MAP

യൂറോപ്യൻ മെത്രാൻസമിതിയുടെ ലോഗോ യൂറോപ്യൻ മെത്രാൻസമിതിയുടെ ലോഗോ 

ശാശ്വതസമാധാനത്തിനായും പാപ്പായ്ക്കുവേണ്ടിയും പ്രാർത്ഥനയോടെ യൂറോപ്യൻ മെത്രാൻ സമിതി

2025-ലെ വലിയനോമ്പുകാലത്ത് സമാധാനസ്ഥാപനത്തിനായി, പ്രത്യേകിച്ച് ഉക്രൈനിലും വിശുദ്ധനാട്ടിലും, സുസ്ഥിരമായ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കാൻ യൂറോപ്പിലെ മെത്രാൻസമിതിയുടെ തീരുമാനം. ഈ നിയോഗത്തിലേക്കായി നോമ്പുകാലത്ത് മെത്രാൻസമിതി അംഗങ്ങൾ ഒരു വിശുദ്ധ കുർബാനയെങ്കിലും വീതം അർപ്പിക്കും. പാപ്പായുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കാനും യൂറോപ്യൻ മെത്രാൻസമിതി മാർച്ച് 5 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്‌തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകസമാധാനത്തിനായി ഈ നോമ്പുകാലത്ത് പ്രത്യേകം പ്രാർത്ഥിക്കാൻ തീരുമാനമെടുത്ത് യൂറോപ്യൻ മെത്രാൻസമിതി. മാർച്ച് 5 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, ലോകത്തെമ്പാടും, പ്രത്യേകിച്ച് ഉക്രൈനിലും വിശുദ്ധനാട്ടിലും നീതിപൂർണ്ണവും ശാശ്വതവുമായ സമാധാനം ഉണ്ടാകുവാൻവേണ്ടി പ്രാർത്ഥിക്കുവാനുള്ള തങ്ങളുടെ തീരുമാനം യൂറോപ്പിലെ മെത്രാന്മാരുടെ പേരിൽ മെത്രാൻസമിതി അറിയിച്ചത്.

സമാധാനസ്ഥാപനത്തിനായി 2025-ലെ വലിയനോമ്പുകാലം മുഴുവൻ പ്രാർത്ഥിക്കാനുള്ള തങ്ങളുടെ തീരുമാനം അറിയിച്ച മെത്രാൻസമിതി, സമിതിയിലെ എല്ലാ അംഗങ്ങളും ഈ നിയോഗത്തോടെയും യുദ്ധങ്ങളുടെ ഇരകൾക്കുവേണ്ടിയും പ്രാർത്ഥിക്കുമെന്നും നോമ്പുകാലത്തിൽ ഒരിക്കലെങ്കിലും പ്രത്യേകമായി വിശുദ്ധബലിയർപ്പിക്കുമെന്നും വ്യക്തമാക്കി.

യൂറോപ്യൻ ഭൂഖണ്ഡത്തിനുവേണ്ടിയുള്ള പ്രത്യാശയുടെ അടയാളവും, കൂട്ടായ്മയുടെ അനുഭവവുമായിരിക്കും ഈ "വിശുദ്ധബലിമാലയെന്ന്" മെത്രാൻസമിതി തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. പരസ്പരം സഹോദരങ്ങളാണ് തങ്ങളെന്ന ചിന്തയുണർത്താനും, യുദ്ധത്തിന്റെ അവസാനത്തിനായി ദൈവത്തോട് അപേക്ഷിക്കാനും, പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദാനധർമ്മത്തിന്റെയും ഈ സമയം സഹായിക്കുമെന്ന് മെത്രാൻസമിതി കൂട്ടിച്ചേർത്തു.

ഫ്രാൻസിസ് പാപ്പാ സഹനങ്ങളിലൂടെയും രോഗങ്ങളിലൂടെയും കടന്നുപോകുന്ന ഈ ദിനങ്ങളിൽ, പാപ്പായുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കാനുള്ള തങ്ങളുടെ ആഹ്വാനം യൂറോപ്യൻ മെത്രാൻസമിതി വീണ്ടും പുതുക്കി.

ലത്തീൻസഭയിലെ വലിയനോമ്പാചരണമനുസരിച്ച്, വിഭൂതിബുധൻ മുതലുള്ള നോമ്പുദിനങ്ങളിലേക്കാണ്, യൂറോപ്പിലെ സഭ, സമാധാനത്തിനുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാനിയോഗം മുന്നോട്ടുവച്ചിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മാർച്ച് 2025, 17:44