MAP

വാർഷികാഘോഷത്തിൽ വിശുദ്ധ ബലിയർപ്പിക്കുന്നു വാർഷികാഘോഷത്തിൽ വിശുദ്ധ ബലിയർപ്പിക്കുന്നു  (Congregazione della Missione)

കോൺഗ്രിഗേഷൻ ഓഫ് മിഷന്റെ 400-ാം വാർഷികം ആഘോഷിച്ചു

വിശുദ്ധ വിൻസെന്റ് ഡി പോൾ സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് മിഷന്റെ 400-ാം വാർഷികം പാരീസിലെ മിഷന്റെ ആത്മീയ ഹൃദയമായ മൈസൺ മെയറിൽ വച്ച് ആഘോഷിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

1625-ൽ സെന്റ് വിൻസെന്റ് ഡി പോൾ സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് മിഷന്റെ നാലാം ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങുകൾ പ്രൗഢഗംഭീരമായി മിഷന്റെ ആത്‌മീയ കേന്ദ്രമായ മൈസൺ മെയറിൽ വച്ച് ആഘോഷിച്ചു. ഇരുപതിലധികം മെത്രാന്മാരും, 150 ഓളം സഭാഅംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. വിശുദ്ധ കുർബാനയ്ക്ക് പാരീസിന്റെ സഹായമെത്രാൻ മോൺസിഞ്ഞോർ ഇമ്മാനുവേൽ ടോയ് മുഖ്യകാർമ്മികത്വം വഹിച്ചു.

ഈ ജൂബിലി കാലഘട്ടം സഭയെ സംബന്ധിച്ചിടത്തോളം കൃപയുടെ കാലമായിരുന്നുവെന്നും, ഈ വാർഷികം വെറുമൊരു അനുസ്മരണം മാത്രമല്ല, മറിച്ച് തങ്ങളുടെ സ്വത്വം തിരിച്ചറിയുന്നതിനും, തുടർന്നും യാത്ര തുടരുവാനുള്ള ആഗ്രഹം ഊട്ടിയുറപ്പിക്കുന്ന അവസരമാണെന്നും, സഭയുടെ സുപ്പീരിയർ ജനറൽ വിശുദ്ധ ബലിയുടെ അവസാനം പറഞ്ഞു.

സമാപനച്ചടങ്ങിന് മുന്നോടിയായി മൂന്ന് ദിവസത്തെ തയ്യാറെടുപ്പുകളും സഭ നടത്തി. നിലവിലെ സാഹചര്യത്തിൽ വിൻസെന്റിയൻ വ്യക്തിത്വവും ആത്മീയതയും പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മിഷനറിമാർ ഈ ദിവസങ്ങളിൽ വിചിന്തനം നടത്തി. വിൻസെന്റിയൻ കുടുംബവുമായുള്ള തന്റെ അടുപ്പം എടുത്തു പറഞ്ഞും, ഈ വാർഷികം പുതിയ മിഷനറി ചലനാത്മകതയ്ക്കുള്ള അവസരമാകാനുള്ള ആഹ്വാനവും നൽകി കഴിഞ്ഞ ഡിസംബർ മാസം ഫ്രാൻസിസ് പാപ്പാ അയച്ച സന്ദേശം, വാർഷികസമ്മേളനത്തിൽ പ്രത്യേകം അനുസ്മരിച്ചു.

ലോകത്തിലെ നൂറ് രാജ്യങ്ങളിലായി  ദരിദ്രരായ സഹോദരങ്ങൾക്കു വേണ്ടിയുള്ള  സുവിശേഷവൽക്കരണത്തിലും സേവനത്തിലും ഏർപ്പെട്ടിരിക്കുന്ന സഭയിൽ ഇന്ന് ഏകദേശം മൂവായിരത്തോളം അംഗങ്ങളാണുള്ളത്. ഫ്രാൻസിസ് പാപ്പാ നൽകിയ പ്രചോദനങ്ങൾ ദരിദ്രരോടുള്ള സഭയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നുവെന്നു ഫാദർ തോമാസ് പറഞ്ഞു. ദരിദ്രർ എല്ലായ്പ്പോഴും ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമായിരിക്കണമെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും അദ്ദേഹം അനുസ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 മേയ് 2025, 12:23