വിശുദ്ധ റീത്തയുടെ തിരുനാൾ സമുചിതം ആഘോഷിച്ചു
വത്തിക്കാൻ ന്യൂസ്
1457 മെയ് 22നു അന്തരിച്ച അഗസ്തീനിയൻ സന്യാസിനിയായിരുന്ന റീത്തയെ, 1900 മെയ് 24-ന് ലിയോ പതിമൂന്നാമൻ പാപ്പായാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. ഈ വർഷം വിശുദ്ധ പദവിയുടെ 125 മത് വാർഷിക ആഘോഷ വേളയിൽ, വിശുദ്ധയുടെ പുണ്യസ്ഥലമായ ഇറ്റലിയിലെ കാഷ്യയയിൽ, ആത്മീയമായ ആഘോഷങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത് . സന്യാസം, ധ്യാനം, പ്രാർത്ഥന, തപസ്സ് എന്നിവയിൽ മാതൃകാപരമായ ജീവിതം നയിച്ച, വിശുദ്ധ റീത്ത, ദരിദ്രരെയും രോഗികളെയും സേവിക്കുന്നതിലും ഏറെ തത്പ്പരയായിരുന്നു.
മെയ് മാസം ഇരുപത്തിമൂന്നാം തീയതി കാഷ്യയയിലുള്ള, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയ്യുന്ന തീർത്ഥാടന കേന്ദ്രത്തിൽ, പ്രാദേശിക സമയം വൈകുന്നേരം അഞ്ചുമണിക്ക്, അഗസ്തീനിയൻ സന്യാസിമാരുടെ നേതൃത്വത്തിൽ ജപമാലപ്രാർത്ഥന ചൊല്ലും. തുടർന്ന് പ്രത്യാശ, സ്നേഹം, വിശ്വാസം, ക്ഷമ, സമാധാനം എന്നിങ്ങനെയുള്ള വിശുദ്ധയുടെ സന്ദേശത്തിലെ പ്രമേയങ്ങളെ അടിസ്ഥാനമാക്കി നാടകവും നടക്കും.
1627 ഒക്ടോബർ 2-ന് ഉർബൻ എട്ടാമൻ പാപ്പായാണ് റീത്തയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. തുടർന്ന് നിരവധി വർഷങ്ങൾക്കു ശേഷമാണ് വിവിധ തടസ്സങ്ങളെ മറികടന്നുകൊണ്ട്, വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്. വിശുദ്ധയുടെ ശരീരത്തിൽ നിന്നും വമിച്ച സുഗന്ധവും, ഭേദമാക്കാനാവാത്ത രോഗങ്ങൾ സുഖപ്പെട്ടതുമാണ് അത്ഭുതങ്ങളായി സ്ഥിരീകരിക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: