MAP

നൈജീരിയയിലെ ഒരു ദേവാലയത്തിൽനിന്നുള്ള ചിത്രം നൈജീരിയയിലെ ഒരു ദേവാലയത്തിൽനിന്നുള്ള ചിത്രം 

നൈജീരിയ: ഒരു വൈദികനെയും വൈദികാർത്ഥിയെയും അക്രമികൾ തട്ടിക്കൊണ്ടുപോയി

തെക്കൻ നൈജീരിയയിലെ എഡോ സംസ്ഥാനത്ത് ഫിലിപ്പ് എകേലി എന്ന വൈദികനെയും പീറ്റർ ആൻഡ്രൂ എന്ന സെമിനാരിക്കാരനെയും മാർച്ച് 2 ഞായറാഴ്ച രാത്രി പതിനൊന്നരയോടെ അക്രമികൾ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകാൻ വന്നവരും ദേവാലയവുമായി ബന്ധപ്പെട്ട സുരക്ഷാപ്രവർത്തകരും തമ്മിൽ നടന്ന വെടിവയ്പ്പിൽ അക്രമികളിലൊരാൾ കൊല്ലപ്പെട്ടിരുന്നു. നൈജീരിയയിലെ യോല, ജലിങ്കോ രൂപതകളിൽനിന്നായി ഫെബ്രുവരി 22-ന് തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റു രണ്ടു വൈദികർ ഇനിയും സ്വാതന്ത്രരാക്കപ്പെട്ടിട്ടില്ല.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തെക്കൻ നൈജീരിയയിൽ ഒരു വൈദികനെയും സെമിനാരിക്കാരനെയും അക്രമികൾ തട്ടിക്കൊണ്ടുപോയതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. തെക്കൻ നൈജീരിയയിലെ  എഡോ (Edo) സംസ്ഥാനത്ത്, കിഴക്കൻ എറ്റ്സാക്കോയിലെ ല്വിയുക്കായിലുള്ള സെന്റ് പീറ്റർ ദേവാലയത്തിൽ മാർച്ച് രണ്ടാം തീയതി ഞായറാഴ്ച രാത്രി പതിനൊന്നരയോടെയെത്തിയ സായുധസംഘമാണ് ഫിലിപ്പ് എകേലി (Philip Ekeli) എന്ന വൈദികനെയും പീറ്റർ ആൻഡ്രൂ (Peter Andrew) എന്ന സെമിനാരിക്കാരനെയും അക്രമികൾ തട്ടിക്കൊണ്ടുപോയത്.

അക്രമികളും ദേവാലയസംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിരുന്നവരുമായുണ്ടായ വെടിവയ്പ്പിൽ ഒരു അക്രമി കൊല്ലപ്പെട്ടിരുന്നു. എന്നാൽ സുരക്ഷാപ്രവർത്തകരുടെ ഇടപെടലുണ്ടായിട്ടും വൈദികനെയും സെമിനാരിക്കാരനെയും പിടികൂടിയ അക്രമിസംഘം അവരെ കാട്ടിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകപ്പെട്ടവരെ രക്ഷിക്കുന്നതിനും അക്രമികളെ പിടികൂടുന്നതിനുമായി നൈജീരിയൻ സൈന്യത്തിന്റെ 195-ആം ബറ്റാലിയനിലെ പട്ടാളക്കാർ, പോലീസ്, വിജിലൻസ് പ്രവർത്തകർ, പ്രാദേശിക വേട്ടക്കാർ എന്നിവരുൾപ്പെടെയുള്ള സംഘം സംയുക്തമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഫെബ്രുവരി 22 ശനിയാഴ്ച അക്രമികൾ തട്ടിക്കൊണ്ടുപോയ യോല (Yola) രൂപതയിൽനിന്നുള്ള ഫാ. മാത്യു ഡേവിഡ് ഡ്യുറ്റ്സെമി (Matthew David Dutsemi), ജലിങ്കോ (Jalingo) രൂപതയിൽനിന്നുള്ള ഫാ. എബ്രഹാം സൗമാം (Abraham Saummam) എന്നിവർ ഇപ്പോഴും അക്രമികളുടെ കൈയിലാണ് (Fides 24/2/2025).

ഫെബ്രുവരി 12-ന് തെക്കൻ നൈജീരിയയിലെ റിവേഴ്‌സ് സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ലിവിനസ് മൗറിസ് ഉൾപ്പെടെ മൂന്ന് പേരെ ഫെബ്രുവരി 16-ന് അക്രമികൾ വിട്ടയച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മാർച്ച് 2025, 17:26