MAP

മ്യാന്മാറിൽനിന്നുള്ള ഒരു ചിത്രം മ്യാന്മാറിൽനിന്നുള്ള ഒരു ചിത്രം  (AFP or licensors)

മ്യാന്മാർ: കച്ചിനിൽ ഒരു കത്തോലിക്കാ അജപാലനകേന്ദ്രം തകർക്കപ്പെട്ടു

വടക്കൻ മ്യാൻമറിലെ ബാൻമാവ് രൂപതയുടെ സെന്റ് മൈക്കിൾസ് ഇടവകയിലെ അജപാലനകേന്ദ്രം ബിർമാനിയയിലെ പട്ടാളം ബോംബാക്രമണത്തിൽ തകർത്തുവെന്ന് ഫീദെസ് വാർത്താ ഏജൻസി. മാർച്ച് മൂന്നാം തീയതി തിങ്കളാഴ്ചയാണ് സൈന്യം ഇടവക സമുച്ചയത്തിന് നേരെ ബോംബുകൾ വർഷിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സായുധസംഘർഷങ്ങളും പോരാട്ടങ്ങളും തുടരുന്ന മ്യാന്മാറിന്റെ വടക്കൻ പ്രദേശത്തുള്ള ബാൻമാവ് (Banmaw) രൂപതയിലെ ഒരു കത്തോലിക്കാ അജപാലനകേന്ദ്രം ബർമീസ് സായുധ സേന ബോംബാക്രമണത്തിൽ തകർത്തുവെന്ന് ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കച്ചിൻ (Kachin) സംസ്ഥാനത്തുള്ള ബാൻമാവ് രൂപതയുടെ സെന്റ് മൈക്കിൾസ് ഇടവകയിലെ അജപാലനകേന്ദ്രമാണ് മാർച്ച് മൂന്നാം തീയതി തിങ്കളാഴ്ച സൈന്യം തകർത്തത്. നൂറുവർഷത്തിലേറെ മുൻപ് സ്ഥാപിക്കപ്പെട്ടതാണ് ഈ ഇടവക.

അഞ്ചു ഷെല്ലുകളും രണ്ടു ബോംബുകളും ഇടവക സമുച്ചയത്തിന് നേരെ പ്രയോഗിക്കപ്പെട്ടുവെന്നും, കെട്ടിടങ്ങൾക്ക് തകർച്ചയുണ്ടായിട്ടുണ്ടെന്നും, എന്നാൽ ആളുകൾക്കാർക്കും പരിക്കേറ്റില്ലെന്നും, ഇടവകയിൽ സേവനം ചെയ്യുന്ന വിൽബെർട്ട് മിരെഹ് എന്ന ഈശോസഭാവൈദികൻ പറഞ്ഞതായി ഫീദെസ് റിപ്പോർട്ട് ചെയ്തു.

ഇടവകയിൽ വിശുദ്ധകുർബാന അർപ്പിക്കുന്നത് പലപ്പോഴും മരങ്ങൾക്ക് കീഴിൽ തുറസ്സായ സ്ഥലങ്ങളിലാണെന്നും, ദേവാലയവും ആക്രമിക്കപ്പെട്ടതിനാൽ അവിടെ വിശ്വാസികൾ ഒത്തുചേരുന്നത് അപകടകരമാണെന്നും, എന്നാൽ ജനങ്ങളുടെ വിശ്വാസവും ആത്മധൈര്യവും ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്നും ഫാ. മിരെഹ് ഫീദെസിനോട് പറഞ്ഞു.

ദീർഘനാളുകളായി കച്ചിൻ സംസ്ഥാനത്ത്, പ്രാദേശികസമുദായഗ്രൂപ്പുകളും സൈന്യവുമായി ശക്തമായ പോരാട്ടം നടന്നുവരികയാണ്. രാജ്യത്തെ സൈനികഭരണകൂടത്തിനെതിരെ പതിറ്റാണ്ടുകളായി ചെറുത്തുനിൽക്കുന്ന കച്ചിൻ ഇൻഡിപെൻഡൻസ് ആർമി (KIA) എന്ന വംശീയഗ്രൂപ്പ് സ്വയം നിർണ്ണയാവകാശത്തിനായാണ് പോരാടുന്നത്.

ബാൻമാവ് പ്രദേശമുൾപ്പെടെ കച്ചിൻ സംസ്ഥാനത്തിന്റെ പൂർണ്ണമായ നിയന്ത്രണം ഉറപ്പാക്കുന്നതിനുവേണ്ടി സൈന്യം തുടരുന്ന ആക്രമണങ്ങൾ മൂലം പ്രദേശത്തുനിന്നുള്ളവർ മറ്റിടങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരായെന്നും, പ്രദേശത്ത് ഏതാണ്ട് ഇരുപതിനായിരം ആളുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും പ്രാദേശികവൃത്തങ്ങളെ അധികരിച്ച് ഫീദെസ് റിപ്പോർട്ട് ചെയ്തു. രൂപതയിലെ പതിമൂന്ന് ഇടവകളിൽ ഒൻപതെണ്ണത്തെയും ആക്രമണങ്ങൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് ബാൻമാവ് രൂപത നിലനിൽക്കുന്നത്. 2021-ൽ സൈന്യം ഭരണം പിടിച്ചെടുത്തതിന് മുൻപും സൈന്യവും കച്ചിൻ ഇൻഡിപെൻഡൻസ് ആർമിയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവായിരുന്നുവെന്നും, ഒന്നേകാൽ ലക്ഷത്തോളം അഭയാർത്ഥികൾ ഈ പ്രദേശത്ത് മാത്രം ഉണ്ടായിരുന്നുവെന്നും ഫീദെസ് വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 മാർച്ച് 2025, 15:57