MAP

ഫാ. ഡൊണാൾഡ് മാർട്ടിന്റെ മൃതസംസ്കാരച്ചടങ്ങിൽനിന്ന് ഫാ. ഡൊണാൾഡ് മാർട്ടിന്റെ മൃതസംസ്കാരച്ചടങ്ങിൽനിന്ന് 

മ്യാന്മാർ: വൈദികന്റെ കൊലപാതകത്തിൽ അനുശോചനവുമായി കർദ്ദിനാൾ ചാൾസ് മൗങ് ബോ. അക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം

മണ്ടാലയ് അതിരൂപതയിലെ ഫാ. ഡൊണാൾഡ് മാർട്ടിൻ കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തിയും, അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തും, മ്യാൻമറിലെ മെത്രാൻസമിതി പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് മൗങ് ബോ. കഴിഞ്ഞ ഫെബ്രുവരി 14-നാണ് വെടിയേറ്റ നിലയിൽ നാല്പത്തിനാലുകാരനായ ഫാ. ഡൊണാൾഡിന്റെ മൃതദേഹം കണ്ടെത്തിയത്.

ദേബൊറ കസ്തെയ്യാനോ ലൂബോവ്, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മ്യാന്മാറിൽ തുടരുന്ന അതിക്രമങ്ങൾ അവസാനിക്കാൻ, ഫാ. ഡൊണാൾഡ് മാർട്ടിന്റേതുമുൾപ്പെടെ നിരവധിയായ നിഷ്കളങ്കരുടെ രക്തവും, ത്യാഗങ്ങളും സഹായമാകട്ടെയെന്ന് കർദ്ദിനാൾ ചാൾസ് മൗങ് ബോ. രാജ്യത്തെ മിലിട്ടറിയും പ്രതിരോധശക്തികളും തമ്മിൽ കടുത്ത ആക്രമണങ്ങൾ തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം സായുധസംഘത്തിന്റെ വെടിയേറ്റ്, മണ്ടാലയ് അതിരൂപതയിലെ ഫാ. ഡൊണാൾഡ് മാർട്ടിൻ യെ നൈങ് വിൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് നൽകിയ അനുശോചനസന്ദേശത്തിലാണ്, മ്യാന്മാർ മെത്രാൻസമിതി പ്രെസിഡന്റ് കൂടിയായ കർദ്ദിനാൾ മൗങ് ബോ ഇപ്രകാരം എഴുതിയത്.

ഫാ. ഡൊണാൾഡ് ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകുന്നേരം ഒരു സായുധസംഘത്തിന്റെ ആക്രമണത്തിൽ  അതിക്രൂരമായി കൊല്ലപ്പെട്ടതായി അറിഞ്ഞുവെന്ന് തന്റെ അനുശോചനസന്ദേശത്തിൽ കുറിച്ച കർദ്ദിനാൾ മൗങ് ബോ, ഈ ദാരുണസംഭവത്തിൽ തന്റെ കടുത്ത ദുഃഖം രേഖപ്പെടുത്തി. ജീവന്റെ നാഥനും, പിതാവുമായ ദൈവം, ഈ മരണത്തിൽ ദുഃഖിക്കുന്ന, മണ്ടാലായ് അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർകോ ടിൻ വിൻ, വൈദികർ, സമർപ്പിതർ, വിശ്വാസികൾ എന്നിവരുൾപ്പെടെ ഏവരെയും ആശ്വസിപ്പിക്കട്ടെയെന്ന് കർദ്ദിനാൾ എഴുതി.

രാജ്യത്ത് സാഹോദര്യം പുനരുദ്ധരിക്കപ്പെടട്ടെയെന്ന് ആശംസിച്ച കർദ്ദിനാൾ മൗങ് ബോ, എല്ലാത്തരം ആക്രമങ്ങളും അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌തു. ഫാ. ഡൊണാൾഡിന്റെ കൊലപതാകം ആർക്കും എളുപ്പത്തിൽ മറക്കാൻ സാധിക്കുന്ന ഒന്നല്ലെന്നും, ഇത്തരം സംഭവങ്ങൾ ഇനിമേലിൽ അവർത്തിക്കപ്പെടാതിരിക്കാനായി, ഉത്തരവാദിത്വപ്പെട്ടവർ ഇതിൽ നീതി നടപ്പാക്കണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജനുവരി 25-ന് ഫ്രാൻസിസ് പാപ്പാ രൂപതയായി ഉയർത്തിയ മ്യാന്മാറിന്റെ വടക്കുപടിഞ്ഞാറൻ ചിൻ സംസ്ഥാനത്തെ മിണ്ടാറ്റിന്റെ കത്തീഡ്രൽ ദേവാലയമായി തിരഞ്ഞടുത്തിരുന്ന തിരുഹൃദയദേവാലയം ഫെബ്രുവരി 6-ന് മിലിട്ടറി ഭരണകൂടം ബോംബിട്ട് നശിപ്പിച്ചിരുന്നു. പ്രദേശത്ത് അരക്ഷിതാവസ്ഥ നിലനിന്നിരുന്നതിനാൽ വൈദികരും വിശ്വാസികളും ദേവാലയത്തിൽ ഇല്ലായിരുന്നതുകൊണ്ട് ആക്രമണത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.

ഫാ. ഡൊണാൾഡിന്റെ കൊലപാതകത്തിൽ രാജ്യത്തെ വത്തിക്കാൻ നയതന്ത്രകേന്ദ്രവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ വൈദികർ തങ്ങളുടെ മിഷനറി നിയോഗവുമായി മുന്നോട്ട് പോകണമെന്ന് വത്തിക്കാൻ നയതന്ത്രപ്രതിനിധി ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഫെബ്രുവരി 2025, 16:26