മ്യന്മാറിൽ ബോംബാക്രമണം, ഒരു കത്തോലിക്കാ ദേവാലയം കൂടി തകർന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മ്യന്മാറിലെ ചിൻ സംസ്ഥാനത്തിൽ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ ഒരു കത്തോലിക്കാ ദേവാലയം തകർന്നു.
ഏപ്രിൽ 8-നാണ്, ഹക്കാ രൂപതയിലെ ഫലാമിലുള്ള ക്രിസ്തുരാജ ദേവാലയത്തിൽ ബോംബു പതിച്ചത്. ദേവാലയത്തിൻറെ മേൽക്കൂരയും ഉൾവശവും തകർന്നു. ദേവാലയ ഭിത്തികൾ നിലംപൊത്തിയില്ല. ഈ ദേവാലയം 2023-ലാണ് ആശീർവ്വദിക്കപ്പെട്ടത്.
മ്യാന്മാറിലെ സൈനികഭരണകൂടവിരുദ്ധ“ചിൻലാൻറ് ഡിഫൻസ് ഫോഴ്സ്” സേനയ്ക്കെതിരായ ആക്രമണത്തിലാണ് ദേവാലയം തകർന്നത്. ഒമ്പതു മാസമായി ഫലാൻ പ്രദേശം സംഘർഷവേദിയാണ്. പൗരന്മാർ കൊല്ലപ്പെടുകയും പൊതുകെട്ടിടങ്ങളും ആരാധനായിടങ്ങളുമെല്ലാം തകർക്കപ്പെടുകയും ചെയ്യുന്ന വിവേചനശൂന്യമായ ആക്രമണമാണ് അവിടെ നടക്കുന്നത്.
ഫെബ്രുവരിയിൽ മിന്ദാത്തിൽ യേശുവിൻറെ തിരുഹൃദയത്തിൻറെ ദേവാലയം വ്യോമസേനാക്രമണത്തിൽ തകർന്നിരുന്നു. 2021-മുതൽ നാളിതുവരെ ചിൻ സംസ്ഥാനത്തിൽ നൂറിലേറെ മതപരമായ കെട്ടിടങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. അവയിൽ ദേവാലയങ്ങളുടെ എണ്ണം 67 വരും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: