നിരാശയിൽനിന്ന് നമ്മെ വീണ്ടെടുക്കുന്ന ഉത്ഥിതനായ ക്രിസ്തു
ഫാ. പീറ്റർ ടാജീഷ് O de M.
മടങ്ങി വരവുകൾ എന്നും മിഴിവുളതാണ് കാരണം അതിൽ നിറയുന്നത് മുഴുവൻ സ്നേഹം മാത്രമല്ല മറിച്ചു പറയാതെയും, നിറവേറ്റാതെയും പോയ കടങ്ങൾ കൂടി നിറവേറ്റുന്നതിന്റെ സന്തോഷം കൂടിയാണ്.
ഉയിർത്ത ക്രിസ്തു തന്റെ ശിക്ഷ്യരിലേക്ക് മടങ്ങുവരുന്ന മിഴിവുള്ള ഒരു വചന ഭാഗമാണ് യോഹന്നാൻ സുവിശേഷകൻ നമുക്കായി പങ്കുവയ്ക്കുന്നത്. ഈ മടങ്ങിവരവിന് രണ്ട് പ്രത്യേകതകളാണുള്ളത്, ഒന്ന് ക്രിസ്തുവിന്റെ കുരിശുമരണത്തിനും, ഉയിർപ്പിനും ശേഷമുള്ള മടങ്ങി വരവാണ്. രണ്ടാമതായി ഭീകരമായ ക്രിസ്തുവിന്റെ കുരിശു മരണത്തിനും സഹനങ്ങൾക്കും സാക്ഷിയായ അവരിൽ, ആ ക്രിസ്തുശിഷ്യരിൽ ഒരുവേള അവരുടെ വിശ്വാസത്തിലും ശിഷ്യത്വത്തിലും ഇടറിപ്പോവുകയും ആ ഇടർച്ച ശിഷ്യരാകുന്നതിന് മുമ്പുള്ള ജീവിതത്തിലേക്ക് അവരെ നയിക്കുന്നതിനും ഇടയാകുന്ന സമയത്താണ് ക്രിസ്തു ആ മനുഷ്യരിലേക്ക് മടങ്ങിയെത്തുന്നത്. അവരെ വീണ്ടെടുക്കുവാൻ.
ഒരു വസന്തം മടങ്ങിയെത്തുന്ന തിരിച്ചറിവാണ് ഈ മടങ്ങിവരവ് ക്രിസ്തുവിനും ശിഷ്യർക്കും സമ്മാനിക്കുന്നത്.
ഞാൻ മീൻ പിടിക്കാൻ പോകുന്നു എന്ന പത്രോസ് വാക്യത്തിൽ ഇടറിപ്പോകുന്ന ഒരു ശിഷ്യന്റെ പരിഭ്രാന്തിയും പരിഭവവും നമുക്ക് വായിച്ചെടുക്കാനാവും. അവന് പിന്നാലെ ഒത്തിരി സ്വപ്നങ്ങളോടെ നടന്നവരാണ്, അവന്റെ അത്ഭുതങ്ങളുടെ മിഴിവിൽ നിന്നിട്ടുണ്ട്, പ്രബോധനങ്ങളിൽ ആശ്ചര്യമുണ്ടായിട്ടുണ്ട്, അവന്റെ അടയാളങ്ങളിലും, അവൻ ചെയ്ത പ്രവർത്തികളും ഉള്ളിൽ അത്ഭുതത്തിന്റെ മഴവില്ല് ഹൃദയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. എന്നിട്ടും ഒരു കുരിശിലേക്ക് അവൻ നടന്നു പോയി. പാപി എന്ന മുദ്രകുത്തി കുരിശുമരണം അവൻ ഏറ്റുവാങ്ങി. സകലതും അവസാനിച്ചു എന്ന ചിന്തയിലാണ് പത്രോസ് ശ്ലീഹ കൂടെയുള്ള തന്റെ സഹോദരങ്ങളോട് പറയുന്നത് ഞാൻ മീൻ പിടിക്കാൻ പോകുന്നുവെന്ന്. അവരും അയാളെ അനുഗമിക്കുകയാണ് കാരണം അവരുടെ ഉള്ളിലും അലതല്ലുന്നത് സംഘർഷത്തിന്റെ വേലിയേറ്റങ്ങൾ തന്നെയാണ്.
ഒരു രാത്രി മുഴുവൻ അവർ അധ്വാനിക്കുകയാണ് ഒന്നും നേടാനാവാതെ, ആഗ്രഹിച്ചതൊന്നും കൈപ്പിടിയിൽ ഒതുക്കാനാവാതെ, സമരമുഖത്ത് അവർ അങ്ങനെ ഒറ്റപ്പെട്ട് നിൽക്കുമ്പോൾ അവരിലേക്ക് കടന്നു വരുന്നവന്റെ പേരാണ് ക്രിസ്തു.
നിന്റെ ജീവിതത്തിലേക്ക് അയാൾ പ്രവേശിക്കുന്നത് സകലരും നിന്നെ കൈയൊഴിയുകയും, സംഘർഷങ്ങളുടെ മരുഭൂമിയിൽ നീ ഒറ്റപ്പെട്ടു പോവുകയും ചെയ്യുമ്പോഴാണ്. സമാധാനം ആശംസിച്ചുകൊണ്ട്, ഒരു കുളിർ മഴയായി അയാൾ നിന്നിലേക്ക് പെയ്തിറങ്ങുകയാണ്. അതാണ് അയാൾക്ക് നൽകുവാനുള്ള ഉയിർപ്പിന്റെ സമ്മാനവും.
തിബരിയുസ് കടപ്പുറം ഒരാളുടെ സംഘർഷങ്ങളുടെ ഭൂമി മാത്രമല്ല മറിച്ച് ആ സംഘർഷങ്ങളിൽ ഒരാൾ കണ്ടുമുട്ടുന്ന ക്രിസ്തുവിന്റെ ഇടം കൂടിയാണെന്ന് സുവിശേഷം നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. ഒരുതരത്തിൽ ഈ ക്രിസ്തു ശിഷ്യരും ചിതറിക്കപ്പെട്ട അവരുടെ അവസ്ഥകളിലും അവരുടെ ആത്മസംഘർഷങ്ങളിലും ഈ ഒരു കണ്ടുമുട്ടലാണ് അവരുടെ ജീവിതത്തിന്റെ ഉയിർപ്പായി മാറുന്നത്. കടപ്പുറത്ത് ഉയിർത്ത ക്രിസ്തു മാത്രമല്ല, മറിച്ച് വീണുപോയ തന്റെ ശിഷ്യരെ ഉയർപ്പിക്കുന്ന കർത്താവും കൂടെ ഉണ്ടെന്ന് തിരിച്ചറിയുന്നത് ഈ വീണ്ടെടുപ്പിന്റെ സാക്ഷ്യമായി പരിണമിക്കുകയാണ്.
എന്ത് മിഴിവോടെയാണ് കർത്താവ് അവരോട് ചോദിക്കുന്നത് കുഞ്ഞുങ്ങളെ നിങ്ങൾക്ക് വല്ലതും ലഭിച്ചോയെന്ന്. ഒരു രാത്രിയാണ് അവർ കടലുമായി മത്സരിക്കുന്നത്. കടലിന്റെ ആഴം അറിഞ്ഞ, മത്സ്യങ്ങളുടെ സാന്നിധ്യം മനസ്സിലാക്കുന്ന ആ മുക്കുവർക്ക് മുമ്പിൽ അന്ന് കടലും സമരം ചെയ്തുകൊണ്ടിരിക്കുകയാണ്, മത്സ്യങ്ങളും ഒളിച്ചുകളിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്തൊക്കെ പ്രയത്നിച്ചിട്ടും, എങ്ങനെയൊക്കെ അധ്വാനിച്ചിട്ടും ഒന്നും നേടാതെ പോകുന്ന ആ രാത്രിയിലും ക്രിസ്തു ഒത്തിരി വാത്സല്യത്തോടെയാണ് അവരോട് ചോദിക്കുന്നത് കുഞ്ഞുങ്ങളെ നിങ്ങൾക്ക് വല്ലതും ലഭിച്ചോ എന്ന്.
സമർപ്പണത്തിന്റെ നാൾവഴി പുസ്തകത്തിൽ നിന്ന് ഊർന്നിറങ്ങിപ്പോയി, വിശ്വസ്തതയുടെ വാതിലുകളും ജനലുകളും അടച്ചുവച്ച് അധ്വാനത്തിൽ ഏർപ്പെടുന്നവർ തികച്ചും കുഞ്ഞുങ്ങളാണ്.
മറ്റൊരു രീതിയിൽ ഈ ചോദ്യത്തെ അവതരിപ്പിക്കേണ്ടത് ഇങ്ങനെയാണ്; ഞാൻ ഇല്ലാതെ പോയ വഴികളിൽ, എന്റെ സാന്നിധ്യം ആഗ്രഹിക്കാതെയും, നിലനിർത്താതെയും പോയ വഴികളിൽ നിങ്ങൾക്ക് വല്ലതും ലഭിച്ചൊയെന്ന്.
ക്രിസ്തുവില്ലാത്ത വഴികൾ അർത്ഥശൂന്യമാണെന്നും, അതിലെ പ്രയത്നങ്ങൾ പാഴായി പോകുന്നുവെന്നും ഈ വചനം നമ്മളെ പഠിപ്പിക്കുന്നുണ്ട്. നമ്മുടേതായ വഴികൾ എത്ര വ്യക്തതയോടെ നമുക്ക് രൂപപ്പെടുത്താൻ സാധിച്ചാലും അതിൽ ക്രിസ്തുവില്ലാതെ പോകുമ്പോൾ ഒരാൾ അനുഭവിക്കുന്ന ശൂന്യതയാണ് ഈ കടൽ തീരത്ത് പത്രോസും മറ്റു ശിഷ്യരും അനുഭവിച്ചറിഞ്ഞത്.
അറിവും ബുദ്ധിയും ബോധവും ദൈവവും ഇല്ലാത്ത ഇടങ്ങളിൽ സകലതും പാഴായി പോകുന്നുണ്ടെന്ന് ഓർക്കുക. എത്രയൊക്കെ കണക്കുകൂട്ടലുകൾ നടത്തിയാലും, എന്തൊക്കെ കാര്യങ്ങൾ കൂട്ടിയും കുറച്ചും ബോധ്യപ്പെടുത്തിയാലും ക്രിസ്തുവില്ലാതെ പോകുന്നയിടങ്ങൾ പാഴായിപ്പോകുന്ന ശ്രമങ്ങളായി മാറിയേക്കാം, അത് നമ്മളെ താഴ്ത്തി കെട്ടിയേക്കാം.
അവരെ തേടിയാണ് കർത്താവ് എത്തുന്നത്. അയാൾക്ക് അങ്ങനെയാവാനേ സാധിക്കൂ കാരണം നല്ല മനസ്സുള്ള, നന്മയുള്ള ദൈവപുത്രനാണ് അയാൾ. നഷ്ടപ്പെട്ടതിനെ തേടി കണ്ടെത്തുന്നതിനും, മുറിവേറ്റതിനെ സൗഖ്യപ്പെടുത്തുവാനും ഇറങ്ങിത്തിരിച്ച ദൈവപുത്രൻ. അയാൾ തിബേരിയുസ് കടൽത്തീരത്തേക്ക് തിരികെ വന്നു തന്റെ ശിഷ്യരെ വീണ്ടെടുത്തുവെന്നതും അഴകുള്ള ഒരു സുവിശേഷമാണ്.
അയാൾ ഏറ്റവും ഭംഗിയോടെയാണ് അവരുടെ സ്നേഹത്തെ ഊട്ടി ഉറപ്പിക്കുന്നത്. ശിമയോനോട് നീ എന്നെ സ്നേഹിക്കുന്നുവോ എന്ന മൂന്നു ചോദ്യത്തിൽ ആവർത്തനമല്ല സുവിശേഷം നൽകുന്നത്. മറിച്ച് സ്നേഹത്തെ അതിന്റെ ഏറ്റവും സത്താപരമായ രീതിയിൽ ശുദ്ധീകരിച്ച് ശിമയൊന്റെയും, കൂടെയുള്ളവരുടെയും ഹൃദയത്തിൽ ആ സ്നേഹം ഊട്ടി ഉറപ്പിക്കുകയാണ്.
ഗ്രീക്ക് ഭാഷയിലെ അഗാപ്പെ, ഫീലിയോസ് എന്ന രണ്ടു പദങ്ങൾ ഈ സ്നേഹ ചോദ്യത്തിൽ കർത്താവ് ഉപയോഗിക്കുന്നുണ്ട്. അഗാപ്പെ ദൈവസ്നേഹമാണ് കറയില്ലാത്ത, കളങ്കമില്ലാത്ത സ്നേഹം, ഫിലിയോസ് ആവട്ടെ തികച്ചും മാനുഷികമായ സ്നേഹവും. ആദ്യത്തെ രണ്ട് ചോദ്യങ്ങളിലും കർത്താവ് ഉപയോഗിച്ചത് ദൈവിക സ്നേഹം എന്ന ക്രിയയിലാണ്, നീ എന്നെ ദൈവികമായി സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ട്. അതിന് പത്രോസ് നൽകുന്ന ഉത്തരവും മനോഹരമാണ് സകലതും നീ അറിയുന്നുണ്ടല്ലോ. മൂന്നാമത്തെ ചോദ്യമാവട്ടെ, ശിമയോനെ നീ എന്നെ മാനുഷികമായിട്ട് സ്നേഹിക്കുന്നുണ്ടോ എന്ന്.
ഒരു ഉപമ പോലെ ധ്യാനിക്കേണ്ട മൂന്ന് ചോദ്യങ്ങളാണിവ കാരണം മനുഷ്യസ്നേഹത്തോടുകൂടി ആരംഭിക്കാൻ പഠിക്കുക. ഒടുവിലായി അവശേഷിപ്പിക്കേണ്ടതും, ഒരാൾ എത്തിച്ചേരേണ്ടതും പരിപൂർണ്ണമായ ദൈവ സ്നേഹത്തിലേക്ക് തന്നെയാവണം. ആ സ്നേഹത്തിന്റെ ആഴങ്ങൾ ശിഷ്യരെ പഠിപ്പിച്ചതിനു ശേഷം ക്രിസ്തു അവരെ ഭംഗിയോടുകൂടി വീണ്ടെടുത്തു അവരുടെ ജീവിതത്തിന്റെ ഉത്സവമായി, പ്രഭാതമായി മാറുന്നതും.
അവർക്ക് ക്രിസ്തു ഒരു പ്രാതൽ ഒരുക്കി എന്നുള്ളതും ഈ വചനത്തിന്റെ അഴക് തന്നെയാണ്. ചിതറിപ്പോയ മനുഷ്യർ, അവർ ചിതറി പോയതൊക്കെയും അയാളുടെ അന്ത്യ അത്താഴ മേശയിൽ ആയിരുന്നു . അവരെയൊക്കെ ശേഖരിച്ചത് കടൽ തീരത്ത് മറ്റൊരു പ്രാതൽ മേശയിലും.
മിഴി പൂട്ടി ധ്യാനിക്കേണ്ട ഒരു കാര്യമാണിത്. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ, തുറവില്ലാത്ത ഒരിടമായ അന്ത്യഅത്താഴ മേശ, എന്നാൽ തിബേരിയസ് കടപ്പുറം നാല് അതിരുകളില്ലാത്ത മതിലുകളില്ലാത്ത, കെട്ടി മറക്കാത്ത, വിശാലമായ ലോകമാണ്. അവിടെവെച്ച് അവൻ അവരെ വീണ്ടെടുക്കുമ്പോൾ ഇനി അവരെ സഞ്ചരിക്കാൻ തുടങ്ങുന്നത് ഭൂമിയുടെ നാല് അതിരുകളിലേക്കാണ്. അവരാകട്ടെ അതിർത്തികളില്ലാത്ത മനുഷ്യരായി സ്നേഹത്തിൽ അടിമുടി നിറഞ്ഞ മനുഷ്യരായി മാറുകയും ചെയ്യും. അങ്ങനെ ഒരു കൃപയിലേക്ക് തമ്പുരാൻ അവരെ വീണ്ടെടുത്തു എന്നുള്ളതും നല്ലൊരു കാര്യമാണ്.
തുറവിയാണ് ആ വചനം സമ്മാനിക്കുന്നത്. വീണ്ടെടുക്കപെട്ടവർ ശിഷ്യരാകുന്നു. ആ സ്നേഹത്തിൽ അവർ നിറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: