മാവേലിക്കര മലങ്കര രൂപതയ്ക്ക് പുതിയ ഇടയൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കേരളത്തിലെ മലങ്കര കത്തോലിക്കാ സഭയിലെ മാവേലിക്കര രൂപതയുടെ പുതിയ ഇടയനായി മാത്യൂസ് മാർ പോളികാർപ്പോസിനെ സഭയുടെ സിനഡ് മെയ് മാസം മുപ്പതാം തീയതി തിരഞ്ഞെടുത്തു. സഭയുടെ സിനഡിന്റെ തീരുമാനം വത്തിക്കാൻ അംഗീകരിച്ചു. രൂപതയുടെ മെത്രാനായി സേവനം ചെയ്തുവന്ന ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവ്, വിരമിക്കുവാനുള്ള പ്രായം എത്തിയതോടെ സമർപ്പിച്ച രാജി സഭയുടെ സിനഡ് അംഗീകരിച്ചതോടെയാണ്, പുതിയ മെത്രാനെ തിരഞ്ഞെടുത്തത്.
തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായ മെത്രാനായി സേവനം അനുഷ്ഠിച്ചു വരവെയാണ് മാത്യൂസ് മാർ പോളികാർപ്പോസ് പിതാവിനെ മാവേലിക്കര ഭദ്രാസനത്തിന്റെ അധ്യക്ഷനായി സിനഡ് തിരഞ്ഞെടുത്തത്. 1955 നവംബർ 10 ന് മനക്കരകാവിൽ കുടുംബത്തിൽ ജനിച്ച മാത്യൂസ് മാർ പോളികാർപ്പോസ് തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വിദ്യാഭ്യാസം പൂർത്തിയാക്കി 1982 ഡിസംബർ 18 ന് വൈദികനായി അഭിഷിക്തനായി.
ഇന്ത്യയിലെ വിവിധ സർവകലാശാലകളിലും, പാരീസിലെ കത്തോലിക്കാ സർവ്വകലാശാലയിലും ഉന്നതവിദ്യാഭ്യാസാം നടത്തിയ അദ്ദേഹം, കേരളത്തിലെ മാർ ഇവാനിയോസ് കോളജിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2022 മെയ് 7-നാണ് തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. അതേവർഷം, ജൂലൈ മാസം പതിനഞ്ചാം തീയതിയാണ്, അദ്ദേഹം മെത്രാനായി അഭിഷിക്തനായത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: