MAP

യേശുവിന്റെ തിരുഹൃദയ ചിത്രം യേശുവിന്റെ തിരുഹൃദയ ചിത്രം  

ഹൃദയാത്മകമായ ജീവിതക്രമമാണ് ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം

തിരുഹൃദയഭക്തിയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനമായ ദിലെക്സിത്ത് നോസിന്റെ (Dilexit nos) ഇരുപത്തിനാലു മുതൽ ഇരുപത്തിയേഴു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള വിശകലനം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഹൃദയം മറക്കുന്ന ജനത വാഴുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെന്ന് പലപ്പോഴും നാം കേട്ടിട്ടുണ്ട്. അല്ലെങ്കിൽ ഉപരിപ്ലവമായി മാത്രം ബന്ധങ്ങൾ കൊണ്ടുനടക്കുന്ന ജനത. ഇതിനു തെളിവുകളാണ് ഇന്ന് സമൂഹത്തിൽ നാം കാണുകയും, തിരിച്ചറിയുകയും ചെയ്യുന്ന അരാജകത്വവും, അസമത്വവും, അക്രമങ്ങളും, യുദ്ധവുമെല്ലാം. സ്നേഹം നടിച്ചുകൊണ്ട് മറ്റുള്ളവരെ ആകർഷിക്കുകയും, തുടർന്ന് അവരെ തങ്ങളുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങളായി മാത്രം കണ്ടു കൊണ്ട്, ആവശ്യം കഴിയുമ്പോൾ ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഇന്ന് ഏറെ  വർധിച്ചുവരികയാണ്. ഈയൊരു സന്ദർഭത്തിലാണ് ദൈവവും മനുഷ്യനും, മനുഷ്യർ തമ്മിൽ തമ്മിലുമുള്ള ഹൃദ്യമായ സ്നേഹത്തിന്റെ ആവശ്യകത ഓർമ്മപ്പെടുത്തിക്കൊണ്ടും, ഈ സ്നേഹത്തിന്റെ നിത്യതയെ  അടിവരയിട്ടുകൊണ്ടും ഫ്രാൻസിസ് പാപ്പാ തന്റെ നാലാമത്തെ ചാക്രികലേഖനം രചിക്കുന്നത്, ഡിലെക്സിത്ത് നോസ് ,  അവൻ നമ്മെ സ്‌നേഹിച്ചു.

ഇത് ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണ്. 2013 ൽ രചിച്ച ലുമെൻ ഫിദെയി ആണ് ആദ്യത്തേത്. തുടർന്ന് 2015 ൽ ലൗദാത്തോ സി എന്ന സാമൂഹ്യ ചാക്രികലേഖനവും അതെ തുടർന്ന്, 2020 ൽ ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനവും ഫ്രാൻസിസ് പാപ്പാ രചിച്ചിട്ടുണ്ട്. മറ്റു ചാക്രികലേഖനങ്ങളിൽ നിന്നും ദിലെക്സിത് നോസ് എന്ന ഈ ചാക്രികലേഖനത്തിന്റെ പ്രത്യേകത, ഇതിന്റെ രചനാ പശ്ചാത്തലം തന്നെയാണ്. 1673 ഡിസംബർ 27 നും 1675 ജൂൺ 18 നും ഇടയിൽ ഫ്രഞ്ച് സന്യാസിനിയായിരുന്ന മാർഗരറ്റ് മേരി അലക്കോക്കിനു ലഭിച്ച  ദർശനങ്ങളാണ്  തിരുഹൃദയ ഭക്തി ലോകം മുഴുവൻ വ്യാപാരിക്കുന്നതിനു കാരണമായത്. 

ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അർത്ഥവത്തായ സന്ദേശം നൽകുവാൻ തിരുഹൃദയ ഭക്തി സഹായകരമാകുമെന്നു എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ ഈ ചാക്രികലേഖനത്തിനു രൂപം നൽകുന്നത്. 2024 ഒക്ടോബർ  മാസം ഇരുപതിനാലാം തീയതിയാണ് ഫ്രാൻസിസ് പാപ്പായുടെ ഈ നാലാമത്തെ ചാക്രികലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്.  ഈ ലേഖനത്തിന്റെ ഇരുപത്തിനാലുമുതൽ ഇരുപത്തിയേഴുവരെയുള്ള ഖണ്ഡികകൾ അടിസ്ഥാനമാക്കിയ ചിന്തകളാണ് നാം ഇനി കാണുന്നത്. 

ഈ ഖണ്ഡികയിൽ പാപ്പാ അടിവരയിടുന്ന ഒരു പദം വാത്സല്യം, മമത, പ്രതിപത്തി, വൈകാരികത, പ്രീതി എന്നൊക്കെ ബൃഹത്തായ അർത്ഥങ്ങൾ  ഉൾക്കൊള്ളുന്ന 'അഫേക്‌ത്തൂസ്' (AFFECTUS) എന്നതാണ്. എന്താണ് ഈ വാക്കിന്റെ അന്തരാർത്ഥം എന്നറിയുവാൻ, ലത്തീൻ ഭാഷയിൽ ഈ പദത്തിന്റെ മൂലപദം നാം മനസിലാക്കണം. വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള, ധ്യാനത്തിന്റെ ദൈവശാസ്ത്രത്തെ വിവരിക്കുന്നത് ഈ പദത്തിന്റെ അടിസ്ഥാനത്തിലാണ്. ജീവിതത്തെ പുനഃക്രമീകരിക്കാനുള്ള ദൗത്യത്തിന് ഊർജ്ജവും, വിഭവങ്ങളും പ്രധാന ചെയ്യുന്ന അടിസ്ഥാന ഇച്ഛാശക്തിയെയാണ് അഫേക്‌ത്തൂസ് (AFFECTUS) എന്ന പദം പ്രതിനിധാനം ചെയ്യുന്നത്. എന്താണ് ഈ പദത്തിന്റെ മൂലസാരം? അദ് ഫാച്ചേരെ AD-FACERE എന്നീരണ്ടു പദങ്ങളാണ് വാത്സല്യത്തിന്റെ ചലനാത്മകതയെ മനുഷ്യജീവിതത്തിൽ എടുത്തു കാണിക്കുന്നത്: ചെയ്യുവാനുള്ള ഒരു ത്വര. തുടർന്ന്, "സവിശേഷത", "നല്ല സ്വഭാവം, തീക്ഷ്ണമായ അടുപ്പം" എന്നിങ്ങനെയുള്ള വിശാലമായ അർത്ഥതലങ്ങളിലേക്ക് വ്യാപൃതമാക്കുന്നു. ഇതാണ് ഹൃദയത്തിന്റെ ചലനാത്മകതയെന്നും, മനുഷ്യനെ ദൈവവുമായും സഹോദരങ്ങളുമായും അടുപ്പിക്കുന്ന പ്രവർത്തനമെന്നും വിശുദ്ധന്റെ വാക്കുകൾ ഓർമ്മപെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.  

ഹൃദയത്തിന്റെ ഈ അപരോന്മുഖമായ ആർദ്രതയുടെ, വാത്സല്യത്തിന്റെ  ചലനാത്മകത,  ഉപരിപ്ലവമായ കാര്യങ്ങളെ ഒഴിവാക്കിക്കൊണ്ട്, ആഴത്തിലുള്ള ബന്ധങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നു. ഈ ചലനാത്മകത ആരംഭിക്കുന്നത് ദൈവഹിതത്തിൽ നിന്നുമാണെന്നു മൈക്കൽ ഡി ചെർട്ടോ എടുത്തു കാണിക്കുന്നു. ദൈവഹിതാനുസരണം നമ്മുടെ ഹൃദയത്തിൽ നിക്ഷേപിക്കപ്പെടുന്ന  ഈ ചലനാത്മകതയാണ്, തുടർന്ന് അപ്രതീക്ഷിതമായ എന്തോ ഒന്ന് വ്യക്തിയുടെ ഹൃദയത്തിൽ സംസാരിക്കാൻ തുടങ്ങുന്നുവെന്നും അദ്ദേഹം അടിവരയിടുന്നു. ഇത്,  തുടർന്ന് ഹൃദയത്തിൽ നിന്ന് ആരംഭിക്കുന്ന ഒരു പുതിയ "ജീവിത ക്രമ'ത്തിനു നമ്മെ സഹായിക്കുകയും ചെയ്യുന്നു. ഇപ്രകാരം യുക്തിസഹമായ വ്യവഹാരങ്ങൾക്ക് പകരം ഹൃദയാത്മകമായ ആർദ്രതയും, വാത്സല്യവും നിറഞ്ഞ ഒരു ജീവിതത്തിനു ഈ ലോകത്തിൽ തുടക്കമാകുന്നു.

ഈ പുതിയ ഹൃദയാത്മകമായ ജീവിത ക്രമമാണ്, ക്രൈസ്തവ  ജീവിതത്തിന്റെ അടിസ്ഥാനമെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. യുക്തിയുടെ ചിന്തകളിൽ നിന്നും പരസ്പരമുള്ള ബന്ധങ്ങളെ ഊഷ്മളമാക്കുന്ന വിശ്വാസജീവിതത്തിലേക്കും പാപ്പാ ഈ ഹൃദയലേഖനത്തിൽ വിരൽ ചൂണ്ടുന്നു. സ്നേഹിക്കുന്നതിനും, ആരാധിക്കുന്നതിനും, ക്ഷമ ചോദിക്കുന്നതിനും, ഒരുവനെ പ്രാപ്തനാകുന്ന ദൈവീകഭാവം ഈ ഹൃദയത്തിന്റെ ആർദ്രമായ ചലനാത്മകതയിലാണ് സൃഷ്ടിക്കപ്പെടുന്നതെന്നും പാപ്പാ എടുത്തു കാണിക്കുന്നു. ഈ ആത്മീയ ഭാവം കൂട്ടായ്മയുടെ ഒരു ജീവിത ചൈതന്യം നമ്മിൽ  നിക്ഷേപിക്കുന്നുവെന്നും പാപ്പാ പറയുമ്പോൾ, വാക്കുകൾക്കുമപ്പുറം, ഹൃദയങ്ങൾകൊണ്ട് രൂപീകരിക്കേണ്ടുന്ന ആത്മീയതയും, ഭക്തിയും ഇന്നത്തെ ലോകത്തിൽ ഏറെ അത്യന്താപേക്ഷിതമെന്നും ചൂണ്ടിക്കാണിക്കുന്നു.

"അഹം ബ്രഹ്മാസ്മി തത്വമസി" സര്‍വ്വം ഖല്വിദം ബ്രഹ്മ"  എന്ന ഭാരതീയ ആത്മീയതയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഈ ചിന്ത നമ്മെ കൂടുതൽ മനുഷ്യത്വമുള്ളവരാക്കി മാറ്റുന്നുവെന്നും പാപ്പാ ചാക്രികലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇപ്രകാരം ഹൃദയത്തിൽ ദൈവവുമായുള്ള  ഒരു സൗഹൃദം കാത്തുസൂക്ഷിക്കുവാനും ഈ ബന്ധത്തിൽ നമ്മുടെ വ്യക്‌തിത്വം തിരിച്ചറിയുന്നതിനും നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.  വിശ്വാസം ബുദ്ധിയിൽ നിന്നും ഹൃദയത്തിന്റെ വാത്സല്യത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടേണ്ടതിനെക്കുറിച്ചും പാപ്പാ എടുത്തു പറയുന്നു. വിശുദ്ധ ബൊനവെഞ്ചർ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: " ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു എന്നത് വെറുമൊരു അറിവായി മാത്രം തുടരുന്നില്ല മറിച്ച് അത് ഒരു വാത്സല്യമായും, സ്നേഹമായും രൂപാന്തരപ്പെടുന്നു." ഇതിനെയാണ് 'ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നു'വെന്നു (Cor ad cor loquitur) വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ പറഞ്ഞത്.

ഏതൊരു വൈരുദ്ധ്യാത്മകതയ്ക്കും അപ്പുറം, കർത്താവ് തന്റെ തിരുഹൃദയത്തിൽ നിന്ന് നമ്മുടെ ഹൃദയത്തോട് സംസാരിച്ചുകൊണ്ട് നമ്മെ രക്ഷയിലേക്ക് നയിക്കുന്നു. സാഹിത്യത്തിൽ പലപ്പോഴും പറയപ്പെട്ടിട്ടുള്ള ഹൃദയവും ഹൃദയവും തമ്മിലുള്ള ബന്ധം അതിന്റെ മൂർദ്ധന്യത്തിൽ അനുഭവിക്കുവാൻ സാധിക്കുന്നത്, യേശുവിന്റെ തിരുഹൃദയത്തിനു നമ്മെ സമർപ്പിക്കുമ്പോഴാണെന്നും, അതിനാൽ തിരുഹൃദയ ഭക്തി ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. അതിനാൽ കർത്താവിനോടുള്ള അടുപ്പം ഹൃദയംഗമമായ പ്രാർത്ഥനാപൂർവ്വമായ സംഭാഷണത്തിലൂടെയാണ് തീക്ഷ്ണമാക്കേണ്ടതെന്നു പാപ്പാ ആഹ്വാനം ചെയ്യുന്നു.

തിരുഹൃദയ ഭക്തിയിലേക്കു നമ്മെ നയിക്കുന്ന കൂദാശയാണ് വിശുദ്ധ കുർബാന. കാരണം യേശുവിന്റെ സജീവമായ ഹൃദയം കണ്ടെത്തുവാനും, ആ തിരുഹൃദയ ശക്തിയിൽ ജീവിതത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കുവാനും വിശുദ്ധ കുർബാനയെന്ന കൂദാശ നമ്മെ സഹായിക്കുന്നു. ഇതാണ് ജീവിതത്തിൽ അർത്ഥം  നൽകുന്നതും, യഥാർത്ഥ സമാധാനത്തിലേക്ക് നമ്മെ നയിക്കുന്നതും. വിശുദ്ധ കുർബാനയുടെ ഈ ജീവിതഗന്ധിയായ മൂല്യം ഓർമ്മപ്പെടുത്തിക്കൊണ്ട് ഹെൻറി ന്യുമാൻറെ പ്രാർത്ഥനയും പാപ്പാ ചാക്രികലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹൃദയത്തിൽ നിന്നും ആധാരം സംസാരിക്കുന്നുവെന്ന തിരുവചനഭാഗം നമ്മോടു പറയുന്ന മറ്റൊരു കാര്യം, യേശുവിന്റെ ഹൃദയം എന്നിലേക്ക് ചേർത്ത് വയ്ക്കുമ്പോൾ ഉരുവാകുന്ന കൂട്ടായ്‍മയുടെ അനുഭവം കൂടിയാണ്. അവിടെ ദൈവത്തിന്റെ വാക്കുകൾ നമ്മുടേതായി മാറുകയും, നമ്മെ കേൾക്കുന്നവർ ദൈവത്തെ കേൾക്കുകയും ചെയ്യുന്ന പന്തക്കുസ്താ അനുഭവം കൈവരുന്നു. ഹൃദയത്തിനു മാത്രമേ നമ്മെ ദൈവവുമായി ഐക്യപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ.

ചാക്രികലേഖനത്തിന്റെ ഈ ഖണ്ഡികകൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിന് സുഭാഷിതങ്ങളുടെ  പുസ്തകം നാലാം അധ്യായം 20 മുതൽ 27 വരെയുള്ള തിരുവചനങ്ങൾ നമ്മെ ഏറെ സഹായിക്കും

" മകനേ, എന്റെ വാക്കുകള്‍ ശ്രദ്‌ധിക്കുക; എന്റെ മൊഴികള്‍ക്കു ചെവിതരുക. അവ നിന്റെ ദൃഷ്‌ടിപഥത്തില്‍നിന്നുമാഞ്ഞുപോകാതിരിക്കട്ടെ; അവ നിന്റെ ഹൃദയത്തില്‍ സൂക്‌ഷിക്കുക. എന്തെന്നാല്‍, അവയെ ഉള്‍ക്കൊള്ളുന്നവന്‌ അവ ജീവനും, അവന്റെ ശരീരത്തിന്‌ ഒൗഷധവുമാണ്‌. നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്‌ഷിക്കുക; ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌. വക്രമായ സംസാരം നിന്നില്‍നിന്നകറ്റിക്കളയുക; കുടിലഭാഷണത്തെ ദൂരെയകറ്റുക. നിന്റെ ദൃഷ്‌ടി അവക്രമായിരിക്കട്ടെ;നിന്റെ നോട്ടം മുന്‍പോട്ടു മാത്രമായിരിക്കട്ടെ. നീ നടക്കുന്ന വഴികള്‍ ഉത്തമമെന്ന്‌ ഉറപ്പിക്കുക; അപ്പോള്‍ അവ സുരക്‌ഷിതമായിരിക്കും. വലത്തോട്ടോ ഇടത്തോട്ടോവ്യതിചലിക്കരുത്‌; തിന്‍മയില്‍ കാലൂന്നുകയും അരുത്‌." (സുഭാഷിതങ്ങൾ 4, 20- 27)

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഏപ്രിൽ 2025, 12:57