MAP

തകർന്ന ദേവാലയത്തിന് മുന്നിൽ വിശുദ്ധ ബലിയർപ്പണം - മണ്ഡലൈ അതിരൂപതയിൽനിന്നുള്ള ഒരു ദൃശ്യം തകർന്ന ദേവാലയത്തിന് മുന്നിൽ വിശുദ്ധ ബലിയർപ്പണം - മണ്ഡലൈ അതിരൂപതയിൽനിന്നുള്ള ഒരു ദൃശ്യം 

മ്യാന്മറിനായി ലിയോ പതിനാലാമൻ പാപ്പായുടെ സഹായമപേക്ഷിച്ച് മണ്ഡലൈ അതിരൂപത

സംഘർഷങ്ങളും അടുത്തിടെയുണ്ടായ ഭൂമികുലുക്കവും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മ്യാന്മറിലെ മണ്ഡലൈ അതിരൂപതയ്ക്ക് കീഴിലുള്ള സഭാസമൂഹങ്ങൾക്കായി ലിയോ പതിനാലാമൻ പാപ്പായുടെ സഹായമപേക്ഷിച്ച് അതിരൂപതാ വികാരി ജനറൽ, ഫാ. പീറ്റർ ക്യി മൗങ്. ബുദ്ധിമുട്ടിന്റെ ഈ നിമിഷത്തിൽ അനേകർക്ക് തങ്ങൾ ദൈവകാരുണ്യത്തിന്റെ ഉപകാരണങ്ങളാണെന്നും, അതുകൊണ്ടുതന്നെ ലോകമാസകലമുള്ള വിശ്വാസിസമൂഹത്തിന്റെ സഹായം തങ്ങൾക്ക് ആവശ്യമുണ്ടെന്നും ഫാ. മൗങ് ഫീദെസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധത്തിന്റെയും വിവിധ കഷ്ടപ്പാടുകളുടെയും മുന്നിൽ വലയുന്ന തങ്ങളുടെ സമൂഹത്തിൽ പ്രത്യാശ പുനഃസ്ഥാപിക്കാനും, സഭാസമൂഹങ്ങൾ വീണ്ടും ശക്തിപ്പെടുത്താനും സഹായം ആവശ്യമുണ്ടെന്ന് മണ്ഡലൈ അതിരൂപതാ വികാരി ജനറൽ, ഫാ. പീറ്റർ ക്യി മൗങ്. മാർച്ച് 28-ന് ഉണ്ടായ കടുത്ത ഭൂമികുലുക്കത്തിൽ മണ്ഡലൈ രൂപതയുടേതുൾപ്പെടെ വിവിധ കെട്ടിടങ്ങൾ തകർന്നുവെന്ന് അദ്ദേഹം ഫീദെസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

അതിരൂപതയുടെ വിവിധ ആരാധനാ, അജപാലനകേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അവ എത്രയും വേഗം പുനഃരുദ്ധരിക്കേണ്ടതുണ്ടെന്നും പറഞ്ഞ ഫാ. മൗങ്, തങ്ങൾക്ക് ആഗോളവിശ്വാസസമൂഹത്തിന്റെ സഹായം ആവശ്യമുണ്ടെന്ന് വ്യക്തമാക്കി. ദൈവജനത്തിന്റെ ആധ്യാത്മിക, സാമൂഹിക ജീവിതം പുനഃരാരംഭിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസത്തോടെയും സഹനശക്തിയോടെയും വീണ്ടും ഊർജ്ജസ്വലരായി പ്രവർത്തിക്കാൻ ആളുകളെ സഹായിക്കാൻ തങ്ങൾക്കുള്ള കടമ ഓർമ്മിപ്പിച്ച ഫാ. മൗങ്, ഈ ബുദ്ധിമുട്ടിന്റെ സമയത്ത്, കഷ്ടപ്പെടുന്ന അനേകായിരങ്ങൾക്ക് തങ്ങൾ ദൈവകാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉപകാരണങ്ങളാണ് തങ്ങളെന്നും അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ സഹായം തങ്ങൾക്ക് ആവശ്യമുണ്ടെന്നും പ്രസ്താവിച്ചു.

ബുദ്ധിമുട്ടുകളുടെയും കടുത്ത പ്രതിസന്ധികളുടെയും ഇടയിലൂടെ കടന്നുപോകുന്ന മ്യാന്മാറിലെ കത്തോലിക്കർ ലിയോ പതിനാലാമൻ പാപ്പായുടെ തിരഞ്ഞെടുപ്പിനെ ഏറെ സന്തോഷപൂർവ്വമാണ് സ്വീകരിച്ചതെന്നും, മണ്ഡലൈ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് മാർകോ റ്റിൻ വിൻ, ലിയോ പാപ്പായ്ക്ക് ആശംസകളേകിയെന്നും വ്യക്തമാക്കിയ വികാരി ജനറൽ, മ്യാന്മറിൽ സമാധാനത്തെ പിന്തുണയ്ക്കാനായി അദ്ദേഹം പാപ്പായുടെ സഹായം അപേക്ഷിച്ചുവെന്ന് അറിയിച്ചു. പരിശുദ്ധ പിതാവിന്റെ തിരഞ്ഞെടുപ്പ് കത്തോലിക്കർ മാത്രമല്ല, ബുദ്ധമതവിശ്വാസികളും ഇസ്ലാം മതവിശ്വാസികളും പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളും താല്പര്യത്തോടെയാണ് വീക്ഷിച്ചതെന്നും, ഇത് ക്രൈസ്തവസാക്ഷ്യത്തിന്റെയും സുവിശേഷവത്കരണത്തിന്റെയും ഒരു നിമിഷമായിരുന്നുവെന്നും അദ്ദേഹം ഫീദെസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

കോൺക്ലേവിൽ സംബന്ധിച്ച മ്യാന്മാറിൽനിന്നുള്ള കർദ്ദിനാൾ ചാൾസ് മൗങ് ഡോ, മ്യാന്മറിനെ വിസ്മരിക്കരുതേയെന്ന് പാപ്പായോട് അപേക്ഷിച്ചുവെന്നും, അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിച്ചുവെന്നും ഫാ. മൗങ് അറിയിച്ചു. മ്യാന്മറിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള പാവപ്പെട്ടവരുടെയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും സഹനങ്ങളിലൂടെ കടന്നുപോകുന്ന അഭയാർത്ഥികളുടെയും കാര്യത്തിൽ ലിയോ പതിനാലാമൻ പാപ്പാ ശ്രദ്ധാലുവായിരിക്കുമെന്ന് തങ്ങൾക്കുറപ്പുണ്ടെന്ന് ഡൊമിനിക്കൻ വൈദികനായ ഫാ. പോൾ ഔങ് മിന്റ് പറഞ്ഞുവെന്ന് ഫീദെസ് എഴുതി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 മേയ് 2025, 14:43