ക്രിസ്തുവിനെപ്പോലെ പരസ്പരം സ്നേഹിച്ച് സാക്ഷ്യമേകുക
ഫാ. പീറ്റർ ടാജീഷ് O de M.
കടന്നുപോകുന്ന ഈശോ തനിക്കുശേഷം സഭ നടക്കേണ്ട ഒരു വഴി നൽകിക്കൊണ്ട്, സഭയെ, ക്രിസ്തീയ സമൂഹത്തെ വിശുദ്ധീകരിക്കുന്ന മനോഹരമായ ഒരു രംഗം. നിങ്ങൾക്ക് ഞാൻ ഒരു കൽപ്പന തരുന്നു എന്ന വാക്യത്തിൽ, ഒരു വഴിയുടെ വാതിലാണ് തമ്പുരാൻ തുറക്കുന്നത്. ക്രിസ്തു വിശ്വാസിയാവുന്ന ഒരാൾ ഇനിമുതൽ കണ്ടെത്തേണ്ടതും, നടന്നു പഠിക്കേണ്ടതുമായ സുവിശേഷത്തിന്റെ വഴി. ആ വഴിയിലൂടെയുള്ള സഞ്ചാരമാണ് ഇനി മുതൽ ഒരു ക്രിസ്തു ശിഷ്യനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാവുകയും, ദൈവരാജ്യത്തിന് യോഗ്യത സമ്മാനിക്കുകയും ചെയ്യുന്നത്.
ക്രിസ്ത്യാനികളെ വഴിയുടെ ജനതയെന്നും നമുക്ക് വിളിക്കാം കാരണം ലോകത്തിന് നടുവിലൂടെ പുതിയൊരു വഴിയിലൂടെ സഞ്ചരിക്കുന്നവരാണവർ. ആ വഴിയാവട്ടെ സ്നേഹത്തിന്റെ പാരിജാതപൂക്കൾ വിരിയുന്ന വഴി മാത്രമല്ല മറിച്ച് ക്ലേശത്തിന്റെയും സഹനത്തിന്റെയും ഇടുങ്ങിയ വഴികൂടെയാണ്. ആ വഴിയാവട്ടെ സുവിശേഷ ഭാഗ്യങ്ങളിലൂടെ സഞ്ചരിച്ച് ദൈവത്തിലേക്കും, ദൈവരാജ്യത്തിലേക്കും ഒരാൾ എത്തിച്ചേരുന്ന വഴിയും.
ആദിമ സഭ മിഷനറി സഭയായി സുവിശേഷപ്രഘോഷത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ സ്നേഹം ആ വഴിയുടെ മുഖമുദ്രയായിട്ടാണ് മാറിയത്. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ അതുവഴി ലോകം മനസ്സിലാക്കട്ടെ നിങ്ങൾ ക്രിസ്തു ശിഷ്യരാണെന്ന സത്യം. ക്രിസ്തുവിന്റെ സ്നേഹകല്പന അക്ഷരംപ്രതി വിശ്വസിച്ചും ജീവിച്ചും മുന്നോട്ട് നടന്ന സഭ ഇന്നും അതേ സ്നേഹത്തിന് സാക്ഷ്യം വഹിച്ചു കൊണ്ട് പ്രേക്ഷിതയായി ജീവിക്കുകയാണ്.
സ്നേഹത്തിന്റെ കൽപ്പനകൾ ഒരാളുടെ ജീവിതത്തിൽ എന്തുമാത്രം വ്യത്യാസങ്ങൾ വരുത്തുന്നുവെന്ന് ആദിമസഭ പഠിപ്പിക്കുന്നുണ്ട്. ആനന്ദിച്ചും പ്രാർത്ഥിച്ചും സ്തുതിഗീതങ്ങൾ ആലപിച്ചും ക്ഷമിച്ചു ആദിമസഭ സുവിശേഷം പ്രഘോഷിക്കുമ്പോൾ അനേകായിരങ്ങളാണ് ആ സ്നേഹ സാക്ഷ്യത്തിന് മുന്നിൽ ക്രിസ്തുമതം സ്വീകരിക്കുന്നതും. അതുകൊണ്ടുതന്നെ ആദിമ സഭയുടെ വളർച്ചയുടെ കാരണങ്ങളിൽ ഒന്ന് ഈ സ്നേഹ സാക്ഷ്യം തന്നെയാണ് കാരണം സഭ വളർന്നതും വളർന്നുകൊണ്ടിരിക്കുന്നതും സ്നേഹത്തിന്റെ തൂണുകളിൽ പണിതു ഉയർത്തപ്പെട്ടുകൊണ്ടാണ്.
സ്നേഹ സാക്ഷ്യങ്ങൾ കുറയുന്ന ലോകത്ത് സ്വാർത്ഥതയും അതിന്റെ താൽപര്യങ്ങളും യുദ്ധകൊതിയിലേക്കും വംശവെറിയിലേക്കും, വെറുപ്പിലേക്കും മനുഷ്യരെ നയിക്കുമ്പോൾ സുവിശേഷത്തിന്റെ സ്നേഹ സാക്ഷ്യങ്ങളാണ് മൃതമാകുന്ന ഭയപ്പെടുത്തുന്ന ഈ ലോകത്തിന് ജീവനായി മാറേണ്ടതും.
സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ അത് ലോകത്തിന്റെ കാഴ്ചപ്പാടിലൂടെയല്ല മറിച്ച് സുവിശേഷത്തിന്റെ ചൈതന്യത്തിലാണ് മനസ്സിലാക്കേണ്ടതും ജീവിക്കേണ്ടതും. കാരണം ലോകം നൽകുന്ന സ്നേഹദർശനം സുവിശേഷം നൽകുന്ന സ്നേഹത്തിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ്. സഹോദരന് ജീവൻ നൽകുന്നതാണ് സുവിശേഷത്തിന്റെ സ്നേഹം അവിടെ സ്വയം ചെറുതാകുന്നതും എളിമപ്പെടുന്നതും, ക്ഷമിക്കുന്നതും അനുരഞ്ജനമാകുന്നതും, ഒരുമിച്ച് കരംകോർത്ത് ദൈവരാജ്യം എന്ന വീട്ടിലേക്ക് നടക്കുന്നതും സ്നേഹ പ്രവർത്തികൾ ആണ്. ക്രിസ്തു ആവശ്യപ്പെടുന്നത് സ്നേഹത്തിന്റെ സുവിശേഷ പാഠങ്ങൾ സ്വായത്തമാക്കുക എന്നുള്ളതാണ്. ലോകം സ്നേഹിക്കുന്നതുപോലെയല്ല ക്രിസ്തു ശിഷ്യൻ സ്നേഹിക്കാൻ പഠിക്കേണ്ടത് ആ സ്നേഹം നിർവ്യാജമായ ബലിയായി മാറുന്ന, സ്വയം ചെറുതാവുന്ന സ്നേഹമാണ്.
വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ സ്നേഹത്തെ നിർവചിക്കുമ്പോൾ ഭംഗിയുള്ള ഒരു കാഴ്ചപ്പാട് പാപ്പാ നൽകുന്നുണ്ട്. സ്നേഹം സഹതാപമാണോ എന്ന ചോദ്യത്തിൽ സ്നേഹത്തിൽ സഹതാപം ഉണ്ടെങ്കിലും സഹതാപം പൂർണമായും സ്നേഹമല്ല എന്നാണ് പാപ്പ പറയുന്നത് കാരണം സഹതാപം വൈകാരികമാണ് അതിനൊരു ആരംഭവും ഒരു അവസാനവും ഉണ്ടാകും. മറിച്ച് ക്രിസ്തീയ സ്നേഹം ശാശ്വതമായ, ദൈവരാജ്യത്തിലേക്ക് നീളുന്ന അനന്തമായ ദൈവ കരുണയാണ്.
ലോകം നൽകുന്ന സ്നേഹത്തിന്റെ കാഴ്ചപ്പാടെന്നുള്ളത് ഈ സഹതാപ പ്രകടനം തന്നെയാണ്. കഷ്ടപ്പെടുന്നവരോട് സഹതപിക്കുക, വൈകാരികമായി സഹതാപം നിലനിർത്തുക പക്ഷേ സുവിശേഷം നൽകുന്നത് അവർക്ക് വേണ്ടി ബലിയായി മാറുക, അവർക്ക് ഉപവിയായിട്ട് ചെയ്യുകയെന്നതാണ്. അത് ക്രിസ്തു ശിഷ്യനെ ഒരുക്കുന്നതു സ്നേഹ സുവിശേഷ ചൈതന്യത്തിലേക്കാണ്.
