MAP

വഴികാട്ടിയായ തിരുവചനം വഴികാട്ടിയായ തിരുവചനം 

ക്രൈസ്തവജീവിതത്തിൽ തിരുവചനത്തിന്റെ പ്രാധാന്യം

ക്രൈസ്തവജീവിതത്തിൽ, പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുവുമായി നിൽക്കുന്ന തിരുവചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിചിന്തനം.
ശബ്ദരേഖ - ക്രൈസ്തവജീവിതത്തിൽ തിരുവചനത്തിന്റെ പ്രാധാന്യം

സിസ്റ്റർ റോസ് മരിയ തെങ്ങനാംപ്ലാക്കൽ, വത്തിക്കാൻ സിറ്റി

“ഞാൻ അങ്ങയുടെ വചനത്തിൽ പ്രത്യാശയർപ്പിച്ചു” (സങ്കീ. 119:74).

ദൈവവചനത്തിന്റെ പ്രസക്തി

ദൈവവചനം, നമ്മുടെ ജീവിതത്തിലെ ഒരു സുപ്രധാന ഘടകമാണ്. അത് നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്ന വഴികാട്ടിയായി വർത്തിക്കുകയും, ജ്ഞാനവും, കരുത്തും പ്രദാനം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന വചനം, ദൈവത്തോട് അടുക്കാനുള്ള ആത്മീയ ശക്തിയുടെയും പോഷണത്തിന്റെയും ഉറവിടമാണ്.  ശരീരത്തിന് ആഹാരവും, ജലവും എന്നപോലെയാണ് ആത്മാവിന് വചനം. ദൈവവചനം, നമ്മുടെ ജീവിതത്തിൽ ശക്തിയേകുന്നതും, കൃപയേകുന്നതുമായ ഒന്നാണ്. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല; ദൈവത്തിന്റെ നാവിൽനിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു” (മത്തായി 4:4) എന്ന യേശുവിന്റെ വാക്കുകൾ, നമ്മുടെ ആത്മീയഭക്ഷണം, ദൈവവചനമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

ദൈവവചനത്തിന്റെ ശക്തി എന്ന് പറയുന്നത്, നമ്മുടെ മനസ്സിനെയും, ഹൃദയത്തെയും രൂപാന്തരപ്പെടുത്താനുള്ള കഴിവാണ്. അത് വായിക്കുകയും, ധ്യാനിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ചിന്തകളും, വാക്കുകളും ദൈവികകാര്യങ്ങളിലൂടെ ക്രമപ്പെടുത്താനും, തീരുമാനങ്ങൾ എടുക്കാനുമുള്ള ജ്ഞാനവും, വിവേകവും ലഭിക്കുകയും ചെയ്യുന്നു. ദൈവവചനം ജീവനുള്ളതാണ്. ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗത്തിനിടെ പറഞ്ഞു. “കർത്താവ് തന്റെ വാഗ്ദാനത്തോട് എപ്പോഴും വിശ്വസ്തനാണ്, മനുഷ്യരാശിയോടുള്ള സ്നേഹത്താൽ അവൻ അത് പാലിക്കുന്നു” (MAP marks Word of God Sunday amid 2025 jubilee events: ‘God’s Word walks with us’).

വിശുദ്ധഗ്രന്ഥവും, കൂദാശകളും വേർതിരിക്കാനാവാത്തതാണ്. യേശു  നമ്മോട് തന്റെ തിരുവചനത്തിലൂടെ സംസാരിക്കുന്നു.  നാം അവന്റെ ശബ്ദം ശ്രവിക്കുകയും, നമ്മുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും വാതിലുകൾ തുറക്കുകയും ചെയ്താൽ അവൻ നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയും, നമ്മോടൊപ്പം എന്നും വസിക്കുകയും ചെയ്യും.

ദൈവവചനം: വെല്ലുവിളികളുടെ സമയങ്ങളിൽ ശക്തമായ ഉപകരണം

വെല്ലുവിളികൾ നേരിടുന്ന സമയങ്ങളിൽ ദൈവവചനം, ആശ്വാസവും പ്രോത്സാഹനവും കൂടിയാണ്. വചനത്തിന് നമ്മുടെ മനസ്സിനെയും ഹൃദയത്തെയും രൂപാന്തരപ്പെടുത്താനുള്ള കഴിവുണ്ട്. ദൈവവചനം, കേവലം കഥകളുടെയോ ചരിത്രത്തിന്റെയോ ഒരു പുസ്തകമല്ല, മറിച്ച് നമ്മെ നയിക്കുകയും, സഹായിക്കുകയും ചെയ്യുന്ന സജീവമായ ഒരു വഴികാട്ടിയാണ്.

സ്ഥിരമായ ദൈവവചനപഠനവും, പ്രാർത്ഥനയും, വിചിന്തനവും ജീവിതത്തെ ഉയർച്ചയിലേക്കു നയിക്കുകയും, ശക്തിയും പ്രോത്സാഹനവും നൽകുകയും ചെയ്യുന്നു. വെല്ലുവിളികൾക്കും, അനിശ്ചിതത്വങ്ങൾക്കും ഇടയിലും ശക്തമായ വിശ്വാസവും, പോസിറ്റീവായ ജീവിതവും വളർത്തിയെടുക്കാൻ ഇത്തരം ശീലങ്ങൾ നമ്മെ സഹായിക്കും. ദൈവം നമ്മുടെ ശക്തിയാണെന്നും, കഷ്ടതകളിൽ എപ്പോഴും തുണയാണെന്നും, അവൻ ഒരിക്കലും നമ്മെ കൈവിടുകയോ, ഉപേക്ഷിക്കുകയോ ചെയ്യില്ലെന്നും, അവനിൽ സമാധാനവും ആശ്വാസവും കണ്ടെത്താനാകുമെന്നും വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. അരാജകത്വത്തിനും അനിശ്ചിതത്വത്തിനും ഇടയിൽ നമ്മുടെ ചിന്തകളെയും,  വാക്കുകളെയും നിയന്ത്രിക്കാൻ ദൈവവചനത്തിന് ശക്തിയുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള ജ്ഞാനവും, മാർഗ്ഗനിർദേശവും ബൈബിൾ നമുക്ക് നൽകുന്നു. തീരുമാനങ്ങൾ എടുക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും, ബുദ്ധിമുട്ടുള്ള സമയങ്ങളിലും ജീവിതയാത്ര തുടരാനും ദൈവവചനം നമ്മെ സഹായിക്കുന്നു. തിരുവചനങ്ങളിൽ പല വ്യക്തികളുടെയും അനുഭവങ്ങളും കഥകളും നാം വായിക്കുകയും  ധ്യാനിക്കുകയും ചെയ്യുന്നു. നമ്മളെപ്പോലെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ട വ്യക്തികളെ തിരുവചനം, എങ്ങനെ  വിശ്വാസത്തിലൂടെ നയിച്ചുവെന്നും, വെല്ലുവിളികളെ അവർ എങ്ങനെ  അതിജീവിച്ചുവെന്നും നാം കാണുന്നു. ഇത് നമ്മുടെ ജീവിതത്തിൽ  ആശ്വാസവും, പ്രചോദനവും നൽകുന്നു.

ദൈവവചനം, ബുദ്ധിമുട്ടേറുന്ന  സാഹചര്യങ്ങളിൽ ആശ്വാസശക്തിയും മാർഗനിർദേശവുമാണ്. നമ്മൾ ഒറ്റയ്ക്കല്ലെന്നും, വെല്ലുവിളികൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിലും ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ടെന്നും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. സങ്കീർത്തനം 23:4-ൽ നാം ഇപ്രകാരം വായിക്കുന്നു “മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല”. നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ, പ്രോത്സാഹനത്തിനും സമാധാനത്തിനും വേണ്ടി നാം വചനത്തിലേക്ക് തിരിയണം. ദൈവവചനം, നമ്മുടെ പ്രശ്‌നങ്ങളിൽ നിന്ന് ദൈവത്തിന്റെ വാഗ്ദാനങ്ങളിലേക്ക് ശ്രദ്ധ മാറ്റാനും, അവന്റെ നന്മയിലും കൃപയിലും വിശ്വസിക്കാനും നമ്മെ സഹായിക്കുന്നു. നാം ദൈവവചനം, വായിക്കുകയും, പഠിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, യേശുവിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാനും,  ദൈവവചനത്തോട് കൂടുതൽ അടുക്കുവാനും സാധിക്കുന്നു. നാം വചനം വായിക്കുന്നതിലും, അറിയുന്നതിലും കൂടുതൽ തീക്ഷണതയുള്ളവരും, പരിചിതരുമാകണം  (MAP Francis, Homily, Sunday Of the Word of God, Jubilee of the World of Communication, Saint Peter's Basilica, 26 January 2025).

ദൈവവചനവും, ദൈനംദിനജീവിതവും

ദൈവവചനവുമായി നമ്മുടെ ദൈനംദിനജീവിതം  ബന്ധപ്പെട്ടുനിൽക്കേണ്ടത് അത്യാവശ്യമാണ്. അത് നമ്മൾ ഒറ്റയ്ക്കല്ലെന്നും, ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട് എന്നുമുള്ള വസ്തുത നമ്മെ    ഓർമ്മിപ്പിക്കുന്നു. യേശുവിനെ അനുകരിക്കുന്നവർ എന്ന നിലയിൽ, വചനം നമ്മുടെ പക്കലുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിലൊന്നാണ്. അത് സംതൃപ്തവും, വിജയകരവുമായ ജീവിതം നയിക്കാനും നമ്മെ സഹായിക്കുന്നു. വിശുദ്ധ പൗലോസ്  അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ നാം ഇപ്രകാരം വായിക്കുന്നു, “എന്നെ ശക്തനാക്കുന്നവനിലൂടെ  എല്ലാം ചെയ്യാൻ  എനിക്ക് സാധിക്കും” (4:13). ദൈവവചനം, ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെയും, ബുദ്ധിമുട്ടുകളെയും  സ്നേഹത്തോടെ തരണം ചെയ്യാൻ ആവശ്യമായ ധൈര്യവും ആത്മവിശ്വാസവും നൽകുന്നു. ദൈവത്തിന്റെ വിശ്വസ്തതയെയും, സ്നേഹത്തെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. ചെറുതും വലുതുമായ തീരുമാനങ്ങൾ എടുക്കുന്നതിനും, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും, പിന്തുണയ്ക്കുന്നതിനും അത് നമ്മെ സഹായിക്കുന്നു. ദൈവവചനവുമായുള്ള ബന്ധം പരിവർത്തനത്തിലേക്ക് നയിക്കുന്നു. വചനത്തിലുള്ള വിശ്വാസം ദൈവത്തിന്റെ നന്മയിലും, സ്നേഹത്തിലും, വിശ്വാസമർപ്പിക്കുന്നതിന് നമ്മെ സഹായിക്കുന്നു. ദൈവവചനം നമ്മുടെ അനുദിനജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒരു ഘടകമായി  നിലകൊള്ളുന്നു. നാം വചനം വായിക്കുകയും,  ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ, നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താനും, ദൈവഹിതത്തെക്കുറിച്ച് ആഴത്തിലുള്ള ഗ്രാഹ്യം നേടാനും, നന്മയിൽ ആശ്രയിക്കാനും നമുക്ക്  കഴിയും. “ദൈവത്തിന്റെ വചനം സജീവവും, ഊർജ്ജസ്വലവുമാണ്; ഇരുതലവാളിനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും, ആത്മാവിലും, സന്ധിബന്ധങ്ങളിലും, മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായർ 4:12). നമ്മുടെ ജീവിതത്തെ പരിവർത്തനം ചെയ്യാനും മനസ്സിനെ നവീകരിക്കാനും അതിന് ശക്തിയുണ്ട്. ദൈവത്തിന്റെ വചനം നമുക്ക് പ്രത്യാശയുടെ ഒരു  ഉറവിടമായിരിക്കണം. ദൈവവചനം ഒരു വാഗ്ദാനമാണ്, മാത്രമല്ല വാഗ്ദത്തം ചെയ്യുന്നവൻ വിശ്വസ്തനാണ്. “യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും." (മത്തായി 28:20) (Sixth Sunday of the Word of God “I Hope in Your Word” http://www.evangelizatio.va/content/dcpne/image/DomenicadellaParola/2025/ENG%20Sussidio%20DPD%2025%20v1.pdf). ദൈവവചനത്തിന് നമ്മെ പരിവർത്തനത്തിലേക്കും, നവീകരണത്തിലേക്കും നയിക്കാനുള്ള ശക്തിയുണ്ട്. വചനം  നാം ജീവിക്കുമ്പോൾ നമ്മുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിക്കും. നമ്മുടെ ജീവിതം ദൈവത്തിന് സമർപ്പിക്കുകയും, അവന്റെ പദ്ധതി പിന്തുടരുകയും ചെയ്യുന്നതിലൂടെ നമുക്ക് സ്വാതന്ത്ര്യവും, സന്തോഷവും അനുഭവിക്കാൻ കഴിയും.   ദൈവവചനം വായിക്കുകയും, ധ്യാനിക്കുകയും ചെയ്യുന്നത് തുടരുമ്പോൾ, വിശ്വാസത്തിൽ വളരാനും, നമ്മുടെ ക്രിസ്തീയയാത്രയുടെ ആത്യന്തികലക്ഷ്യമായ യേശുവിനെപ്പോലെ ആകാനും കഴിയും.

ദൈവവചനവും ക്ഷമയും

ദൈവവചനം ഒരു ശക്തമായ ഉപകരണമാണ്. മറ്റുള്ളവരോട് ക്ഷമിക്കാനും, സ്വാതന്ത്ര്യം അനുഭവിക്കാനും അങ്ങനെ  ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനഭാഗം ക്ഷമയാണെന്ന് മനസ്സിലാക്കുവാനും,  നമ്മളെതന്നെ  മാറ്റുവാനും പ്രാപ്തരാക്കുന്ന ഒരടിസ്ഥാനഘടകം. ക്ഷമയെക്കുറിച്ച് ബൈബിളിൽ നിരവധി ഉദാഹരണങ്ങളും, പ്രബോധനങ്ങളും  നാം കാണുന്നുണ്ട്. വിശുദ്ധ മത്തായിയുടെ സുവിശേഷം  6:14-15 നമ്മെ ഓർമ്മിപ്പിക്കുന്നു, “മറ്റുള്ളവരുടെ  തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല”. ക്ഷമ  ദൈവവുമായും    മറ്റുള്ളവരുമായും ഉള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനഭാഗമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു, ദൈവം നമ്മോട് ക്ഷമിച്ചതുപോലെ നാം മറ്റുള്ളവരോടും ക്ഷമിക്കണമെന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു, ദൈവം നമ്മോട് കാണിച്ച അനുകമ്പ മറ്റുള്ളവരോട് കാണിക്കണം. മറ്റുള്ളവരോട് ക്ഷമിക്കാൻ  ശ്രമിക്കുമ്പോൾ നമുക്ക് സന്തോഷവും സമാധാനവും അനുഭവിക്കാൻ കഴിയുമെന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ദൈവം നമ്മോട് ക്ഷമിച്ചതുപോലെ നാം മറ്റുള്ളവരോട് ക്ഷമിക്കുകയും, അവരെ സ്നേഹിക്കുകയും ചെയ്യണം. യേശു പറയുന്നു, “നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” (മത്തായി 5:44). ഇത്,  മറ്റുള്ളവരെ  സ്‌നേഹത്തോടെ കാണാനും, കരുണയോടെ അവരോട് പെരുമാറാനും   നമ്മെ സഹായിക്കുന്നു.

എശയ്യാ പ്രവാചകന്റെ പുസ്തകം 43:25-ൽ നാം  ഇപ്രകാരം  വായിക്കുന്നു, “എന്നെപ്രതി നിന്റെ തെറ്റുകൾ തുടച്ചു മാറ്റുന്ന ദൈവം ഞാൻ തന്നെ; നിന്റെ പാപങ്ങൾ ഞാൻ ഓർക്കുകയില്ല.” വിശുദ്ധഗ്രന്ഥം നിരവധി ഉദാഹരണങ്ങൾ നമുക്ക് നൽകുന്നുണ്ട്. ഉല്പത്തി 45:1-15-ൽ തന്റെ സഹോദരന്മാരാൽ വഞ്ചിക്കപ്പെട്ട് അടിമത്തത്തിൽ വിറ്റുപോയ ജോസഫിന്റെ കഥപറയുന്നു. ക്ഷമിക്കുന്നതിന്റെയും സ്നേഹിക്കുന്നതിന്റെയും മനോഹരമായ ഒരുദാഹരണമാണിത്. പുതിയനിയമത്തിലേക്ക് കടന്നുവരുമ്പോൾ, ക്ഷമയെക്കുറിച്ച് യേശു പഠിപ്പിക്കുന്ന മനോഹരമായ ഒരു  തിരുവചനഭാഗമാണ് പിതാവിനാൽ ക്ഷമിക്കപ്പെട്ട ധൂർത്തപുത്രന്റെ കഥ. ഇതെല്ലാം നമ്മെ പഠിപ്പിക്കുന്ന സത്യം ദൈവത്തിന്റെ ക്ഷമ എപ്പോഴും നമുക്ക് ലഭ്യമാണെന്നാണ്.  ദൈവവചനം മനസ്സിലാക്കാനും അത് നൽകുന്ന ബോധ്യങ്ങളനുസരിച്ച് മറ്റുള്ളവരോട് ക്ഷമിക്കാനും പരിശ്രമിക്കുമ്പോൾ ദൈവം, പിതാവിനടുത്ത സ്നേഹത്തോടെ നമ്മോടും ക്ഷമിക്കുകയും, അതിലൂടെ സന്തോഷവും സമാധാനവും അനുഭവിക്കാൻ നമുക്ക് സാധിക്കുകയും ചെയ്യും.

വചനം: കുടുംബത്തിന്റെ കേന്ദ്രം

ദൈവവചനം ശക്തവും, ആരോഗ്യകരവും, സ്‌നേഹവുമുള്ള കുടുംബങ്ങളെ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ  അടിത്തറ നൽകുകയും, വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്ന ശക്തമായ ഒരു ഉപകരണമാണ്. ദൈവവചനം സ്‌നേഹബഹുമാനത്തിന്റെയും, ആശയവിനിമയത്തിന്റെയും പ്രാധാന്യവും ചൂണ്ടിക്കാണിക്കുന്നു. ദൈവവചനത്തിന് നമ്മുടെ കുടുംബങ്ങളിൽ പ്രാധാന്യം നൽകണം. വചനം വായിക്കാനും, ധ്യാനിക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും ഓരോ വ്യക്തിക്കും സാധിക്കണം.  സ്നേഹം, പ്രത്യാശ, വിശ്വാസം, തുടങ്ങിയ വിഷയങ്ങളിൽ വചനം മാർഗ്ഗനിർദേശം നൽകുന്നു. മാതാപിതാക്കൾക്ക് കുട്ടികളെ കർത്താവിന്റെ ശിക്ഷണത്തിലും, നിർദ്ദേശങ്ങളിലും വളർത്തിക്കൊണ്ടുവരാനും, കുട്ടികൾക്കായി സമയം കണ്ടെത്താനും ദൈവവചനം സഹായിക്കും. വിശുദ്ധ പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്കെഴുതിയ ലേഖനത്തിൽ  നാം  ഇപ്രകാരം വായിക്കുന്നു, “പിതാക്കന്മാരെ നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്, പ്രകോപിപ്പിച്ചാൽ  അവർ നിരുന്മേഷരാകും” (കൊളോസോസ് 3:21). തിരുവചനം കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിന് സഹായിക്കുന്നു. സ്‌നേഹം, ക്ഷമ എന്നീ ഗുണങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലൂടെ കുടുംബത്തിൽ ഊഷ്മളവും, പിന്തുണയുള്ളതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാം. പ്രഭാഷകൻ  3:6 ൽ, നാം ഇപ്രകാരം വായിക്കുന്നു  “പിതാവിനെ ബഹുമാനിക്കുന്നവൻ ദീർഘകാലം ജീവിക്കും; കർത്താവിനെ അനുസരിക്കുന്നവൻ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.”

നാമൊരിക്കലും വചനത്തെ വിലകുറഞ്ഞതായി കരുതുകയോ അവഗണിക്കുകയോ ചെയ്യരുത്.  വചനം വായിക്കുമ്പോൾ, നാം ദൈവത്തിന്റെ ശബ്ദം കേൾക്കുകയും, അവ നമ്മെ ദൈവത്തോട് കൂടുതലായി അടുപ്പിക്കുകയും ചെയ്യുന്നു. സുവിശേഷം എല്ലാ ദിവസവും, ഒരുപക്ഷെ ദിവസത്തിന്റെ തുടക്കത്തിലും, അവസാനത്തിലും തുറക്കാൻ ഓർമ്മിക്കാവുന്ന ഒരു സ്‌ഥലത്തു സ്ഥാപിക്കണം. ഓരോ ദിവസവും ഒരു ചെറിയ വചനഭാഗമെങ്കിലും വായിക്കുകയും, ധ്യാനിക്കുകയും   ചെയ്യണം. അത് ദൈവത്തിന്റെ സാമീപ്യം അനുഭവിക്കാനും, ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുമ്പോൾ ധൈര്യം നേടാനും നമ്മെ സഹായിക്കുന്നു (MAP Francis, homily, Word of God Sunday, 24 January 2021).

ചരിത്രത്തിലുടനീളമുള്ള സുവിശേഷത്തിന്റെ സാക്ഷികളായ അനേകം വ്യക്തികളെയും, വിശുദ്ധരെയും പരിശോധിച്ചാൽ, ഓരോരുത്തർക്കും വചനം നിർണായകമായിരുന്നുവെന്ന് നമുക്ക് കാണാം. വിശുദ്ധ കുർബാനയ്ക്ക് മധ്യേ തിരുവചനഭാഗം കേൾക്കുകയും,  ധ്യാനിക്കുകയും ചെയ്ത് എല്ലാം കർത്താവിനായി ഉപേക്ഷിച്ച് ദൈവവേലയ്ക്കായി ഇറങ്ങിത്തിരിച്ച ഈജിപ്തിലെ വിശുദ്ധ അന്തോണിയോസിന്റെ ജീവിതത്തെക്കുറിച്ചും, ദൈവവചനം ജീവിതത്തിന്റെ ഭാഗമായിത്തീർന്നപ്പോൾ നിർണായക വഴിത്തിരിവുണ്ടായ വിശുദ്ധ അഗസ്തിനോസിനെക്കുറിച്ചുo ചരിത്രത്തിൽ നാം കാണുന്നുണ്ട്. വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ വായിച്ച് തന്റെ വിളി കണ്ടെത്തിയ വിശുദ്ധ തെരേസിനെക്കുറിച്ചും നാം ഓർക്കുന്നു. ദൈവവചനത്താൽ അവരുടെ ജീവിതം മാറ്റിമറിക്കപ്പെട്ടു. (MAP Francis, homily, Word of God Sunday, 24 January 2021). ദൈവവചനം വായിക്കുകയും,  കേൾക്കുകയും, പഠിക്കുകയും,  ധ്യാനിക്കുകയും ചെയ്യുന്നത്  നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറട്ടെ.  പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവർത്തനത്താൽ, കർത്താവിന്റ വചനങ്ങൾ അനുദിനജീവിതത്തിൽ നമ്മോടൊപ്പം തുടർന്നും വസിക്കുന്നതിനും, ജീവിക്കുന്നതിനും, സംസാരിക്കുന്നതിനും വേണ്ടി, അവ ശ്രവിക്കാനും, ധ്യാനിക്കാനുമായി നിശബ്ദത പാലിക്കാം. (Verbum domini, 124).       

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഫെബ്രുവരി 2025, 13:01