MAP

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം 

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണവും സഭയുടെ സുവിശേഷസാക്ഷ്യവും

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാളിനെ ആധാരമാക്കിയ വചനവിചിന്തനം.
ശബ്ദരേഖ - ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണവും സഭയുടെ സുവിശേഷസാക്ഷ്യവും

ഫാ. പീറ്റർ ടാജീഷ് O de M.

സ്വർഗ്ഗം നോക്കി നടന്ന ഒരാൾ ഒടുവിലായി സ്വർഗ്ഗം പൂകിയതിന്റെ തിരുനാൾ. ഭൂമിയിലെ വഴികളിലൂടെ നന്മ ചെയ്തും,  സുവിശേഷം പ്രസംഗിച്ചും നടക്കുമ്പോഴും,  ക്രിസ്തു നോക്കിയിരുന്നത് മുഴുവൻ സ്വർഗ്ഗത്തിലേക്ക്,  പിതാവിന്റെ ഭവനത്തിലേക്കായിരുന്നു.

ഭൂമി മഹത്വങ്ങളിൽ ജനങ്ങൾ അവനെ കുരുക്കാൻ നോക്കിയപ്പോഴും,  അപ്പം വർദ്ധിപ്പിച്ചതിനുശേഷം അവരിൽ അയാൾ ഒരു രാജാവാണെന്ന ചിന്ത ജനിക്കുമ്പോഴും അവർ ശ്രമിച്ചതും മുഴുവൻ ഭൂമിയുടെ മഹത്വത്തിൽ ക്രിസ്തുവിനെ കുരുക്കിയിടുവാനായിരുന്നു. അവിടങ്ങളിലെല്ലാം ക്രിസ്തു ഒഴിഞ്ഞുമാറിയത് അതിലും വലിയൊരു മഹത്വം തനിക്ക് സ്വർഗത്തിൽ,  തന്റെ പിതാവ് ഒരുക്കുന്നുണ്ടെന്നുള്ള പൂർണ്ണബോധ്യത്തിലായിരുന്നു. ഭൂമി മഹത്വങ്ങളിൽ കുരുങ്ങിപ്പോവാതെ താൻ എത്തേണ്ട ഇടം സ്വർഗമാണെന്ന ബോധ്യത്തിൽ ക്രിസ്തു നടന്നതും,  നോക്കിയതും ആ സ്വർഗ്ഗത്തിന്റെ മഹിമയിലേക്കായിരുന്നു.   അവിടേക്കാണ് ഒടുവിലായി അയാൾ എത്തിച്ചേർന്നതും.

സങ്കടങ്ങളിൽ കുരുക്കി അവരവനെ കുരിശിൽ തറച്ചപ്പോഴും നഗ്നനാക്കിയപ്പോഴും പരിഹസിച്ചപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും അയാൾ നോക്കിയതും ആശ്വാസം കണ്ടെത്തിയതും ആകാശങ്ങളിലേക്ക് ആയിരുന്നു.

ക്രിസ്തു ജീവിതം മുഴുവൻ ക്രിസ്തു ജീവിച്ചു തീർത്തത് സ്വർഗ്ഗത്തിലേക്ക് നോക്കിക്കൊണ്ട് പിതാവിന്റെ ഭവനത്തിലേക്ക് നോക്കിക്കൊണ്ടായിരുന്നു അങ്ങനെയാണ് ഈ ഭൂമി വാസത്തിനുശേഷം,  ഉയർപ്പിന് ശേഷം അയാൾ സ്വർഗം പൂകിയത്.

കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ നമ്മളെതേണ്ട ഇടത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.  ഓരോ ക്രിസ്ത്യാനിയും ഭൂമിയിലൂടെ നടക്കുമ്പോഴും അതിന്റെ വ്യവഹാരങ്ങളിൽ ഏർപ്പെടുമ്പോഴും സ്വയം ചേർത്തുനിർത്തേണ്ടതും നോക്കേണ്ടതും സ്വർഗ്ഗത്തിന്റെ മഹിമയായിരിക്കണം. അങ്ങോട്ടേക്കുള്ള പ്രയാണത്തിന്റെ പാത മാത്രമാണ് ഭൂമിജീവിതം എന്ന് ഓർമ്മപ്പെടുത്തൽ തിരുനാൾ നമുക്ക് സമ്മാനിക്കുന്നുണ്ട്.

നോട്ടം എവിടെ പതിയെന്നോ അതാണ് നമ്മുടെ ഇടം. സ്വർഗ്ഗത്തിലേക്ക് നോക്കി ജീവിച്ച ഒരാൾ അയാളുടെ ഇടത്തെ സ്വർഗ്ഗമായി വ്യാഖ്യാനിക്കുന്നുണ്ട്.

സ്വർഗ്ഗാരോഹണത്തിരുനാൾ നമുക്ക് നൽകുന്ന സന്ദേശമെന്നത് ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം അവന്റെ അനുസരണയുടെ പ്രതിഫലനമായി മാറുകയും,  ആ അനുസരണം സഭയുടെ ആരംഭവും വളർച്ചയുമായി തീരുകയുമാണ്.  ഒടുവിലായി നമ്മൾ നടക്കേണ്ട ഒരു വഴിയും എത്തിച്ചേരേണ്ട ഒരിടവും തിരുനാൾ നമുക്ക് കാണിച്ചു തരുന്നു.

സഭയുടെ പ്രേക്ഷിതസ്വഭാവം കൂടെ ഈ  തിരുനാൾ പഠിപ്പിക്കുന്നുണ്ട് സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്ന ക്രിസ്തു ഈ ഭൂമിയിൽ തന്റെ കടമകളും കർത്തവ്യങ്ങളും നിയോഗങ്ങളും ഏൽപ്പിക്കുന്നത് തന്റെ ശിഷ്യരെയാണെന്നുള്ള പാഠം കൂടെ തിരുനാൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്.

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാളിൽ വചനം ചില ധ്യാന ചിന്തകൾ നമുക്ക് നൽകുന്നുണ്ട്. ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം അവന്റെ ഉയിർപ്പ് തന്നെയാണ്.  പിതാവിന്റെ തിരുഹിതത്തോട് വിധേയനായി മരണംവരെ അനുസരണയുള്ളവനായി ജീവിച്ചതിന് ക്രിസ്തുവിന് കിട്ടിയ പ്രതിഫലമാണ് ഉയിർപ്പും,  സ്വർഗാരോഹണവും. ആദിമസഭയ്ക്ക് സ്വർഗ്ഗാരോഹണം നൽകുന്ന പാഠവും ഇതുതന്നെയാണ് അനുസരണയുടെ മക്കളായി ജീവിക്കാൻ. സഭ ചരിക്കുന്നതും നിലനിൽക്കുന്നതും ഈ അനുസരണയുടെ പുണ്യത്തിലാണ് . ദൈവഹിതത്തോട് ചേർന്ന് നിന്ന് ആ ദൈവഹിതം മനസ്സിലാക്കി ജീവിക്കുക എന്നുള്ളത്.

രണ്ടാമതായി സ്വർഗ്ഗാരോഹണം നമ്മൾ എത്തേണ്ട ഇടത്തെ കുറിച്ചുള്ള പാഠം കൂടിയാണ്. ഭൂമിയിൽ കുരുങ്ങിപ്പോവാതെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി സ്വർഗീയ ജെറുസലേമിനെ നോക്കിക്കൊണ്ട് നടക്കാൻ സാധിക്കുക എന്നുള്ളതാണ് ക്രിസ്തീയ ജീവിതം. പരിശുദ്ധ ലിയോ പതിമൂന്നാമൻ മാർപാപ്പ സൂചിപ്പിക്കുന്നത് പോലെ സ്വർഗ്ഗീയ പൈതൃകത്തെ ലക്ഷ്യമാക്കി നടക്കുന്ന ജനതയായിട്ട് മാറുക എന്നുള്ളത്. ഭൂമി അതിന്റെ വ്യവഹാരങ്ങളിൽ നമ്മളെ കുരുക്കുമ്പോൾ ഒരാൾ അല്പം ഉയർന്നുനിൽക്കാൻ ഹൃദയത്തെയും ജീവിതത്തെയും പഠിപ്പിക്കേണ്ട തന്റെ ആവശ്യകത തിരുനാൾ നമുക്ക് പറഞ്ഞു തരുന്നുണ്ട്.

മൂന്നാമതായി സഭയുടെ സുവിശേഷപ്രഘോഷണം, രീതി എന്തായിരിക്കണം എന്നും,  സഭ മിഷനറിയാണെന്നുള്ള തിരിച്ചറിവ് കൂടെ സ്വർഗ്ഗാരോഹണത്തിരുനാൾ നമുക്ക് നൽകുന്നുണ്ട്.

സ്വർഗ്ഗാരോഹണം ചെയ്യുന്ന കർത്താവ് കൈകൾ ഉയർത്തി അപ്പോസ്തലന്മാരെ അനുഗ്രഹിച്ചു എന്ന് ലൂക്കാ സുവിശേഷകൻ എഴുതിച്ചേർക്കുമ്പോൾ മെസിയാനിക് പാരമ്പര്യത്തിലെ മഹാ പുരോഹിതന്റെ ആശിർവാദമാണ്.

പ്രഭാഷകന്റെ പുസ്തകം 50,1- 20 വരെയുള്ള വാക്യങ്ങളിൽ ഒനിയാസിന്റെ പുത്രൻ ശിമയോൻ എന്ന പ്രധാന പുരോഹിതൻ കർത്താവിന്റെ നാമത്തെ മഹത്വപ്പെടുത്തുന്നതിനും അവിടുത്തെ അനുഗ്രഹം പ്രാപിക്കുന്നതിനും ആയി ഇറങ്ങിവന്ന് ഇസ്രയേൽ മക്കളുടെ മേൽ കൈകൾ ഉയർത്തി ആശിർവദിച്ചു എന്നാണ്. അവിടെ അത്യുന്നതന്റെ ആശിർവാദം സ്വീകരിക്കുവാൻ ജനം കുമ്പിട്ടു എന്ന ശൈലി സുവിശേഷകൻ ഈ വചനഭാഗത്തും ഉപയോഗിക്കുന്നുണ്ട്. സ്വർഗ്ഗാരോഹണം ചെയ്യുന്ന കർത്താവിന്റെ അനുഗ്രഹം തിരുസഭയെ സംബന്ധിച്ചിടത്തോളം സുവിശേഷവുമായി ലോകത്തിന്റെ നാല് അതിരുകളിലേക്കും നടക്കുക എന്ന് മാത്രമല്ല മറിച്ച് ആ നടക്കുന്ന പ്രക്രിയയിൽ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി മുന്നേറുക എന്നും കൂടെയുള്ള മിഷണറി സ്വഭാവം കൈവരുകയാണ്.

ക്രിസ്തുവിന്റെ നാമത്തിൽ അവന്റെ സുവിശേഷം പ്രഘോഷിച്ചു കൊണ്ടാണ് സഭ നടന്നിട്ടുള്ളതും ഇനി നടക്കേണ്ടതും.  ആ ദൗത്യം അത് സുവിശേഷ ദൗത്യമായി സുവിശേഷകൻ ഇവിടെ പ്രതിപാദിക്കുകയാണ്. സഭയുടെ സ്വഭാവത്തെ,  സഭ സ്വീകരിക്കേണ്ട ജീവിതക്രമത്തെയാണ് ഈ തിരുനാൾ കാണിച്ചുതരുന്നത്.

ഇനി മുന്നോട്ടുള്ള യാത്രയിൽ ക്രിസ്തുവെന്ന ദൈവപുത്രൻ മാത്രമായിരിക്കില്ല സഭയെ നയിക്കുന്നത് മറിച്ച് സ്വർഗ്ഗാരോഹണം ചെയ്യുന്ന കർത്താവ് പരിശുദ്ധാത്മാവിനെ വാഗ്ദാനം നൽകിയതാണ് സ്വർഗ്ഗത്തിലേക്ക് കടന്നു പോകുന്നത്.

ഇനി സഭയെ നയിക്കാൻ പോകുന്നതും സഭയുടെ സകല മിഷനറി പ്രവർത്തനങ്ങളിലും സഭക്ക് കൂട്ടായി നടക്കുന്നതും പരിശുദ്ധ ത്രിയേക ദൈവത്തിന്റെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവ് ആയിരിക്കും. ആത്മാവിന്റെ ചൈതന്യത്തിലും നിറവിലും അഭിഷേകത്തിലുമായിരിക്കും സഭ നടക്കാൻ പോകുന്നത്.

അങ്ങനെ ആ ഒരു അർത്ഥത്തിൽ സ്വർഗ്ഗാരോഹണത്തിരുനാൾ പരിശുദ്ധാത്മാവിന് സഭയിലേക്കുള്ള വാതിലായി മാറുകയാണ് ആ വാതിൽ തുറക്കേണ്ടതാവട്ടെ വിശ്വാസ സമൂഹവും.

നമ്മുടെ ജീവിത ആവൃത്തിക്കുള്ളിലേക്ക്,  പരിസരങ്ങളിലേക്ക് ഈ വചന ഭാഗത്തെ ഉൾക്കൊള്ളുക എന്നുള്ളതാണ് പ്രധാനം.  കാരണം ആത്മാവിന്റെ ബലത്തിലാണ് ഇനി തിരുസഭ നടക്കേണ്ടത്. ഇവിടെ തിരുസഭ എന്ന് പറയുമ്പോൾ ഇടവക കൂട്ടായ്മകളും കുടുംബയൂണിറ്റുകളും ഓരോ ക്രിസ്തു ശിഷ്യനും ഓരോ കുടുംബവും ആത്മാവിന്റെ അഭിഷേകത്തിലും നിറവിലും പുലരാൻ സാധിക്കണം. ആ ജീവിതമാണ് മിഷനറി സ്വഭാവമായി തിരുസഭ ഉൾക്കൊള്ളുന്നതും.

പ്രിയമുള്ളവരെ ഭൂമിയുടെ വഴികളിലൂടെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി മുന്നോട്ടുനടന്ന ക്രിസ്തു നമുക്ക് മാതൃകയും പ്രചോദനവുമായി മാറട്ടെ . ഭൂമിയുടെ ആഡംബരങ്ങളിലും അതിന്റെ സൗന്ദര്യത്തിലും കുരുങ്ങി പോവാതെ,  അതിന്റെ സങ്കടങ്ങളിൽ വീണുപോവാതെ,  പ്രലോഭനങ്ങളിൽ സ്വയം നഷ്ടപ്പെടാതെ  സ്വർഗ്ഗത്തെ നോക്കിക്കൊണ്ട് അതിനോട് അനുസരണം ജീവിച്ചു നമുക്കു മുന്നോട്ട് നടക്കാം.  മുന്നോട്ട് നടക്കുന്ന പ്രക്രിയയിൽ നമ്മുടെ കരങ്ങളിൽ മാത്രമല്ല അധരങ്ങളിലും,  ഹൃദയത്തിലും ചിന്തകളിലും വിചാരങ്ങളിലും സുവിശേഷ ചൈതന്യമുണ്ടാകും.  പറയുന്നതും പ്രവർത്തിക്കുന്നതും സുവിശേഷ വഴികളായി മാറട്ടെ.  അവിടെയൊക്കെ ആത്മാവിന്റെ നിറവിൽ സ്നേഹത്തിൽ നിറഞ്ഞു,  കരുണ ജീവിച്ച് നമ്മുടെയൊക്കെ ജീവിതം സുവിശേഷമാക്കി മാറ്റുമ്പോൾ അവിടങ്ങളിൽ എല്ലാം ആത്മാവിന്റെ ഓളങ്ങൾ,  ആത്മാവിന്റെ നിറവ് കടന്നുവരുന്നു.

തിരുസഭ മുഴുവനായി,  ഇടവക കൂട്ടായ്മകളിൽ,  കുടുംബങ്ങളിൽ വ്യക്തിജീവിതങ്ങളിൽ ആത്മാവിന്റെ അഭിഷേകമുണ്ടാവുമ്പോൾ അവയെല്ലാം സുവിശേഷം പ്രഘോഷിക്കുന്ന ഇടങ്ങളായി മാറും.  പെന്തക്കോസ്താലേക്ക് ഒരുങ്ങുന്ന നമുക്ക് സ്വർഗ്ഗാരോഹണം ഒരു വാതിലായി മാറുകയാണ്.  ആത്മാവിലേക്ക് പ്രവേശിക്കുവാനും ആത്മാവിന്റെ നിറവിൽ ജീവിക്കുവാനും. സ്വർഗ്ഗം നമുക്ക് സ്വന്തമാവട്ടെ . സ്വർഗ്ഗം നമ്മളെ സ്വന്തമാക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 മേയ് 2025, 18:33