴിലാളികളുടെ അധ്വാനമാണ് ദേശീയ സമ്പത്തിനെ രൂപപ്പെടുത്തുന്നത്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സാമൂഹിക വിഷയങ്ങളിന്മേൽ കത്തോലിക്കാ തിരുസഭയുടെ പ്രതികരണങ്ങളെ തികച്ചും രാഷ്ട്രീയമായി മാത്രം കാണുന്ന ഒരു സാഹചര്യത്തിലാണ്, ആത്മീയതയുടെ ഒരു സാമൂഹിക മാനം അടിവരയിട്ടു കൊണ്ട്, ലിയോ പതിമൂന്നാമൻ പാപ്പാ റേരും നോവരും എന്ന തന്റെ ചാക്രികലേഖനം രചിക്കുന്നത്. റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് ചോദിക്കുന്ന ഒരു വിശ്വ വിഖ്യാതമായ ഒരു സമസ്യയുണ്ട്: 'അപ്പോൾ പിന്നെ നാം എങ്ങനെ ജീവിക്കും?'. ആഗോള തലത്തിൽ സാമ്പത്തിക രംഗം തകരുകയും, പാർശ്വവത്ക്കരിക്കപ്പെട്ടവരും, ദരിദ്രരും പട്ടിണി അനുഭവിക്കുകയും, തൊഴിലാളികൾക്ക് വേതനം ലഭിക്കാതെ വരികയും ചെയ്യുന്ന 1882 കാലഘട്ടത്തിലാണ് ടോൾസ്റ്റോയ് ഈ ചോദ്യം ഉന്നയിക്കുന്നത്. രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും സമൂഹത്തിലും സമൂലമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടം. വ്യാവസായിക വിപ്ലവം അതിന്റെ ഉച്ചസ്ഥായിയിൽ സമൂഹത്തിൽ വ്യതിയാനങ്ങൾ വരുത്തിക്കൊണ്ടിരുന്ന സമയം. ഇപ്രകാരം വ്യതിയാനങ്ങളുടെ വേലിയേറ്റത്തിൽ, മനുഷ്യൻ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന ഒരു സാഹചര്യത്തിലാണ്, ഒരു ആത്മീയ ആചാര്യൻ, ലിയോ പതിമൂന്നാമൻ പാപ്പാ, മനുഷ്യന്റെ വേദനകൾ അറിയുവാനും, അവരെ സഹായിക്കുവാനും സഭയ്ക്ക് കടമയുണ്ടെന്നു ഓർമ്മപ്പെടുത്തിക്കൊണ്ട്, ഈ ചാക്രികലേഖനത്തിനു രൂപം നൽകുന്നത്. തുടർന്ന്, ലിയോ പതിനാലാമൻ പാപ്പായുടെ തിരഞ്ഞെടുപ്പ്, സഭയുടെ ഈ സാമൂഹിക മാനത്തിനു പുതിയ ഒരു ഉണർവ്വ് നൽകി.
മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, റോമാ നഗരത്തിന്റെ സ്വീകരണവും, ആദരവും ഏറ്റുവാങ്ങിയ അവസരത്തിൽ, റോമൻ രൂപതയുടെ മെത്രാൻ എന്ന നിലയിൽ തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ, തന്നിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന വലിയ ഉത്തരവാദിത്വത്തെപ്പറ്റി, താൻ ബോധ്യമുള്ളവനാണെന്നു പറഞ്ഞ പാപ്പാ, ദൈവജനത്തിന്റെ വിശ്വാസജീവിതവും, സമൂഹത്തിന്റെ പൊതുനന്മയുമാണ് തന്റെ മുൻഗണനാവിഷയങ്ങളെന്നും അടിവരയിട്ടു പറഞ്ഞു. പൊതുനന്മയ്ക്കുവേണ്ടി, സഭയും, നഗരഭരണവും തങ്ങളുടെ സ്ഥാപന പരിതസ്ഥിതിയിൽ, സഹകാരികളായി വർത്തിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു. ഇത് ലിയോ പതിമൂന്നാമൻ പാപ്പാ തുടങ്ങിവച്ച വലിയ ഒരു ദൗത്യത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു. അതിനാൽ ഈ ചാക്രികലേഖനത്തിന്റെ പുനർവായന, കത്തോലിക്കർ എന്ന നിലയിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു.
സഭയുടെ മാതൃഭാവം
സഭയുടെ മാതൃഭാവത്തെ ലിയോ പതിമൂന്നാമൻ പാപ്പാ തന്റെ ചാക്രികലേഖനത്തിന്റെ ഇരുപത്തിരണ്ടാം ഖണ്ഡികയിൽ എടുത്തു പറയുന്നുണ്ട്. അതായത് ഒരു നല്ല അമ്മയെപ്പോലെ മക്കളെ ഉപദേശിക്കുവാനും നേർവഴിക്കു നടത്തുവാനുമുള്ള സഭയുടെ കടമയെയാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്. ചിലപ്പോഴെങ്കിലും, സഭയ്‌ക്കെതിരെയുള്ള ഒരു ആക്ഷേപം, നിയമങ്ങളുടെ അതിപ്രസരമാണ്. ജീവിതത്തിന്റെ ഓരോ മേഖലയിലും, സഭയിലെ അംഗങ്ങൾ എന്ന നിലയിൽ പാലിക്കേണ്ടുന്ന, ധാർമ്മികമായ നിയമങ്ങളും, തത്വങ്ങളും, ഇന്ന് ഏറെ ചർച്ചകൾക്ക് വശംവദമാകുന്നു. ചാക്രികലേഖനം, ഈ സഭയുടെ മാതൃവാത്സല്യത്തോടെയുള്ള പഠനങ്ങൾ, പ്രഥമമായി കൈമാറ്റം ചെയ്യപ്പെടേണ്ടത്, ഇടയന്മാരായ മെത്രാന്മാരിലൂടെയും, വൈദികരിലൂടെയുമാണെന്നും എടുത്തുപറയുമ്പോൾ , ഇക്കൂട്ടർ ജീവിതത്തിൽ സ്വീകരിക്കുന്ന വലിയ ഉത്തരവാദിത്വത്തെപ്പറ്റിയും അടിവരയിടുന്നു.
എന്നാൽ ഇതൊരു ഭാരപ്പെടുത്തുന്ന ജീവിതക്രമങ്ങളല്ല, മറിച്ച് ദൈവീകപാതയിൽ സഞ്ചരിക്കുന്നതിനു, യേശു തന്നെ കാണിച്ചുതന്ന സ്നേഹത്തിന്റെ മാർഗങ്ങളാണെന്നും ചാക്രികലേഖനം പഠിപ്പിക്കുന്നു. പുരോഹിതരും, മെത്രാന്മാരും ഇപ്രകാരം യേശുവിന്റെ വചനങ്ങളിലൂടെയാവണം ജനത്തെ പഠിപ്പിക്കണമെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. എങ്കിൽ മാത്രമേ, ദൈവത്തെയും അയൽക്കാരനെയും പരമോന്നതവും അതുല്യവുമായ സ്നേഹത്തോടെ ഉൾക്കൊള്ളുവാനും , എല്ലാ തടസങ്ങളെയും അതിജീവിക്കുവാനും സാധിക്കുകയുള്ളൂവെന്നും ലേഖനം എടുത്തുപറയുന്നു.
ക്രൈസ്തവ സമൂഹ നവീകരണം
മറ്റൊന്ന് ക്രൈസ്തവമായ സമൂഹ നവീകരണമാണ്. ക്രിസ്തുമതം കൊണ്ടുവന്ന വലിയ പരിവർത്തനം എന്നത്, പരനും, അപരനും വേണ്ടി നരനായ ഒരു ദൈവം, താഴേക്ക് ഇറങ്ങിവന്നു എന്നുള്ളതാണ്. താനായിരിക്കുന്ന അവസ്ഥയിലേക്ക് മറ്റുള്ളവരെ എത്തിച്ചുകൊണ്ട് സമൂഹത്തിൽ മാറ്റം കൊണ്ടുവരാം എന്ന് ചിന്തിക്കുന്നത് ക്രൈസ്തവമല്ല എന്നും പാപ്പാ എടുത്തു പറയുന്നു. മരണം കൊണ്ട് എല്ലാം അവസാനിക്കുന്നു എന്ന് കരുതിയ ഒരു ജനതയ്ക്ക്, യേശുവിന്റെ സാമീപ്യം കൊണ്ട്, ഉത്ഥാനത്തിന്റെ മഹത്വം കാട്ടിക്കൊടുത്തതും, സമൂഹത്തിന്റെ പരിവർത്തനം സാധ്യമാക്കുന്നതായിരുന്നു. ഒരു ജീർണിച്ച സമൂഹത്തെ പരിഷ്കരിക്കുന്നതിന്, യേശുവിന്റെ ഈ സ്നേഹത്തിന്റെ സുവിശേഷം കാരണമായി എന്നത്, ലേഖനം വളരെ പ്രത്യേകമായി അടിവരയിടുന്നു. ഇതാണ് യഥാർത്ഥ കൂട്ടായ്മ രൂപീകരിക്കുന്നതും.
തൊഴിലാളിവർഗ്ഗത്തോടുള്ള സഭയുടെ കടമ
സഭയുടെ പരിചരണം ആത്മാക്കളുടെ രക്ഷയെ പൂർണ്ണമായും ലക്ഷ്യം വച്ചുള്ളതാണെന്നും, അത് ധാർമ്മികവും ഭൗമികവുമായ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ അവഗണിക്കുന്നുവെന്നുമുള്ള പ്രചാരണങ്ങൾ ഇന്നെന്ന പോലെ ലിയോ പതിമൂന്നാമൻ പാപ്പായുടെ കാലത്തും നിലനിന്നിരുന്നുവെന്നു ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, തൊഴിലാളിവർഗം അവരുടെ അസന്തുഷ്ടമായ അവസ്ഥയിൽ നിന്ന് പുറത്തുവരണമെന്നും അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തണമെന്നും എക്കാലത്തും എല്ലാവരെയുംകാൾ അധികമായി ആഗ്രഹിച്ചത്, അമ്മയായ സഭയാണെന്നത് കാലം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
തൊഴിലാളിവർഗ്ഗത്തിന്റെ ഉന്നമനത്തിനായി ചാക്രികലേഖനം മുൻപോട്ടു വയ്ക്കുന്ന ആദ്യ ക്രിസ്തീയ മാർഗം സാഹോദര്യത്തിന്റേതാണ്. അപ്പസ്തോലപ്രവർത്തനങ്ങളിൽ വിവരിക്കുന്ന ആദ്യക്രിസ്തീയ സമൂഹത്തിന്റെ മാതൃകയും ലേഖനം ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിലെ ദാരിദ്ര്യം നിർമ്മാർജനം ചെയ്യുന്നതിനായി സഭ തന്നെ വിവിധ ആളുകളെ നിയോഗിക്കുകയും, കൂട്ടായ്മയിൽ ശേഖരിക്കപ്പെടുന്ന വസ്തുക്കൾ ആവശ്യാനുസരണം വിതരണം ചെയ്യുകയും, അപ്രകാരം സമൂഹത്തിൻെറ ഉന്നമനത്തിനു വലിയ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. ഈ ഒരു മാർഗ്ഗമാണ്, ലിയോ പതിമൂന്നാമൻ പാപ്പായും മുൻപോട്ടു വയ്ക്കുന്നത്. ദരിദ്രരുടെയും ധനികരുടെയും പൊതുവായ അമ്മ, ദാനധർമ്മത്തിന്റെ വീരത്വത്തിന് പ്രചോദനവും ഉണർത്തലും നൽകിയ മാതാവ് എന്നൊക്കെ സഭയെ വിശേഷിപ്പിച്ചതും ഈ ചാക്രികലേഖനം തന്നെയാണ്.
തൊഴിലാളിവർഗ്ഗത്തോടുള്ള രാഷ്ട്രത്തിന്റെ കടമ
സഭയോടൊപ്പം, തൊഴിലാളിവർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി രാഷ്ട്രത്തിന്റെ കടമയും, ചാക്രികലേഖനം ഓർമ്മിപ്പിക്കുന്നു. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന്, മാനുഷിക മാർഗങ്ങളും ആവശ്യമാണെന്നതിനാൽ, സമൂഹത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട, സർക്കാരുകളും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ ബാധ്യസ്ഥരാണെന്നു ലേഖനം ആവശ്യപ്പെടുന്നു. ഒരുപക്ഷെ ജൂബിലി വർഷത്തിന്റെ സന്ദേശം അടിവരയിട്ടുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പായും വിവിധ സർക്കാരുകൾക്ക് നൽകുന്ന ആഹ്വാനവും, സ്മരണയുടേതാണ്. തിരഞ്ഞെടുത്ത ജനങ്ങളെയും, അവരുടെ ജീവിത അവസ്ഥകളെയും, പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നതിനും, അപ്രകാരം മെച്ചപ്പെട്ട ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഓരോ രാഷ്ട്രത്തിനും കടമയുണ്ടെന്നു പാപ്പാ ഓർമ്മിപ്പിക്കുന്നു.
തൊഴിലിന്റെ മാഹാത്മ്യം, സഭയിലും സമൂഹത്തിലും
രാഷ്ട്രങ്ങളുടെ അഭിവൃദ്ധി പ്രത്യേകിച്ച് നല്ല ധാർമ്മികതയിൽ നിന്നും, കുടുംബത്തിന്റെ നല്ല ക്രമത്തിൽ നിന്നും, മതത്തിന്റെയും നീതിയുടെയും ആചരണത്തിൽ നിന്നും, മിതമായ നികുതിയിൽ നിന്നും പൊതുഭാരങ്ങളുടെ തുല്യമായ വിതരണത്തിൽ നിന്നും, വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും പുരോഗതിയിൽ നിന്നും, കൃഷിയുടെ അഭിവൃദ്ധിയിൽ നിന്നും മറ്റ് സമാനമായ കാര്യങ്ങളിൽ നിന്നും ഉരുത്തിരിയുന്നതാണെന്നു ലേഖനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളിവർഗം സ്വാഭാവിക അവകാശത്താൽ പൗരന്മാരാണെന്നും, അതിനാൽ തൊഴിലാളികളുടെ ക്ഷേമം കൃത്യമായി പരിപാലിക്കേണ്ടത് സംസ്ഥാനത്തിന്റെ കർശനമായ കടമയാണെന്നും, അല്ലാത്തപക്ഷം, ഒരാളുടെ നീതിയെ ഹനിക്കുകയാണ് ചെയ്യുന്നതെന്നും ലിയോ പതിമൂന്നാമൻ പാപ്പാ ഓർമ്മിപ്പിക്കുന്നു. അതിനാൽ സർക്കാരുകൾ മാറ്റപ്പെടുമ്പോഴും, ഈ അവകാശങ്ങളുടെ സ്ഥായിയയായ ഒരു നിലനിൽപ്പ് ഏറെ ആവശ്യമാണ്. തൊഴിലാളികളുടെ അധ്വാനമാണ് ദേശീയ സമ്പത്തിനെ രൂപപ്പെടുത്തുന്നതെന്നും പാപ്പാ ശക്തമായ ഭാഷയിൽ ഓർമ്മപ്പെടുത്തുന്നു.
രാഷ്ട്രീയ അധികാരം ദൈവത്തിൽ നിന്നാണ് വരുന്നതെന്നും ദൈവിക പരമാധികാരത്തിൽ ഒരു പ്രത്യേക പങ്കാളിത്തമാണ് ഇതെന്നും പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി. ഇത് പൗരന്മാരെയും, കുടുംബങ്ങളെയും യഥാർത്ഥമായി മനസിലാക്കുന്നതിലൂടെയാണ് കൈവരുന്നതെന്നും അടിവരയിടുന്നു. അതിനാൽ പരസ്പരം അടിച്ചമർത്താതെ, പരസ്പരം കെട്ടിപ്പടുക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുവാനും പാപ്പാ ആഹ്വാനം ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: