MAP

റേരും നൊവാരും ചാക്രികലേഖനം റേരും നൊവാരും ചാക്രികലേഖനം  

"റേരും നൊവാരും": ഒരു പുനർവായന

ലിയോ പതിമൂന്നാമൻ രചിച്ച സാമൂഹിക ചാക്രികലേഖനമായ റേരും നൊവാരും 1891 മെയ് മാസം പതിനഞ്ചാം തീയതിയാണ് പ്രസിദ്ധീകരിച്ചത്. ലിയോ പതിനാലാമൻ പാപ്പാ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ ഒരിക്കൽ കൂടി ഈ ചാക്രികലേഖനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ അടിവരയിടുന്നു. റേരും നൊവാരും ചാക്രികലേഖനത്തെക്കുറിച്ചുള്ള അപഗ്രഥനം ഒന്നാം ഭാഗം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കത്തോലിക്കാ സഭയുടെ 267 മത് പരമാധ്യക്ഷനായി അമേരിക്കൻ വംശജനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ, കർദിനാൾമാരുടെ കോൺക്ലേവ് പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ തിരഞ്ഞെടുത്തപ്പോൾ, ആകാംക്ഷയോടെ വിശ്വാസികൾ കാത്തിരുന്ന മറ്റൊരു കാര്യമാണ്: അദ്ദേഹം ഏത് പേര് സ്വീകരിക്കും എന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഈ സന്തോഷവാർത്ത, ലോകത്തെ അറിയിച്ച കർദിനാൾ ഡൊമിനിക്ക് മംബെർത്തി, പരിശുദ്ധ റോമാസഭയിലെ അഭിവന്ദ്യ കർദ്ദിനാൾ കർദിനാൾ റോബെർട്ട്  ഫ്രാൻസിസ് പ്രെവൊസ്റ്റ്,   ലിയോ പതിനാലാമൻ , എന്ന പേര് തനിക്കായി തിരഞ്ഞെടുത്തു എന്ന് പറഞ്ഞപ്പോൾ, ഒരു പക്ഷെ കൂടി നിന്ന നിരവധിയാളുകളുടെ ചിന്തകൾ മറ്റൊരാളിലേക്ക് കടന്നുചെന്നിരിക്കും. അത് മറ്റാരുമല്ല, ലിയോ പതിമൂന്നാമൻ പാപ്പായും അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ 'റേരും നോവാരും' എന്ന ചാക്രികലേഖനവുമാണ്.

1891, മെയ് മാസം പതിനഞ്ചാം തീയതിയാണ് 'റേരും നോവാരും' ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്.  134 വർഷങ്ങൾക്കിപ്പുറം ഈ ചാക്രികലേഖനത്തിന്റെ പ്രസിദ്ധീകരണ വാർഷികം ആഘോഷിക്കുമ്പോൾ, നമ്മുടെ പരിശുദ്ധ പിതാവിന്റെ പേര്, ലിയോ പതിനാലാമൻ ആണെന്നുള്ളത്, ഏറെ പ്രാധാന്യം പ്രദാനം ചെയ്യുന്നു. സഭയുടെ സാമൂഹ്യ സിദ്ധാന്തങ്ങൾക്ക് അടിത്തറ നൽകിയ ഒരു രേഖകൂടിയാണിത്. തൊഴിൽ, ശമ്പളം, സ്വകാര്യസ്വത്തുക്കൾ, പുതിയ പ്രത്യയശാസ്ത്രങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, കുടുംബങ്ങളുടെ അവകാശങ്ങൾ, എന്നിങ്ങനെയുള്ള വിവിധങ്ങളായ കാര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട്, ലിയോ പതിമൂന്നാമൻ പാപ്പാ, സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ നീതിയുറപ്പാക്കുവാൻ സഭയ്ക്കുള്ള ഉത്തരവാദിത്വത്തെ എടുത്തു കാണിച്ചു.

ലിയോ പതിമൂന്നാമൻ തുടക്കം കുറിച്ച വിപ്ലവാത്മകമായ ഈ ആശയങ്ങളെ തുടർന്നും സഭയെ നയിച്ച വിവിധ പരിശുദ്ധ പിതാക്കന്മാർ പിന്താങ്ങിയിട്ടുണ്ട്. പതിനൊന്നാം പീയൂസ് പാപ്പായുടെ ക്വദ്രജെസിമൂസ് ആന്നോ, ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ മാത്തർ എത്ത് മജിസ്ത്ര, പാചെം ഇൻ തെറിസ്, രണ്ടാം  വത്തിക്കാൻ സൂനഹദോസിന്റെ ഗൗദിയും എത്ത് സ്‌പേസ്, പോൾ ആറാമൻ പാപ്പായുടെ പോപ്പുളോരും  പ്രോഗ്രെസിയോ, ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ലബോരേം എക്സർചെൻസ്, സൊള്ളിച്ചിത്തുദോ റെയ് സോചാലിസ്, ചെന്തെസിമൂസ് ആന്നൂസ്, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ കാരിത്താസ് ഇൻ വേരിത്താതെ, ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സി എന്നിവ അതിനു ഉദാഹരണങ്ങളാണ്.  

ലേഖനത്തിന്റെ ചരിത്ര പശ്ചാത്തലം

റേരും നൊവാരും എന്ന ചാക്രികലേഖനം വ്യാവസായിക വിപ്ലവത്തോടെ സംഭവിച്ചുകൊണ്ടിരുന്ന വെല്ലുവിളികളെയും സാമൂഹിക മാറ്റങ്ങളെയും വിശകലനം ചെയ്തുകൊണ്ട്, ഭാവിയിൽ ഉടലെടുത്തേക്കാവുന്ന മാറ്റങ്ങളെ മുൻകൂട്ടിക്കാണുകയും, അതിനോട് പ്രതികരിക്കുകയും ചെയ്യുന്നു. ആദ്യ ചരിത്ര സന്ദർഭം  എന്ന് പറയുന്നത് വ്യാവസായിക വിപ്ലവം തന്നെയാണ്. ഫാക്ടറികൾ, നഗരവത്ക്കരണം  എന്നിവ അഭൂതപൂർവ്വമായ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവന്നപ്പോൾ, ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നത് പാവപ്പെട്ട തൊഴിലാളികൾക്കായിരുന്നു. ഏറെ കഠിനമായ ജോലികൾ, നീണ്ട തൊഴിൽ മണിക്കൂറുകൾ, കുറഞ്ഞ വേതനം, അസ്ഥിരമായ ജീവിതസാഹചര്യങ്ങൾ എന്നിവ, മനുഷ്യ ജീവിതത്തിൽ ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. മനുഷ്യന്റെ വിലാപം, ഒരുപക്ഷെ യന്ത്രങ്ങളുടെ ആക്രോശങ്ങളിൽ മുങ്ങിപ്പോയതിനാൽ, ആർക്കും അവരെ കേൾക്കുവാൻ സാധിച്ചില്ല. ഈ ഒരു സാഹചര്യത്തിലാണ്, ലിയോ പതിമൂന്നാമൻ പാപ്പാ, സഭയുടെ സാമൂഹ്യബോധത്തെ ഉണർത്തുംവണ്ണം, ഈ ചാക്രികലേഖനം രചിക്കുന്നത്. 

മറ്റൊരു ചരിത്രപശ്ചാത്തലം, സോഷ്യലിസത്തിന്റെ ഉദയമാണ്. സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ മുതലാളിത്തത്തിന് ബദൽ പരിഹാരങ്ങൾ നിർദ്ദേശിച്ചപ്പോൾ, അവർ അതിന്റെ കൂടെ  നിരീശ്വരവാദ ദർശനത്തെയും, സ്വകാര്യ സ്വത്തിനോടുള്ള  നിരാകരണത്തെയും പ്രോത്സാഹിപ്പിക്കുവാൻ ശ്രമിച്ചു. പാവങ്ങളായ തൊഴിലാളികൾ ആശയങ്ങളുടെ പിന്നാലെ പോയപ്പോൾ, പിന്നീട് അവർക്കു മനസിലായി അവരുടെ വിശ്വാസവും, ജീവിതത്തിന്റെ അർത്ഥവുമെല്ലാം നഷ്ടപ്പെട്ടുപോകുന്നുവെന്ന്. ഈ ഒരു സാഹചര്യത്തിലാണ്, വിശ്വാസം നിലനിർത്തിക്കൊണ്ടും, സ്വകാര്യസ്വത്തിനെ നിരാകരിക്കാതെയും എപ്രകാരം, അന്തസോടെ തൊഴിലിടങ്ങളിൽ ആയിരിക്കാമെന്നു പഠിപ്പിച്ചുകൊണ്ട് ഈ ചാക്രികലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്.

വിവിധങ്ങളായ സാമൂഹിക പ്രശ്നങ്ങളും ഈ ചാക്രികലേഖനത്തിന്റെ രചനയ്ക്ക് പശ്ചാത്തലമായി. അവയിൽ ഏറ്റവും എടുത്തു പറയേണ്ടുന്നത്; സാമൂഹിക നീതിയുടെ ഉന്മൂലനം, തൊഴിലാളികളുടെ അവകാശലംഘനങ്ങൾ, മനുഷ്യാന്തസ്സിനെ ഹനിക്കുന്ന ശൈലികൾ, പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്ന പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത എന്നിവയാണ്. സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ പ്രതിഫലനമാണ് ഈ ചാക്രികലേഖനം. ദ്രുതഗതിയിലുള്ള വ്യാവസായിക, സാങ്കേതിക വികസനം, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള മാറിക്കൊണ്ടിരിക്കുന്ന ബന്ധം, വർദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിനിടയിലും, ഏതാനും ചിലരുടെ കൈകളിൽ സമ്പത്തിന്റെ അതിരുകടന്ന കേന്ദ്രീകരണം, തൊഴിലാളികളുടെ കൂട്ടായ അവബോധം ശക്തിപ്പെടുത്തുന്നതിനൊപ്പം ചില തലങ്ങളിൽ ഉണ്ടായ  ധാർമ്മിക തകർച്ച എന്നിവയെ ഈ ചാക്രികലേഖനം എടുത്തു കാണിക്കുന്നു.

സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളിൽ സഭയുടെ പങ്ക്

ആധുനിക ഘട്ടത്തിൽ, സാമൂഹിക ചാക്രികലേഖനങ്ങളുടെ പാരമ്പര്യം ആരംഭിക്കുന്നത് റേരും നോവാരും പ്രസിദ്ധീകരിക്കുന്നതിലൂടെയാണ്. എന്നാൽ ഈ തുടക്കം പിന്നീട് സാമ്പത്തികവും സാമൂഹികവുമായ ചിന്തയുടെ ഒരു നാഴികക്കല്ലായി മാറിയെന്നുള്ളത് സത്യം. ഒരു വശത്ത് രണ്ടാം വ്യാവസായിക വിപ്ലവത്തിന് തയ്യാറെടുക്കുകയും മറുവശത്ത് മാർക്സിസ്റ്റ് ചിന്ത പ്രചരിക്കുകയും ചെയ്ത ഒരു ചരിത്ര കാലഘട്ടത്തിൽ, തൊഴിലാളികളെ വെറും വസ്തുക്കളായി മാത്രം കരുതുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ, ലിയോ പതിമൂന്നാമൻ പാപ്പാ, ശക്തമായ ഭാഷയിൽ പാവപ്പെട്ടവരുടെ ശബ്ദമായി മാറുന്നു. തൊഴിലിന്റെ ലോകം  മാറ്റങ്ങൾക്കു വിധേയപ്പെടുമ്പോഴും, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണ്ടത് ആവശ്യമാണെന്നു പ്രത്യേകം ഈ ലേഖനം അടിവരയിടുമ്പോൾ, ഈ രേഖയുടെ വർത്തമാനകാല പ്രാധാന്യം ഒഴിവാക്കുവാൻ നമുക്ക് സാധിക്കുകയില്ല.

സോഷ്യലിസം തൊഴിൽ പ്രശ്നങ്ങളെ പരിഹരിക്കുന്നില്ല

വികാരങ്ങളെ പ്രത്യേകമായി ഉണർത്തുന്ന പ്രത്യയശാസ്ത്രങ്ങൾ എന്നും സമൂഹത്തിൽ ഉയർന്നുവന്നിട്ടുണ്ട്, അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സോഷ്യലിസ്റ്റ് ചിന്താഗതികൾ. എന്നാൽ ലിയോ പതിമൂന്നാമൻ പാപ്പാ തന്റെ ചാക്രികലേഖനത്തിൽ അടിവരയിടുന്നത്, ദരിദ്രരായ ആളുകൾക്കിടയിൽ സമ്പന്നരോടുള്ള വിദ്വേഷം ഇളക്കിവിടുകയും, വ്യക്തിപരമായ സമ്പത്ത് നിരാകരിച്ചുകൊണ്ട്, എല്ലാം പൊതു സ്വത്താക്കി മാറ്റുവാനുള്ള പരിശ്രമങ്ങൾ മുൻനിർത്തുകയും ചെയ്യുന്നത്, യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ല എന്ന സത്യം തിരിച്ചറിയണം എന്നുള്ളതാണ്. എന്നാൽ ഈ രീതിയിൽ, തർക്കങ്ങൾ പരിഹരിക്കുന്നതിനുപകരം, തൊഴിലാളികൾക്ക് തന്നെ ദോഷം വരുത്തുന്നു. അതിനാൽ തൊഴിലാളികൾ തങ്ങളുടെ  ജോലിയിലൂടെ  യഥാർത്ഥവും പൂർണ്ണവുമായ അവകാശം  നേടിയെടുക്കുവാൻ സാധിക്കണം എന്നുള്ളതാണ് പാപ്പാ മുൻപോട്ടു വയ്ക്കുന്ന ആശയം.

മറ്റൊന്ന്, സോഷ്യലിസ്റ്റ് ആശയങ്ങൾ സ്വയാവബോധത്തിന്റെയും, ആത്മാവിഷ്കാരത്തിന്റെയും സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നു എന്നുള്ളതാണ്. മറ്റു മൃഗങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന ബുദ്ധിയുടെയും, വൈഭവത്തിന്റെയും, വിവേചനശക്തിയുടെയും മഹത്തായ പദവിയിൽ ചരിക്കുവാൻ, സോഷ്യലിസം മനുഷ്യനെ അനുവദിക്കുന്നില്ല. അതിനാൽ വ്യക്തിപരമായ സ്വത്ത് മനുഷ്യജീവിതത്തിൽ ഉണ്ടായിരിക്കേണ്ടതും, അതിൽ അവൻ സ്വയം ജീവിതത്തിന്റെ അർത്ഥം  കണ്ടെത്തുന്നതിനും, മറ്റുള്ളവരുമായി ചേർന്ന് സമൂഹനിർമിതിയിൽ ഭാഗഭാക്കാകേണ്ടതിന്റെ ആവശ്യകത ലിയോ പതിമൂന്നാമൻ പാപ്പാ തന്റെ ചാക്രികലേഖനത്തിൽ അടിവരയിടുന്നു.

അതിനാൽ സ്വകാര്യ സ്വത്ത് ഒരു സ്വാഭാവിക അവകാശം ആണെന്നാണ് പാപ്പാ പറഞ്ഞുവയ്ക്കുന്നത്. നിത്യനിയമത്തിനും ദൈവത്തിന്റെ സാർവത്രിക കരുതലിനും കീഴിലുള്ള മനുഷ്യൻ, സ്വയം കരുതലിനായി സ്വത്ത് കൈവശം വയ്‌ക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു പറയുന്നു. മുഴുവൻ മനുഷ്യവർഗത്തിന്റെയും ഉപയോഗത്തിനും ആസ്വാദനത്തിനുമായി ദൈവം ഭൂമിയെ നൽകിയെന്ന വസ്തുത ഒരു തരത്തിലും സ്വകാര്യ സ്വത്തിന്റെ അവകാശത്തെ എതിർക്കുന്നില്ല; കാരണം അവൻ ആ സമ്മാനം എല്ലാവർക്കും നൽകിയത്, ഓരോരുത്തർക്കും അവരുടേതായ വൈഭവത്തിൽ സമൂഹത്തിന്റെ നന്മയ്ക്ക് യോജിച്ചവിധം പ്രയോജനം ഉളവാക്കുന്നതിനു വേണ്ടിയാണ്. ഇവിടെ മനുഷ്യൻ തന്റെ വ്യക്തിത്വത്തിന്റെ മുദ്ര പതിച്ചിരിക്കുന്നു എന്നുകൂടി പറഞ്ഞുകൊണ്ടാണ്, ലിയോ പതിമൂന്നാമൻ പാപ്പാ ഈ ആശയം ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 മേയ് 2025, 13:15