MAP

ബെനിൻ മെത്രാൻസമിതി ഫ്രാൻസിസ് പാപ്പായെ കാണാനെത്തിയപ്പോൾ - ഫയൽ ചിത്രം ബെനിൻ മെത്രാൻസമിതി ഫ്രാൻസിസ് പാപ്പായെ കാണാനെത്തിയപ്പോൾ - ഫയൽ ചിത്രം  (VATICAN MEDIA Divisione Foto)

ബെനിനിൽ പട്ടാളക്കാർക്ക് നേരെ നടന്ന തീവ്രവാദ ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് മെത്രാൻസമിതി

വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ ബെനിനിൽ അടുത്തിടെ പട്ടാളക്കാർക്കുനേരെയുണ്ടായ രണ്ട് ആക്രമങ്ങളിൽ 54 സൈനികർ കൊല്ലപ്പെട്ടതിൽ ആശങ്കയറിയിച്ച് ബെനിൻ മെത്രാൻസമിതി. മെയ് ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിമൂന്ന് വരെ നടന്ന എഴുപത്തിയഞ്ചാമത് പ്ലീനറി സമ്മേളനത്തിലാണ് ജമാഅത്ത് നാസർ അൽ ഇസ്ലാം വൽ മുസ്‌ലിമിൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ പട്ടാളക്കാർക്ക് നേരെ നടന്ന ആക്രമണങ്ങൾക്കെതിരെ മെത്രാൻസമിതി ശബ്ദമുയർത്തിയതെന്ന് ഫീദെസ് ഏജൻസി അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രവർത്തിച്ചുവരുന്നതിനിടെ കൊല്ലപ്പെട്ട പട്ടാളക്കാരുടെ കുടുംബങ്ങൾക്ക് തങ്ങളുടെ സഹാനുഭൂതിയറിയിച്ചും, രാജ്യത്തുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങളിൽ ആശങ്കയറിയിച്ചും ബെനിൻ മെത്രാൻ സമിതി. വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ ഏപ്രിൽ പതിനേഴിന് രണ്ടിടങ്ങളിൽ ജമാഅത്ത് നാസർ അൽ ഇസ്ലാം വൽ മുസ്‌ലിമിൻ (Jama'at Nasr al-Islam wal-Muslimin) പ്രവർത്തകർ പട്ടാളക്കാർക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ 54 സൈനികർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മെത്രാൻസമിതി ഇതേക്കുറിച്ച് പത്രക്കുറിപ്പിറക്കിയതെന്ന് ഫീദെസ് ഏജൻസി അറിയിച്ചു.

2019 മുതൽ രാജ്യത്തിൻറെ വിവിധയിടങ്ങളിൽ നടന്നുവരുന്ന തീവ്രവാദ ആക്രമണങ്ങളിൽ ഏറ്റവും ഗുരുതരമായ ആക്രമണമായിരുന്നു ഏപ്രിൽ 17-ന് നടന്നത്. നൂറുകണക്കിന് ആളുകളാണ്, ഒരേ സമയം രണ്ടിടങ്ങളിൽ സൈനികപോസ്റ്റുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇതിൽ ഒന്ന്, ബെനിൻ, നൈജർ, ബുർക്കിന ഫാസോ രാജ്യങ്ങൾ അതിർത്തിപങ്കിടുന്ന ട്രിപ്പിൾ ബോർഡർ മേഖലയിലും, മറ്റൊന്ന്, ബാനിക്വാര നഗരത്തിനടുത്തുള്ള കുടു (Koudou) വെള്ളച്ചാട്ടത്തിനടുത്തുമായിരുന്നു.

ജനുവരി 8-ന് കരീമാമാ (Karimama) പ്രദേശത്ത് പട്ടാളക്കാർക്ക് നേരെയുണ്ടായ മറ്റൊരാക്രമണത്തിൽ മുപ്പതോളം പട്ടാളക്കാർക്ക് ജീവൻ നഷ്ടമായിരുന്നു.

നൈജീരിയയിൽനിന്ന് മോഷ്ടിച്ച ഇന്ധനം കടത്തിക്കൊണ്ടുവരുന്നവരും തീവ്രവാദികളുമായി വ്യാപാരം നടക്കുന്ന ട്രിപ്പിൾ ബോർഡർ പ്രദേശം അപകടകരമായ ഇടമായി മാറിയിട്ടുണ്ടെന്ന് ഫീദെസ് അറിയിച്ചു. രാജ്യത്തെ അഞ്ച് സംരക്ഷിതപ്രദേശങ്ങളിൽ ഒന്നും ടൂറിസം മേഖലയുമായ പഞ്ചാരി (Pendjari) പാർക്കിന്റെ ഭാഗവുമായ ഈ പ്രദേശത്ത് തീവ്രവാദഗ്രൂപ്പുകളുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരുന്നത്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയുയർത്തുന്നുണ്ട്.

പ്രദേശത്ത് ബെനിൻ സർക്കാർ മൂവായിരത്തോളം പട്ടാളക്കാരെ നിയോഗിച്ചിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കായുള്ള ബഡ്ജറ്റിൽ അൻപത്ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്നും ഫീദെസ് റിപ്പോർട്ട് ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 മേയ് 2025, 16:34