ഈ സ്നേഹ കൽപ്പനകൾ അവൻ നൽകുന്നത് ഏറ്റവും പുണ്യമായ ഒരിടത്ത്, വിശുദ്ധിയുടെ പരിമളം നിറഞ്ഞുനിൽക്കുന്ന തന്റെ അത്താഴ മേശയിലാണ്. യോഹന്നാൻ സുവിശേഷകൻ ഈ സുവിശേഷ ഭാഗം ആരംഭിക്കുന്നത് തന്നെ അവസാനത്തെ അത്താഴ സമയത്ത് യൂദാസ് പുറത്തുപോയി കഴിഞ്ഞപ്പോൾ എന്ന് പറഞ്ഞുകൊണ്ടാണ്.
സ്നേഹം തിരിച്ചറിയാനും സ്നേഹ ഇടങ്ങൾ മനസ്സിലാക്കാനും കഴിയാതെ പോയ ഒരാളാണ് യൂദാസ്. സകലതും ലാഭനഷ്ട കണക്കിൽ ഉൾപ്പെടുത്തിക്കൊണ്ട് ബന്ധങ്ങൾക്ക് പണത്തിന്റെ മൂല്യം നൽകിയ ആ മനുഷ്യൻ സ്നേഹം ജീവിച്ചില്ലെന്ന് മാത്രമല്ല അതിൽ വീഴ്ചകളും പിഴവുകളും വരുത്തിയെന്നും കൂടെ സുവിശേഷകൻ പറഞ്ഞു നൽകുന്നുണ്ട്. അങ്ങനെയൊരാൾ പുറത്തുപോയി കഴിയുമ്പോഴാണ് കർത്താവ് സ്നേഹത്തിന്റെ പുതിയ കല്പന തന്റെ ശിഷ്യർക്ക് നൽകുന്നത്.
സ്നേഹത്തെ മനസ്സിലാക്കാതെ പോയ ഒരാൾക്ക് മുമ്പിൽ അതിന്റെ ഭംഗി വിളമ്പാതിരിക്കുക എന്നാവണം കർത്താവ് ഓർത്തിട്ടുണ്ടാവുക. ജീവിതത്തിൽ ഓർക്കേണ്ട വലിയ പാഠങ്ങളിൽ ഒന്നാണ് ക്രിസ്തു നൽകുന്നത് ആർക്ക് എങ്ങനെ എപ്പോൾ സ്നേഹം വിളമ്പി കൊടുക്കണമെന്ന്.
സ്നേഹമില്ലാതെ പോയ ഒരാൾ പ്രഭ നിറഞ്ഞു നിൽക്കുന്ന കൃപയുടെ മേശയിൽ നിന്ന് ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി എന്നും സുവിശേഷകൻ രേഖപ്പെടുത്തുമ്പോൾ വളരാൻ സാധിക്കാതെ പോയ, സ്നേഹത്തിലേക്ക് ഇറങ്ങാൻ കഴിയാതെ പോയ ഒരു മനുഷ്യന്റെ പതനം കൂടി ആ വരികൾ വരച്ചു കാണിക്കുന്നുണ്ട്.
പരസ്പരം സ്നേഹിക്കുക എന്ന കൽപ്പന ക്രിസ്തു ശിഷ്യർക്ക് നൽകുമ്പോൾ അതിൽ ഒരു മാനദണ്ഡവും ഒരു മാതൃകയും കർത്താവ് നൽകുന്നുണ്ട് നിന്നെപ്പോലെ അയൽക്കാരനെ സ്നേഹിക്കുക എന്നല്ല കർത്താവ് പറഞ്ഞത് മറിച്ചു ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുക എന്നുള്ളതാണ്.
സ്നേഹത്തിന്റെ പരമമായ സത്യം എന്നുള്ളത് സ്നേഹം അനുഭവിച്ചവനെ അത് നൽകാൻ സാധിക്കൂ അല്ലാത്ത ഒരാൾ വെറുപ്പിന്റെ വേലിയേറ്റങ്ങളിൽപ്പെട്ട് ചഞ്ചല ചിത്തനായി മാറിയേക്കാം. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ എന്ന വാക്യത്തിൽ അവർ അനുഭവിച്ച ക്രിസ്തുസ്നേഹമാണ് ഇനി അവർ വിളമ്പി കൊടുക്കേണ്ടത്. പിന്നീടുള്ള അപ്പോസ്തലന്മാരുടെ ജീവിതം പരിശോധിച്ചാൽ കാലങ്ങൾക്കും അതിർത്തികൾക്കുമപ്പുറത്തേക്ക് അവർ സഞ്ചരിച്ചതും അവർ വിളമ്പി കൊടുത്തതും അവരനുഭവിച്ച ക്രിസ്തു സ്നേഹം തന്നെയാണ്.
ഒടുവിലായി ആ സ്നേഹത്തെ കർത്താവ് അടയാളപ്പെടുത്തിയത് സ്വന്തം ജീവിതത്തെ കുരിശോട് ചേർത്തുവച്ചുകൊണ്ട് അതിൽ സ്വന്തം ജീവൻ ബലിയായി നൽകിക്കൊണ്ടും കൂടിയാണ്. ഇത് ശിഷ്യർക്ക് വ്യക്തമായിട്ട് മനസ്സിലാക്കി എന്നുള്ളതാണ് സുവിശേഷത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം കാരണം പന്ത്രണ്ടിൽ പതിനൊന്നു പേരും സുവിശേഷവുമായി ഭൂമിയുടെ നാല് അതിരുകളിലേക്ക് സഞ്ചരിച്ചപ്പോഴും, അവരും പ്രാവർത്തികമാക്കിയത് ജീവിതം ബലിയായി കൊടുത്ത ക്രിസ്തുവിന്റെ പാത തന്നെയായിരുന്നു.
പ്രിയമുള്ളവരെ ഈ സ്നേഹത്തിന്റെ കൽപ്പനയാണ് തമ്പുരാൻ നമുക്ക് ഓരോരുത്തർക്കും സമ്മാനിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ ഇടവഴികളിൽ ലാഭനഷ്ട കണക്ക് തിരയുമ്പോൾ സ്നേഹിക്കാൻ മറക്കുമ്പോൾ, കരുണയോടുകൂടി നിലനിൽക്കാൻ കഴിയാതെ പോകുമ്പോൾ, ഒരു കരം കൊടുക്കാൻ മടി കാണിക്കുമ്പോൾ, ഓർക്കുക ഈ സ്നേഹ കൽപ്പനകൾ നമ്മളിൽ നിന്ന് അകന്നു പോവുകയാണെന്ന്.
ക്രിസ്തു സ്നേഹം അനുഭവിച്ചറിഞ്ഞവർ ആ സ്നേഹം മറ്റുള്ളവർക്ക് നൽകും. ആ സ്നേഹം കുടുംബങ്ങളിലേക്ക് പകർന്നുകൊടുക്കും. മക്കളിലേക്ക് ചൊരിയും, ജീവിതപങ്കാളിക്ക് സമ്മാനിക്കും. അങ്ങനെ വളരാൻ സാധിക്കാതെ പോകുമ്പോൾ ഒരു സത്യം കൂടെ വളരെ നിശബ്ദമായി നമ്മുടെ ജീവിതത്തെ നോക്കി പറയുന്നുണ്ട് ഉള്ളിലെ സ്നേഹം അനുഭവിക്കാതെ പോയ മനുഷ്യരാണ് നമ്മൾ എന്നുള്ളതും.
അവന്റെ കൽപ്പന നമ്മളെ വിശുദ്ധീക്കരിക്കട്ടെ. സ്നേഹ കടങ്ങളില്ലാതെ സകലരെയും സ്നേഹിച്ചും, ജീവിതം ബലിയായി നൽകിയും നമുക്ക് മുന്നോട്ട് നടക്കാം. മുന്നോട്ടുള്ള നടപ്പിൽ ഒടുവിലായി നമ്മൾ എത്തിച്ചേരുന്നത് നമ്മുടെ ഒരു സ്വർഗ്ഗഭവനത്തിലായിരിക്കും, നമ്മളെ സ്നേഹിച്ച പിതാവിന്റെ ചാരെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: