ഹൈറ്റിയിൽ രണ്ടു കന്യാസ്ത്രീകളെ വധിച്ചു
സ്റ്റെഫാനോ ലെസ്സിൻസ്കി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പോർട്ട്-ഔ-പ്രിൻസിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള മിറെബലൈസിന്റെ പ്രാന്തപ്രദേശത്ത് വിവ്രെ എൻസെംബിൾ ഗുണ്ടാസംഘം, അഴിച്ചുവിട്ട ആക്രമണത്തിൽ രണ്ടു കന്യാസ്ത്രീകൾദാരുണമായി കൊല്ലപ്പെട്ടു. സെന്റ് തെരേസ സഭയിലെ ഇവാനെറ്റ് ഒനെസെയർ, ജീൻ വോൾട്ടയർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അതിരൂപത ആർച്ചുബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ പറഞ്ഞു. ഗുണ്ടാ സംഘത്തിന്റെ അക്രമം രൂക്ഷമാകുന്നതിനാൽ പരിഭ്രാന്തരായ ജനങ്ങൾ നഗരം വിട്ട് സമീപ ഗ്രാമങ്ങളിൽ അഭയം പ്രാപിക്കുകയാണ്. രാഷ്ട്രം യുദ്ധത്തിലാണ് എന്ന് ട്രാൻസിഷണൽ കൗൺസിൽ പ്രസിഡന്റ് ഫ്രിറ്റ്സ് അൽഫോൺസ് ജീൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതിനു മുൻപും പലതവണ സമർപ്പിതർക്കെതിരെ അക്രമം നടത്തുകയും, കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2022 ൽ സിസ്റ്റർ ലൂയിസ ദേൽ ഓർത്തോയെ കൊലപ്പെടുത്തുകയും, ആറോളം കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള ട്രാൻസിഷണൽ കൗൺസിലിന്റെ ശ്രമത്തിനെതിരായ പ്രതികാരമായിട്ടാണ് ഇപ്പോൾ രണ്ടുലക്ഷത്തോളം ആളുകൾ ജീവിക്കുന്ന മിറെബലൈസ് പട്ടണത്തിനെതിരെ ഗുണ്ടാസംഘങ്ങൾ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
മിറെബലൈസ് ജയിലിൽ നിന്നും ഈ ഗുണ്ടാസംഘങ്ങൾ കൊടുംകുറ്റവാളികളെ മോചിപ്പിച്ചു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതും പതിവായിട്ടുണ്ട്. ഹൈറ്റിയിൽ രക്തരൂക്ഷിതമായി തുടരുന്ന അക്രമം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ, സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും, സാധാരണക്കാരെ സംരക്ഷിക്കുന്നതിനും, ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ഐക്യരാഷ്ട്രസഭ ശേഖരിച്ച കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ജൂലൈ മുതൽ 2025 ഫെബ്രുവരി വരെ ഹൈറ്റിയിൽ 4,200 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും, 6,000 പേർ വീടുകൾ ഉപേക്ഷിച്ച് മറ്റു ഇടങ്ങളിലേക്ക് പലായനം ചെയ്യുവാൻ നിർബന്ധിതരാകുകയും ചെയ്തിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: