സഭയ്ക്കായി പ്രാർത്ഥിക്കുന്ന യേശുക്രിസ്തു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മനുഷ്യരോടുള്ള സ്നേഹത്താൽ, പിതാവായ ദൈവത്തിന്റെ ഹിതമനുസരിച്ച്, അവന്റെ മക്കളായ മനുഷ്യർക്ക് രക്ഷയേകുന്നതിനായി, താൻ കടന്നുപോകാനിരിക്കുന്ന പീഡാസഹനത്തിനും കുരിശുമരണത്തിനും മുൻപ്, തന്റെ ശിഷ്യർക്കും, അവരിലൂടെ വിശ്വാസത്തിലേക്ക് കടന്നുവരുന്ന ഏവർക്കും, നമുക്കേവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന യേശുവിനെയാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനേഴാം അദ്ധ്യായത്തിൽ നാം കാണുന്നത്. ഇതിന്റ വലിയൊരു ഭാഗവും തന്റെ ശിഷ്യർക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ്. എന്നാൽ ഇരുപത് മുതൽ ഇരുപത്തിയാറ് വരെയുള്ള അവസാന തിരുവചനങ്ങൾ, തന്റെ ശിഷ്യരിലൂടെ വിശ്വാസത്തിലേക്ക് കടന്നുവരുന്ന, ക്രിസ്തുവിനോടും സഭയോടും ചേരുന്ന മനുഷ്യർക്കുവേണ്ടിയുള്ള പ്രാർത്ഥനയാണ്. പിതാവായ ദൈവത്തോട് യേശു നടത്തുന്ന ഈ മനോഹരമായ പ്രാർത്ഥനയിൽ, നാമെല്ലാവരും, ഇന്നത്തെ സഭ ജീവിക്കേണ്ട ചില പ്രധാനപ്പെട്ട മൂല്യങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്നുണ്ട് എന്ന് നമുക്ക് കാണാൻ സാധിക്കും.
വിശ്വാസത്തിന്റെ തുറന്ന വാതിലുകൾ
ക്രൈസ്തവവിശ്വാസം ഏതാനും പേർക്കോ, പ്രത്യേക ജാതി, വർഗ്ഗ, വർണ്ണ വിഭാഗങ്ങൾക്കോ മാത്രമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ഒന്നല്ല. അതിന് സാമ്പത്തികമോ, സാമൂഹികമോ ആയ അതിരുകളൊന്നും ദൈവം സൃഷ്ടിച്ചുവച്ചിട്ടില്ല. സകലപ്രപഞ്ചത്തിന്റെയും സ്രഷ്ടാവായ, പിതാവായ ദൈവം എല്ലാ മനുഷ്യർക്കും ഈ രക്ഷയുടെ വാതിൽ തുറന്നാണിട്ടിരിക്കുന്നത് എന്ന് വെളിവാക്കുന്ന വാക്കുകളോടെയാണ് ഈ സുവിശേഷഭാഗം ആരംഭിക്കുന്നത്. തന്റെ ശിഷ്യരായ കുറച്ചുപേരെ മാത്രമല്ല യേശുവിന് ആവശ്യമുള്ളത്. ലോകത്തിന് മുഴുവൻ രക്ഷ നൽകാൻ വന്ന ദൈവമാണവൻ. അതുകൊണ്ടുതന്നെയാണ് തന്റെ ശിഷ്യരിലൂടെ, വചനം ശ്രവിക്കുകയും സ്വീകരിക്കുകയും, തന്നിൽ വിശ്വസിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യർക്കുംവേണ്ടി യേശു ഇവിടെ പ്രാർത്ഥിക്കുന്നത് (യോഹ. 17, 20). അങ്ങനെ, നാം കൂടി ഉൾപ്പെടുന്ന, സഭയാകുന്ന കുടുംബത്തിന് മുഴുവൻ വേണ്ടിയാണ് യേശു പ്രാർത്ഥിച്ചത്. തിരുവചനം ശ്രവിക്കുകയും, അതിലൂടെ ക്രിസ്തുവിൽ വിശ്വസിക്കുകയും, വചനം കാണിച്ചുതരുന്ന രക്ഷയുടെ പാതയിലൂടെ നടക്കുകയും ചെയ്യുമ്പോൾ, ക്രിസ്തുവിന്റെ ഈ പ്രാർത്ഥനയെ നാം ലോകത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്തുകയാണ്, പിതാവായ ദൈവം തന്റെ പുത്രനായ ക്രിസ്തുവിനെ നമുക്കായി അയച്ചുവെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് (യോഹ. 17, 22).
വിശ്വാസികൾക്കിടയിൽ ഉണ്ടാകേണ്ട സ്നേഹത്തിൽ അധിഷ്ഠിതമായ ഐക്യം
തന്റെ ശിഷ്യർക്കും സഭയിലേക്ക് കടന്നുവരാനിരിക്കുന്ന ഓരോ ജീവിതങ്ങൾക്കും വേണ്ടി ക്രിസ്തു പിതാവിനോട് പ്രാർത്ഥിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അനുഗ്രഹം, സ്നേഹത്തിൽ അധിഷ്ഠിതമായ ഐക്യമാണ് (യോഹ. 17, 22-23). ഇത്, സഭാചരിത്രത്തിലെന്നപോലെ, ഇന്നത്തെ സഭയിലും ലോകത്തിലും ഏറെ പ്രധാനപ്പെട്ട ഒരു ചിന്തയാണെന്ന് നമുക്കറിയാം. വിവിധ ജനപദങ്ങളും സംസ്കാരങ്ങളും സഭയിൽ പ്രവേശിച്ചുകഴിഞ്ഞപ്പോൾ സഭയിൽ ഐക്യം കാത്തുസൂക്ഷിക്കുക ഏറെ ദുഷ്കരമായി മാറിയിട്ടുണ്ടെന്ന് നാം ചരിത്രത്തിൽ കാണുന്നുണ്ട്. സഭയിൽ ഭിന്നചിന്തകൾ കടന്നുവരുന്നത്, ക്രിസ്തുവിന്റെ മാർഗ്ഗം, അവന്റെ ഉദ്ബോധനങ്ങൾ ശരിയായി മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് നമുക്കറിയാം. മാനുഷികമായ താത്പര്യങ്ങളുടെ പേരിലാണ് പലപ്പോഴും ഭിന്നതകൾ കടന്നുവരുന്നത്. കൂദാശാക്രമത്തിലാകട്ടെ, പ്രാർത്ഥനകളിലാകട്ടെ, വിശ്വാസത്തിലാകട്ടെ, സഭാനേതൃത്വത്തെ അംഗീകരിക്കുന്നതിലാകട്ടെ, എല്ലാ തലങ്ങളിലും സ്വാർത്ഥതയും മാനുഷികതാത്പര്യങ്ങളും കടന്നുവരുമ്പോൾ, നമുക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ പ്രാർത്ഥനയെ വ്യർത്ഥമാക്കുന്ന ഭിന്നതകൾ കടന്നുവരുന്നു. പിതാവേ നീയും ഞാനും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കണമേയെന്ന യേശുവിന്റെ പ്രാർത്ഥനയെ വ്യർത്ഥമാക്കിയിട്ട് ക്രിസ്തുവിലാണ് നമ്മുടെ രക്ഷയെന്ന് ലോകത്തോട് വിളിച്ചുപറയുന്നതിലും വലിയ ഭോഷത്തം എന്താണുള്ളത്? സഭയിൽ ഉണ്ടാകേണ്ട ഐക്യം ഭയത്തിന്റെയോ, മറ്റുള്ളവർക്ക് എന്ത് തോന്നുമെന്ന ചിന്തയുടെയോ, ചില കാര്യങ്ങൾ നേടിയെടുക്കാനുള്ള അതിബുദ്ധിയുടെയോ ഫലമാകരുതെന്ന് നാം മറന്നുപോകരുത്. മറിച്ച് സഭയിലെ ഐക്യം വിശ്വാസത്തിൽ അധിഷ്ഠിതമായ സ്നേഹത്തിൽ വേരൂന്നിയതായിരിക്കണമെന്ന് ക്രിസ്തുവിന്റെ വചനങ്ങൾ ഇന്ന് നമ്മെ ഓർമ്മപ്പിക്കുന്നു. പിതാവിലും പുത്രനിലുമുള്ള സഹവാസം, പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിദ്ധ്യത്തിലുള്ള ജീവിതം കൊതിക്കുന്നവരെന്ന നിലയിലാണ് നാം പരസ്പരം സ്നേഹിക്കുകയും ഐക്യത്തിൽ ജീവിക്കുകയും ചെയ്യേണ്ടത്. ലോകത്തിന് മുന്നിൽ ക്രൈസ്തവവിശ്വാസത്തിന്റെ ഏറ്റവും വലിയ സാക്ഷ്യം, സഭാപാരമ്പര്യങ്ങളിലും, ആരാധനാക്രമത്തിലും ഒക്കെയുള്ള വ്യത്യാസങ്ങൾക്കിടയിലും സഭാമക്കൾ തമ്മിലുള്ള ഐക്യമാണെന്ന് നാം മറന്നുപോകരുത്.
നിത്യമഹത്വത്തിലേക്കുള്ള വിളി
ഈ ലോകത്തിലെ അനുദിനജീവിതത്തെ സന്തോഷപ്രദമാക്കാനും, അത് പരമാവധി ആസ്വദിക്കാനും,, യഥാർത്ഥ സ്വർഗ്ഗമെന്നൊന്നുണ്ടെങ്കിൽ അതൊരു ബോണസായി കണക്കാക്കാനും തയ്യാറാകുന്ന ചില മനുഷ്യരുള്ള ഒരു ലോകമാണ് നമ്മുടേത്. എന്നാൽ, ക്രൈസ്തവവിശ്വാസത്തിന്റെ ഏറ്റവും മനോഹരമായ ഒരു പ്രത്യേകതയെന്നത്, അത്, ദൈവം സൃഷ്‌ടിച്ച ഈ പ്രപഞ്ചത്തെയും അതിലെ എല്ലാ അനുഗ്രഹങ്ങളെയും വിലമതിക്കുകയും, അവയിൽ ആനന്ദിക്കുകയും ചെയ്യുമ്പോഴും, സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള, നിത്യതയെ പ്രതീക്ഷിച്ചുള്ള ഒരു ജീവിതമാണ് എന്നതാണ്. രക്ഷയിലേക്ക് നയിക്കുന്ന ഒരു ജീവിതശൈലിയാണ് ക്രൈസ്തവവിശ്വാസം നമുക്ക് മുന്നിൽ വയ്ക്കുന്നത്. ഓരോ വാക്കും പ്രവൃത്തിയും സ്വർഗ്ഗത്തെ നേടുവാനുതകുന്നവിധത്തിൽ ജീവിക്കാനാണ് ക്രൈസ്തവവിശ്വാസം നമ്മെ പഠിപ്പിക്കുന്നത്. യേശു ഈ സുവിശേഷഭാഗത്തിന്റെ അവസാനം പ്രാർത്ഥിക്കുന്നതും ഈയൊരു മഹത്വപൂർണ്ണമായ ജീവിതം നമുക്കും സ്വന്തമാക്കാൻ കഴിയുന്നതിനുവേണ്ടിയാണ്. അങ്ങ് എനിക്ക് നൽകിയവർ, അങ്ങ് എനിക്കുതന്ന മഹത്വം കാണാൻ, ഞാൻ ആയിരിക്കുന്നിടത്ത് എന്നോട് കൂടെ ആയിരിക്കണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്നാണ് (യോഹ. 17, 24) യേശു അപേക്ഷിക്കുന്നത്. നിത്യജീവൻ നേടുകയും നിത്യരക്ഷ സ്വന്തമാക്കുകയും യേശുവിന്റെ നിത്യമഹത്വം കാണുകയും, ത്രിത്വത്തിന്റെ സാന്നിദ്ധ്യത്തിൽ, ദൈവമക്കൾക്കടുത്ത മഹത്വത്തോടെ ജീവിക്കുകയെന്നതുമാണ് നമ്മുടെ ജീവിതലക്ഷ്യമെന്ന് മറന്നുപോകാതിരിക്കാം. വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനം മൂന്നാം അദ്ധ്യായത്തിൽ ഇത്തരമൊരു ചിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. കർത്താവിലേക്ക് തിരിയുന്ന മനുഷ്യർക്ക് മുന്നിൽ മൂടുപടം നീക്കപ്പെടുന്നു, അവിടെ സ്വാതന്ത്ര്യമനുഭവിക്കാൻ സാധിക്കുന്നു, കർത്താവിന്റെ മഹത്വം വ്യക്തമായി കാണാൻ സാധിക്കുന്നു (2 കോറി. 31618).
സഭയിലുണ്ടാകേണ്ട ഐക്യവും വിശ്വാസവും ലോകത്തിന് സാക്ഷ്യമാകണം
ഇന്നത്തെ സുവിശേഷത്തോട് ചേർന്നുപോകുന്ന ഒരു ചിന്ത വിശുദ്ധ പൗലോസ് എഫേസോസുകാർക്കെഴുതിയ ലേഖനം രണ്ടാം അദ്ധ്യായത്തിന്റെ രണ്ടാം പകുതിയിൽ എഴുതി വയ്ക്കുന്നുണ്ട്. വിദൂരസ്ഥരായിരുന്ന നാം യേശുക്രിസ്തുവിൽ ഒന്നായിരിക്കുന്നു. അവനിലാണ് നമ്മുടെ സമാധാനം. ശത്രുതയുടെ മതിലുകൾ ക്രിസ്തുവിൽ തകർക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവാകുന്ന മൂലക്കല്ലിന്മേൽ അപ്പസ്തോലന്മാരും പ്രവാചകരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ട സഭാഗാത്രത്തിലെ അംഗങ്ങളായ നാം അന്യരോ പരദേശികളോ അല്ലെന്ന് മറക്കാതിരിക്കാം. ക്രിസ്തുവിൽ ഒന്നായി, പരിശുദ്ധാത്മാവിൽ ദൈവത്തിന്റെ അലയമായി നാം മാറേണ്ടതുണ്ടെന്ന ചിന്ത നമ്മെ നയിക്കട്ടെ. യേശുവിന്റെ പ്രാർത്ഥന പോലെ, അവന്റെ തിരുശരീരമാകുന്ന സഭയിലെ അംഗങ്ങളെന്ന നിലയിൽ, പരസ്പരം സ്നേഹിച്ചും ഐക്യത്തിൽ ജീവിച്ചും, നിത്യരക്ഷയെയും നിത്യജീവനെയും ലക്ഷ്യമാക്കി, ക്രിസ്തു കാണിച്ചുതരുന്ന പാതയിലൂടെ, പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിൽ, പിതൃഭവനത്തിലേക്കുള്ള ഈ ഭൂമിയിലെ നമ്മുടെ വിശ്വാസപ്രയാണം പരിശുദ്ധ അമ്മയ്ക്കും വിശുദ്ധർക്കും നമ്മുടെ സഹോദരങ്ങൾക്കുമൊപ്പം ഒന്നുചേർന്ന് സന്തോഷപൂർവ്വം തുടരാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: