MAP

മരുഭൂമിയിൽ പ്രാർത്ഥനയിലായിരിക്കുന്ന യേശു മരുഭൂമിയിൽ പ്രാർത്ഥനയിലായിരിക്കുന്ന യേശു 

നോമ്പുകാലം: ജീവിതത്തെ മെച്ചപ്പെടുത്താനുള്ള കൃപയുടെ കാലം

ലത്തീൻ ആരാധനാക്രമപ്രകാരം നോമ്പുകാലം ഒന്നാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം ലൂക്കാ 4, 1-13
ശബ്ദരേഖ - നോമ്പുകാലം: ജീവിതത്തെ മെച്ചപ്പെടുത്താനുള്ള കൃപയുടെ കാലം

ഫാ. പീറ്റർ ടാജീഷ് O de M.

തിരുസഭ വലിയ നോമ്പിന്റെ പുണ്യദിനങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ഒരാളെ ദൈവ സമക്ഷം, ദൈവവെളിച്ചത്തിൽ ചേർത്തുനിർത്തുവാനും, ആ ജീവിതത്തെ അടിമുടി ദൈവകൃപയാൽ പരിശോധിക്കുവാനും ഒരുക്കുന്ന ഒരു വലിയ കൃപയുടെ കാലത്തിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്.

നോമ്പ് കാലം ഒരു പരിശോധനയുടെ കാലം കൂടിയാണ്.  ദൈവകൃപയ്ക്ക് താഴെ ആത്മാവിനെയും, ജീവിതത്തെയും ഒരാൾ പരിശോധിച്ചു തുടങ്ങുന്ന കാലം. സ്നേഹം എന്ന പാഠശാലയിൽ താനൊരു മികച്ച വിദ്യാർത്ഥിയാണോയെന്ന് പരിശോധിക്കുന്ന ഒരു കാലം, സ്നേഹത്തിന്റെ ഏറ്റക്കുറവുകൾ പരിശോധിച്ചറിയുവാനും, ദൈവത്തിനും മനുഷ്യർക്കും മുന്നിൽ തുറവിയോടെ നിലനിൽക്കുവാൻ ഒരാൾ പരിശീലനം തുടങ്ങുന്ന കാലം തന്നെയാണ് നോമ്പ് കാലം.

പോരായ്മകളുടെ വഴികളിലൂടെ സഞ്ചരിക്കുന്ന ദുർബലരായ മനുഷ്യരാണ് നമ്മൾ.  ഓരോ ഇടങ്ങളിലും ഒരുപക്ഷേ നമ്മളൊക്കെ തിരിച്ചറിയുന്നുണ്ടാവും എന്തുമാത്രം കുറവുകളിലൂടെ നമ്മൾ കടന്നുകുന്നതെന്ന്.  പലരെയും സ്നേഹിക്കാൻ നമ്മൾ മറന്നുപോയെത്,  കരുണ നൽകേണ്ട ഇടങ്ങളിൽ അത് നൽകാതെ നമ്മൾ പിൻതിരിഞ്ഞു നടന്നത്,  ഒക്കെയും ഈ നോമ്പുകാലത്ത് എന്ന് പരിശോധിക്കേണ്ട സമയമാണ്.

നോമ്പ് കാലം ഒരിക്കലും ഒരു കഷ്ടതയുടെ കാലമായിട്ടല്ല കാണേണ്ടത്,  മറിച്ച് നമ്മളെത്തന്നെ നവീകരിക്കുന്ന ഒരു കാലമായി അതിനെ കാണാൻ സാധിക്കണം. നമ്മളെത്തന്നെ അടിമുടി പരിശോധിച്ചുകൊണ്ട് മുന്നോട്ട് നടക്കാൻ, സ്നേഹിക്കാൻ തീരുമാനിക്കേണ്ട കാലം.

തപസ്സുകാലം ഒന്നാം ഞായർ കർത്താവിന്റെ മരുഭൂമിയിലെ പരീക്ഷയെക്കുറിച്ച് പറഞ്ഞാണ് സുവിശേഷം നമുക്ക് മുന്നിലെത്തുന്നത്. മൂന്ന് സുവിശേഷകന്മാരും ഒരുപോലെ പ്രതിപാദിക്കുന്ന കർത്താവിന്റെ ജീവിതത്തിന്റെ പ്രലോഭനകാലം.  അതിനർത്ഥം മൂന്നുപേരും ഒരുപോലെ ഇതിനെക്കുറിച്ച് പറയുമ്പോൾ അത് ക്രിസ്തുവിന്റെ ജീവിതത്തിലെ വളരെ സവിശേഷമായതും, അതേസമയം പ്രാധാന്യവുമുള്ള ചരിതസംഭവമാണ്.

മത്തായി സുവിശേഷകൻ 4,1-11,  മർക്കോസ് 1,12-13,  ലൂക്ക 4, 1-13 മരുഭൂമിയിലെ പരീക്ഷയെ കുറിച്ചാണ് പറയുന്നത്.

മർക്കോസിന്റെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ പരീക്ഷ എന്നത് പറുദീസായിലെ രമ്യതയെ അതായത് വന്യമൃഗങ്ങളുടെ കൂടെയായിരിക്കുന്ന പുതിയ ആദമായിട്ടാണ് സ്ഥാപിക്കുന്നത്. മത്തായി സുവിശേഷകൻ  പുതിയ മോശ എന്ന നിലയിൽ,  ഉയർന്ന മലയിൽ നിൽക്കുന്ന ക്രിസ്തുവിനെയാണ് പ്രലോഭനത്തിലൂടെ കാണിക്കുന്നത്. ലൂക്കാ സുവിശേഷകൻ അല്പം വ്യത്യസ്തമായ രീതിയിലാണ് കർത്താവിന്റെ പരീക്ഷയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.  ഒരു മലയുടെ പ്രാർത്ഥന അനുഭവത്തിലല്ല മറിച്ച് ജെറുസലേമിലാണ് ക്രിസ്തു പ്രലോഭനം നേരിടുന്നത്.  പീഡാനുഭവത്തിനായി അവൻ വീണ്ടും ജെറുസലേമിൽ വരുമ്പോഴും പിശാചുമായി ഏറ്റുമുട്ടുകയും പിശാചിനെ തോൽപ്പിക്കുകയും ചെയ്യുമ്പോൾ ക്രിസ്തു നേരിട്ട പ്രലോഭനങ്ങൾ മുഴുവൻ ലൂക്ക സുവിശേഷകന്റെ ഭാഷയിൽ ജെറുസലേമിലാണ് സംഭവിച്ചിട്ടുള്ളത്.

എന്താണ് ക്രിസ്തുവിന്റെ പ്രലോഭനം എന്ന് ചോദിച്ചാൽ ഉത്തരം ഒന്നു മാത്രമേയുള്ളൂ.  തന്റെ ദൈവപിതാവിനോടുള്ള സ്നേഹത്തിൽ കുറവ് വരുത്തുക എന്നത്. പ്രലോഭനം എന്നുള്ളത് ഈയൊരു ആന്തരിക സംഘർഷമാണ്. അതായത് സ്നേഹത്തിനെതിരായിട്ട് ഒരു നിലപാട് എടുക്കുവാനും,  അല്പസമയത്തേക്ക്,  ചിലയിടങ്ങളിൽ വിശ്വസ്തത നഷ്ടപ്പെടുത്താനും മനുഷ്യരിൽ രൂപപ്പെടുത്തുന്ന നിലപാടാണ് പ്രലോഭനം.

ഏതൊരു ജീവിതത്തോടും ചേർത്തുവെക്കാവുന്ന ഒരു ചിന്തയാണിത്. കാരണം സ്നേഹത്തിനും വിശ്വസ്തതയ്ക്കും എതിരായിട്ട് ഒരു നിലപാട് സ്വീകരിക്കുന്ന ഇടത്തെ നമുക്ക് പ്രലോഭനഇടമെന്നോ പ്രലോഭനകാലമെന്നോ വിളിക്കാം.

ക്രിസ്തുവിന്റെ പ്രലോഭനം എന്നതും അങ്ങനെ ഒരു അർത്ഥമാണ്. ദൈവത്തോട് പുലർത്തിയിരുന്ന,  തന്റെ പിതാവിനോട് പുലർത്തിയിരുന്ന വിശ്വസ്തത അൽപ്പനേരത്തേക്ക് മറന്നു പോവുക. തന്റെ ദൈവപിതാവിനോട് ജീവിക്കുന്ന സ്നേഹം അല്പം നിമിഷത്തേക്ക് മാറ്റിവെക്കുക എന്നുള്ള ഒരു നിലപാട് സ്വീകരിക്കുവാൻ പ്രലോഭകൻ ക്രിസ്തുവിനോട് ആവശ്യപ്പെടുന്നത്.

ക്രിസ്തുവിന്റെ പ്രലോഭനം തന്നെ പുത്രൻ, ദാസൻ എന്നീ നിലകളിൽ ക്രിസ്തു നേരിട്ട പരീക്ഷണം തന്നെയാണ്.  ഒരു മനുഷ്യാവസ്ഥയുടെ മുഴുവൻ ദൈന്യതയും നിസ്സഹായതയും പ്രലോഭനത്തിലൂടെ ക്രിസ്തു അനുഭവിക്കുന്നുമുണ്ട്,  എന്നിട്ടും ഈ ക്രിസ്തുപരീക്ഷയുടെ സുവിശേഷവിവരണത്തിന്റെ ഭംഗിയെന്നുള്ളത്  കർത്താവ് ദൈവാസ്തിത്വം അതുപോലെതന്നെ പുലർത്തി എന്നുള്ളതാണ്.

40 ദിവസത്തെ ഉപവാസത്തിനുശേഷമാണ് ക്രിസ്തുവിനെ തേടി പ്രലോഭകൻ വരുന്നതും. ഇതും ഒരു ഉപമ പോലെ ജീവിതത്തിൽ ധ്യാനിക്കേണ്ട വിഷയമാണ് കാരണം പ്രലോഭകൻ നമ്മളെ തേടിയെത്തുന്നത്,  വിഷമിച്ചിരിക്കുന്ന, സങ്കടപ്പെടുന്ന, പ്രത്യാശ നഷ്ടപ്പെട്ട ഇടങ്ങളിലാണ്.  ഉപവാസത്തിന്റെ തളർച്ചയ്ക്ക് ശേഷം സാത്താന് കൃത്യമായിട്ടറിയാം ക്രിസ്തു ആഗ്രഹിക്കുന്നതും, ആവശ്യമുള്ളതും അപ്പമാണ്,  ഭക്ഷണമാണ്. അവ മുന്നിലേക്ക് വച്ച് നീട്ടി കൊണ്ടാണ് പ്രലോഭകൻ വരുന്നത്.

നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളെ അപ്പമാക്കുകയെന്ന് പറയുമ്പോൾ ഉല്പത്തിയുടെ പുസ്തകം മൂന്നാം അധ്യായത്തിലെ ഏദൻ തോട്ടത്തിന്റെ പ്രലോഭനം തന്നെയാണ് സാത്താൻ ക്രിസ്തുവിന് മുമ്പിലും വെച്ച് നീട്ടുന്നത്. ഈ കനി നിങ്ങൾ ഭക്ഷിച്ചാൽ നിങ്ങൾ ദൈവത്തെ പോലെയാവുമെന്ന പ്രലോഭനം തന്നെയാണ് നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളെ അപ്പമാക്കി മാറ്റുക എന്ന പ്രലോഭനത്തിൽ ഒളിപ്പിച്ചു വെക്കുന്നത്.

ദൈവപിതാവിന്റെ സ്നേഹത്തിനെതിരായിട്ട് ഒരു നിലപാടെടുക്കേണ്ട ആ പ്രലോഭനത്തിൽ, ക്രിസ്തുവെടുത്ത നിലപാടാണ് ദൈവപുത്രനിലപാട്. കാരണം ദൈവത്തിന് കീഴ്പ്പെടുമ്പോഴാണ് ഒരാൾ ദൈവത്തെപ്പോലെയാവുക. അല്ലാതെ പൈശാചിക വചനങ്ങൾക്ക് കീഴ്പ്പെടുമ്പോഴല്ല എന്ന ക്രിസ്തുനിലപാട് കർത്താവ് സ്വീകരിക്കുന്നത്.

രണ്ടാമത്തെ പ്രലോഭനം എന്നുള്ളത് ഒരു രാഷ്ട്രീയ വ്യവഹാര പ്രലോഭനമാണ്. ഈ ലോകത്തിന്റെ അധികാരിക്ക് കീഴ്പ്പെടണോ വേണ്ടയോ എന്നുള്ളതാണ്. ചൂഷണം ചെയ്യപ്പെടുന്ന ജനം ആഗ്രഹിക്കുന്നത് രാഷ്ട്രീയ ശക്തിയാണ്.  ഭരണത്തിലെ പങ്കാളിത്തം,  ആ പങ്കാളിത്തം അവരുടെ അടിമത്വവും മാറ്റിയേക്കാം എന്ന ഒരു മോഹം അവരിൽ ജനിപ്പിക്കും . അങ്ങനെയുള്ള  പ്രലോഭനമാണ് ക്രിസ്തുവിന് മുമ്പിൽ വെച്ച് നീട്ടുന്നത്. അധികാരമാണ് ഒരാൾക്ക് നേരിടാവുന്ന വലിയ പ്രലോഭനങ്ങളിൽ ഒന്ന്.  അധികാരം നേടുക, മറ്റുള്ളവരെ നിയന്ത്രിക്കുക, ആ അധികാരം കൊണ്ട് ലോകത്തെ ഭ്രമിപ്പിക്കുക, ഒക്കെയും ലോകത്തിന്റെ പ്രശ്ങ്ങളാണ്. ഇന്ന് ലോകത്തിൽ നടക്കുന്ന, നടന്നിട്ടുള്ള യുദ്ധങ്ങളുടെയും, കലഹങ്ങളുടെയും, വിപ്ലവങ്ങളുടെയും, രക്തച്ചൊരിച്ചിലിച്ചിന്റെയും പിന്നാമ്പുറം അന്വേഷിച്ചാൽ മനുഷ്യന്റെ അടങ്ങാത്ത അധികാരഭ്രമാണ്. അങ്ങനെയൊരു പ്രലോഭനത്തിന് മുന്നിലാണ് ക്രിസ്തു ദൈവപുത്രനിലപാട് സ്വീകരിക്കുന്നത്. ദൈവം നൽകുന്ന അധികാരമേ ഒരാൾ സ്വീകരിക്കാൻ പാടുള്ളൂ.  ആ അധികാരമുള്ളപ്പോൾ പോലും ദൈവത്തിനോട് കീഴ്വഴങ്ങി,  അനുസരണം ജീവിക്കുക എന്ന നിലപാട്.

ഒടുവിലായി പ്രലോഭകൻ വെച്ച് നീട്ടുന്നത് മറ്റു മനുഷ്യരെ ഭ്രമിപ്പിക്കുന്ന ഒരു പ്രവർത്തി ചെയ്യുവനാണ്‌, ദേവാലയ ഗോപുരത്തിന് മുകളിൽ കൊണ്ടുവന്ന് നിർത്തിയിട്ട് താഴേക്ക് ചാടുക,  ദൈവപുത്രൻ ആണെങ്കിൽ മാലാഖമാർ നിന്നെ സംരക്ഷിക്കും എന്ന് പറഞ്ഞുകൊണ്ട് താഴെ നിൽക്കുന്ന ജനക്കൂട്ടത്തെ ഭ്രമിപ്പിക്കാനുള്ള പ്രലോഭനം ക്രിസ്തുവിനു മുന്നിലേക്ക് വച്ച് നീട്ടുകയാണ്. താരപരിവേഷം,  പ്രശസ്തി ഇത് രണ്ടും മനുഷ്യരാഗ്രഹിക്കുന്ന കാര്യങ്ങളാണ്.  നമ്മുടെ സകല പ്രവർത്തികൾക്ക് പിന്നിലും അറിയപ്പെടുക എന്നുള്ള ഒരു ആഗ്രഹം നമ്മൾ ഒളിപ്പിച്ചു വെച്ചേക്കാം.  ആ ഒരു മാനുഷിക പ്രലോഭനത്തിലും ക്രിസ്തു ദൈവപുത്രന്റെ നിലപാടാണ് സ്വീകരിക്കുന്നത്. ആ നിലപാടെന്നത് പ്രശസ്തി നേടുന്നതും, ഭ്രമിപ്പിക്കുന്നതും ഈ ലോകത്തിന്റെ രീതിയാണ്, അത് ദൈവപുത്രന് ചേർന്നതല്ല.  ദൈവപുത്രൻ അനുസരണത്തിന്റെ മകനായിട്ട് മാറണം. അനുസരണത്തിലൂടെ കുരിശു മരണത്തിലൂടെ ദൈവത്തിന്റെ ഹൃദയത്തിൽ ഇടം നേടേണ്ട ഒരാളാവണമെന്ന്.

മൂന്ന് പ്രലോഭനങ്ങളിലും ക്രിസ്തു കറകളഞ്ഞ ദൈവപുത്രനായി മാറുകയാണ്. നമ്മുടെയൊക്കെ ജീവിതത്തിലും പ്രലോഭനങ്ങൾ ഉണ്ടാവുമ്പോൾ ഓർക്കുക,  സ്നേഹത്തിനും വിശ്വസ്തതയ്ക്കും എതിരായിട്ട് ഒരു നിലപാട് എടുക്കാനുള്ള സാഹചര്യങ്ങളാണ് അവ വച്ച് നീട്ടുന്നത്. അവിടെയാണ് നമ്മുടെ മനുഷ്യ അന്തസ്സിന്റെയും, മനുഷ്യ മഹത്വത്തിന്റെയും, ദൈവപുത്ര സ്ഥാനത്തിന്റെയും മഹത്വം വിളിച്ചുപറയേണ്ടത്.  നല്ല നിലപാടുകൾ എടുക്കാൻ,  പ്രലോഭനങ്ങളെ അതിജീവിക്കാൻ, ക്രിസ്തുവിനെ പോലെ വിശ്വസ്തതയോടെ കൂടി ജീവിക്കാൻ നമുക്ക് സാധിക്കണം.

ഈ തപസ്സകാലം നല്ല നിലപാടുകൾക്ക് നമ്മളെ സഹായിക്കട്ടെ.  ക്രിസ്തുവിനൊപ്പം നടക്കാനും ക്രിസ്തുവിനെപ്പോലെ ജീവിക്കാനും അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മാർച്ച് 2025, 14:35