താത്കാലികവെടിനിറുത്തൽ തുടരുമ്പോഴും കോംഗോയിലെ ജനങ്ങൾ കടുത്ത ഭീതിയിൽ: ഗോമ ബിഷപ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സായുധസംഘർഷങ്ങൾ മൂലം കടുത്ത പ്രതിസന്ധിയിലകപ്പെട്ട കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും സാധാരണജനം കടുത്ത ഭീതിയിലാണ് കഴിയുന്നതെന്നും, ആശുപത്രികളിലെയും അഭയാർത്ഥികേന്ദ്രങ്ങളുടെയും സ്ഥിതിഗതികൾ ആശാവഹമല്ലെന്നും ഗോമ രൂപതാദ്ധ്യക്ഷൻ ബിഷപ് വില്ലി ങ്ങുമ്പി ങേങ്ങേലെ ഫീദെസ് വാർത്താ ഏജൻസിയോട് പറഞ്ഞു. വടക്കൻ കിവുവിന്റെ തലസ്ഥാനമായ ഗോമ ജനുവരി 27 തിങ്കളാഴ്ച, വിമതസംഘടനയായ M23 പിടിച്ചടക്കിയിരുന്നു.
രാജ്യത്ത് ജനങ്ങൾ ഭവനങ്ങളിൽനിന്ന് പുറത്തിറങ്ങാൻ മടിക്കുന്നുണ്ടെന്നും, വലിയൊരു ശതമാനം സ്കൂളുകളും അടച്ചിട്ടിരിക്കുകയാണെന്നും ബിഷപ് വില്ലി അറിയിച്ചു. ഏറെ ദിവസങ്ങൾ നീണ്ടുനിന്ന ആക്രമണങ്ങളിൽ നിരവധി സ്കൂളുകൾ ഭാഗികമായോ പൂർണ്ണമായോ തകർന്നിട്ടുണ്ട്.
രാജ്യത്തെ ആശുപത്രികളിലെ സ്ഥിതിഗതികൾ പ്രതീക്ഷാവഹമല്ലെന്ന് അറിയിച്ച ഗോമ രൂപതാദ്ധ്യക്ഷൻ, രോഗികളും സംഘർഷങ്ങളിൽ പരിക്കേറ്റവരുമായി, ആശുപത്രിയിലെത്തുന്നവർക്ക്, മരുന്നിന്റെയും, ചികിത്സാഉപകരണങ്ങളുടെയും കുറവ് മൂലം ശരിയായ രീതിയിൽ ശുശ്രൂഷ ഉറപ്പാക്കാനാകുന്നില്ലെന്ന് വ്യക്തമാക്കി.
ഇന്റർനെറ്റ് സൗകര്യം വിവിധയിടങ്ങളിൽ മുടങ്ങിയിരിക്കുകയാണെന്നും, ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ താത്കാലിക പരിഹാരങ്ങൾ മാത്രമാണുള്ളതെന്നും ഗോമ മെത്രാൻ അറിയിച്ചു.
സംഘർഷങ്ങൾ ആരംഭിക്കുന്നതിന് മുൻപ്, ഗോമായിൽ മാത്രം വടക്കൻ കിവു പ്രദേശത്തുനിന്നുള്ള ഏതാണ്ട് പത്ത് ലക്ഷത്തോളം അഭയാർത്ഥികളാണുണ്ടായിരുന്നത്. എന്നാൽ സംഘർഷത്തെത്തുടർന്ന് അഭയാർത്ഥിക്യാമ്പുകൾ അടച്ചതിനാൽ അവിടെയുണ്ടായിരുന്ന ജനം തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെപ്പോകാൻ നിർബന്ധിതരായെന്നും, ഗോമായിൽ തുടരുന്നവർ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ബിഷപ് വില്ലി പറഞ്ഞു.
ഫെബ്രുവരി മൂന്നിനാണ് വിമതർ മാനവികകാരണങ്ങൾ കണക്കിലെടുത്ത് വെടിനിറുത്തൽ പ്രഖ്യാപിച്ചത്. രാജ്യത്ത് സമാധാനപരമായ ഒരു പരിഹാരത്തിനായി മെത്രാൻസമിതി കോംഗോ പ്രെസിഡന്റ് ഫെലിക്സ് ത്ഷിസ്കെടിയും മറ്റ് ക്രൈസ്തവസഭകളുമായി ചേർന്ന് ശ്രമിച്ചുവരികയാണെന്നും ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: