പ്രത്യാശയുടെ തീർത്ഥാടനത്തിൽ കുടുംബങ്ങളുടെ പങ്ക്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രത്യാശയുടെ തീർത്ഥാടകരായി യേശുവിന്റെ തിരുജനനത്തിന്റെ 2025 മത് ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, കുടുംബങ്ങളെയും, കുടുംബ ബന്ധങ്ങളെയും പറ്റിയുള്ള ചിന്തകൾ ഏറെ പ്രാധാന്യം അർഹിക്കുന്നു. സഭയിൽ നാം ഒരു കുടുംബം എന്ന ചിന്ത രണ്ടാം വത്തിക്കാൻ സൂനഹദോസ് നമുക്ക് പകർന്നു നൽകുകയും, തുടർന്ന് സഭയുടെ ജീവിതത്തിൽ ഇത്തരം ഒരു കുടുംബബന്ധം ഊഷ്‌മളമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്, കുടുംബം എന്ന സാമൂഹ്യവും, സഭാത്മകവുമായ ഒരു ഘടകത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്നതാണ്.
നമ്മുടെ സംസ്കാരത്തിൽ, കുടുംബം എന്ന വാക്കിനു, നാലുചുവരുകൾക്കുമപ്പുറം, ഹൃദയങ്ങൾ തമ്മിലുള്ള വലിയ ഒരു ഐക്യത്തെ എടുത്തു കാണിക്കുന്നു. അപ്പനും, അമ്മയും, മക്കളും മാത്രമല്ല, മറിച്ച് ഈ ബന്ധങ്ങളിലേക്കു വന്നു ചേരുന്നവർ പോലും, തുടർന്ന് ഒരു കുടുംബത്തിന്റെ അംഗങ്ങളായി മാറുന്നു. സ്വർഗീയമായ കുടുംബാനുഭവം ത്രിത്വയ്ക ദൈവത്തിന്റെ കൂട്ടായ്മയിൽ നാം മനസ്സിലാക്കുമ്പോൾ, ആ കൂട്ടായ്മയിലേക്ക് ഭാഗഭാക്കുകളാകുന്ന എല്ലാവരും ആ കുടുംബത്തിന്റെ അംഗങ്ങളായി രൂപാന്തരപ്പെടുന്നു എന്നതാണ് ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാന തത്വം. തന്റെ മക്കളെ കാണുന്നതിന് തന്റെ പുത്രൻ വഴിയായി മാർഗം സൃഷ്ടിക്കുന്ന പിതാവായ ദൈവത്തിന്റെ സ്നേഹം, ഇതാണ് സ്വർഗീയകുടുംബത്തിന്റെ മഹനീയത.
ഇന്ന് ക്രിസ്തുവിന്റെ മൗതീക ശരീരമായ സഭ ജീവിക്കുന്നതും, ക്രിസ്തു സഭയെ ഏല്പിച്ചിരിക്കുന്ന ദൗത്യം നിർവഹിക്കുകയും ചെയ്യുന്നത് ക്രൈസ്തവ കുടുംബങ്ങളിലൂടെയാണ്.അതിനാൽ കുടുംബ അജപാലനം എന്നത് സഭയുടെ ഒഴിച്ചുകൂടനാവാത്ത കടമകളിൽ ഒന്നാണ്. എന്നാൽ ഇത് സഭയിൽ വൈദികരുടെയോ, സന്യസ്തരുടെയോ മാത്രം ഒരു കടമയായി ദുർവ്യാഖ്യാനം ചെയ്യപ്പെടരുത്. മറിച്ച് കുടുംബ അജപാലനം, മാമ്മോദീസ സ്വീകരിച്ച ഏതൊരു വ്യക്തിയുടെയും കടമയാണ്. സഭ ദൈവത്തിന്റെ സൃഷ്ടിയാണെന്ന് പറയുന്നതുപോലെ, ഓരോ കുടുംബവും ദൈവത്തിന്റെ സൃഷ്ടിയാണ്. ആദിയിൽ പുരുഷനും സ്ത്രീയുമായി മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്റെ സ്നേഹത്തിന്റെ പൂർണ്ണതയിൽ ഇരുവരെയും ചേർത്തുവച്ചുകൊണ്ട്, കുടുംബത്തിന് രൂപം നൽകുന്നു. തക്കതായ ഇണയും, ചേർന്ന തുണയുമായി ഇരുവരെയും ഒന്നിപ്പിച്ച ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിനും, സ്നേഹത്തിനും പുറം തിരിഞ്ഞു നിന്നതുകൊണ്ടാണ്, തുടർന്ന്, കുടുംബത്തിന്റെ അസ്വസ്ഥതകൾ ഇരുവരെയും അകറ്റുന്നത്.
ഉത്പത്തിപുസ്തകം രണ്ടാം അധ്യായത്തിൽ തന്റെ ഇണയെ നോക്കി ആദം പറയുന്ന വചനം ഇപ്രകാരമാണ്: "ഒടുവിൽ ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും, മാംസത്തിൽ നിന്നുള്ള മാംസവും." ഒരുപക്ഷെ ലോകചരിത്രത്തിൽ എഴുതപ്പെട്ട പ്രണയകാവ്യങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന വചനങ്ങളാണ് ഇവ. തുടർന്ന് ഉത്പത്തിപുസ്തകം പറയുന്ന വചനം ഇപ്രകാരമാണ്: "അതിനാൽ പുരുഷൻ മാതാപിതാക്കളെ വിട്ടു ഭാര്യയോട് ചേരും, അവർ ഒറ്റ ശരീരമായി തീരും." ഈ കൂട്ടായ്മയാണ് കുടുംബം എന്ന വാക്കിനാൽ വിശേഷിപ്പിക്കുന്നതും, വിവരിക്കുന്നതും.
എന്നാൽ തുടർന്ന്, ദൈവത്തിൽ നിന്നുള്ള അകൽച്ച കുടുംബ ബന്ധങ്ങളിൽ പോലും വിള്ളലുണ്ടാക്കുന്നു. അസ്ഥിയുടെ അസ്ഥിയും, മാംസത്തിന്റെ മാംസവുമായിരുന്ന ബന്ധം, തുടർന്ന് പാപത്താൽ ഇരു ദിശകളിലേക്ക് തിരിയുന്നു. ഉത്പത്തി പുസ്തകം മൂന്നാം അധ്യായത്തിൽ ഇതിനുള്ള ഒരു തെളിവുണ്ട്. നീ എവിടെയാണ്? എന്ന് ദൈവം ചോദിക്കുമ്പോൾ, തന്റെ നഗ്നതയാകുന്ന ബലഹീനതയെ എടുത്തു കാണിക്കുന്ന മനുഷ്യൻ, തുടർന്ന്, ചേർത്തുവച്ച കുടുംബ ബന്ധത്തെപ്പോലും ഒറ്റിക്കൊടുക്കുന്നു. ആദം പറയുന്ന മറുപടി ഇങ്ങനെയാണ്: അങ്ങ് എനിക്ക് കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്ക് തന്നു. ഞാൻ അത് കഴിച്ചു." കുടുംബബന്ധത്തിന്റെ വിള്ളലുകൾ തുടങ്ങുന്നത് ദൈവവുമായുള്ള ബന്ധത്തിൽ കുറവുകൾ സംഭവിക്കുമ്പോൾ ആണെന്ന് ഈ വചനങ്ങൾ നമുക്ക് ബോധ്യപ്പെടുത്തി തരുന്നു. അതിനാൽ ഏതൊരു കുടുംബത്തിന്റെയും, ബന്ധങ്ങളുടെ ആഴം മനസിലാക്കണമെങ്കിൽ , ആ കുടുംബത്തിന് ദൈവവുമായുള്ള ആത്മാർത്ഥമായ ബന്ധം എപ്രകാരമാണെന്നു മനസിലാക്കണം.
2025 ജൂബിലി വർഷത്തിൽ, ഇപ്രകാരം ഓരോ കുടുംബങ്ങളിലും പരസ്പരവും, ദൈവവുമായുള്ള ബന്ധം എപ്രകാരമാണ് ഊഷ്‌മളമാക്കുന്നതെന്നു ഓരോരുത്തരും ചിന്തിക്കേണ്ടത് ഏറെ ആവശ്യമാണ്.
പ്രത്യാശയിലേക്ക് ഓരോരുത്തരെയും ക്ഷണിക്കുന്ന ജൂബിലി വർഷത്തിൽ, ഈ പ്രത്യാശ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വേദി കുടുംബത്തിലാണ്. കുടുംബത്തിൽ പ്രത്യാശ പുലർത്തുക എന്നത് വെറുമൊരു ആദർശം മാത്രമല്ല മറിച്ച് അത് ആഴത്തിലുള്ള ബോധ്യമാണ്. അപൂർണ്ണതകളും, വെല്ലുവിളികളും ഏറെ ഉണ്ടെങ്കിലും, കുടുംബം എന്നത് ഓരോരുത്തരെയും സംബന്ധിച്ച് ജീവിതത്തിന്റെ വലിയ ഒരു ആസ്തിയാണ്. നമ്മെ നാം ആയിരിക്കുന്നതുപോലെ അംഗീകരിച്ചുകൊണ്ട് , പരസ്പരമുള്ള സഹകരണത്തിൽ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതാണ് ഓരോ കുടുംബത്തിന്റെയും വിജയം എന്ന് പറയുന്നത്. അതിനാൽ കുടുംബത്തെ ഭൗതീകമായി മാത്രം നിർവചിക്കുവാൻ നമുക്ക് സാധിക്കുകയില്ല, കാരണം അതിനു ആത്മീയമായ ഒരു തലം കൂടിയുണ്ട്. പ്രയാസകരവും, മത്സരാത്മകമായ നിമിഷങ്ങളിലും പ്രാർത്ഥനയിലൂടെ എല്ലാം ശരിയാകുമെന്ന വിശ്വാസം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിലൂടെയാണ് കുടുംബത്തിന്റെ വിജയം കൈവരിക്കുവാൻ നമുക്ക് സാധിക്കുന്നത്.
പ്രത്യാശയിലേക്കുള്ള കുടുംബാംഗങ്ങളുടെ തീർത്ഥാടനത്തിന് ഏറെ മാതൃക നൽകുക നസ്രത്തിലെ തിരുക്കുടുംബം തന്നെയാണ്. ദൈവത്തിന്റെ മകനെ ഈ ലോകത്തിനു നൽകുവാനുള്ള ദൈവത്തിന്റെ ക്ഷണം ഗബ്രിയേൽ മാലാഖ വഴിയായി നൽകപ്പെട്ട നിമിഷം മുതൽ തുടങ്ങുന്ന തീർത്ഥാടനം ഇന്നും സഭയിലൂടെ തുടരുകയാണ്. തിരുക്കുടുംബത്തിന്റെ ഈ തീർത്ഥാടനം ഇന്നത്തെ ലോകത്തിൽ തുടരുവാനുള്ള വിളിയാണ് ഓരോ കുടുംബത്തിലും നിക്ഷിപ്തമായിരിക്കുന്നത്. ഈ വിളിയാണ് 2025 ജൂബിലി വർഷത്തിന്റെ ചൈതന്യം. കാരണം ശൂന്യമായ ഒരു ലക്ഷ്യത്തിലേക്കല്ല ഈ പ്രത്യാശയുടെ തീർത്ഥാടനം നാം നടത്തേണ്ടത്.
മറിച്ച് മരണത്തിനുമപ്പുവും ഉത്ഥാനത്തിന്റെ നിത്യജീവൻ വാഗ്ദാനം ചെയ്യുന്ന ദൈവത്തിങ്കലേക്കാണ് നാം തീർത്ഥാടനം നടത്തേണ്ടതെന്ന് ഈ ജൂബിലി വര്ഷം നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നാൽ എപ്പോഴും സന്തോഷവും സൗഭാഗ്യവും മാത്രമല്ല ഈ തീർത്ഥാടനം നമുക്ക് പ്രദാനം ചെയ്യുന്നത്. സഹനങ്ങളും, വേദനകളും, നൊമ്പരങ്ങളും, ഭയവുമെല്ലാം ഈ യാത്രയിൽ നമുക്കൊപ്പം ഉണ്ടാകാം. പക്ഷെ ആത്യന്തികമായി ഇവയ്‌ക്കെല്ലാം അപ്പുറം ദൈവത്തോട് ചേർന്ന് നിന്ന് കൊണ്ട്, അവനിൽ പ്രത്യാശ വച്ചുകൊണ്ട് പറുദീസയെന്ന ലക്‌ഷ്യം മുൻനോക്കി യാത്ര ചെയ്യുവാനും ഈ ജൂബിലി വർഷം നമ്മെ പ്രചോദിപ്പിക്കുന്നു.
സ്‌പേസ് നോൺ കോൺഫൂണ്ടിത്ത് എന്ന ജൂബിലി ബൂളയിൽ ഫ്രാൻസിസ് പാപ്പാ പ്രത്യാശ എന്നാൽ എന്താണെന്നു? വിശദീകരിക്കുന്നുണ്ട്. അത് രക്ഷയുടെ വാതിലായ യേശുവുമായുള്ള സജീവവും, വ്യക്തിപരവുമായ കൂടിക്കാഴ്ചയുടെ നിമിഷമാണ്. അത് ഒരിക്കലും മങ്ങിപ്പോകാത്ത പ്രത്യാശയാണ്.ഹെബ്രായർക്കുള്ള ലേഖനത്തിൽ ഇപ്രകാരം എഴുതുന്നുണ്ട്: "യേശു നമ്മുടെ ജീവിതത്തിനു ഉറപ്പുള്ളതും, സ്ഥിരവുമായ നങ്കൂരമാണ്." അതിനാൽ ജൂബിലി വർഷത്തിൽ പ്രത്യാശ ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുവാനും, അതിനെ മുറുകെ പിടിച്ചുകൊണ്ട് ദൈവത്തിൽ അഭയം കണ്ടെത്തുവാനും, പാപ്പാ നമ്മെ ആഹ്വാനം ചെയ്യുന്നു. ഇക്കാര്യങ്ങളെല്ലാം തിരുക്കുടുംബത്തിൽ യാഥാർഥ്യമായ കൃപകളാണ്. വിവാഹത്തിന് പുറമെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായ പരിശുദ്ധ മറിയത്തെ തന്റെ ഭാര്യയായി സ്വീകരിക്കുന്ന വിശുദ്ധ യൗസേപ്പും, ഗബ്രിയേൽ മാലാഖയുടെ ദൈവദൂതിനു, ഇതാ കർത്താവിന്റെ ദാസി എന്ന് പറഞ്ഞുകൊണ്ട് സ്വീകരിച്ച പരിശുദ്ധ മറിയവും, ദൈവപുത്രനെ ഈ ലോകത്ത് രക്ഷയുടെ കാരണമായി വളർത്തിയ മാതാപിതാക്കളും, പ്രത്യാശയുടെയും, പ്രതീക്ഷയുടെയും ഈ ലോകത്തിലെ മഹത്തായ അടയാളങ്ങളാണ്.
ഈ മൂന്നുപേരും കൂടി ജെറുസലേം ദേവാലയത്തിലേക്ക് നടത്തുന്ന യാത്രയും, ഇന്നത്തെ തീർത്ഥാടനം തന്നെയായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല, കാരണം ബലിയർപ്പിക്കുവാനുള്ള ഉടമ്പടിയാണ് ഓരോ തവണയും ഇസ്രായേൽ ജനതയെ ജെറുസലേം ദേവാലയത്തിലേക്ക് നയിച്ചിരുന്ന ചാലകശക്തി. ഇപ്രകാരം കുടുംബത്തോടൊപ്പം ഈ ഉടമ്പടി പുതുക്കുവാൻ പോകുന്ന തിരുകുടുംബത്തിന്റെ മാതൃക ഈ ജൂബിലി വർഷത്തിൽ ഏറെ പ്രധാനപെട്ടതാണ്.
ദൈവവുമായും നമ്മുടെ സഹോദരീസഹോദരന്മാരുമായും ഉള്ള നമ്മുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ജൂബിലി വർഷം: ദൈവത്തെ സ്നേഹിക്കുക, നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുക. ഇതാണ് യഥാർത്ഥ ജൂബിലിയുടെ ചൈതന്യം. ദൈവത്തോടൊപ്പമുള്ള ഈ "വസിക്കൽ" നമ്മുടെ ജീവിതത്തിൽ നാം കൊണ്ടുവരുന്നില്ലെങ്കിൽ, ജൂബിലി "ബാഹ്യ" ആംഗ്യങ്ങളുടെ ഒരു പരമ്പരയായി മാറ്റപ്പെടുവാനുള്ള സാധ്യതയുണ്ട്. അതിനാൽ ക്രിസ്തീയ പ്രത്യാശ കുടുംബ ജീവിതത്തിൽ ഊട്ടിയുറപ്പിക്കുവാനും, അതിനെ വളർത്തുവാനും ഈ വർഷം നമ്മെ ക്ഷണിക്കുന്നു. അതിന്റെ ആദ്യ പടിയായി നാം സ്വീകരിക്കേണ്ടത് വിശുദ്ധിയുടെ തീർത്ഥാടനമാണ്.
വിശുദ്ധിയുടെ കുടുംബ തീർത്ഥാടനം
കുടുംബത്തിലും, കുടുംബബന്ധങ്ങളിലും വിശുദ്ധിയുടെ പാത കണ്ടെത്തുന്നതിന് നമ്മെ സഹായിക്കുന്നത്, നാം സ്വീകരിച്ച കൂദാശകളെപ്പറ്റിയുള്ള അവബോധം വളർത്തുക എന്നതാണ്. കുരിശിലെ വിശുദ്ധ യോഹന്നാൻ പറയുന്നത് ഇങ്ങനെയാണ്: ക്രിസ്തീയ പ്രത്യാശ ശുദ്ധീകരണത്തിന്റെ പാതയിലാണ് ജനിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നത്. ഈ വിശുദ്ധീകരണം ആത്മാവിന്റെ പ്രവർത്തനത്താലാണ് നിറവേറ്റപ്പെടുന്നത്. അതിനാൽ പ്രത്യാശയോടെ ദൈവത്തിങ്കലേക്കു കണ്ണുകൾ ഉയർത്തുന്നതിന് കുടുംബത്തിൽ ഓരോ അംഗങ്ങളും കൂദാശകൾ വഴിയായി സ്വീകരിച്ച ആത്മാവിന്റെ ശക്തിയെ ജീവിതത്തിൽ ഉണരണം. ആത്മാവിന്റെ ചൈതന്യം സ്വീകരിച്ചിരിക്കുന്ന വ്യക്തികൾ, മനസാന്തരത്തിനും, അനുതാപത്തിനും, നവമായ ജീവിതത്തിനും, അനുരഞ്ജനത്തിനും, ക്ഷമയ്ക്കും പരസ്പരം സഹായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ജൂബിലി വർഷത്തിൽ ഇപ്രകാരമുള്ള പരസ്പര ബന്ധമാണ് യഥാർത്ഥ തീർത്ഥാടകരായി മാറുന്നതിനു നമ്മെ സഹായിക്കുന്നത്.
കാരുണ്യത്തിന്റെ കുടുംബ തീർത്ഥാടനം
കുടുംബമായുള്ള ജൂബിലി തീർത്ഥാടനത്തിന്റെ മറ്റൊരു മാനമാണ് കാരുണ്യത്തിന്റേത്. "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കുവാൻ സാധിക്കാത്തവന്, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുവാൻ സാധിക്കുകയില്ല", എന്ന യോഹന്നാന്റെ ഒന്നാം ലേഖനം നാലാം അധ്യായം ഇരുപതാം തിരുവചനം, ജൂബിലി വർഷത്തിൽ കുടുംബങ്ങളുടെ ഐക്യവും സഹകരണവും ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നു. കുടുംബത്തിലെ അംഗംങ്ങളുടെ വികാരങ്ങളും, വിചാരങ്ങളും ഉൾക്കൊണ്ടുകൊണ്ട് അപരനെ സഹോദരനായി ഹൃദയത്തിൽ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ജൂബിലി വർഷം മുൻപോട്ടുവയ്ക്കുന്നത്. കുടുംബത്തെ കാരുണ്യത്തിന്റെ വിദ്യാലയമെന്നാണ് ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിക്കുന്നത്. സ്വീകാര്യതയും, അടുപ്പവും, പരസ്പരം മനസ്സിലാക്കുവാനുള്ള സന്നദ്ധതയും, ക്ഷമയുമെല്ലാം ഈ കാരുണ്യത്തിന്റെ വിവിധ ഘടകങ്ങളാണ്. എല്ലാം യാന്ത്രികമായ ഒരു ലോകത്തിൽ അന്യോന്യം കണ്ടുമുട്ടുവാൻ പ്രയാസപ്പെടുന്ന കുടുംബ ബന്ധങ്ങളെ കൂടുതൽ ഊഷ്‌മളമാക്കുവാനുള്ള വിളിയാണ് ഈ ജൂബിലി വർഷം നൽകുന്നത്. ഇത് കുടുംബങ്ങൾ തമ്മിലുള്ള വിശാലമായ ബന്ധങ്ങളിലേക്കും നയിക്കുന്നു.
അതിനാൽ ജൂബിലിവർഷത്തിൽ കുടുംബങ്ങളുടെ പ്രാധാന്യം ഏറെ വലുതാണ്. സഭയുടെയും, സമൂഹത്തിന്റെയും അടിസ്ഥാന ഘടകം എന്ന നിലയിൽ ക്രിസ്തുവിലുള്ള പ്രത്യാശ ജീവിതത്തിൽ വളർത്തുവാൻ ഏറ്റവും പ്രധാനപ്പെട്ട ഇടം കുടുംബമാണ്. നമുക്ക് ലഭിച്ച ജീവന്റെ അമൂല്യതയെ തിരിച്ചറിയുവാനും, അത് ദൈവത്തിൽ നിന്നും നമ്മുടെ ജീവിതത്തിലേക്ക് പകർത്തുവാൻ സഹായിച്ച മാതാപിതാക്കളെയും, അവരോടൊപ്പം സഹായിച്ച സഹോദരങ്ങളെയും സ്നേഹിക്കുവാനും, കുടുംബത്തിലെ മുത്തശീമുത്തച്ഛന്മാരെ ശ്രവിച്ചുകൊണ്ട് ജീവിതത്തെ കരുപ്പിടിപ്പിക്കുവാനും ഈ ജൂബിലി വർഷത്തിൽ കുടുംബങ്ങളുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: