MAP

ദക്ഷിണ കൊറിയയിലെ ദേവാലയത്തിൽ നിന്നുള്ള ദൃശ്യം ദക്ഷിണ കൊറിയയിലെ ദേവാലയത്തിൽ നിന്നുള്ള ദൃശ്യം   (ANSA)

ദക്ഷിണകൊറിയയിൽ ദൈവവിളി പ്രോത്സാഹന സമിതിക്ക് അൻപതു വയസ്

ദക്ഷിണ കൊറിയയിലെ സെയൂൾ അതിരൂപതയിൽ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനും, പിന്തുണ നല്കുന്നതിനുമായി സ്ഥാപിക്കപ്പെട്ട സമിതിയുടെ പ്രവർത്തനങ്ങൾ അമ്പതു വർഷങ്ങൾ പൂർത്തിയാക്കി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

1975 ഏപ്രിൽ മാസം പതിനേഴാം തീയതി ദക്ഷിണകൊറിയയിലെ സെയൂൾ അതിരൂപതയിൽ ആരംഭിച്ച ദൈവവിളി പിന്തുണസമിതി വിജയകരമായി അമ്പതു വർഷങ്ങൾ പൂർത്തിയാക്കി. രാജ്യത്ത് കൂടുതൽ ദൈവവിളികൾ പ്രോത്സാഹിപ്പിക്കുന്നതിനും, ദൈവവിളി സ്വീകരിച്ചവരുടെ പരിശീലനത്തിന് പിന്തുണ നല്കുന്നതിനുമായി അല്മായർ ചേർന്നാണ്, ഫാ. കിംമിന്റെ നേതൃത്വത്തിൽ ഈ സംഘടനയ്ക്ക് രൂപം നൽകിയത്. അൻപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന  വിശുദ്ധ ബലിക്ക് സെയൂൾ അതിരൂപതയുടെ ആർച്ചുബിഷപ്പ് പീറ്റർ സൂൺ-ടൈക്ക് ചുങ് മുഖ്യ കാർമ്മികത്വം വഹിച്ചു.

കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളായി അതിരൂപതയുടെ ദൈവവിളി പ്രോത്‌സാഹനത്തിനു പ്രാർത്ഥനകളാലും, സാമ്പത്തിക സഹായങ്ങളാലും, കൂട്ടായ്മ രൂപീകരിച്ചുകൊണ്ടും ഈ സംഘടന പിന്തുണ നൽകിവരുന്നു. അതിരൂപതയിലെ   പുരോഹിതരുടെ എണ്ണം ആയിരത്തിലെത്തിയതിനു പിന്നിൽ ഈ സമിതിയുടെ അകമഴിഞ്ഞ സഹകരണമാണ് തുണയായതെന്നു സന്ദേശത്തിൽ ആർച്ചുബിഷപ്പ് എടുത്തുപറഞ്ഞു.  ദൈവകൃപയും, അർപ്പണബോധത്തോടെയുള്ള അംഗങ്ങളുടെ പരിശ്രമങ്ങളുമാണ് അമ്പതുവർഷങ്ങളായി ഈ സംഘടനയെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ നിരവധി വെല്ലുവിളികളിലൂടെയും സഭ കടന്നു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവെയുള്ള ദൈവവിളി ദൗർലഭ്യത്തിന് പരിഹാരം കണ്ടെത്തുന്നതിന്,  പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയും ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. സമിതിയുടെ നിലവിലെ അധ്യക്ഷ ശ്രീമതി യോങ്-സുക് പാർക്ക് എന്ന വനിതയാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഏപ്രിൽ 2025, 12:54