MAP

നവവാഴ്ത്തപ്പെട്ട വൈദികൻ കമീല്ലെ കോസ്ത ദെ ബ്വൊർഗാ (Camille Costa de Beauregard) നവവാഴ്ത്തപ്പെട്ട വൈദികൻ കമീല്ലെ കോസ്ത ദെ ബ്വൊർഗാ (Camille Costa de Beauregard)   (© Diocèses de Savoie)

വൈദികൻ കമീല്ലെ കോസ്ത ദെ ബ്വൊർഗാ നവവാഴ്ത്തപ്പെട്ടവൻ!

ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫ്രഞ്ചു വൈദികൻ കമീല്ലെ കോസ്ത ദെ ബ്വൊർഗാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിൽ. അദ്ദേഹം ഫ്രാൻസിലെ കംബേറി സ്വദേശിയാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രഞ്ചുകാരനായ വൈദികൻ കമീല്ലെ കോസ്ത ദെ ബ്വൊർഗാ (Camille Costa de Beauregard) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

അദ്ദേഹത്തിൻറെ ജന്മസ്ഥലമായ കംബേറിയിലായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം. ലിയൊ പതിനാലാമൻ പാപ്പായുടെ കാലത്തെ പ്രഥമ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനമായിരുന്ന ഇതിന് മുഖ്യകാർമ്മികത്വം വഹിച്ചത് ഫ്രാൻസിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ചെലെസ്തീനൊ മില്യോരെ ആയിരുന്നു.

അനാഥരുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ ചെലുത്തി ഉപവി വീരോചിതമായി പ്രവർത്തിപഥത്തിലാക്കുകയും എളിമയിലും ദാരിദ്ര്യത്തിലും വസ്തുവകകളോടും ഭൗമികബഹുമതികളോടുമുള്ള വിരക്തിയിലും ജീവിച്ച നവവാഴ്ത്തപ്പെട്ട കമീല്ലെ കോസ്ത ദെ ബ്വൊർഗാ കംബേറിയിൽ 1841 ഫെബ്രുവരി 17-നാണ് ജനിച്ചത്. പന്തലയോണെ-മാർത്ത ദമ്പതികളുടെ ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ പതിനൊന്നു മക്കളിൽ അഞ്ചാമത്തെ പുത്രനായിരുന്ന കമീല്ലെ സെമിനാരിയിൽ ചേരുകയും റോമിലെ ഫ്രഞ്ചു സെമിനാരിയിൽ വൈദികപഠനം കഴിഞ്ഞ് 1866 മെയ് 26-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. വത്തിക്കാൻറെ നയതന്ത്ര പരിശീലനം നേടാൻ ലഭിച്ച അവസരം നിരസിച്ചുകൊണ്ട് കംബേറിയിലേക്കു തിരിച്ചുപോയ കംബേറി രൂപതാ കത്തീദ്രലിൽ സഹവികാരിയായി.

ആ സമയത്തു തന്നെ, അതായത്, 1867-ൽ പടർന്നുപിടിച്ച ഛർദ്ദ്യാതിസാരം, അഥവാ, കോളറ അനേകരുടെ ജീവനപഹരിക്കുകയും അങ്ങനെ നിരവധിപ്പേർ അനാഥരാകുകയും ചെയ്തു. ഈ അവസ്ഥയിൽ അദ്ദേഹം അനാഥക്കുട്ടികളെ സംരക്ഷിക്കുന്നതിനും അവർക്ക് വിദ്യഭ്യാസം നല്കുന്നതിനും വേണ്ടി പരിശ്രമിച്ചു. അതുപോലെ തന്നെ പാവപ്പെട്ടവരും ആവശ്യത്തിലിരിക്കുന്നവരുമായവരുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തി.

ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച നവവാഴ്ത്തപ്പെട്ട കമീല്ലെ കോസ്ത ദെ ബ്വൊർഗാ 1910 മാർച്ച് 25-ന് മരണമടഞ്ഞു. അദ്ദേഹത്തിൻറെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തിനു ആവശ്യമായിരുന്ന അത്ഭുതം 2024 മാർച്ച് 14-ന് ഫ്രാൻസീസ് പാപ്പായാണ് അംഗീകരിച്ചത്. ഒരു ചെറുപ്പക്കാരൻറെ കണ്ണിൻറെ അസുഖം കമീല്ലെ കോസ്ത ദെ ബ്വൊർഗായുടെ മദ്ധ്യസ്ഥതയാൽ അത്ഭുതകരമായി ഭേദപ്പെടുകയായിരുന്നു.

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 മേയ് 2025, 16:30