MAP

പാപുവ ന്യൂ ഗിനിയിലെ അല്മായ മതബോധകൻ വാഴ്ത്തപ്പെട്ട പീറ്റർ തൊ റോത്ത്  പാപുവ ന്യൂ ഗിനിയിലെ അല്മായ മതബോധകൻ വാഴ്ത്തപ്പെട്ട പീറ്റർ തൊ റോത്ത്  

ആഗോളസഭയ്ക്ക് പാപുവ ന്യൂഗിനിക്കാരനായ പ്രഥമ വിശുദ്ധനെ ലഭിക്കും!

പാപുവ ന്യൂഗിനി സ്വദേശിയായ അല്മായ മതബോധകൻ പീറ്റർ തൊ റോത്ത്, തുർക്കി സ്വദേശിയായ അർമേനിയൻ കത്തോലിക്കാ ആർച്ചുബിഷപ്പ്, നിണസാക്ഷിയായ ഇഗ്നേഷ്യസ് ഷുക്കറള്ള മലൊയാൻ എന്നീ പുണ്യാത്മാക്കളെ വിശുദ്ധപദവിയിലേക്കുയർത്തുന്നതിന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിലെ കർദ്ദിനാളന്മാരും മെത്രാന്മാരുമടങ്ങുന്ന അംഗങ്ങളുടെ സാധാരണയോഗത്തിൻറെ അനുകൂല തീരുമാനങ്ങൾ ഫ്രാൻസീസ് പാപ്പാ അംഗീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കുപടിഞ്ഞാറെ പസഫിക്ക് രാഷ്ട്രമായ പാപുവ ന്യൂഗിനി സ്വദേശിയായ അല്മായ മതബോധകൻ പീറ്റർ തൊ റോത്ത്  വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും.

അദ്ദേഹത്തിൻറെ വിശുദ്ധപദപ്രഖ്യാപനത്തെ സംബന്ധിച്ച വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിലെ കർദ്ദിനാളന്മാരും മെത്രാന്മാരുമടങ്ങുന്ന അംഗങ്ങളുടെ സാധാരണയോഗത്തിൻെറ അനുകൂല തീരുമാനങ്ങൾ ഫ്രാൻസീസ് പാപ്പാ അംഗീകരിച്ചു.

പാപുവ ന്യൂ ഗിനിയിലെ റക്കുനായി എന്ന സ്ഥലത്ത് 1912-ൽ ജനിച്ച വാഴ്ത്തപ്പെട്ട പീറ്റർ തൊ റോത്ത് മതബോധകനായിത്തീരുകയും രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ പാപുവ ന്യൂഗിനിയിൽ ആധിപത്യമുറപ്പിച്ചപ്പോൾ നിയന്ത്രണങ്ങൾ ഉണ്ടായിയെങ്കിലും മതബോധന ദൗത്യം രഹസ്യമായി തുടരുകയും ചെയ്തു. എന്നാൽ 1945-ൽ കാരാഗൃഹത്തിലടയ്ക്കപ്പെട്ട പീറ്റർ തൊ റോത്ത് അക്കൊല്ലം ജൂലൈ മാസത്തിൽ തടങ്കലിൽ വച്ച് വധിക്കപ്പെട്ടു. 1995 ജനുവരി 17-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

തുർക്കി സ്വദേശിയായ അർമേനിയൻ കത്തോലിക്കാ ആർച്ചുബിഷപ്പ്, നിണസാക്ഷിയായ ഇഗ്നേഷ്യസ് ഷുക്കറള്ള മലൊയാൻനെ (Ignatius Shoukrallah Maloyan) വിശുദ്ധനായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച അനുകൂലതീരുമാനങ്ങളും ഫ്രാൻസീസ് പാപ്പാ അംഗീകരിച്ചു. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹത്തെ അർമേനിയൻ വംശഹത്യാവേളയിൽ ഒട്ടൊമൻ പടയാളികൾ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുകയായിരുന്നു.

കൂടാതെ പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ച്, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ മൂന്നു പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു. ഇവയിൽ ആദ്യത്തേത്, വെനെസ്വേല സ്വദേശിനിയും യേശുവിൻറെ ദാസികളുടെ സന്ന്യാസിനിസമൂഹത്തിൻറെ സ്ഥാപകയുമായ വാഴ്ത്തപ്പെട്ട കർമ്മലഗിരിയുടെ മേരി എന്നറിയപ്പെടുന്ന കാർമെൻ എലേന റന്തീലെസ് മർത്തീനെസിൻറെ മദ്ധ്യസ്ഥതയാൽ നടന്ന ഒരു അത്ഭുതം അംഗീകരിക്കുന്നതാണ്. രണ്ടാമത്തെ പ്രഖ്യാപനം ഇറ്റലിസ്വദേശിയായ രൂപതാവൈദികൻ ദൈവദാസൻ കർമേലൊ ദെ പാൽമയുടെ മദ്ധ്യസ്ഥതയാൽ നടന്ന അത്ഭുതത്തെ സംബന്ധിച്ചതാണ്. ബസീലുകാരനായ വൈദികൻ ദൈവദാസൻ ജൊസേ അന്തോണിയൊ മരിയ ഇബിയാപിനയുടെ (José Antônio Maria Ibiapina) വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നതാണ് അവസാനത്തെ പ്രഖ്യാപനം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഏപ്രിൽ 2025, 18:14