സമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിച്ച് റുവാണ്ടയിലെയും ബുറുണ്ടിയിലെയും മെത്രാൻസമിതികൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ശരിയായ ജ്ഞാനത്തോടെയും കാരുണ്യമനോഭാവത്തോടെയും പെരുമാറാനും, റുവാണ്ടയും ബുറുണ്ടിയും തമ്മിലുള്ള സാധാരണ ബന്ധത്തിലേക്ക് തിരികെയെത്താനും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കാനും രാഷ്ട്രനേതൃത്വങ്ങളെ ക്ഷണിച്ച് റുവാണ്ടയിലെയും ബുറുണ്ടിയിലെയും സംയുക്തമെത്രാൻസമിതി (Association des Conférences des Ordinaires du Rwanda et du Burundi - ACOREB). കഴിഞ്ഞ ദിവസം നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പ്രാദേശിക കത്തോലിക്കാസഭാ നേതൃത്വം പുറത്തുവിട്ടത്.
റുവാണ്ടയ്ക്കും ബുറുണ്ടിക്കുമിടയിലുള്ള അതിർത്തി അടച്ചിടുന്നത്, സാമ്പത്തികവളർച്ചയെ തടസ്സപ്പെടുത്തുമെന്നും, സാമൂഹിക ഐക്യവും സഹകരണവും ഇല്ലാതാക്കുമെന്നും സാംസ്‌കാരിക കൈമാറ്റം അസാധ്യമാക്കുമെന്നും ഇരു രാജ്യങ്ങളിലെയും മെത്രാൻസമിതികൾ ആരോപിച്ചു. ബുറുണ്ടിയിലെ വിമതരെ റുവാണ്ട സഹായിക്കുന്നുവെന്ന് ആരോപിച്ച് ബുറുണ്ടിയുടെ തലസ്ഥാനമായ ബുജുമ്പുരയിലെ സർക്കാർ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി അടച്ചിട്ടതിനെതിരെ പ്രതികരിക്കവെയാണ്, റുവാണ്ടയിലെയും ബുറുണ്ടിയിലെയും സംയുക്തമെത്രാൻസമിതി ഇത്തരമൊരു പ്രസ്താവന നടത്തിയത്.
പ്രദേശത്ത് സമാധാനസ്ഥാപനം ലക്ഷ്യമാക്കി ഫെബ്രുവരി 24 മുതൽ 26 വരെ തീയതികളിൽ, ദാർഎസ് സലാമിൽ ഇരു രാജ്യങ്ങളിലെയും മെത്രാൻസമിതികളുടെ സംയുക്തസംഗമം നടന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി ചർച്ചകൾ വേണമെന്ന് മധ്യ ആഫ്രിക്കൻ പ്രദേശങ്ങളിലെ മെത്രാൻസമിതികളുടെ സംഘടനയും (Associazione delle Conferenze Episcopali dell'Africa Centrale - ACEAC) ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ നടന്ന കടുത്ത സായുധസംഘർഷങ്ങളിൽ റുവാണ്ടയുടെ സഹായമുള്ള M23 എന്ന വിദേശവിമതസംഘടനയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2015-ൽ ബുറുണ്ടിയിൽ ഭരണഅട്ടിമറി നടത്താൻ ശ്രമിച്ചവരെ റുവാണ്ട സംരക്ഷിക്കുന്നുവെന്ന ആരോപണമുയർത്തിയ ബുറുണ്ടി അവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, രാഷ്ട്രീയ അഭയം തേടി തങ്ങളുടെ രാജ്യത്തെത്തിയവരെ തങ്ങൾ ഉപേക്ഷിക്കില്ലെന്ന് റുവാണ്ട പ്രതികരിച്ചിരുന്നു.
രക്തരൂക്ഷിതമായ സംഘർഷങ്ങൾ അവസാനിപ്പിക്കാനും, സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും, സത്യസന്ധവും ഉൾക്കൊള്ളൽ മനോഭാവത്തോടുകൂടിയതുമായ ചർച്ചകളിലൂടെയും പ്രശ്നപരിഹാരം തേടാനും മെത്രാൻ സമിതികൾ അധികാരികളോട് ആവശ്യപ്പെട്ടു.
സമാധാനത്തിനായുള്ള തങ്ങളുടെ ആഹ്വാനം പ്രാദേശികഭാഷകളിലേക്ക് തർജ്ജിമ ചെയ്ത മെത്രാൻസമിതികൾ ഇവ ഇടവകകളിൽ വിതരണം ചെയ്യുകയും, സമാധാനത്തിനായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ഒരുക്കുകയും ചെയ്തിരുന്നു.
ഐക്യത്തിനും, ആഗോളസഹോദര്യത്തിനും, സത്യത്തിനും സാക്ഷ്യമേകി, കത്തോലിക്കാവിശ്വാസികൾ പരസ്പരബന്ധങ്ങളുടെ പാലങ്ങൾ പണിയണമെന്നും മെത്രാന്മാർ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: