ഉത്ഥിതനായ ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടെ ദുഃഖങ്ങൾ സന്തോഷമായി മാറും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തന്നോടുകൂടെ ആയിരുന്ന പ്രിയ ശിഷ്യരെ തന്റെ സഹന, മരണ സംഭവങ്ങൾക്ക് മുന്നിൽ നിരാശരാകാതെ, ഉത്ഥാനത്തിന്റെ മഹത്വത്തിനായി കാത്തിരിക്കാനും, അതു നൽകുന്ന വലിയ സന്തോഷമനുഭവിക്കാനും ആഹ്വാനം ചെയ്യുന്ന ക്രിസ്തുവിനെയാണ് ഉയിർപ്പുകാലം നാലാം ഞായറാഴ്ചയിലെ സുവിശേഷം അവതരിപ്പിക്കുന്നത്. താൻ പിതാവിന്റെ അടുത്തേക്ക് പോകുന്നുവെന്നും, എന്നാൽ അൽപസമയം കഴിഞ്ഞാൽ വീണ്ടും നിങ്ങൾ എന്ന കാണുമെന്നും ശിഷ്യർക്ക് ഉറപ്പുനൽകുന്ന യേശുവിനെയാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായം പതിനാറ് മുതൽ ഇരുപത്തിനാല് വരെയുള്ള തിരുവചനങ്ങളിൽ നാം കാണുന്നത്. വിശുദ്ധ
യോഹന്നാന്റെ തന്നെ പതിനാലാം അദ്ധ്യായം പതിനെട്ട് മുതൽ ഇരുപത്തിനാല് വരെയുള്ള തിരുവചനങ്ങളിലും ഈയൊരു വേർപാടിന്റെ കാര്യം യേശു തന്റെ ശിഷ്യരോട് പറയുന്നുണ്ട്. പക്ഷെ അവിടെയുള്ള ഒരു പ്രത്യേകത, താൻ ഈ ലോകത്തുനിന്ന് പോകുന്നുവെന്നും, ലോകം എന്നെ കാണുകയില്ലെന്നും എന്നാൽ നിങ്ങൾ എന്നെ കാണുമെന്നും തന്റെ സ്നേഹിതരായ ശിഷ്യരോട് യേശു പറയുന്നുണ്ട് എന്നതാണ് (യോഹ 14, 19). ഈ രണ്ടു സുവിശേഷഭാഗങ്ങൾക്കും തൊട്ടുമുൻപ് തന്റെ ശിഷ്യരിൽനിന്ന് അകലുന്നതിന് മുൻപായി അവർക്ക് സഹായകനെ, പരിശുദ്ധാത്മാവിനെ യേശു വാഗ്ദാനം ചെയ്യുന്നതും നമ്മൾ കാണുന്നുണ്ട്.
പിതാവിനരികിലെ അൽപ്പനാൾ
യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായം പതിനാറ് മുതൽ പത്തൊൻപത് വരെയുള്ള തിരുവചനങ്ങളിലെ പ്രധാനപ്പെട്ട ഒരു ചിന്ത, ശിഷ്യരിൽനിന്ന് അല്പനാൾ അകന്നിരിക്കാൻ പോകുന്ന യേശുവിനെക്കുറിച്ചുള്ളതാണ്. കൂടെ നടന്നവൻ, തങ്ങളുടെ ജീവിതത്തിന് അർത്ഥവും മൂല്യവും നൽകിയവൻ, പ്രത്യാശ പകർന്നവൻ തങ്ങളിൽനിന്ന് അകലുമ്പോൾ ശിഷ്യർക്കുണ്ടാകാൻ പോകുന്ന വേദനയും, ആശങ്കയും, നിരാശയുമൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടാണ് യേശു അവരെ ഈയൊരു സമയത്തിനായി ഒരുക്കുന്നത്. തങ്ങളുടെ അധികാര, പാരമ്പര്യങ്ങളെ ചോദ്യം ചെയ്ത അവനെ വെറുത്തിരുന്ന യഹൂദരുൾപ്പെടെയുള്ള ലോകമാണ് യേശുവിന്റെ അകൽച്ചയിൽ, അവന്റെ മരണത്തിൽ സന്തോഷിക്കുന്നത്. എന്നാൽ അവനിൽ തങ്ങളുടെ പ്രത്യാശയർപ്പിച്ച മനുഷ്യർക്ക് അവന്റെ സാമീപ്യത്തിൽനിന്നകലുന്നതും, ഒറ്റപ്പെടുന്നതും വേദനയുടെ അനുഭവമാണ്.
യേശു അകലുന്ന അല്പനാൾ ഏതാണ് എന്ന ഒരു ചോദ്യം നമുക്ക് മുന്നിലുണ്ട്. സാധാരണയായി യേശുവും പന്ത്രണ്ട് അപ്പസ്തോലന്മാരുമുൾപ്പെടുന്ന കൂട്ടായ്മയെ സംബന്ധച്ചിടത്തോളം ഇത്, യേശുവിന്റെ മരണം മുതൽ അവന്റെ ഉത്ഥാനം വരെയുള്ള സമയമായാണ് വിശദീകരിക്കപ്പെടുക. ഉത്ഥാനശേഷം യേശു തന്നെ സ്നേഹിച്ചിരുന്ന തന്റെ ശിഷ്യർക്കുൾപ്പെടെ പ്രത്യക്ഷപ്പെടുന്നതും, അവരുടെ ദുഃഖവും കണ്ണീരും നിരാശയും ഭീതിയുമൊക്കെ, വലുതായ സന്തോഷത്തിലേക്കും ധൈര്യത്തിലക്കുമൊക്കെ മാറുന്നതും നാം സുവിശേഷങ്ങളിൽ കാണുന്നുണ്ടല്ലോ. അവന്റെ ശാരീരികമായ സാന്നിദ്ധ്യത്തിൽ ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്നതിലും എത്രയോ അധികം ആനന്ദവും സ്ഥൈര്യവും പകരുന്നതായിരുന്നു ഉത്ഥിതനായ അവന്റെ സാന്നിദ്ധ്യമെന്ന് ക്രിസ്തുവിന്റെ അപ്പസ്തോലന്മാരുടെ പിന്നീടുള്ള ജീവിതസാക്ഷ്യം നമുക്ക് കാണിച്ചുതരുന്നുണ്ട്.
ക്രിസ്തുവിന് രണ്ടായിരത്തോളം വർഷങ്ങൾക്കിപ്പുറം ജീവിക്കുന്ന വിശ്വാസികളെന്ന നിലയിൽ നമ്മെ സംബന്ധിച്ചിടത്തോളം, ഈ അല്പസമയമെന്നത് ക്രിസ്തുവിന്റെ പ്രത്യാഗമനം വരെയുള്ള സമയമായാണ് വ്യഖ്യാനിക്കപ്പെടുക. എന്നാൽ, വിശ്വാസത്തിന്റെ കാഴ്ച ലഭിക്കാത്തവർക്ക്, ലോകത്തിന്, തിരിച്ചറിയാനാകാത്ത അവന്റെ നിത്യസാന്നിധ്യം ഈ ലോകത്തുണ്ടെന്ന് നമുക്കറിയാം. ജീവിക്കുന്ന സത്യദൈവത്തിന്റെ സാന്നിദ്ധ്യം ഓരോ അൾത്താരകളിലും അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലികളിൽ, പരിശുദ്ധ കുർബാനയിൽ, നാം അനുഭവിച്ചറിയുന്നുണ്ടല്ലോ.
ഒരമ്മയുടെ സന്തോഷം
തങ്ങളുടെ ഗുരുവും വഴികാട്ടിയും പ്രത്യാശയുമായ യേശു തങ്ങളിൽനിന്ന് അകലുന്നുവെന്നും, ഇനിയെത്രനാൾ തങ്ങൾ അവന്റെ തിരികെവരവിനായി കാത്തിരിക്കണമെന്നുമുള്ള ആശങ്കയും ഭയവും തന്റെ ശിഷ്യരിൽ നിറയുമ്പോൾ, പ്രസവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ കടന്നുപോകുന്ന വിവിധ അനുഭവങ്ങളാണ് യേശു അവർക്ക് ധൈര്യം പകരാനായി പറയുന്നത്. കടുത്ത പ്രസവവേദനയുടെ ആശങ്കയിൽ അവൾക്ക് ദുഃഖം ഉണ്ടാകുന്നെങ്കിലും, ഒരു ശിശുവിനെ പ്രസവിച്ചുകഴിയുമ്പോൾ, ഒരു മനുഷ്യൻ ലോകത്തിൽ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർമ്മിക്കുന്നില്ല (യോഹ. 16, 21) എന്ന് യേശു ശിഷ്യരോട് പറയുന്നു. ഈയൊരനുഭവമാണ് തന്റെ അകൽച്ചയിൽ ദുഃഖിക്കുന്ന ശിഷ്യരും അനുഭവിക്കാൻ പോകുന്നതെന്ന് അവിടുന്ന് മുൻകൂട്ടി പറയുന്നു. ഉത്ഥിതനായി തങ്ങൾക്ക് മുന്നിലെത്തുന്ന ക്രിസ്തുവിന് മുന്നിൽ ചോദ്യങ്ങൾ ചോദിക്കാൻ പോലും മറന്നുപോകുന്ന ശിഷ്യരെ നമ്മൾ സുവിശേഷങ്ങളിൽ കണ്ടുമുട്ടുന്നുണ്ട്. ഉത്ഥാനശേഷം ഈശോ തുടർന്നും ജീവിക്കുന്നുവെന്ന അറിവും അവനോടൊത്തുള്ള സഹവാസവും, ദൈവികനിയോഗങ്ങൾക്കുവേണ്ടി അനുഭവിക്കേണ്ടിവരുന്ന പീഡാസഹനങ്ങളും ലോകം ഏൽപ്പിച്ചുതരുന്ന കുരിശുകളും ക്രിസ്തുവിന് വേണ്ടിയുള്ള ജീവത്യാഗം പോലും ഏറ്റെടുക്കാൻ ക്രിസ്തുശിഷ്യരെ സജ്ജരാക്കുന്നതും നാം കാണുന്നുണ്ട്. ലോകത്ത് അനുഭവിക്കേണ്ടിവരുന്ന സഹനങ്ങളിലും വേദനകളിലും ഒറ്റപ്പെടലുകളിലും, എല്ലാത്തിനെയും അതിജീവിക്കാൻ നമുക്ക് ശക്തി ലഭിക്കുന്നത് ശിഷ്യർക്കുണ്ടായ ഉത്ഥിതന്റെ സാമീപ്യത്തിന്റെ അനുഭവം, ക്രിസ്തുവെന്ന രക്ഷകനൊപ്പമാണ് നാമെന്ന ബോധ്യം സ്വന്തമാക്കാൻ കഴിയുമ്പോഴാണ്.
പിതാവിന്റെ സ്നേഹം സ്വന്തമാക്കുക
ശിഷ്യരിൽനിന്ന് അകലുന്ന, പിതാവിന്റെ ഹിതം പൂർത്തിയാക്കി മടങ്ങുന്ന യേശു, തന്റെ ശിഷ്യർക്ക് നൽകുന്ന മനോഹരമായ ഒരു വാഗ്ദാനമാണ് യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായം ഇരുപത്തിമൂന്നാം വാക്യത്തിൽ നാം കാണുക: "സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്ക് നൽകും" (യോഹ. 16, 23). പ്രാർത്ഥനകൾ ശ്രവിക്കപ്പെടുവാനുള്ള രഹസ്യവഴിയാണ് അവൻ ശിഷ്യർക്കും ഇന്ന് നമുക്കും പറഞ്ഞുതരുന്നത്. യേശുവിനോടൊത്ത് സഹവസിക്കുക, അവനിൽ വിശ്വസിക്കുക, അതുവഴി പിതാവിന്റെ സ്നേഹത്തിന് അർഹരായിത്തീരുക. "ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂർണ്ണമാവുകയും ചെയ്യും" (യോഹ. 16, 24) എന്ന് യേശു ഈ സുവിശേഷഭാഗത്തിന്റെ അവസാനം വീണ്ടും ആവർത്തിക്കുന്നുണ്ട്. പിതാവിനാൽ സ്നേഹിക്കപ്പെടുവാൻ, പ്രാർത്ഥനകൾ ശ്രവിക്കപ്പെടുവാൻ യേശു മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യവസ്ഥ യോഹന്നാൻ പതിനാലാം അദ്ധ്യായം ഇരുപത്തിമൂന്നാം വാക്യത്തിൽ എഴുതിവയ്ക്കുന്നുണ്ട്: "എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും, ഞങ്ങൾ അവന്റെ അടുത്ത് വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും" (യോഹ. 14, 23).
ക്രൈസ്തവജീവിതം ഉത്ഥിതനിലുള്ള വിശ്വാസം ആവശ്യപ്പെടുന്നു
ഉത്ഥിതനായ ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിൽ ജീവിക്കാൻ നമ്മോട് ഈ ഉയിർപ്പുകാലം ആവശ്യപ്പെടുന്നുണ്ട്. ജീവിതത്തിന്റെ ദുഃഖ, സഹന നിമിഷങ്ങളിൽ ആയിരിക്കുമ്പോൾ, കുരിശിന്റെ പാതയിലൂടെ സഞ്ചരിക്കേണ്ടിവരുമ്പോൾ, ദൈവപിതാവിന്റെ മക്കളായ നമുക്കോരോരുത്തർക്കും വേണ്ടി ജീവിതം കുരിശിൽ ബലിയായി അർപ്പിച്ച, ഉത്ഥിതനായി നമുക്ക് നിത്യജീവൻ വാഗ്ദാനം ചെയ്ത, പതിതർക്കും പാവപ്പെട്ടവർക്കും സഹയാത്രികനാകുന്ന ക്രിസ്തുവിനോടുകൂടെ ആയിരിക്കാൻ നമുക്കും ശ്രമിക്കാം. ദൈവവിശ്വാസത്തിന്റെ പേരിൽ ഏറ്റെടുക്കേണ്ടിവരുന്ന ജീവിതസഹനങ്ങളും വേദനകളും പരാജയങ്ങളും ലോകത്തിന് മുന്നിൽ നഷ്ടവും അർത്ഥശൂന്യവുമാണെങ്കിൽ, ക്രൂശിതനായ ക്രിസ്തുവിന് മുന്നിൽ, സ്വർഗ്ഗത്തിന് മുന്നിൽ അവ, സ്വർഗ്ഗീയസന്തോഷത്തിലേക്കുള്ള, നിത്യജീവനിലേക്കുള്ള വിളിയുടെ ഭാഗമാണെന്ന് തിരിച്ചറിയാം. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും, ദൈവത്തിന്റെ സാന്നിദ്ധ്യത്തിനായി ആഗ്രഹിക്കാം, ഉത്ഥിതന്റെ കൂടെ ആയിരിക്കാം, ദൈവപരിപാലനയിൽ ആശ്രയിക്കാം. നിത്യരക്ഷയുടെ അച്ചാരമായ ക്രിസ്തു നമുക്കായി നിത്യതയുടെ വാതിൽക്കൽ കാത്തിരിപ്പുണ്ടെന്ന, അവൻ നമ്മെ ഒരിക്കലും അനാഥരായി വിടില്ലെന്ന ഉറപ്പോടെ ജീവിക്കാം. ഫ്രാൻസിസ് പാപ്പാ ജൂബിലിവർഷത്തിൽ നൽകിയ പ്രത്യാശയുടെ സന്ദേശം മറക്കാതിരിക്കാം. ലിയോ പതിനാലാമൻ പാപ്പാ തന്റെ ആദ്യ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചതുപോലെ, ഐക്യത്തിൽ ഒരുമിച്ച ഒരു സഭയായി, പരസ്പരം കരം പിടിച്ച്, പരിശുദ്ധ അമ്മയ്‌ക്കൊപ്പം വിശ്വാസത്തിൽ മുന്നേറാം. എഫേസോസുകാർക്കെഴുതിയ ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ വിശുദ്ധ പൗലോസ് ഓർമ്മിപ്പിക്കുന്നത് പോലെ, പാപികളായിരുന്നപ്പോഴും, ക്രിസ്തുവിനോടൊപ്പം ജീവിപ്പിച്ച്, നമുക്ക് രക്ഷ നൽകിയ പിതാവായ ദൈവത്തിന്റെ കരുണയുള്ള സ്നേഹം നമ്മെ കാത്തുപരിപാലിക്കട്ടെ (എഫേ. 2, 4-5). നമ്മുടെ ദുഃഖങ്ങളും ആകുലതകളുമെല്ലാം ഉത്ഥിതനായ ക്രിസ്തുവിനരികിൽ സന്തോഷങ്ങളായി മാറട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: