ഉപവിയും സൗജന്യ നിസ്വാർത്ഥ സ്നേഹവും വിശ്വാസത്തിൻറെ പൂർത്തീകരണം, കർദ്ദിനാൾ സെമെറാറൊ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്രിസ്തുവിനോടും നമ്മുടെ സഹോദരീസഹോദരന്മാരോടുമുള്ള ഉപവിയും, സ്വതന്ത്രവും നിസ്വാർത്ഥവുമായ സ്നേഹവും വിശ്വാസത്തിൻറെ പൂർത്തീകരണവുമാണെന്നും ഭാവിയിലേക്കുള്ള ഒരു കുതിച്ചുചാട്ടവുമായ അത് സമയത്തിന് പൊരുളേകുന്നുവെന്നും അതിനെ കൂടിക്കാഴ്ചയ്ക്കായുള്ള ഒരു കാത്തിരുപ്പാക്കിമാറ്റുന്നുവെന്നും വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ.
രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തിൽ, 1945 ജനുവരി 22-നും നവമ്പർ 25-നുമിടയ്ക്ക്, പോളണ്ടിൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട 15 സന്ന്യാസിനികളെ മെയ് 31-ന് ശനിയാഴ്ച (31/05/25) അന്നാട്ടിലെ ബ്രനിയേവൊയിൽ വച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച തിരുക്കർമ്മ മദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ഉപവിയും സ്നേഹവും മൂലം ഹൃദയം "നന്മയോട് ഒട്ടിച്ചേർന്നു നിൽക്കുന്നു"വെന്ന്, വിശുദ്ധ പൗലോസിൻറെ ഭാഷ്യത്തിൽ, തിന്മയുടെ മേൽ എന്നും നന്മ വിജയക്കൊടി നാട്ടുന്നു എന്ന ശാശ്വത ചരിത്രസത്യം അതു കണ്ടെത്തുന്നുവെന്ന് കർദ്ദിനാൾ സെമെറാറൊ പറഞ്ഞു.
ഈ ബോദ്ധ്യത്തോടുകൂടിയാണ് ഈ നിണസാക്ഷികൾ അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഏറ്റവും ശക്തരാണെന്നു കരുതപ്പെട്ടിരുന്നവരും ഭൗതികവാദത്താൽ മത്തുപിടിച്ച് ഏക സത്യദൈവത്തെ ദുർബ്ബലവും ക്ഷണികവുമായ മനുഷ്യ വിഗ്രഹങ്ങൾ കൊണ്ടും സ്നേഹത്തിൻറെ സുവിശേഷ സന്ദേശത്തെ വെറുപ്പിൻറെയും അക്രമത്തിൻറെയും പ്രത്യയശാസ്ത്രം കൊണ്ടും മാറ്റിസ്ഥാപിച്ചവരുമായവരുടെ മുമ്പാകെ നിന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.
പരിശുദ്ധ കന്യകാമറിയം പ്രഖ്യാപിക്കുന്ന എളിമയുടെയും ദൈവാശ്രയത്തിൻറെയുമായ നൂതനമായൊരു മാനദണ്ഡം നവവാഴ്ത്തപ്പെട്ടവരായ ഈ പതിനഞ്ചു നിണസാക്ഷികളുടെ, അതായത് വിശുദ്ധ കത്രീനായുടെ സമൂഹത്തിൽപ്പെട്ട മരീ ക്രിഷ്സ്റ്റഫ് ക്ലൊംഫാസിലിൻറെയും പതിനാലു സഹസന്ന്യാസിനികളുടെയും സാക്ഷ്യങ്ങളിൽ പ്രകടമാണെന്ന് കർദ്ദിനാൾ സെമെറാറൊ വിശദീകരിച്ചു.
ഇന്നത്തെ സമൂഹത്തിൽ ഏറെ വ്യാപകമായ വിദ്വേഷത്തിൻറെയും ഭിന്നിപ്പിൻറെയും സംസ്കൃതിയെ ചെറുത്തവരും ദൈവത്തെയും അവിടത്തെ സത്യത്തിൻറെയും ജീവൻറെയും വചനത്തെ നിഷേധിക്കുകയും മാനവാന്തസ്സിനെ ചവിട്ടിമെതിക്കുകയും ചെയ്യുന്നവർക്കു മുന്നിൽ ചരിത്രത്തിലെ ദൈവസാന്നിധ്യത്തിൻറെ അസന്ദിഗ്ദ്ധ സാക്ഷികളുമാണ് അവരെന്ന് അദ്ദേഹം ശ്ലാഘിച്ചു.
ഈ രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനംവഴി അവരുടെ കഥ അനുസ്മരിക്കുന്നത് പ്രതികാരം ചെയ്യാനോ മാനുഷികനീതി നടപ്പാക്കി നഷ്ടപരിഹാരം ആവശ്യപ്പെടാനോ വേണ്ടിയല്ല, പ്രത്യുത, അവർക്ക് ഏറ്റം വിലപ്പെട്ടതായ മാപ്പും ഉപവിയും ഒരോ മനുഷ്യവ്യക്തിയോടുമുള്ള സ്നേഹവും സ്വീകരിക്കാനാണ് എന്ന് കർദ്ദിനാൾ സെമെറാറൊ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: