MAP

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ കാലത്ത് 'റേരും നൊവാരും' ചാക്രികലേഖനത്തിന്റെ വാർഷികം ആഘോഷിച്ചപ്പോൾ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ കാലത്ത് 'റേരും നൊവാരും' ചാക്രികലേഖനത്തിന്റെ വാർഷികം ആഘോഷിച്ചപ്പോൾ  

റേരും നൊവാരും ഒരു പുനർവായന: വൈവിധ്യങ്ങൾ സമൂഹ നിർമ്മിതിക്ക് ആവശ്യമാണ്

ലിയോ പതിമൂന്നാമൻ പാപ്പാ രചിച്ച റേരും നൊവാരും എന്ന ചാക്രിക ലേഖനത്തെ അധികരിച്ചുള്ള ചിന്തകളുടെ രണ്ടാം ഭാഗം. ഈ ചാക്രികലേഖനത്തിലെ ആശയങ്ങൾ തന്നെ ഏറെ സ്വാധീനിച്ചുവെന്നാണ്, ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞിട്ടുള്ളത്.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി 

വ്യവസായ വിപ്ലവത്തിലൂടെ വന്ന പരിവർത്തനത്തിന്റെ ഒരു കാലഘട്ടത്തിലാണ് ലിയോ പതിമൂന്നാമൻ പാപ്പാ, റേരും നൊവാരും എന്ന തന്റെ ചാക്രിക ലേഖനം രചിക്കുന്നത്. ഒരു യുഗത്തിന്റെ മുഴുവൻ മാറ്റത്തിന്റെ സമയം എന്നാണ് ഈ പരിവർത്തനം അറിയപ്പെട്ടത്. വൻകിടക്കാരുടെ ഇടയിൽ ചെറുകിടക്കാർ താഴ്ന്നുപോയപ്പോൾ, മനുഷ്യകുലത്തിന്റെ അന്തസും, ആഭിജാത്യവും നിലനിർത്തുന്നതിനായി ലിയോ പതിമൂന്നാമൻ നൽകിയ ആഹ്വാനം, പ്രവാചക ശബ്ദത്തിന്റെ ഗാംഭീര്യം ഉൾക്കൊള്ളുന്നതായിരുന്നു. ഈ ഒരു യുഗമാറ്റം ഇന്നും ഒരു യാഥാർഥ്യമായി തുടരുന്നതിനാൽ, ലിയോ പതിനാലാമൻ പാപ്പായുടെ തിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം അർഹിക്കുന്നു.  ഇന്ന്, സഭ ഒരു വലിയ യുഗമാറ്റത്തെ അഭിമുഖീകരിക്കുന്ന സത്യം നാം ഉൾക്കൊള്ളേണ്ടതാണ്.

സഭയുടെ കാതോലിക്ക മാനം, ക്രിസ്തുവിന്റെ വിശാലഹൃദയത്തെ വെളിപ്പെടുത്തുന്നുവെങ്കിലും, ഓരോ പാപ്പാമാരുടെയും ശുശ്രൂഷാകാലഘട്ടം ഏറെ വെല്ലുവിളികളും മുന്പോട്ടുവയ്ക്കുന്നുണ്ട്. ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ വാക്കുകളിൽ മുഴങ്ങിക്കേട്ട യുഗമാറ്റം, നിർമ്മിതബുദ്ധിയുടെ ലോകം കൊണ്ടുവന്ന അഭൂതപൂർവ്വമായ മാറ്റങ്ങളാണ്. ശാസ്ത്രത്തിന്റെ ഈ അത്യാധുനികമായ വികാസത്തിൽ, മനുഷ്യന്റെ അന്തസ്സ്, നീതി, ജോലി എന്നിവയുടെ സംരക്ഷണത്തിനായുള്ള വെല്ലുവിളികളെ ലിയോ പതിനാലാമൻ പാപ്പാ പ്രത്യേകം എടുത്തു പറയുകയും, തന്റെ ശുശ്രൂഷാമണ്ഡലം ഏതു തരത്തിൽ ആയിരിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. അറുപത് ദശലക്ഷം മരണങ്ങളോടെ 1945 മെയ് 8 ന് അവസാനിച്ച, രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയെയും പാപ്പാ, തന്റെ സന്ദേശത്തിൽ അടിവരയിട്ടുപറഞ്ഞു.

1965 ൽ ഐക്യരാഷ്ട്രസഭയിൽ പോൾ ആറാമൻ പാപ്പാ നടത്തിയ ചരിത്രപരമായ ആഹ്വാനം, 'ഇനി ഒരിക്കലും യുദ്ധം ചെയ്യരുതേ' എന്നത് ലിയോ പതിനാലാമൻ പാപ്പാ ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി വീണ്ടും ഓർമ്മപ്പെടുത്തി. ക്രിസ്ത്യാനിക്ക് ചുറ്റുമുള്ള കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കാൻ കഴിയില്ലെന്നും, മറിച്ച്, ഏറ്റവും ദുർബലമായതിൽ നിന്നും, അവസാനത്തേതിൽ നിന്നും ആരംഭിച്ച് മനുഷ്യന്റെ സമഗ്രമായ കാഴ്ചപ്പാടിന് മുൻഗണന നൽകണമെന്നുമാണ്, ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യസന്ദേശങ്ങളുടെ ഉള്ളടക്കം. ഈ ഒരു സാഹചര്യത്തിലാണ്, റേരും നൊവാരും എന്ന ചാക്രികലേഖനത്തിന്റെ പ്രസക്തി വർധിക്കുന്നത്.

ചാക്രികലേഖനത്തിന്റെ രണ്ടാം ഭാഗം: 'പ്രസ്ഥാനങ്ങളുടെ സമന്വയം പ്രശ്നങ്ങളുടെ യഥാർത്ഥ പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ' എന്ന തലക്കെട്ടിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലോകത്തിൽ ഇന്ന് നടമാടുന്ന അസമത്വങ്ങൾക്കും, അടിച്ചമർത്തലുകൾക്കും, അനീതികൾക്കുമെതിരെ ശബ്ദമുയർത്തുന്ന സമൂഹം സഭയാണെന്നതിൽ തെല്ലും സംശയമില്ല. ഇത് തന്നെയാണ്, കത്തോലിക്കാ സഭയുടെ തലവന്റെ വാക്കുകൾക്ക് ഇന്നും ലോകം മുഴുവൻ അധിക ശ്രദ്ധ നൽകുന്നതിന്റെ കാരണവും. വിദ്യാഭ്യാസമേഖലയിലും, ആതുരശുശ്രൂഷ മേഖലയിലും സഭ നൽകിയതും, നല്കിക്കൊണ്ടിരിക്കുന്നതുമായ സേവനങ്ങൾക്ക് പകരം വയ്ക്കുവാൻ മറ്റൊന്നിനും സാധിക്കുകയില്ല എന്ന് പല കാലങ്ങളിലായി നിരവധി ആളുകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സമൂഹത്തിന്റെ അനിശ്ചിത അവസ്ഥകളിൽ സഭയ്ക്ക് നിശബ്ദത പാലിക്കുക അസാധ്യമാണ്. എന്നാൽ ഈ സാഹചര്യങ്ങളിൽ നാം നിശബ്ദത പാലിക്കുകയാണെങ്കിൽ, നാം പരാജയപ്പെടുന്നു എന്ന ശക്തമായ വാക്കുകളും ലേഖനത്തിൽ പാപ്പാ ഉപയോഗിക്കുന്നു. എന്നാൽ ഈ ശ്രമങ്ങളിൽ, മറ്റുള്ള സംഘടനകളും, പ്രസ്ഥാനങ്ങളുമായി യോജിച്ചുപ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ചാക്രികലേഖനം അടിവരയിടുന്നു. യാതൊരു വിവേചനവും കൂടാതെ ഇക്കാര്യത്തിൽ ഏവരെയും ഉൾപ്പെടുത്തണമെന്ന കാര്യവും ലിയോ പതിമൂന്നാമൻ പാപ്പാ എടുത്തു പറയുമ്പോൾ, ലിയോ പതിനാലാമൻ പാപ്പായും  തന്റെ പ്രഥമ സന്ദേശത്തിൽ, ഇപ്രകാരം യോജിച്ചുള്ള പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുന്നു.

ഇത്തരത്തിൽ സഭയുടെ പ്രവർത്തനങ്ങൾ മുൻപോട്ടു വയ്ക്കുന്ന ഏതാനും പ്രായോഗിക നിർദേശങ്ങളും ചാക്രികലേഖനം മുൻപോട്ടുവയ്ക്കുന്നുണ്ട്.

വൈവിധ്യങ്ങളെ ഉൾക്കൊള്ളുക, കഠിനാധ്വാനം ചെയ്യുക

ലോകത്തിൽ നിന്ന് സാമൂഹിക അസമത്വങ്ങൾ ഇല്ലാതാക്കുക എന്നത് അസാധ്യമായ കാര്യമാണ്. ചിലപ്പോഴെങ്കിലും, വൈവിധ്യങ്ങളെപോലും അസമത്വങ്ങൾ എന്ന വിശേഷണം നൽകി, പരസ്പരമുള്ള ശത്രുതയിലേക്ക് തള്ളിവിടുന്ന സാഹചര്യങ്ങൾ നാം മനസിലാക്കിയിട്ടുള്ളതാണ്. എല്ലാവർക്കും ഒരേ ബുദ്ധിശക്തി, ഒരേ ഉത്സാഹം, ആരോഗ്യം, ശക്തി എന്ന് നിർബന്ധം പിടിക്കുക സാധ്യമല്ല എന്നത് യാഥാർഥ്യമാണ്. ഇവയെ അനിവാര്യമായ വ്യത്യാസങ്ങൾ എന്നാണ്, ലിയോ പതിമൂന്നാമൻ പാപ്പാ വിശേഷിപ്പിക്കുന്നത്.  സാമൂഹിക ജീവിതത്തിന് വ്യത്യസ്ത അഭിരുചികളും വ്യത്യസ്ത പദവികളും ആവശ്യമാണെന്നതുപോലെ, അവയെ നിറവേറ്റുന്നതിനായി വ്യത്യസ്തമായ കഴിവുകളും, കഠിനമായ അധ്വാനവും ആവശ്യമാണെന്നും ചാക്രികലേഖനം പറഞ്ഞുവയ്ക്കുന്നു.

ഐക്യത്തിന്റെ ആവശ്യകത

പരസ്പരം ഇണങ്ങാത്ത ഒരു ദ്വന്ദ്വയുദ്ധം നടത്തുന്നതിനാണ് പലപ്പോഴും സോഷ്യലിസ്റ്റ് ആശയങ്ങൾ ശ്രമിച്ചിരുന്നത്. സമ്പന്നരും, തൊഴിലാളിവർഗഗവും തമ്മിലുള്ള യുദ്ധം ഒരിക്കലും അവസാനിക്കാതെ മുൻപോട്ടുപോകുമ്പോൾ,അവർ തമ്മിലുള്ള ഒരു ഐക്യം സാധ്യമാക്കിക്കൊണ്ട്, എല്ലാവർക്കും അന്തസ്സാർന്ന രീതിയിൽ ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കികൊടുക്കണം എന്നുള്ളതാണ് ചാക്രികലേഖനം മുൻപോട്ടു വയ്ക്കുന്ന ആശയം. മനുഷ്യശരീരത്തിലെ വിവിധ അംഗങ്ങൾ പരസ്പരം യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമാണ്, ശരീരത്തിന്റെ സമഗ്രമായ വളർച്ച കൈവരുന്നതെന്നപോലെ, ഒന്നിന് മറ്റൊന്നിന്റെ പൂർണ്ണമായ സഹകരണം ആവശ്യമാണെന്നും ലേഖനം അടിവരയിടുന്നു. അധ്വാനമില്ലാതെ മൂലധനത്തിനോ, മൂലധനമില്ലാതെ അധ്വാനത്തിനോ നിലനിൽക്കാനാവില്ല എന്ന ചരിത്രപരമായ ആശയവും പാപ്പാ എടുത്തു പറയുന്നു.

സാമൂഹിക വർഗ്ഗങ്ങൾ തമ്മിലുള്ള ബന്ധം

മറ്റൊരു പ്രയോഗികനിർദേശം, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിലനിൽക്കുന്ന വിവിധ സാമൂഹിക വർഗ്ഗങ്ങൾ തമ്മിലുള്ള ബന്ധമാണ്. ധനികരെയും തൊഴിലാളിവർഗത്തെയും പരസ്പരം യോജിപ്പിക്കുന്നതിലും യോജിപ്പിലേക്ക് കൊണ്ടുവരുന്നതിലും സഭ നൽകുന്ന പ്രവർത്തനങ്ങളെ പലപ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്, ഇന്നും യാഥാർഥ്യമാണ്. എന്നാൽ,  ഇരുവരുടെയും പരസ്പര കടമകളെ ഓർമ്മിപ്പിച്ചുകൊണ്ട്, സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള ആഹ്വാനമാണ് ചാക്രികലേഖനം നൽകുന്നത്. ഇവിടെ തൊഴിലാളികളുടെയും, മുതലാളിമാരുടെയും പ്രത്യേക കടമകളും അടിവരയിട്ടുപറയുന്നു. ഈ കടമകൾ നീതിയുക്തമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ്, പാപ്പാ വിവരിക്കുന്നത്.

ഏല്പിക്കപ്പെട്ടിരിക്കുന്ന ജോലി പൂർണ്ണമായും വിശ്വസ്തതയോടെയും ചെയ്യുക; വസ്തുവിന് കേടുപാടുകൾ വരുത്തുകയോ ഉടമസ്ഥരുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുകയോ ചെയ്യരുത്; ഒരാളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, അക്രമാസക്തമായ പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കുക, അത് ഒരിക്കലും കലാപമാക്കി മാറ്റാതിരിക്കുക; വലിയ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന അനീതി ചെയ്യുന്നവരുമായി  ഇടപഴകരുത്, ഇവയൊക്കെയാണ് തൊഴിലാളികളെന്ന നിലയിൽ ചെയ്യേണ്ടതെന്ന് ഓർമ്മപ്പെടുത്തുന്നു.

അടിമത്ത മനോഭാവം ഒഴിവാക്കുക, ക്രിസ്തീയ സ്വഭാവത്താൽ മഹത്വവൽക്കരിക്കപ്പെട്ട മനുഷ്യ വ്യക്തിയുടെ അന്തസ്സിനെ ബഹുമാനിക്കുക, സ്വന്തം പ്രവൃത്തിയിലൂടെ സത്യസന്ധമായി ജീവിക്കാൻ ഒരുവനെ പ്രാപ്തനാക്കുക, ലാഭത്തിനുവേണ്ടി ഒരു വസ്തുവെന്ന മട്ടിൽ തൊഴിലാളികളെ  ദുരുപയോഗം ചെയ്യാതിരിക്കുക,  തൊഴിലാളിക്ക് തന്റെ മതപരമായ കടമകൾ നിറവേറ്റുന്നതിന് മതിയായ സൗകര്യങ്ങൾ നൽകുക, പ്രായത്തിനോ ലിംഗത്തിനോ അനുയോജ്യമല്ലാത്തതോ, അയാളുടെ ശക്തിക്ക് ആനുപാതികമല്ലാത്തതോ ആയ ജോലി അയാളുടെ മേൽ അടിച്ചേൽപ്പിക്കാതിരിക്കുക, ന്യായമായ പ്രതിഫലം നൽകുക എണ്ണിനങ്ങനെയുള്ള നീതിയുക്തമായ കടമകളാണ് ഒരു മുതലാളി തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും പാപ്പാ പ്രത്യേകം ചാക്രികലേഖനത്തിൽ ഓർമ്മപ്പെടുത്തുന്നു.

സമൂഹം സഭയെ കാണുന്ന രീതിയിലും വ്യത്യാസമുണ്ട്. ക്രിസ്തുവിന്റെ ഉപദേശങ്ങളാലും മാതൃകയാലും നയിക്കപ്പെടുന്ന സഭ, കൂടുതൽ ഉയർന്ന ലക്ഷ്യങ്ങൾ വയ്ക്കുന്നുവെന്നുള്ളത് സമൂഹം അംഗീകരിക്കുന്ന ഒരു സത്യമാണ്. അതിനാൽ, സ്വർഗ്ഗീയവും ശാശ്വതവുമായ വസ്തുക്കൾക്കുവേണ്ടി ഈ ലോകത്തിൽ കഠിനാധ്വാനം ചെയ്യുന്നതിനു ചാക്രികലേഖനം നമ്മെ പ്രചോദിപ്പിക്കുന്നു. അതിനാൽ ഈ ലോകത്തിലെ കഷ്ടതകൾക്ക്, ഉന്നതവും, മഹോന്നതവുമായ ഒരു ഭാവി പ്രത്യാശ പാപ്പാ നൽകുന്നു. അതിനാൽ ഈ ലോകത്തിൽ സമ്പത്തിന്റെ ശരിയായ ഉപയോഗത്തെപ്പറ്റിയും ലിയോ പതിമൂന്നാമൻ പാപ്പാ പറഞ്ഞുവയ്ക്കുന്നു. പരസ്പരം പങ്കുവച്ചുകൊണ്ട്, എല്ലാവരുടെയും നന്മ ലക്‌ഷ്യം വച്ചുകൊണ്ടുള്ള ഒരു ജീവിതമാതൃകയും പാപ്പാ അടിവരയിടുന്നു. ദാരിദ്ര്യത്തിന് പോലും മഹത്തരമായ ഒരു നന്മ പാപ്പാ ചൂണ്ടിക്കാണിക്കുന്നു.  ശാശ്വതമായ ആനന്ദം ജീവിതത്തിൽ കണ്ടെത്തുന്നതിന്, ദാരിദ്ര്യത്തിന്റെ അരൂപി ജീവിതത്തിൽ പുലർത്തുവാൻ പാപ്പാ ആഹ്വാനം  ചെയ്യുന്നു. ഈ അരൂപിയിലാണ് സാഹോദര്യത്തിന്റെ മനോഹാരിത മനസിലാക്കുവാൻ നമുക്ക് സാധിക്കുന്നത്.

ലിയോ പതിമൂന്നാമൻ പാപ്പായെപോലെ, ലിയോ പതിനാലാമൻ പാപ്പായും, സമൂഹത്തിന്റെ ഐക്യത്തിനായി തന്റെ ആദ്യസന്ദേശങ്ങളിൽ തന്നെ ആഹ്വാനം ചെയ്യുന്നതായി നാം ശ്രവിച്ചു. പത്രോസിന്റെ കപ്പൽ എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന, അസമത്വങ്ങൾ മറികടക്കുന്നതും, വേർതിരിവുകൾ ഇല്ലാത്തതുമാണ്. "നമ്മുടെ ചെറു ഗണത്തിൽ ഒതുങ്ങിനിൽക്കാതെയും നാം ലോകത്തിൽ ഉന്നതരാണെന്ന് ചിന്തിക്കാതെയും നമ്മെ നയിക്കേണ്ടത് ഈ പ്രേഷിത ചൈതന്യമാണ്; വ്യത്യാസങ്ങളെ ഇല്ലാതാക്കാതെ, ഓരോ വ്യക്തിയുടെയും വ്യക്തിപരമായ ചരിത്രത്തെയും ഓരോ ജനതയുടെയും സാമൂഹികവും മതപരവുമായ സംസ്കാരത്തെയും വിലമതിക്കുന്ന ഐക്യം സാക്ഷാത്കരിക്കുന്നതിനായി എല്ലാവർക്കും ദൈവസ്നേഹം പകരാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു" എന്നാണ്, തന്റെ സ്ഥാനാരോഹണവേളയിലെ വിശുദ്ധ ബലിമധ്യേ ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 മേയ് 2025, 13:48