MAP

യൂറോപ്യൻ മെത്രാൻസമിതികളുടെ സംയുക്തസംഘടനയുടെ (COMECE) പ്രെസിഡന്റും, ലത്തീന-തെറചീന-സെസ്സെ-പ്രിവേർനോ രൂപതാധ്യക്ഷനുമായ ബിഷപ് മരിയാനോ ക്രൊച്ചാത്ത യൂറോപ്യൻ മെത്രാൻസമിതികളുടെ സംയുക്തസംഘടനയുടെ (COMECE) പ്രെസിഡന്റും, ലത്തീന-തെറചീന-സെസ്സെ-പ്രിവേർനോ രൂപതാധ്യക്ഷനുമായ ബിഷപ് മരിയാനോ ക്രൊച്ചാത്ത 

കോംഗോയിലെ സ്ഥിതിഗതികളിൽ കടുത്ത ആശങ്കയറിയിച്ച് യൂറോപ്യൻ മെത്രാൻസമിതി

M23 വിമതസംഘടനാപ്രവർത്തകർ നടത്തിയ ആക്രമണങ്ങളും, അതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളും മൂലം സാധാരണജനജീവിതം ഗുരുതരാവസ്ഥയിലായ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലെ ആളുകൾ നേരിടുന്ന ദുരിതങ്ങളിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയും ആശങ്കയറിയിച്ചും യൂറോപ്പിലെ സംയുക്തമെത്രാൻസമിതി പ്രെസിഡന്റ് അഭിവന്ദ്യ മരിയാനോ ക്രൊച്ചാത്ത. രാജ്യം നേരിടുന്ന പ്രതിസന്ധിയിൽ യൂറോപ്പിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്ന് ഫെബ്രുവരി പന്ത്രണ്ടിന് പുറത്തുവിട്ട പ്രസ്താവനയിലൂടെ മെത്രാൻസമിതി പ്രെസിഡന്റ് ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആഫ്രിക്കൻ രാജ്യമായ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർന്നുവന്ന സംഘർഷങ്ങൾ അടുത്തിടെ തീവ്രമായതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗോമ നഗരത്തിൽ നിലനിൽക്കുന്ന ഗുരുതരാവസ്ഥയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയും, പ്രദേശത്തെ സാമൂഹ്യസ്ഥിതിഗതികളിൽ ആശങ്കയറിയിച്ചും യൂറോപ്യൻ മെത്രാൻസമിതികളുടെ സംയുക്തസംഘടനയുടെ (COMECE) പ്രെസിഡന്റും, ലത്തീന-തെറചീന-സെസ്സെ-പ്രിവേർനോ രൂപതാധ്യക്ഷനുമായ ബിഷപ് മരിയാനോ ക്രൊച്ചാത്ത. ഫെബ്രുവരി 12-ന് പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടയാണ് കോംഗോയിലെ ഗുരുതരസാമൂഹികസ്ഥിതിയിൽ യൂറോപ്പിലെ സഭയുടെ പേരിൽ അഭിവന്ദ്യ ക്രൊച്ചാത്ത ആശങ്കയറിയിച്ചത്.

യൂറോപ്യൻ യൂണിയൻ സംയുക്തമെത്രാൻസമിതിയിൽ എത്തിയ ഗോമ രൂപതാദ്ധ്യക്ഷൻ ബിഷപ് വില്ലി ങ്ങുമ്പി ങേങ്ങേലെ കോംഗോയിലെ സ്ഥിതിഗതികളേക്കുറിച്ച് വിവരിച്ചതിന് പിന്നാലെയാണ് അഭിവന്ദ്യ ക്രൊച്ചാത്ത മെത്രാൻസമിതിയുടെ പേരിൽ ദുഃഖവും ആശങ്കയും രേഖപ്പെടുത്തിയത്.

M23 വിമതസംഘടനാപ്രവർത്തകരും സഖ്യകക്ഷികളും ഗോമ നഗരത്തിലും, കോംഗോയുടെ മറ്റിടങ്ങളിലും അഴിച്ചുവിട്ട കടുത്ത ആക്രമണങ്ങളിൽ മൂവായിരത്തോളം ആളുകൾ കൊല്ലപ്പെടുകയും, പതിനായിരക്കണക്കിനാളുകൾ കുടിയിറങ്ങാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. ആശുപത്രികൾ സ്‌കൂളുകൾ ദേവാലയങ്ങൾ തുടങ്ങി, പൊതുമേഖലാസ്ഥാപനങ്ങൾക്കുനേരെവരെ നടന്ന ആക്രമണങ്ങളിൽ, നിരവധി നവജാതശിശുക്കളും കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു.

യൂറോപ്യൻ യൂണിയൻ കോംഗോയ്‌ക്കുള്ള മാനവികസഹായമായി ഏർപ്പെടുത്തിയ അറുപത് മില്യൺ യൂറോയുടെ പാക്കേജ്‌, സമാധാനത്തിലേക്ക് കത്തോലിക്കാ, പ്രോട്ടെസ്റ്റന്റ് സഭകൾ മുന്നോട്ടുവച്ച പദ്ധതി എന്നിവയെ സ്വാഗതം ചെയ്ത അഭിവന്ദ്യ ക്രൊച്ചാത്ത, സാധാരണ ജനത്തിന്റെ സംരക്ഷണത്തിനായും, മാനവികസഹായങ്ങൾ ലഭ്യമാക്കുന്നതിനായും കൂടുതൽ ശക്തമായ ശ്രമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു.

കോംഗോയിലെ സംഘർഷം സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ അവസാനിപ്പിക്കാൻ, പ്രാദേശിക അധികാരികളോടും, അന്താരാഷ്ട്രസമൂഹത്തോടും യൂറോപ്യൻ യൂണിയൻ മെത്രാൻസമിതികളുടെ പ്രെസിഡന്റ് ആവശ്യപ്പെട്ടു. M23 വിമതസംഘടനാപ്രവർത്തകർക്ക് സഹായമേകുന്ന ബാഹ്യശക്തികൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ അഭിവന്ദ്യ ക്രൊച്ചാത്ത, ഇത് അന്താരാഷ്ട്രനിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും, ഈ ശക്തികൾക്കെതിരെ യൂറോപ്യൻ യൂണിയനും അന്താരാഷ്ട്രസമൂഹവും സമ്മർദ്ദം ചെലുത്തണമെന്നും, മനുഷ്യാന്തസ്സും, അന്താരാഷ്ട്ര നിയമങ്ങളും, നീതിയും ഉറപ്പാക്കുന്നതിൽ സാമ്പത്തികതാത്പര്യങ്ങൾ കാരണമാകരുതെന്നും ഓർമ്മിപ്പിച്ചു.

കോംഗോയിലെ സ്ഥിതിഗതിയെക്കുറിച്ച് ഈയാഴ്ച ഒരു പ്രമേയം പാസാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനമെടുത്തിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഫെബ്രുവരി 2025, 16:17