MAP

കാമറൂണിൽനിന്നുള്ള ഒരു ഫയൽ ചിത്രം കാമറൂണിൽനിന്നുള്ള ഒരു ഫയൽ ചിത്രം 

കാമറൂൺ: ഫാ. വാലെന്തീനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു ബന്ദി മോചിതനായി

മെയ് 7 ബുധനാഴ്ച, ഗരൂവ അതിരൂപതയിൽനിന്ന് ഫാ. വാലെന്തീനൊപ്പം അക്രമികൾ തട്ടികൊണ്ടുപോയവരിൽ ഒരാൾ സ്വാതന്ത്രനാക്കപ്പെട്ടുവെന്ന് ആർച്ച്ബിഷപ് ഫൗസ്തീൻ അംബാസ ഞ്ചോടൊ അറിയിച്ചു. ബന്ദികളിൽ ഒരാൾ മരണമടഞ്ഞിരുന്നു. ഫാ. വാലെന്തീൻ ഇപ്പോഴും അക്രമികളുടെ പിടിയിലാണ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗരൂവ അതിരൂപതയിലെ മദിങ്‌റിംഗിൽ, സ്നാപകയോഹന്നാന്റെ നാമധേയത്തിലുള്ള ഇടവക വികാരിയായ ഫാ. വാലെന്തീൻ മ്പയിബാരെമിനൊപ്പം അക്രമികൾ ബന്ദിയായി തട്ടിക്കൊണ്ടുപോകപ്പെട്ട ഒരാൾ മോചിതനാക്കപ്പെട്ടുവെന്ന് ഗരൂവ അതിരൂപത ആർച്ച്ബിഷപ് ഫൗസ്തീൻ അംബാസ ഞ്ചോടൊ ഫീദെസ് വാർത്താ ഏജൻസിയെ അറിയിച്ചു.

ഗ്വിജ്ജിബയിൽനിന്ന് ച്ചോല്ലിരേയിലേക്കുള്ള വഴിയിൽ സഞ്ചരിക്കവേ മെയ് 7-നാണ് കൂടെയുണ്ടായിരുന്നവർക്കൊപ്പം ഫാ. വാലെന്തീനെ അക്രമികൾ തട്ടിക്കൊണ്ടുപോയത്. ഇവക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. മോശം ആരോഗ്യസ്ഥിതിയിലായിരുന്ന അദ്ദേഹത്തിന് തടവിന്റെ ഭാഗമായുള്ള പ്രശ്നങ്ങളെ അതിജീവിക്കാനായില്ലെന്നാണ് കരുതുന്നതെന്ന് ആർച്ച്ബിഷപ് ഞ്ചോടൊ അറിയിച്ചു.

അക്രമികൾ കഴിഞ്ഞ ദിവസം വിട്ടയച്ചയാൾക്കായി അദ്ദേഹത്തിന്റെ കുടുംബം മോചനദ്രവ്യം നൽകിയോയെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയ അതിരൂപതാദ്ധ്യക്ഷൻ, നിലവിൽ ഫാ. വാലെന്തീൻ അക്രമികളുടെ കൈയ്യിൽ ബന്ദിയായി തുടരുകയാണെന്ന് വ്യക്തമാക്കി.

ഫാ. വാലെന്തീനെ മോചിപ്പിക്കുന്നതിന് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അക്രമികൾ പലരെയും ബന്ധപ്പെട്ടതായി ആർച്ച്ബിഷപ് ഞ്ചോടൊ കഴിഞ്ഞ ദിവസം ഫീദെസ് വാർത്താ ഏജൻസിയെ അറിയിച്ചിരുന്നു. മോചനദ്രവ്യം ലക്ഷ്യമാക്കി നിരവധി ആളുകളെ ഗ്വിജ്ജിബയിൽനിന്ന് ച്ചോല്ലിരേയിലേക്കുള്ള വഴിയിൽനിന്ന് അക്രമികൾ തട്ടിക്കൊണ്ടുപോകാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതാദ്യമായാണ് അക്രമികൾ ഈ പ്രദേശത്ത് ഒരു വൈദികനെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ച്ച ഫാ. വാലെന്തീനുവേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 മേയ് 2025, 17:38