കരുണയോടെ വിധിക്കുന്ന ദൈവപുത്രൻ
ഫാ. പീറ്റർ ടാജീഷ് O de M.
ആൾക്കൂട്ടത്തിന് മധ്യേയുള്ള നിങ്ങളുടെ കരുണ അപകടകരമാണ് കാരണം നിയമങ്ങളുടെ ബലവുമായി ആൾക്കൂട്ടം ആഘോഷ ആവേശവുമായി അണിനിരക്കുമ്പോൾ അതിനു മുന്നിൽ നിങ്ങൾ നൽകുന്ന കരുണ തികച്ചും അപകടകരമായി മാറും. എന്തുകൊണ്ടെന്നാൽ നിങ്ങൾ ഒരു ജനക്കൂട്ടത്തിന്റെ നിയമം തെറ്റിച്ചു എന്നത് തന്നെ.
ആൾക്കൂട്ടത്തിനെതിരായി നിൽക്കുക ആൾക്കൂട്ട മനോഭാവത്തിന് വിരുദ്ധമായ കരുണ സ്വീകരിക്കുക എന്നതിനർത്ഥം ഒഴുക്കിനെതിരായി നീന്താൻ ശ്രമിക്കുക എന്നതാണ്. ഒഴുക്കിനെതിരായി നീന്തുമ്പോൾ നിങ്ങളിൽ നഷ്ടമാകുന്നതും നിങ്ങളുടെ ഊർജ്ജം തന്നെയാണ്. സ്വച്ഛന്ദമായി ഒഴുകുന്ന നിങ്ങളുടെ ജീവിതത്തിലേക്ക് കരുണ സമ്മാനിക്കുക അസ്വസ്ഥത നിറഞ്ഞ ദിനരാത്രങ്ങളുമായിരിക്കും.
ആൾക്കൂട്ടത്തിന് മധ്യേ നിങ്ങൾ നൽകുന്ന കരുണ നിങ്ങൾ എടുക്കുന്ന നിലപാട് അവരുടെ പുച്ഛത്തിനും കാരണമായിട്ട് മാറും. അങ്ങനെയൊരു അവസ്ഥ വിശേഷത്തിലാണ് കർത്താവ് വലിയൊരു കരുണ ജീവിക്കുന്നത്.
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയുമായി ആവേശ- ആഘോഷ- ആക്രമണ സ്വഭാവത്തോടെ ജനക്കൂട്ടം എത്തുമ്പോൾ കർത്താവ് കരുണയെന്ന സുവിശേഷമാണ് സമ്മാനിക്കുന്നത്.
മോശയുടെ നിയമത്തിന്റെ രീതിയെന്നത്, അതിൽ കരുണയില്ല എന്നതാണ്. ഒരു സമൂഹത്തിന്റെ നിലനിൽപ്പിനു കരുണയെക്കാളുപരി കർക്കശ്യമാണ് വേണ്ടതെന്ന ചിന്തായാവും ഒരുപക്ഷെ അപരാധി കൊല്ലപ്പെടണെമെന്ന നിയമത്തിലേക്കു എത്തിച്ചതും.
സെമറ്റിക് മതങ്ങളുടെ കുറവ് എന്താണെന്ന് വെച്ചാൽ വ്യത്യസ്തതകളെ അത് ഭയപ്പെടുന്നു എന്ന് തന്നെയാണ്. തങ്ങൾക്കു പുറത്തുള്ളതോ, വ്യത്യസ്തമായതോ ശത്രുവാണ്, ശത്രുതയാണെന്ന ബോധ്യം മതങ്ങൾ വച്ചുപുലർത്തുന്നുണ്ട്. അങ്ങനെയൊർത്ഥത്തിൽ നിയമത്തിന് വിരുദ്ധമായ ഒരാൾ ചെയ്യുകയോ, നിയമം അനുശാസിക്കുന്നതിന് എതിരായിട്ട് മറ്റൊരു ജീവിതാവസ്ഥ നിർമ്മിക്കുകയോ ചെയ്യുമ്പോൾ സെമറ്റിക്ക് മതങ്ങൾക്കുള്ളിൽ അയാൾ ശത്രുവായി മാറും.
ആ ശത്രുവിനെ നിർമ്മാർജ്ജനം ചെയ്യുക എന്നുള്ളത് മതങ്ങളുടെ നിയമമായിട്ട് മാറും കാരണം ആ മതത്തിനുള്ളിൽ ഒരേ വീക്ഷണത്തിലും കാഴ്ചയിലും ഒരുപോലെ ജീവിക്കുന്ന മനുഷ്യരെയാണ് മതങ്ങൾക്ക് ആവശ്യം.
അങ്ങനെ ഒരു ചരിത്രപശ്ചാത്തലത്തിന് മുന്നിലാണ് വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഈ സ്ത്രീയെ കർത്താവിനു മുമ്പിൽ കൊണ്ടുവരുന്നത്.
വ്യഭിചാരം എന്നത് രണ്ടുപേർ അനുഷ്ഠിക്കുന്ന പാപമാണ് എന്നിട്ടും എന്തേ വ്യഭിചാരത്തിലെ സ്ത്രീ മാത്രം ജനസമക്ഷം വരികയും പുരുഷനെ അവഗണിക്കുകയോ, മറന്നു കളയുകയോ ചെയ്യുന്നതും. ഇതും യഹൂദ മതത്തിന്റെ പ്രത്യേകതയാണ് പുരുഷകേന്ത്രീകൃത മത പശ്ചാത്തലത്തിൽ സ്ത്രീ മാത്രമേ കുറ്റക്കാരിയായി മാറുന്നുള്ളൂ. അവളോടൊപ്പമുള്ള പുരുഷനെ മറന്നു കളയുക അത് തികച്ചും സൗകര്യപ്രദമാണ്.
നിയമാവർത്തന പുസ്തകം 22, 23 വാക്യം മോശയുടെ നിയമത്തെ കുറിച്ചാണ് പറയുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടാൽ കൊല്ലപ്പെടണമെന്ന നിയമം. അതുകൊണ്ട്തന്നെ ഈ സ്ത്രീ ലൈംഗിക ബന്ധത്തിനിടയിൽ പിടിക്കപ്പെട്ടവൾ ആവണം എന്നതാണ് സൂചന. ഒപ്പം ഭർത്താവിന് കൂടാതെ മറ്റ് രണ്ട് സാക്ഷികളും അവളുടെ പാപപ്രവർത്തിയെ കണ്ടിരിക്കണം അതാണ് നിയമാവർത്തന പുസ്തകം 19,15 വാക്യം പറയുന്നത്. ആ രണ്ട് നിയമപ്രസ്താവനങ്ങളിലും സ്ത്രീക്ക് നേരിടേണ്ടി വരുന്ന ശിക്ഷയെക്കുറിച്ച് മാത്രമാണ് സൂചിപ്പിക്കുന്നത് അവളോടൊപ്പം ഉണ്ടായിരിക്കുന്ന പുരുഷനെ എന്ത് ചെയ്യണമെന്നുള്ള നിർദ്ദേശം ആ നിയമത്തിൽ അടങ്ങിയിട്ടുമില്ല.
അങ്ങനെയൊരു നിയമവുമായാണ് കരുണയുള്ള തമ്പുരാന് മുമ്പിൽ ആ ജനക്കൂട്ടം അവളുമായി എത്തിയത്. അവർക്ക് മുന്നിലാണ് ക്രിസ്തു കരുണയുടെ സുവിശേഷം അവതരിപ്പിക്കുന്നത്. ദൈവത്തിന്റെ കരുണയുള്ള, ദൈവത്തിന്റെ നീതിയുള്ള സുവിശേഷം. ആ സുവിശേഷമാവട്ടെ വ്യക്തമായിട്ട് കാണിച്ചു കൊടുക്കുന്നുണ്ട് ദൈവത്തിന്റെ വിധിയും മനുഷ്യരുടെ വിധിയും രണ്ടാണെന്ന്.
ദൈവത്തിന്റെ വിധി കരുണയുള്ള വിധിയാണ്. ഞാനും നിന്നെ വിധിക്കുന്നില്ല എന്ന വാക്യത്തിൽ ദൈവം കരുണ ഒളിപ്പിച്ചു വെക്കുകയാണ്. ഇനിമേൽ നീ പാപം ചെയ്യരുതെന്ന് പറയുമ്പോൾ അത് നീതിമാനായ ദൈവത്തിന്റെ സ്വഭാവം കൂടിയാണ്.
സുവിശേഷത്തിന്റെ ഏറ്റവും വലിയ ചാരുത എന്നുള്ളത് സുവിശേഷകൻ വ്യക്തമായിട്ട് പറയുന്നുണ്ട് ഈ വിധിനിർണയ സമയത്ത് അവൻ നിലത്ത് എഴുതിക്കൊണ്ടിരുന്നു എന്ന്.
എന്തായിരിക്കും അവൻ നിലത്തെഴുതിയത് എന്ന് ചോദ്യത്തിന് പല വ്യാഖ്യാനങ്ങളാണ് ഉത്തരമായിട്ടുള്ളത്. അവൻ എഴുതിയത് ഒരുപക്ഷേ അവനുചുറ്റും നിന്നവരുടെ പാപങ്ങളാവാം. അതല്ലെങ്കിൽ റോമൻ രീതിയനുസരിച്ച് വിധിപ്രസ്താവം ആദ്യം എഴുതണം എന്നിട്ടാണ് അത് വായിക്കേണ്ടത് അപ്പോൾ അതിനർത്ഥം അവൻ അവൾക്കുള്ള വിധിയാവണം നിലത്ത് എഴുതിയത്. മറ്റൊരു വ്യാഖ്യാനം ജെറമിയ പ്രവാചകന്റെ പുസ്തകം 17,13 വാക്യമാണ്, "അങ്ങിൽ നിന്ന് പിന്തിരിയുന്നവർ പൂഴിയിൽ എഴുതിയ പേര് പോലെ മാഞ്ഞു പോകുമെന്ന്", ഒരുപക്ഷെ നന്മയില്ലാത്ത ആ മനുഷ്യരുടെ പേരാവം അവൻ എഴുതിവച്ചത്. ഒടുവിലായുള്ള വ്യാഖ്യാനം പുറപ്പാടിന്റെ പുസ്തകം 23,7 വാക്യമാണ് "ഭൂരിപക്ഷത്തോടെ ചേർന്ന് നിന്ന് തിന്മ പ്രവർത്തിക്കരുത്" എന്ന്. ഒരുപക്ഷേ അവൻ എഴുതിയതും അതാവാം ജനക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴും, അവരുടെ സമ്മർദ്ദം ജീവിതത്തിൽ വരുമ്പോഴും തിന്മ ചെയ്യാൻ ശ്രമിക്കാതിരിക്കുക. നന്മയിലും കരുണയിലും പുലരുക എന്നുള്ള ദൈവവിധി ആവണം അവൻ എഴുതിയിട്ടുള്ളത്.
നിലത്തെഴുത്ത് എന്ത് തന്നെയാണെങ്കിലും അതിന് എടുത്ത സമയമാണ് ഇന്നത്തെ ധ്യാന വിഷയം. ഒരല്പം സാവകാശം എടുത്ത് ക്രിസ്തു ആ ജനക്കൂട്ടത്തിന്റെ കരുണയില്ലാത്ത, നന്മയില്ലാത്തവരുടെ മനസ്സാക്ഷിയിലേക്ക് ഒരു ധ്യാന സമയം കൊടുക്കുകയാണ്. നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം കല്ലെറിയട്ടെ എന്ന്പറഞ്ഞ്. ഈയൊരു സമയം നിർണായകകാണ് കാരണം ആ സമയത്തിലാണ് ഓരോരുത്തരും അവരവരുടെ ആത്മാവിനെ മനസ്സാക്ഷിയുടെ തെളിമയിൽ കണ്ടുപഠിക്കേണ്ടത്. മനസ്സാക്ഷിയുടെ തെളിമ എന്നുള്ളത് അവനവൻ ചെയ്തുപോയ പാപങ്ങൾ അതൊരുപക്ഷേ പരമരഹസ്യമാണെങ്കിൽ പോലും മനസ്സാക്ഷിയുടെ ബലത്തിൽ കാണാൻ സാധിക്കുക. കരുണയില്ലാത്ത വിധികളിൽ നിന്ന് അകന്നുനിൽക്കാൻ ശ്രമിക്കുക എന്നത്.
അതിൽ കർത്താവ് വിജയിച്ചു എന്ന് തന്നെയാണ് സുവിശേഷം പറയുന്നത് കാരണം ഓരോരുത്തരായിട്ട്, ചെറിയവർ മുതൽ വലിയവർ വരെ കല്ലുകൾ നിലത്തിട്ടുകൊണ്ട് കടന്നു പോവുകയാണ്: അവളെ വിധിക്കാതെ, അവൾക്ക് മരണശിക്ഷ നൽകാതെ.
പ്രിയ സ്നേഹിതരെ സുവിശേഷം കരുണയുടെ പാഠം മാത്രമല്ല അത് ദൈവ നീതിയുടെതുകൂടിയാണ് കാരണം ദൈവ നീതിയും ദൈവ കരുണയിമില്ലാത്ത നിയമങ്ങൾ അതിൽ തന്നെ ക്രൂരമായി മാറിയേക്കാം, അത് പലരുടെയും ജീവിതങ്ങളെ തകർത്തു കളഞ്ഞേക്കാം. സ്നേഹമില്ലാത്ത നിയമങ്ങൾക്ക് തിന്മയുടെ പരിണാമം സംഭവിച്ചേക്കാനുള്ള ഒരു വലിയ ദുരന്തത്തിന്റ സൂചന ഈ സുവിശേഷം നമുക്ക് നൽകുന്നുണ്ട്.
മനസ്സാക്ഷിയുടെ തെളിമയില്ലാത്ത മനുഷ്യർ നിയമങ്ങൾ നിർമ്മിക്കുമ്പോൾ അത് ക്രൂരമായിട്ട് മാറിയേക്കാം. ആ നിയമനിർമ്മാണങ്ങളിൽ ഒരു പക്ഷേ വഴിതെറ്റിപ്പോകുന്ന ഒരാൾക്ക് തിരികെ വഴിയിലേക്ക് പ്രവേശിക്കാനും തെറ്റ് തിരുത്താനും ഇടയില്ലാത്ത രീതികളും സൃഷ്ടിക്കപ്പെട്ടേക്കാം. അവയെല്ലാം ദൈവനീതിക്കും ദൈവ കരുണയ്ക്കുമതിരായിട്ടുള്ള നിലപാടുകളാണ്.
ക്രിസ്തുവെന്ന ഉത്തമപുരുഷൻ ദൈവ നീതിയുടെയും ദൈവ കരുണയുടെയും പ്രതീകമാണ്. സുവിശേഷം നമ്മളോട് ആവശ്യപ്പെടുന്നതും ഈ ഒരു പുണ്യം തന്നെയാണ്: ദൈവനീതിയും ദൈവകരുണയും പുലർത്തുക.
ജീവിതത്തിന്റെ വ്യത്യസ്ത ഇടങ്ങളിൽ വീണുപോയവരും തെറ്റുപറ്റുന്നവരും മുമ്പിലെത്തുമ്പോഴും കരുണയോടുകൂടി അവരെ നോക്കികാണാൻ സാധിക്കുക, വീണ്ടും എഴുന്നേൽക്കാൻ ഒരു കരം നൽകുക, അതൊക്കെ വലിയ സുവിശേഷപ്രഘോഷണമാണ്.
കരുണ നമ്മളിൽ വിരിയട്ടെ. ദൈവത്തിന്റെ കരുണയും, ദൈവനീതിയും ജീവിക്കാനാവട്ടെ. അവിടെയൊക്കെ തിരിച്ചുവരവുകള്‍ ഉണ്ടാകും. മാനസാന്തരങ്ങളും. മനുഷ്യർക്ക് സ്വപ്നം കാണാവുന്ന ലോകങ്ങൾ ഉണ്ടാവും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: