വിശ്വാസത്തിലും ഒരുമയിലും നന്മയിലും വളർന്ന്, ക്രൈസ്തവസാക്ഷ്യമേകേണ്ട സഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
2025-ലെ ജൂബിലി ആഘോഷ, ആചാരങ്ങളും വിവിധ ചടങ്ങുകളും, ക്രൈസ്തവരെന്ന് അഭിമാനിക്കുന്ന നാം, ക്രൈസ്തവവിശ്വാസം നമ്മിൽനിന്ന് ആവശ്യപ്പെടുന്ന, ക്രിസ്തുവിലുള്ള വ്യക്തവും ശക്തവുമായ വിശ്വാസം, ക്രൈസ്തവർക്കിടയിലുണ്ടായിരിക്കേണ്ട ഐക്യവും സ്നേഹവും സാഹോദര്യമനോഭാവവും, നന്മയും സത്യത്തിന്റെ പ്രകാശവും പകർന്നുകൊണ്ടുള്ള ഒരു ജീവിതം തുടങ്ങിയവയൊക്കെ എപ്രകാരമാണ് ജീവിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു വിചിന്തനത്തിന് നമ്മെ ക്ഷണിക്കുന്നുണ്ട്.
2025-ൽ സഭ ജൂബിലി ആഘോഷങ്ങളിലൂടെ കടന്നുപോകുമ്പോൾ, ക്രിസ്തുവർഷം 325 മെയ് മാസത്തിൽ ഇന്നത്തെ തുർക്കിയിലുള്ള നിഖ്യയിൽ കോൺസ്റ്റന്റൈൻ ചക്രവർത്തി വിളിച്ചുകൂട്ടിയതും ആഗോള ക്രൈസ്തവസഭയിലെ ഭൂരിഭാഗം പേരും ആധികാരികമായി കണക്കാക്കുന്നതുമായ നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700 വർഷങ്ങൾ പിന്നിടുന്ന അവസരം കൂടിയാണ് നാം ജീവിക്കുന്നത്. പുത്രനായ ക്രിസ്തുവിലുള്ള വിശ്വാസം, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വയ്കദൈവം, ആരിയൂസിന്റെ (256-336) പാഷണ്ഡതയ്ക്കെതിരെയുള്ള നിലപാട്, ഈസ്റ്റർ ആചരണത്തീയതി തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ട ഒരു സൂനഹദോസായിരുന്നു നിഖ്യയിൽ നടന്നത്.
ആരിയൂസും പാഷണ്ഡതയും
വിശ്വാസപരമായ കാര്യങ്ങളിൽ മാനുഷികമായ അളവുകോലുകൾ വച്ച് അനുമാനങ്ങളിലേക്കെത്തുന്നതിലുള്ള തെറ്റിന്റെ ഉദാഹരണമായി ആരിയൂസ് ക്രിസ്തുവിനെക്കുറിച്ച് പഠിപ്പിക്കാൻ ശ്രമിച്ച ചിന്തകളെ നമുക്ക് വ്യാഖ്യാനിക്കാനാകും. ദൈവികമായ ഒരു തലത്തിൽ മാനുഷികമായ സമയ, കാല, വ്യാപ്ത ചിന്തകൾക്ക് അടിസ്ഥാനമില്ല എന്ന ഒരു സത്യം മറന്നാണ് പലപ്പോഴും മനുഷ്യർ ദൈവികമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.
ദൈവത്തിന് സഹിക്കാനും, മരിക്കാനും എങ്ങനെ സാധിക്കുമെന്നും, അത്തരമൊരു ദൈവത്തിനെങ്ങനെ പിതാവിന് തുല്യനാകാൻ സാധിക്കുമെന്നുമുള്ള ഒരു സംശയമാണ് ആരിയൂസിനെ നയിച്ചതെന്ന് കാണാം. അതുകൊണ്ടുതന്നെ, യേശു ഇല്ലാതിരുന്ന ഒരു സമയം ഉണ്ടെന്നും, പിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനും, മനുഷ്യാവതാരം ചെയ്തവനും, പിതാവിന്റേതിനേക്കാൾ കുറഞ്ഞ ദൈവികതയുള്ള, പിതാവുമായി ഏകസത്ത പങ്കിടാത്ത ഒരു പുത്രനെക്കുറിച്ച് ആരിയൂസ് പഠിപ്പിച്ചു. ആരിയൂസിന്റെ ഉദ്ബോധനത്തെ പാഷണ്ഡതയായി തള്ളിക്കളഞ്ഞ നിഖ്യ സൂനഹദോസ്, പിതാവിൽനിന്ന് ജനിച്ച, എന്നാൽ സൃഷ്ടിയല്ലാത്ത ("begotten, not made"), പിതാവിനോട് ഏകസത്തയായിരിക്കുന്നതും, ത്രീത്വയ്ക ദൈവത്തിൽ ഒരാളുമായ യേശുക്രിസ്തുവിൽ ദൈവ,മനുഷ്യസ്വഭാവങ്ങൾ അവയുടെ പൂർണ്ണതയിൽ ഉണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് തുടങ്ങി ഭൂരിപക്ഷം ക്രൈസ്തവസഭകളും ഈയൊരു വിശ്വാസം അംഗീകരിച്ചു. പിന്നീട് ക്രിസ്തുവർഷം 381-ൽ നടന്ന കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസാണ് സഭയുടെ വിശ്വാസം പ്രാവർത്തികമായി പ്രഖ്യാപിക്കുന്ന ഒരു നിലയിലേക്ക് ഈ തീരുമാനത്തെ എത്തിച്ചത്.
ആരിയൂസ് മുന്നോട്ടുവച്ച പാഷണ്ഡത പോലെ പിന്നീടും, യഥാർത്ഥ ക്രൈസ്തവവിശ്വാസത്തിന് ചേരാത്ത ചിന്തകൾ സഭയിൽ ഉണ്ടായിട്ടുണ്ടെന്ന് നമുക്കറിയാം. സഹനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കുരിശുമരണത്തിലൂടെയും കടന്നുപോകുന്ന ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കാൻ സാധിക്കാത്ത ആളുകൾ ഇന്നും നമുക്കിടയിലുണ്ട്. നന്മ പ്രവർത്തികൾ ചെയ്‌ത് കടന്നുപോയ ഒരു മനുഷ്യനായോ, ഒരു വിപ്ലവകാരിയായോ, സാമൂഹ്യപരിഷ്കർത്താവായോ, വലിയൊരു നേതാവായോ ഒരു ഗുരുവായോ, ചിലപ്പോൾ ഒരു പ്രവാചകനായോ മാത്രം യേശുവിനെ കാണുന്ന മനുഷ്യർ ജീവിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഈസ്റ്ററാചരണവും ഭിന്നതകളും
ഈസ്റ്റർ ആചരണവുമായി ബന്ധപ്പെട്ട ചില ഭിന്നതകളും നിഖ്യയ്ക്ക് മുന്നിലുണ്ടായിരുന്നു. ക്രിസ്തുവിന്റെ കുരിശുമരണവും ഉത്ഥാനവുമൊക്കെ, യഹൂദരുടെ പെസഹായുമായും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ യഹൂദസമൂഹം ഉപയോഗിച്ചുപോന്നിരുന്ന പഞ്ചാംഗവുമായി ബന്ധപ്പെട്ട് ചാന്ദ്രമാസമായ നീസാനിലെ ഒരു ഞായറാഴ്ച ഈസ്റ്ററായി തിരഞ്ഞടുത്ത് പോന്നു. എന്നാൽ പിന്നീട് ഈ പഞ്ചാംഗത്തിന്റെ ക്രമവുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകൾ ക്രൈസ്തവർക്കിടയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. സ്വതന്ത്രമായ കണക്കുകൂട്ടലുകൾ നടത്തി ഈസ്റ്റർദിനം ആഘോഷിക്കണമെന്നും, എന്നാൽ യഹൂദപഞ്ചാംഗത്തെ ആധാരമാക്കി വേണമെന്നുമുള്ള ചിന്തകൾ സഭയിൽ നിലനിന്നിരുന്നു. ഈയൊരു വിഷമസ്ഥിതിയിൽ, ക്രൈസ്തവസ്വതന്ത്രമാസഗണനരീതി അംഗീകരിച്ചുകൊണ്ട് സൂനഹദോസ് തീരുമാനമെടുത്തു. എന്നാൽ കൃത്യമായ ഒരു തീയതി സംബന്ധിച്ച് സൂനഹദോസ് നിർവ്വചിക്കാതിരുന്നതിനാൽത്തന്നെ ഇനിയും പരിഹരിക്കാനാകാത്ത ഒന്നായി ഇത് തുടരുന്നുവെന്ന് നമുക്ക് കാണാം. അതേസമയം 2025-ലെ ഈ ജൂബിലിവർഷത്തിൽ എല്ലാ ക്രൈസ്തവരും ഒരുമിച്ചാണ് ഈസ്റ്റർ ആഘോഷിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാകാൻ വഴിയില്ല. ഒരു സിനഡൽ സഭയെന്ന ചിന്തയിലേക്ക് ഇന്ന് സഭ കടന്നുവരുമ്പോൾ, ഇതുമായി ചേർന്നുപോകുന്നതും, വിവിധ കത്തോലിക്കാസഭാപരമ്പര്യങ്ങളും, ഓർത്തഡോക്സ് സഭകളും പങ്കിടുന്ന ചിന്തകളും ഉദ്ബോധനങ്ങളും, അതുവഴി ക്രൈസ്തവഐക്യത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങളും നിഖ്യ സൂനഹദോസിലുണ്ടായിരുന്നു എന്നും നാം തിരിച്ചറിയണം.
ഒരുമയിലേക്കും വിശ്വാസത്തിലൂടെ രക്ഷയിലേക്കും വളരേണ്ട സഭ
ക്രൈസ്തവസഭാചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനമുള്ള നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ ആയിരത്തിഎഴുന്നൂറാമത് വാർഷികം ഈ ജൂബിലി വർഷത്തിൽ നാം അനുസ്മരിക്കുമ്പോൾ, "ദൈവപുത്രനും, രക്ഷകനായ യേശുക്രിസ്തു - നിഖ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ ആയിരത്തിഎഴുന്നൂറാമത് വാർഷികം (325-2025)” എന്ന പേരിൽ അന്താരാഷ്ട്ര ദൈവശാസ്ത്രകമ്മീഷൻ പുറത്തിറക്കിയ രേഖയുടെ നാല്പത്തിമൂന്നാം ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നതുപോലെ, "നമ്മെ ഭിന്നിപ്പിക്കുന്ന കാര്യങ്ങളേക്കാൾ നമുക്ക് പൊതുവായുള്ളതും, നമ്മെ ഒരുമിപ്പിക്കുന്നതുമായ കാര്യങ്ങളാണ് അളവിലും മികവിലും കൂടുതലുള്ളതെന്ന് മറക്കാതിരിക്കാം". ത്രിത്വൈകദൈവത്തിലുള്ള വിശ്വാസം, ക്രിസ്തു യഥാർത്ഥ മനുഷ്യനും യഥാർത്ഥ ദൈവവുമാണെന്ന വിശ്വാസം, യേശുക്രിസ്തുവിലുള്ള രക്ഷ, തുടങ്ങി, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താലും തിരുവചനത്തിന്റെ അടിസ്‌ഥാനത്തിലും, സഭയിലുള്ള വിശ്വാസം, ജ്ഞാനസ്നാനമെന്ന കൂദാശ, മരിച്ചവരുടെ ഉത്ഥാനം, നിത്യജീവൻ ഇവയൊക്കെ നമ്മുടെ പൊതുവായ വിശ്വാസത്തിന്റെ ഭാഗമായുണ്ട്.
വിശ്വാസത്തിലും, അതിന്റെ പ്രഖ്യാപനത്തിലും ആഘോഷത്തിലും, അത് പ്രാവർത്തികമാക്കി ജീവിക്കുന്നതിലുമുള്ള ഒരുമ, നമ്മുടെ വിശ്വാസത്തെ ആഴപ്പെടുത്തുന്നതിനും, ശക്തിപ്പെടുത്തുന്നതിനും, മാത്രമല്ല, അക്രൈസ്തവരായ ആളുകൾക്ക് മുന്നിൽ ക്രിസ്തുവിനും തിരുവചനത്തിനുമുള്ള സാക്ഷ്യമായി മാറുന്നതിനും സഹായകമാകും എന്ന ബോധ്യം നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും വിശ്വാസ-സാമൂഹിക ചിന്തകളെയും നയിക്കേണ്ടതുണ്ട്. വിശ്വാസത്തിന്റെ ഒരുമയില്ലായ്മയും വിശ്വാസആഘോഷങ്ങളിലെ വേർതിരിവുകളും മറ്റുള്ളവർക്ക് മുന്നിൽ ഉതപ്പിന് കാരണമാകുമെന്ന് നമുക്ക് മറക്കാതിരിക്കാം.
ആരിയൂസിന്റേതുൾപ്പെടെയുള്ള ചില ഉദ്ബോധനങ്ങളും ഭിന്നചിന്താഗതികളും പ്രാദേശികമായി സൃഷ്ടിക്കുമായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനായി കോൺസ്റ്റന്റൈൻ ചക്രവർത്തിയാൽ വിളിച്ചുകൂട്ടപ്പെട്ട നിഖ്യ സൂനഹദോസ്, ആഗോളക്രൈസ്തവവിശ്വാസസംഹിതയുടെ നിർവ്വചനത്തിലേക്ക് സഭയെ നയിച്ച ഒരു ചരിത്രമാണ് നമുക്ക് മുന്നിൽ ഇന്നുള്ളത്. അങ്ങനെ ഭിന്നതകൾക്കും പാഷണ്ഡതകൾക്കും മുന്നിലും വളർച്ചയിലേക്കും ഐക്യത്തിലേക്കും ദൈവത്താൽ നയിക്കപ്പെടുന്ന ഒരു സഭയാണ് നമുക്ക് മുന്നിലുള്ളത്.
ഔദ്യോഗികമായ ഉദ്ബോധനങ്ങളിലൂടെ സഭയാണ് വിശ്വാസത്തെ ആധികാരികമായി വ്യഖ്യാനിക്കുന്നതെന്നും, വിശ്വാസികളുടെ, പ്രത്യേകിച്ച് ഏറ്റവും ചെറിയവരും ദുർബലരുമായവരുടെ സംരക്ഷകയാകാനുള്ള വിളിയാണ് അവൾക്കുള്ളതെന്നും നിഖ്യ സൂനഹദോസിനെക്കുറിച്ചുള്ള ചിന്തകൾ നമുക്ക് മുന്നിൽ വ്യക്തമാക്കുന്നുണ്ട്.
പീഡനങ്ങളും ഭിന്നതകളും സഭയും
മുൻകാലങ്ങളിലെന്നപോലെ ആധുനികയുഗത്തിലും പീഡനങ്ങളുടെയും ആക്രമങ്ങളുടെയും ദുർവ്യാഖ്യാനങ്ങളുടെയും കുറ്റാരോപണങ്ങളുടെയും നടുവിലൂടെയാണ് സഭയും വിശ്വാസികളും മുന്നോട്ടുനീങ്ങുന്നതെന്ന് നമുക്കറിയാം. മതവിശ്വാസങ്ങളെത്തന്നെ പരിഹസിക്കുകയും നിരീശ്വരവാദചിന്തകൾ വളർത്തുകയും ചെയ്യുന്ന സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരികനേതൃത്വങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കാലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ, ക്രൈസ്തവരെപ്പോലെ അകാരണമായും, അതി തീവ്രമായും ആക്രമിക്കപ്പെടുകയും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്ന മറ്റു മതവിശ്വാസങ്ങളുണ്ടോയെന്ന് സംശയമുണ്ട്. ഒരു കരണത്തടിക്കുന്നവന് മറുകാരണം കൂടി കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ട (ലൂക്ക 6, 29) ദൈവപുത്രന്റെ ഉദ്‌ബോധനം ക്രൈസ്തവർ പാലിക്കുമെന്ന ഉറപ്പുകൂടി ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലുണ്ടാകാം. ജൂബിലിയുടെ ഭാഗമായി, 2025 മാർച്ച് 31-ന് ജബൽപൂരിലെ മാണ്ഡലയിൽനിന്ന് ഏതാണ്ട് എൺപതോളം കിലോമീറ്ററുകൾ യാത്ര ചെയ്‌ത്, നഗരത്തിലെ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുൾപ്പെടെയുള്ള ദേവാലയങ്ങളിലേക്ക് തീർത്ഥാടനം നടത്തിയ ക്രൈസ്തവരെ മതപരിവർത്തനനിയമത്തിന്റെ മറവിൽ, പോലീസ് അധികാരികളുടെ മുന്നിൽവച്ച് പോലും മതതീവ്രവാദചിന്തയോടെ ഒരുപറ്റം ആളുകൾ ആക്രമിച്ചതും നമ്മുടെ കണ്മുന്നിലുണ്ട്. ഇന്ത്യയിലുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടേണ്ടിവരുന്ന വിവിധ മത, രാഷ്ട്രീയ തീവ്രവാദികളുടെ ആക്രമണങ്ങളിൽ ഒന്ന് മാത്രമാണ് ജബൽപൂരിൽ നടന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളിൽ അജപാലനമേഖലയിൽ സേവനമനുഷ്ഠിച്ചിരുന്ന അറുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായി 2024 അവസാനം ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലും എത്രയോ അധികം ആളുകളാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങൾക്കിരകളാകുന്നത്!
വിവിധ മദ്ധ്യപൂർവ്വദേശനാടുകളിൽ ഭൂരിപക്ഷമായിരുന്ന ക്രൈസ്തവർ ന്യൂനപക്ഷമായി ചുരുങ്ങുന്നതും, ചിലയിടങ്ങളിൽ സമ്പൂർണ്ണമായി തുടച്ചുമാറ്റപ്പെട്ടതും നാം കണ്ടു. ചിലർ ദൈവനാമം വിളിച്ച് അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതും, ക്രൈസ്തവരെ ഇല്ലാതാക്കുന്നതുമായ ഭീകരതദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി നമുക്ക് മുന്നിലെത്താറുണ്ട്. നൂറ്റാണ്ടുകളായി കേരളത്തിലും, ഭാരതത്തിലുമെന്നല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിൽ വലിയ സംഭാവനകൾ ചെയ്തുവരുന്ന ഒരു മതത്തിനെതിരെയാണ് ഇത്തരം ആക്രമണങ്ങളും അധിക്ഷേപങ്ങളുമെന്നത് തികച്ചും അപലപനീയമാണ്. ക്രൈസ്തവികതയ്‌ക്കെതിരെയും ക്രിസ്ത്യാനികൾക്കെതിരെയും സാംസ്‌കാരിക, കലാ മേഖലകളിലൂടെ നടക്കുന്ന ആക്രമണങ്ങളും പലപ്പോഴും എതിർപ്പ് നേരിടാതെ മുന്നോട്ടുപോവുകയാണ് എന്നും നാം കാണുന്നുണ്ട്.
ക്രൈസ്തവഐക്യവും വിശ്വാസവും സത്യ-ധർമ്മങ്ങളുടെ വിജയത്തിന് ആവശ്യം
ഏവരെയും സ്നേഹിക്കാനും, "നമുക്ക് എതിരല്ലാത്തവൻ നമ്മുടെ പക്ഷത്താണ്" (മർക്കോസ് 9, 40) എന്നും പഠിപ്പിച്ച യേശു ഒരു പടികൂടി കടന്ന്, തന്നെ ക്രൂശിച്ചവർക്കുവേണ്ടി പിതാവിനോട് പ്രാർത്ഥിക്കുന്നത് (ലൂക്ക 23, 34) സുവിശേഷങ്ങളിൽ നാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ മാർഗ്ഗം പിന്തുടരുന്ന ക്രൈസ്തവർ ഒരിക്കലും അക്രമത്തിന്റെയോ, പ്രത്യാക്രമണങ്ങളുടെയോ മാർഗ്ഗത്തിലേക്ക് തിരിയരുത്. തങ്ങളുടെ വിശ്വാസത്തിന് എതിരുനിൽക്കുന്നവരെ ഇല്ലാതാക്കാൻ സഹായിക്കുകയോ, അക്രമവും കൊലപാതകവും പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഒരു ദൈവമല്ല നമ്മുടേത്. നാം ആദ്യം പരാമർശിച്ച ആരിയൂസിനെപ്പോലെ, സഹന, പീഡാനുഭവ, മരണ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന, ക്ഷമിക്കാനും പൊറുക്കാനും സ്നേഹിക്കാനും മാത്രം പഠിപ്പിക്കുന്ന ഒരു ദൈവത്തെ അംഗീകരിക്കുക എന്നത് ഒരു പരാജയമായും തോൽവിയായും കണക്കാക്കുന്ന ചില മനുഷ്യർ നമുക്കിടയിലുമുണ്ടായേക്കാം. എന്നാൽ, പഴയനിയമത്തിലെ ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്ന "ഒടിവിന് ഒടിവും കണ്ണിന് കണ്ണും പല്ലിനു പല്ലും പകരം കൊടുക്കണം" (ലേവ്യർ 24, 20) എന്ന പ്രതികാരത്തിന്റെ നിയമം ക്രൈസ്തവന് ചേരില്ലെന്ന് നാം മനസിലാക്കണം. അതേസമയം, സ്നേഹത്തിന്റെയും ക്ഷമയുടെയും സാഹോദര്യത്തിന്റെയും സഹവാസത്തിന്റെയും മൂല്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന ക്രൈസ്തവികത ലോകത്ത് നിലനിൽക്കുന്നത്, മാനവികതയുടെതന്നെ ആവശ്യമാണെന്നുകൂടി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
തിന്മയുടെയും പീഡനങ്ങളുടെയും തോൽവികളുടെയും വീഴ്ചകളുടെയും മുന്നിലും, വിശ്വാസത്താൽ ധൈര്യപ്പെട്ടും, പ്രത്യാശയുടെ വെളിച്ചത്തിലും നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ചെറിയ തെറ്റുകളെ പർവ്വതീകരിച്ചും, ഇല്ലാത്ത തെറ്റുകൾ ആരോപിച്ചും, നാം കൂടി അംഗങ്ങളായ സഭാഗാത്രത്തെയും അതിലെ നേതൃത്വത്തെയും കുറ്റപ്പെടുത്തുന്നതും, സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി സത്യവിശ്വാസത്തിനെതിരെ പ്രസ്താവനകളും ഉദ്ബോധനങ്ങളും നടത്തുന്നതും അവസാനിപ്പിക്കാം. സഭയ്ക്കും നാമോരോരുത്തർക്കും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കാം. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഒരുമിച്ചും സാഹോദര്യം ജീവിച്ചും, ഏവർക്കും നന്മ ചെയ്തും, നമ്മുടെ ജീവിതസാക്ഷ്യം വഴി, സുവിശേഷമൂല്യങ്ങളും സത്യവും, സധൈര്യം ലോകമെങ്ങും അറിയിക്കാം. അപ്പസ്തോലപ്രവർത്തങ്ങൾ രണ്ടാം അദ്ധ്യായത്തിന്റെ അവസാനത്തിൽ (അപ്പ. പ്രവർത്തനങ്ങൾ 2, 44-47), ആദ്യ ക്രൈസ്തവസമൂഹത്തെക്കുറിച്ച് പറയുന്നതുപോലെ, വിശ്വസിച്ചവർ ഏവരും ഒറ്റ സമൂഹമായി, എല്ലാം പങ്കുവച്ച്, വിശ്വാസത്തിൽ ഒരുമിച്ച്, ഹൃദയലളിത്യത്തോടെ, ദൈവത്തെ സ്തുതിച്ച് ജീവിക്കുമ്പോൾ, നമ്മളും ഏവരുടെയും സംപ്രീതിക്ക് പാത്രമാവുകയും, സഭ അനുദിനം വളരുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: